"ഇസ്ലാമാബാദിൽ എത്ര തവണ പോയി? സാക്കിർ നായിക്കിനെ കണ്ടോ?"; അറസ്റ്റും ജയില്‍ അനുഭവവും പങ്കുവച്ച് സിദ്ദീഖ് കാപ്പൻ

"ഇസ്ലാമാബാദിൽ എത്ര തവണ പോയി? സാക്കിർ നായിക്കിനെ കണ്ടോ?"; അറസ്റ്റും ജയില്‍ അനുഭവവും പങ്കുവച്ച് സിദ്ദീഖ് കാപ്പൻ

ജയില്‍ മോചിതനായ ശേഷം സിദ്ദീഖ് കാപ്പന്‍ കേസിനെ പറ്റിയും അതേ തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ചും 'ദ ഫോർത്തി'നോട് സംസാരിക്കുന്നു
Updated on
9 min read

ഇന്ത്യയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിക്കായിരുന്നു സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ട് വര്‍ഷത്തിലേറെ അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നു. ഒരു തീവ്രവാദിയായി മുദ്രകുത്താനുള്ള എല്ലാ ചേരുവകളും തനിക്കുണ്ടായിരുന്നുവെന്ന് കാപ്പന്‍ പറയുന്നു. വിചിത്രമായ ചോദ്യങ്ങളാലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കുറ്റവാളിയാക്കി മാറ്റാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ നിയമ പൊലീസ് സംവിധാനങ്ങള്‍ എങ്ങനെയൊക്കെയാണ് ഒരു വിചാരണ തടവുകാരനെ കൈകാര്യം ചെയ്യുന്നത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. സിദ്ദീഖ് കാപ്പൻ 'ദ ഫോർത്തിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം.

Q

തീർത്തും അവിചാരിതമായി അറസ്റ്റിലാകുന്നു, പിന്നെ നീണ്ട കാലം ജയിൽ വാസം. രാജ്യദ്രോഹിയെന്നും തീവ്രവാദബന്ധമെന്നുമുള്ള ചാപ്പകുത്തൽ വരെ ഉണ്ടായി. 28 മാസങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. മുൻപുണ്ടായിരുന്ന ജീവിതത്തിൽ നിന്ന് ജാമ്യ ഉപാധികളുടെ മതിൽ കെട്ടിനുള്ളിൽ തളയ്ക്കപ്പെട്ട ജീവിതത്തിലേക്ക്. പുറത്തിറങ്ങി ഇത്ര ദിവസങ്ങൾ പിന്നിടുമ്പോൾ എങ്ങനെയൊക്കെയാണ് ജീവിതം മാറിയത്?

A

2003 മുതല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷത്തോളം ജോലി ചെയ്ത പ്രദേശമാണ് ഡല്‍ഹി. പക്ഷെ അവിടെ തടവറയിലെന്ന പോലെയാണ് ആറാഴ്ച ജീവിക്കേണ്ടത്. സ്വന്തന്ത്രമായി സഞ്ചരിക്കാന്‍ കൂടി സാധിക്കാത്ത അവസ്ഥ. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ നില്‍ക്കണം. എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യണം. നമ്മള്‍ ഓടി നടന്ന് ജോലി ചെയ്തിരുന്ന സ്ഥലത്ത്, ഒരു തുറന്ന തടവറയില്‍ കഴിയുന്നത് പോലെയാണ് ഇപ്പോഴുള്ള ജീവിതം.

കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ആരാണെന്ന് ചോദിച്ചു. ഞാനാണെന്ന് പറഞ്ഞപ്പോൾ അവശേഷിച്ച സാധനങ്ങൾ കൂടി അവർ വാങ്ങി വച്ചു.
Q

ഹാഥ്റസിൽ പോകാനുണ്ടായ സാഹചര്യവും അറസ്റ്റിലായ ദിവസത്തെ പറ്റിയും വിശദീകരിക്കാമോ? ചോദ്യം ചെയ്യൽ വേളകളിൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ പെരുമാറ്റം എങ്ങനെയായിരുന്നു ?

