മാമുക്കോയ ഒരു പ്രതീകമായിരുന്നു ; സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും

മാമുക്കോയ ഒരു പ്രതീകമായിരുന്നു ; സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും

നാടക വേദിയില്‍ നിന്ന് സിനിമയുടെ മായിക ലോകത്ത് എത്തിച്ചേര്‍ന്ന സാധാരണക്കാരനായിരുന്നു മാമുക്കോയ
Updated on
2 min read

ഇരിങ്ങാലക്കുട മാസ് തിയേറ്ററില്‍ സുലേഖാ മന്‍സില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് മാമുക്കാടെ മരണ വാര്‍ത്ത അറിയിച്ചുകൊുള്ള രവിമേനോന്റെ ഫോണ്‍ വന്നത്. നായകനായ അമീന്റെ മൂത്താപ്പ അബ്ദുള്‍ റസാഖിന്റെ റോളാണ് അവസാന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. മലബാറിലെ മുസ്ലീം കാരണവന്മാരുടെ സഹജമായ പിടിവാശിയും വേഗത്തില്‍ അലിയുന്ന മനസും പ്രദര്‍ശിപ്പിക്കന്‍ അദ്ദേഹത്തിന് പ്രത്യേക അഭിനയമൊന്നും ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ എന്നും ഉല്ലാസവാനായി കാണപ്പെട്ടിരുന്ന ആ മുഖത്ത് ക്ഷീണം പ്രകടമായിരുന്നു. ഇന്നസെന്റിന്റെ മരണത്തിനു ശേഷം മലയാളത്തിലെ മറ്റൊരു മികച്ച നടന്‍ കൂടിയാണ് വിടവാങ്ങിയത്.

കൊമേഡിയന്‍മാരായി സ്‌ക്രീനിലെത്തി മികച്ച സ്വഭാവ നടന്മാരെന്ന ഖ്യാതി നേടി രംഗം വിട്ടവരാണ് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കൂടിയായിരുന്ന ഇരുവരും. നാടക വേദിയില്‍ നിന്ന് സിനിമയുടെ മായിക ലോകത്ത് എത്തിച്ചേര്‍ന്ന സാധാരണക്കാരനായിരുന്നു മാമുക്കോയ. കേരളീയരുടെ സാമൂഹ്യ ജീവിതത്തില്‍ കോഴിക്കോടന്‍ സംസ്‌കാരത്തിന്റേയും ഭാഷയുടേയും കയ്യൊപ്പ് എന്നേക്കുമായി പതിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കുതിരവട്ടം പപ്പു, നെല്ലിക്കോടു ഭാസ്‌കരന്‍, കുഞ്ഞാണ്ടി തുടങ്ങിയ മുന്‍ഗാമികളേക്കാള്‍ ജനപ്രീതി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് വ്യത്യസ്തമായ ജീവിത പാശ്ചാത്തലം കൊണ്ടു കൂടിയാണ്.

അതിജീവനത്തിന്റെ ഉജ്ജ്വല മാതൃക കൂടിയായിരുന്നു ഈ നടന്‍. മരമില്ലില്‍ അളവുകാരനായും ചില്ലറ ജോലികള്‍ ചെയ്തും വല്ലപ്പോഴും കിട്ടുന്ന നാടക വേഷങ്ങളില്‍ അഭിനയിച്ചും പണിപ്പെട്ടാണ് അദ്ദേഹം ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ആദ്യ കാലത്തെ കൊടിയ ദാരിദ്ര്യത്തേയും നേരിട്ട അവഗണനകളേയും കുറിച്ച് ആത്മകഥയിലുള്‍പ്പടെ പലേടത്തും പരാമര്‍ശിച്ചിട്ടുണ്ട്. സ്‌പോട്‌സും സംഗീതവും സാഹിത്യവും നര്‍മ്മ ബോധവും സൗഹൃദങ്ങളുമായിരുന്നു ഒരു കാലത്ത് കോഴിക്കോടന്‍ സാംസ്‌കാരിക ജീവിതത്തിന്റെ മുഖമുദ്ര. ഈ ശ്രേണിയില്‍ വരുന്ന ചലചിത്ര നടന്മാരില്‍ ഒരു പക്ഷേ, അവസാനത്തയാളാണ് ഇഷ്ടജനങ്ങള്‍ സ്‌നേഹത്തോടെ മാമുക്ക എന്നു വിളിച്ചിരുന്ന മാമുക്കോയ.

ആരോഗ്യം മെച്ചമായിരുന്നില്ലെങ്കിലും കളിക്കളങ്ങള്‍ അദ്ദേഹത്തെ ആവേശം കൊള്ളിച്ചിരുന്നു. സെവന്‍സിന്റെ പറുദീസയായ മലപ്പുറം വണ്ടൂരില്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുവപ്പെട്ടതും അത് ആസ്പത്രിയില്‍ വെച്ചുള്ള മരണത്തിലേക്കു നീണ്ടു പോയതും.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂര്‍ വയലാലില്‍ വീട്ടിലെ സൊറ വട്ടങ്ങളിലെ പതിവുകാരനായിരുന്ന മാമുവിനെ ബഷീര്‍ തന്നെയാണ് ശുപാര്‍ശക്കത്തുമായി സിനിമാരംഗത്തേക്ക് വിക്ഷേപിച്ചത്. അയാളുടെ നര്‍മ്മ ബോധവും ആത്മാര്‍ത്ഥതയും നാടകരംഗത്ത് പ്രകടമായ കഴിവുകളുമാണ് ബഷീറിനെ ആകര്‍ഷിച്ചത്. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ തലപ്പൊക്കമുള്ള നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും നാട്ടിലെ സാധാരണക്കാരും കൂട്ടുകാരുമായുള്ള ഊഷ്മള ബന്ധത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. തന്നോടൊപ്പം നാടക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഓരോരുത്തരുടേയും ജീവിതത്തില്‍ അദ്ദേഹം സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാത്തിനുമുപരി തീര്‍ത്തും മതനിരപേക്ഷമായൊരു മനസിനുടമ കൂടിയായിരുന്നു മാമുക്കോയ. മത, ജാതി വര്‍ഗീയതകള്‍ക്കതീതമായി കലയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കാനാണ് പ്രസംഗത്തിലും പ്രവൃത്തിയിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.

നിരവധി സിനിമകളില്‍ അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാമുക്കോയ ജീവിതത്തില്‍ എന്നും പച്ച മനുഷ്യനായിരുന്നു. പഴയ സുഹൃത്തും ഗായകനുമായ നജ്മല്‍ബാബുവിന്റെ മകള്‍ സുനൈന അപമൃത്യുവിന് ഇരയായപ്പോള്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെ മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ ഓടി നടക്കുന്ന അദ്ദേഹത്തെ വിസ്മയത്തോടെ നോക്കിയിരുന്നിട്ടുണ്ട് . കല ഉയര്‍ത്തിപ്പിടിക്കുന്ന സമഭാവനയും സ്‌നേഹവുമായിരിക്കും എന്നും മനുഷ്യന് തുണയാവുക എന്നദ്ദേഹം കരുതി. മാമുക്കോയ ഒരു പ്രതീകമായിരുന്നു. സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും.

logo
The Fourth
www.thefourthnews.in