മറക്കാൻ നിയമത്തിൽ വകുപ്പുണ്ട്
കേരള ഹൈക്കോടതിയിൽ നിന്നുണ്ടായ പുതിയൊരു ഉത്തരവാണ് മറക്കാനുള്ള അല്ലെങ്കിൽ മറക്കപ്പെടാനുള്ള അവകാശം വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശത്തിൽ (Right to Privacy) ൽ ഉൾപെടുന്നതാണ് മറക്കാനുള്ള അവകാശവുമെന്ന സുപ്രിം കോടതി നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. ഈ സുപ്രിം കോടതി ഉത്തരവിന്ർറെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ മറക്കാനുള്ള അവകാശത്തിനായുള്ള ഹരജികൾ എത്തുന്നുണ്ട്.
വ്യക്തികൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ മറ്റേതെങ്കിലും പൊതു പ്ലാറ്റ്‌ഫോമുകളിൽ നിന്നോ പ്രത്യേക സാഹചര്യങ്ങളിൽ നീക്കം ചെയ്യാനുള്ള അവകാശം നൽകുന്നതാണ് മറക്കാനുള്ള അവകാശം.
മറക്കാനുള്ള അവകാശത്തെ മായ്ക്കാനുള്ള അവകാശം എന്നും പറയും. വ്യക്തികൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ മറ്റേതെങ്കിലും പൊതു പ്ലാറ്റ്‌ഫോമുകളിൽ നിന്നോ പ്രത്യേക സാഹചര്യങ്ങളിൽ നീക്കം ചെയ്യാനുള്ള അവകാശം നൽകുന്നതാണ് മറക്കാനുള്ള അവകാശം. 2014 മെയ് മാസത്തിൽ യൂറോപ്യൻ യൂണിയൻ ആണ് മറക്കാനുള്ള അവകാശം ആദ്യമായി പൗരന്മാർക്ക് നൽകുന്നത്. ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ ( ജി ഡി പി ആർ ) പ്രകാരം മറക്കാനുള്ള അവകാശം നിയമപരമായ അവകാശമായി യൂറോപ്യൻ യൂൻിയൻ അംഗീകരിച്ചിട്ടുള്ളത്. യു കെയിലും യൂറോപ്പിലും ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ
ഇന്ത്യയിൽ, നിലവിൽ മറക്കാനുള്ള അവകാശം പ്രത്യേകമായി നൽകുന്ന ഒരു നിയമവുമില്ല.നേരത്തെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ബിൽ ഇതുവരെ പാർലമെന്റിൽ പാസാക്കിയിട്ടില്ല. വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന്റെ പ്രധാന ലക്ഷ്യം സ്വകാര്യ ഡാറ്റയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കലാണ്.
എന്നാൽ വ്യക്തികൾക്ക് അവരുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതികളിൽ ആർട്ടിക്കിൾ 226 പ്രകാരമുള്ള റിട്ട് ഹർജി നല്‍കാൻ അവകാശമുണ്ട്. ഇത്തരം റിട്ടുകളിൽ കോടതികൾ പരിശോധിച്ച് ആവശ്യങ്ങൾ അംഗീകരിക്കുന്നുമുണ്ട്. ഇത് പ്രകാരമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവർ കഴിഞ്ഞ ദിവസം ഒൻപത് ഹർജികൾ പരിഗണിച്ച് ഉത്തരവിട്ടത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വളരെ പ്രാധാന്യമുള്ള ഒരു ഉത്തരവാണിതെന്ന് ഡിവിഷൻ ബഞ്ച് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹർജിക്കാരെല്ലാവരും തന്നെ വിവിധ കാലയളവുകളിൽ കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ടവരാണ്. സ്ത്രീയെ ശല്യം ചെയ്തെന്ന കുറ്റത്തിന് ചാവക്കാട് കോടതിയിലുള്ള കേസിൽ പരാതി പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യൻ കാനൂനിൽ പ്രസിദ്ധീകരിച്ചതിനാൽ തന്ർറെ പേര് സെർച്ച് ചെയ്താൽ ഈ കേസ് വിവരങ്ങൾ ലഭിക്കുന്നുവെന്നതായിരുന്നു ഒരാളുടെ പരാതി. മറ്റൊന്ന് ഒരു ദന്ത ഡോക്ടർ കേസിലുൾപ്പെട്ടതായിരുന്നു. ആ കേസിലെ ജാമ്യ ഉത്തരവിന്ർറെ പകർപ്പ് വെബ്സ്സൈറ്റിലുണ്ട്. അതുപോലെ ഹേബിയസ് കോർപസ് കേസിലെ വിവരങ്ങൾ നീക്കം ചെയ്യണമെന്ന അമ്മയുടെയും മകളുടെയും ഹരജി. ഇന്ത്യക്കാരി യു എസിലുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നതിനുള്ള അനുമതി തേടിവന്ന മറ്റൊരു കേസിൽ കോടതി അനുമതി ലഭിച്ചെങ്കിലും പിന്നീട് വിവാഹം നടന്നില്ല. ഇതിലെ വിവരങ്ങളും വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള സംഭവങ്ങളിലെല്ലാം സ്വകാര്യ വിവരങ്ങൾ പൊതുമണ്ഡലത്തിൽനിന്ന് നീക്കം ചെയ്യണമെന്നാണ് ഹർജിക്കാർ വാദമുന്നയിച്ചത്.