A

2020 ഒക്ടോബര്‍ അഞ്ചിനാണ് പോലീസ് എന്നെ കസ്റ്റഡിയിലെടുക്കുന്നത്. 24 മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 29ന് ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയപ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹാഥ്‌റസിലെ പെണ്‍കുട്ടിയെ കുറിച്ച് അറിയുന്നത്. സെപ്റ്റംബര്‍ 14ന് ബലാത്സംഗത്തിന് ഇരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിക്കുന്നത് 29നാണ്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനത്ത് ബലാത്സംഗം അല്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമം അത്ഭുതമുള്ള കാര്യമല്ല. അത് അവിടെ നിത്യസംഭവമാണ്. ദിനംപ്രതി സ്ത്രീകള്‍ റേപ് ചെയ്യപ്പെട്ടിരുന്നു. പക്ഷെ ഈ കേസിനെ വ്യത്യസ്തമാക്കിയത് പോലീസിന് അക്കാര്യത്തിലുണ്ടായിരുന്ന ചില പ്രത്യേക താല്പര്യങ്ങളായിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി, അവരുടെ പ്രതിഷേധം വക വെക്കാതെ ആയിരുന്നു പോലീസ് നടപടി. ബലാത്സംഗം ചെയ്യപ്പെട്ട, ക്രൂരമായ അക്രമങ്ങള്‍ക്ക് വിധേയമായ ആ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ വളരെ പെട്ടെന്ന് ദഹിപ്പിച്ച് കളയുന്നതില്‍ പോലീസിനും സര്‍ക്കാരിനും ഉണ്ടായിരുന്ന താല്പര്യമായിരുന്നു സംഭവത്തില്‍ ഞാന്‍ കണ്ട പോയിന്റ്. അവിടെ പോകാനുണ്ടായിരുന്ന കാരണവും അതായിരുന്നു.

പിറ്റേന്ന് തന്നെ അങ്ങോട്ട് പോകാനുള്ള ശ്രമങ്ങള്‍ ഞാന്‍ ആരംഭിച്ചു. പക്ഷെ ഒട്ടും പരിചിതമല്ലാത്ത ഹാഥ്‌റസിലേക്കും അവിടെ നിന്ന് പെണ്‍കുട്ടി ജീവിച്ചിരുന്ന ഗ്രാമത്തിലേക്കും പോകാന്‍ എനിക്ക് ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. ഗ്രാമീണ ഹിന്ദി ഭാഷയില്‍ ഉള്ള പരിജ്ഞാന കുറവും സ്ഥലത്തെ കുറിച്ചുള്ള അജ്ഞതയും സഹായം തേടാന്‍ കാരണമായി. അതിനായി ഹിന്ദിക്കാരായ പല മാധ്യമസുഹൃത്തുക്കളെയും ഞാന്‍ ബന്ധപ്പെട്ടു. പലരും പല കാരണങ്ങള്‍ കൊണ്ട് വരാനാകില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് എനിക്ക് മുന്‍പ് പരിചയമുണ്ടായിരുന്ന യുപിയില്‍ നിന്ന് തന്നെയുള്ള മസൂദിനെ ബന്ധപ്പെടുന്നത്.

ജാമിയ മിലിയയില്‍ പഠിച്ചിരുന്ന മസൂദിനെ സിഐഎ, എന്‍ആര്‍സി പ്രതിഷേധ വേദികളില്‍ നിന്നാണ് എനിക്ക് പരിചയം. അവന്റെ പ്രദേശം ലഖ്നൗവിലെ ബഹ്റായിച്ച് ആയിരുന്നു. ആദ്യം ചില കാരണങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കില്ല എന്ന് പറഞ്ഞിരുന്ന അവന്‍ പിന്നീട് അതിന് തയ്യാറായി. അവന് അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങള്‍ക്ക്. മസൂദിന്റെ ഒരു സുഹൃത്തും കൂടി യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് നോയിഡ ബോര്‍ഡര്‍ വഴി ഹാഥ്‌റസിലേക്ക് ഊബര്‍ ടാക്‌സി വിളിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പലരെയും ബന്ധപ്പെട്ടെങ്കിലും ആരും വരാന്‍ തയ്യാറായില്ല.

നിരവധി തവണ ബുക്ക് ചെയ്തെങ്കിലും ക്യാന്‍സലായി പോകുകയായിരുന്നു. വളരെ നേരം ശ്രമിച്ചിട്ടും ആരെയും കിട്ടാതെ വന്നപ്പോള്‍ ഊബറില്‍ നിന്ന് തന്നെ ലഭിച്ച ഒരു നമ്പര്‍ ഉപയോഗിച്ചാണ് ആലം എന്ന ഡ്രൈവറെ ആദ്യമായി വിളിക്കുന്നത്. കൂലിയുടെ കാര്യത്തില്‍ ഒരുപാട് നേരം വിലപേശിയ ശേഷമാണ് ആലം വരാന്‍ തയ്യാറായത്. യാത്ര ആരംഭിച്ച് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹാഥ്‌റസ് ടോള്‍ പ്ലാസയില്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ ഞാന്‍ വണ്ടിയുടെ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു.

ടോള്‍ പ്ലാസ ആയിരുന്നതിനാല്‍ സാധാരണ ചെക്കിങ് ആണെന്നാണ് ആദ്യം കരുതിയത്. പോലീസുകാര്‍ വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ കാണിച്ചു. എന്റെ കയ്യില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഈ സമയം പുറത്തുനിന്ന പോലീസുകാര്‍ ഫോണില്‍ നോക്കി ആരെയോ തിരയുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാസ്‌ക് താഴ്ത്തി പരിശോധിച്ച ശേഷം പോലീസുകാര്‍ പോയി, വീണ്ടും തിരിച്ചുവന്നു. എവിടെ പോവുകയാണെന്നും മറ്റും അന്വേഷിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പോലീസുകാര്‍ വീണ്ടും പോയി. അല്‍പ്പം കഴിഞ്ഞ് കുറച്ചധികം പോലീസുകാര്‍ വന്നു. അവര്‍ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ആലമിനെ മാറ്റി വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ശേഷം നാല് പോലീസുകാര്‍ വണ്ടിയില്‍ ഞങ്ങളോടൊപ്പം കയറിയിരുന്നു.

ആലം അപ്പോള്‍ ഡ്രൈവറാണ് എന്ന് പറയുന്നുണ്ടായിരുന്നെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിവച്ച ശേഷം വണ്ടിയുടെ പിന്നിലേക്ക് അയാളെ കയറ്റി ഇരുത്തി. ഡല്‍ഹി ഭാഗത്തേക്ക് തിരിച്ച് നിര്‍ത്തി പോലീസുകാര്‍ വണ്ടി ഓഫ് ചെയ്തു. പുറത്തിറങ്ങിയ പോലീസുകാര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ അരമണിക്കൂറോളം വണ്ടിയില്‍ കാത്തിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡല്‍ഹിയിലേക്ക് തിരിച്ച് പോകാന്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. മുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ഞങ്ങളോട് പിന്നെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ ചെന്നിരിക്കുമ്പോഴും എന്താണ് കേസെന്നോ മറ്റോ പറഞ്ഞിരുന്നില്ല. ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും പോകാറായോ എന്ന് ഞങ്ങള്‍ പോലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുകളില്‍ നിന്ന് ഫോണ്‍ വരാനുണ്ട് എന്ന മറുപടി അവര്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നു.