മറക്കാനുള്ള അവകാശമെന്നത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്ർറെ പരിധിയിൽ വരുന്നതാണെന്നാണ് ഹർജിക്കാർ പ്രധാനമായും വാദിച്ചത്.
മറക്കാനുള്ള അവകാശമെന്നത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്ർറെ പരിധിയിൽ വരുന്നതാണെന്നാണ് ഹർജിക്കാർ പ്രധാനമായും വാദിച്ചത്. 2017 ലെ പ്രസിദ്ധമായ കെ എസ് പുട്ടുസ്വാമി വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സ്വകാര്യതയ്കുള്ള അവകാശത്തിന്റെ നിർവചനത്തിൽ മറക്കാനുള്ള അവകാശവുമുൾപ്പെടുന്നുണ്ട്. അത് മൗലികാവാകാശങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്. 2016 ലെ യൂറോപ്യൻ യൂണിയൻ റെഗുലേഷൻ (യൂറോപ്യൻ പാർലമെന്റിന്റെ റെഗുലേഷൻ നമ്പർ (EU) 2016/679 --സംരക്ഷണം സംബന്ധിച്ച 27-4-2016 ലെ കൗൺസിലിൽ വ്യക്തിഗത വിവരങ്ങൾ മറക്കാനും അത് മറക്കപ്പെടുന്നതിനുമുള്ള അവകാശമുണ്ടെന്ന് വ്യക്താക്കിയതായി പുട്ടസ്വാമി കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്).
സാങ്കേതികവിദ്യയുടെ വികാസവും പ്രചാരവും സ്വകാര്യതയ്ക്കു മേൽ കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് മറക്കാനുള്ള അവകാശം കൂടുതൽ പ്രസക്തമാകുന്നത്.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സ്വകാര്യതയെന്നത് ലോകത്ത് മാനിച്ചിരുന്നുവെന്നുള്ള വാദങ്ങളും നടന്നു. 1604 ഇംഗ്സണ്ടിൽ വീട്ടുടമയുടെ ഉപകരണങ്ങൾ വാടക വീട്ടിൽ നിന്നും എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയും രാജാവിന്ർറെ കോടതി സ്വകാര്യത ലംഘിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടികാട്ടി.
മനുഷ്യൻ സാമൂഹിക ജീവിയായതിനാൽ ഒറ്റപ്പെട്ട് ജീവിക്കുന്നില്ല. അവർ കൈവശപെടുത്തിയിരിക്കുന്ന അവകാശങ്ങളിൽ പലതും വ്യക്തിപരമായതുമാണ്.വ്യക്തികൾ എന്ന നിലയിൽ മനുഷ്യരുടെ ആഗ്രഹം ജീവിക്കുക എന്നതാണ്. അതും മാന്യമായി ജീവിക്കുകയെന്നത്. അതുകൊണ്ട് തന്നെ മറക്കാനുള്ള അവകാശവും വ്യക്തികൾക്കുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. നമ്മുടെ ജീവിതത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം വലുതായ സാഹചര്യത്തിൽ ഇത്തരം കേസുകൾക്കും അവകാശങ്ങൾക്കും വലിയ പ്രസക്തിയാണെന്നും കോടതി തന്നെ ചൂണ്ടികാണിക്കുന്നു. സാങ്കേതികവിദ്യയുടെ വികാസവും പ്രചാരവും സ്വകാര്യതയ്ക്കു മേൽ കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് മറക്കാനുള്ള അവകാശം കൂടുതൽ പ്രസക്തമാകുന്നത്.