വൈകുന്നേരം 6 മണി വരെ ഞങ്ങള്‍ അവിടെ തന്നെ തുടര്‍ന്നു. ഈ നേരമെത്രയും പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ് ഞങ്ങള്‍ ഉണ്ടായിരുന്നത്. ടോയ്ലെറ്റില്‍ പോകുമ്പോള്‍ വരെ അവര്‍ ഞങ്ങളുടെ കൂടെ വന്നിരുന്നു. ഫോണും മറ്റു സാധനങ്ങളും വാങ്ങി വച്ചു. ആറരയോടെ നാലുപേര്‍ വന്നു. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ആരാണെന്ന് ചോദിച്ചു. ഞാനാണെന്ന് പറഞ്ഞപ്പോള്‍ അവശേഷിച്ച സാധനങ്ങള്‍ കൂടി അവര്‍ വാങ്ങി വെച്ചു. ശേഷം എന്നെ ചോദ്യം ചെയ്തു.

ഇസ്ലാമാബാദില്‍ എത്ര തവണ പോയിട്ടുണ്ട്, സാക്കിര്‍ നായിക്കിനെ കണ്ടിട്ടുണ്ടോ ബീഫ് കഴിക്കാറുണ്ടോ, ഏത് സിപിഎം നേതാവാണ് പറഞ്ഞു വിട്ടത് എന്നിങ്ങനെയുള്ള വളരെ വിചിത്രമായ ചോദ്യങ്ങളാണ് അവര്‍ ചോദിച്ചത്. മറുപടികള്‍ പറഞ്ഞപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു. സാക്കിര്‍ നായിക്കിനെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു. മറുപടി അര്‍ഹിക്കാത്ത ചോദ്യങ്ങള്‍ക്ക് മിണ്ടാതിരുന്നപ്പോള്‍ വീണ്ടും ഉപദ്രവിച്ചു. കാല്‍മുട്ടിനും തലയ്ക്കും അങ്ങനെ അടിക്കാന്‍ തുടങ്ങി. എന്താണ് പ്രശ്‌നം എന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ല. അവര്‍ മടങ്ങിയതിന് പിന്നാലെ മിലിട്ടറി ഇന്റലിജന്‍സ് ചോദ്യം ചെയ്തു. എന്റെ ലാപ്‌ടോപ്പില്‍ നിന്ന് കിട്ടിയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളെ കുറിച്ചും പിഎഫ് സ്റ്റേറ്റ്‌മെന്റുകളെ ക്കുറിച്ചും അവര്‍ ചോദിച്ചു. പിന്നെ ചോദ്യം ചെയ്യാനായി വന്നത് ലഖ്നൗ എടിഎസും നോയിഡ എടിഎസും ആണ്. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് ഇവര്‍ ആരാഞ്ഞത്. എന്നാല്‍ വന്നവര്‍ ആരാണെന്നോ എന്താണെന്നോ എന്നൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരൊക്കെ ആരാണെന്ന് ഞാന്‍ മനസിലാക്കുന്നത്.

രാത്രി മുഴുവന്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പല ഏജന്‍സികളില്‍ നിന്നായി പല ഉദ്യോഗസ്ഥര്‍ വന്ന് ചോദ്യം ചെയ്ത് പോയി. എല്ലാം സമാനമായ വഷളന്‍ ചോദ്യങ്ങള്‍. രാത്രി ഉറങ്ങാന്‍ സമ്മതിക്കാതെ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നു. അടുത്ത ദിവസം രാവിലെയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ശേഷം ഞങ്ങളെ രണ്ട് വണ്ടികളായി അവിടെ നിന്ന് കൊണ്ടുപോയി. ബിജെപിയുടെ കൊടി വച്ചിരുന്ന ഒരു വണ്ടിയിലാണ് എന്നെ കൊണ്ടുപോയത്. നേരെ പോയത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ മുന്നിലേക്കാണ്. ചാര്‍ജുകള്‍ എന്തൊക്കെയാണ് എന്ന് അപ്പോഴാണ് മനസിലായത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന പേരിലായിരുന്നു കേസ്. ജാമ്യം ആവശ്യപ്പെട്ടപ്പോള്‍ ആരെങ്കിലും വരികയാണെങ്കില്‍ വിട്ടയക്കാം എന്ന് ജഡ്ജി പറഞ്ഞു. പക്ഷേ ഞങ്ങളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയായിരുന്നു. അവിടെ വച്ച് ഒന്നും പറയാതെ ഒരു വെള്ളപേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീപ്പിക്കുകയും ചെയ്തു. മഥുര ജില്ലാ ജയിലിലേക്ക് കൊണ്ട് പോകുന്നതിന് മുന്‍പ്, കോവിഡ് ആവശ്യാര്‍ഥം ക്വാറന്റൈന്‍ സെന്ററാക്കി മാറ്റിയ ഒരു സ്‌കൂളിലാണ് ആദ്യത്തെ 21 ദിവസം താമസിപ്പിച്ചത്. അവിടെയുള്ള ഒരു ക്ലാസ് മുറിയിലേക്ക് ഞങ്ങളെ മാറ്റി. അന്ന് വൈകുന്നേരത്തോടെയാണ് കസ്റ്റഡിയില്‍ ആണെന്ന കാര്യം പോലും മനസിലായത്.

അടുത്ത ദിവസം ഞങ്ങളെ അവിടെ നിന്ന് വീണ്ടും പുറത്തേക്ക് കൊണ്ടുപോയി. കയ്യാമത്തിന് പുറമെ വണ്ണമുള്ള കയര്‍ കൊണ്ട് ഞങ്ങളുടെ കൈകള്‍ ബന്ധിപ്പിച്ചിരുന്നു. മോചിതരാവാന്‍ പോകുകയാണെന്നാണ് അപ്പോഴും വിശ്വാസം. എന്നാല്‍ കോടതിയില്‍ എത്തിയ ഞങ്ങള്‍ കണ്ടത് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെയും മാധ്യമപ്രവര്‍ത്തകരെയാണ്. അവര്‍ ഞങ്ങളുടെ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഒരുപാട് പേര്‍ കോടതിയില്‍ മുറ്റത്ത് നിറഞ്ഞിട്ടുണ്ട്. തീവ്രവാദി എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതിരിക്കാന്‍ പോലീസുകാര്‍ വായ പൊത്തി പിടിച്ചു. ഞങ്ങളെ ഹാജരാക്കിയത് ഡിസ്ട്രിക്ട് ജഡ്ജിന്റെ മുന്‍പാകെയാണ്. ജഡ്ജി ഞങ്ങളോട് ഒന്നും സംസാരിക്കാതെ ഒരു ഓര്‍ഡറില്‍ ഒപ്പ് വച്ച് തിരിച്ച് ജയിലേക്കയച്ചു. കോടതിമുറിയില്‍ വെച്ച് ജഡ്ജിയോട് പോലീസുകാര്‍ 'ആ കേസ് തന്നെ' എന്ന് പറയുന്നുണ്ടായിരുന്നു. ഞങ്ങളെ അന്ന് വീണ്ടും തിരികെ സ്‌കൂളിലെത്തിച്ചു. സ്‌കൂളില്‍ നില്‍ക്കുന്ന സമയം തന്നെ ഇഡി വന്ന് ചോദ്യം ചെയ്തിരുന്നു. ഹാഥ്‌റസ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് 'ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് ഗേള്‍' എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് നിര്‍മിച്ച് പണം സ്വരൂപിച്ചു എന്നായിരുന്നു അവര്‍ ഉന്നയിച്ച ആരോപണം. ഇല്ലെന്ന് പറഞ്ഞെങ്കിലും കള്ളം പറയുകയാണ് എന്നാണവര്‍ പറഞ്ഞത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലും, ക്രൈം ബ്രാഞ്ചിലും ഉള്‍പ്പടെ എനിക്കെതിരെ കേസ് എടുത്തിരുന്നു. അവരും സ്‌കൂളില്‍ നിന്ന സമയത്ത് വന്ന് ചോദ്യം ചെയ്തിട്ടുണ്ട്. ഞാന്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ ചാന്ദ്പാ പോലീസ് സ്റ്റേഷനില്‍ എനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നിന്ന് പിന്നീട് കോടതി കുറ്റവിമുക്തനാക്കി.

കേസ് ക്രൈംബ്രാഞ്ചില്‍ നിന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് കൈമാറിയിരുന്നു. രണ്ട് ദിവസം എസ്ടിഎഫ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. കാര്യമായിട്ടൊരു ചോദ്യം ചെയ്യലും അവിടെ ഉണ്ടായില്ല. തെളിവെടുപ്പ് എന്ന പേരില്‍ അവരെന്നെ ഡല്‍ഹിയിലേക്കും ഹാഥ്‌റസിലേക്കും കൊണ്ടുപോയി. എന്നാല്‍ ഒരിക്കല്‍ പോലും എന്നെ വണ്ടിയുടെ പുറത്തിറക്കിയിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രം നടത്തിയ യാത്രകള്‍ ആയിരുന്നു അവ.

Q

അറസ്റ്റിലായ വിവരങ്ങൾ കുടുംബത്തിനോട് പങ്ക് വച്ചപ്പോൾ എന്തായിരുന്നു പ്രതികരണം?

A

സ്‌കൂളില്‍ നിന്ന് 21 ദിവസത്തിന് ശേഷം ജയിലിലേക്ക് മാറ്റി. അതും കഴിഞ്ഞ് 25 ദിവസത്തിന് ശേഷമാണ് , അതായത് ആകെ 45 ദിവസം കഴിഞ്ഞാണ് കുടുംബത്തോട് വീണ്ടും സംസാരിക്കുന്നത്. പുറം ലോകവും ആയി ഒരു ബന്ധവും ഇല്ലാതെ കഴിഞ്ഞിരുന്നതിനാല്‍ എന്റെ കേസിനെ കുറിച്ചോ വകുപ്പുകളെ കുറിച്ചോ അന്നും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. പക്ഷെ ഭാര്യക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും അതിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും മറ്റുമായി അറിവ് ലഭിച്ചിരുന്നു. അന്നാണ് യുഎപിഎ ചുമത്തപ്പെട്ട കാര്യം ഞാന്‍ അറിയുന്നത്.

സിദ്ദീഖ് കാപ്പനും ഭാര്യ റൈഹാനത്തും
സിദ്ദീഖ് കാപ്പനും ഭാര്യ റൈഹാനത്തും
മൂത്രമൊഴിക്കാൻ ബാത്‌റൂമിൽ പോലും പോകാൻ സാധിക്കില്ലായിരുന്നു. കട്ടിലിന് സമീപം ഉണ്ടായിരുന്ന രണ്ട് കുപ്പികളിലാണ് മൂത്രമൊഴിച്ചു കൊണ്ടിരുന്നത്. ഒടുവിൽ രണ്ട് കുപ്പിയും നിറഞ്ഞ് മൂത്രം പുറത്തേക്ക് ഒഴുകി.
Q

ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെയും മറ്റും ഉപദ്രവിക്കുന്നതിനുള്ള അവസരമായിട്ടാണ് കൊറോണ കാലത്തെ ഉപയോഗിച്ചതെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. കോവിഡ് പടർന്നുപിടിച്ച സമയത്തായിരുന്നല്ലോ കാപ്പന്റെയും ജയിൽ വാസം. ഒരു തവണ കോവിഡും പിടിപെട്ടു. എന്തായിരുന്നു ആ സമയത്തെ അനുഭവങ്ങൾ?

A

കോവിഡ് സെന്ററായി അന്ന് പ്രവര്‍ത്തിച്ചിരുന്നത് സ്‌കൂളിലെ ക്ലാസ് മുറി ആയിരുന്നു. ഞങ്ങളെയിട്ടിരുന്ന ഒരു ചെറിയ ക്ലാസ്സ്മുറിയില്‍ 50 പേര്‍ ഉണ്ടായിരുന്നു. വാതില്‍ ഇപ്പോഴും പുറത്തുനിന്ന് പൂട്ടിയിരിക്കും. അത്യാവശ്യമായി ടോയ്‌ലെറ്റില്‍ പോകണമെങ്കില്‍ ക്ലാസ് മുറിയുടെ മൂലയില്‍ വച്ചിരിക്കുന്ന ബക്കറ്റ് ഉപയോഗിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. മറ്റ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ വളരെ നേരം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കണം. 21 ദിവസം കുളിക്കാതെയാണ് അതിനകത്ത് കഴിഞ്ഞിരുന്നത്. ജയിലിലേക്ക് മാറ്റിയിട്ടും കോവിഡ് നിരീക്ഷണ സ്ഥലത്ത് ഇത് തന്നെയാണ് അവസ്ഥ. കുടിവെള്ളമോ മറ്റ് സൗകര്യങ്ങളോ ഒന്നും അവിടെയും ഉണ്ടായിരുന്നില്ല. തിങ്ങി നിറഞ്ഞ മുറികളിലാണ് ഞങ്ങളെയെല്ലാം ജയിലിലും താമസിപ്പിച്ചിരുന്നത്.

2021 ഏപ്രില്‍ മാസത്തിലാണ് കോവിഡ് എനിക്ക് ബാധിക്കുന്നത്. ടോയ്‌ലെറ്റില്‍ പോകാന്‍ കാത്തുനിന്ന ഞാന്‍ തലകറങ്ങി വീഴുകയായിരുന്നു. സഹതടവുകാരാണ് എന്നെ എടുത്തുകൊണ്ട് പോകുന്നത്. വയ്യായ്ക തോന്നിയപ്പോള്‍ പലപ്പോഴായി ജയിലിലെ ആശുപത്രിയില്‍ പോയെങ്കിലും പാരസെറ്റമോള്‍ തന്ന് തിരികെ അയയ്ക്കുകയാണുണ്ടായത്. ഒരിക്കല്‍ പോലും കോവിഡ് ടെസ്റ്റ് ചെയ്തിരുന്നില്ല. കോവിഡ് ബാധിച്ച ശേഷം ജയിലില്‍ നിന്ന് മഥുരയിലെ കെ എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ എത്തിയ ഉടന്‍ ആശുപത്രി അധികാരികളില്‍ നിന്ന് വളരെ മോശം അനുഭവമാണ് നേരിടേണ്ടി വന്നത്. രാജ്യദ്രോഹി എന്നൊക്കെ അവിടെ ഒരാള്‍ എന്നെ വിളിച്ചു.

ആശുപത്രിയിലെ ചെറിയ ഒരു മുറിയായിരുന്നു എനിക്ക് കിട്ടിയത്. അവിടെ കയ്യാമം ഉപയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടു. ഒന്ന് തിരിഞ്ഞ് കിടക്കാന്‍ വയ്യാത്ത വിധം മുറുക്കിയായിരുന്നു ബന്ധനം. മരുന്നോ ഒന്നും ഇല്ലായിരുന്നു. ശരിക്കും ആ മുറിയില്‍ പൂട്ടിയിടുകയാണ് ചെയ്തത്. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. മൂത്രമൊഴിക്കാന്‍ ബാത്റൂമില്‍ പോലും പോകാന്‍ സാധിക്കില്ലായിരുന്നു. കട്ടിലിന് സമീപം ഉണ്ടായിരുന്ന രണ്ട് കുപ്പികളിലാണ് മൂത്രമൊഴിച്ചു കൊണ്ടിരുന്നത്. ഒടുവില്‍ രണ്ട് കുപ്പിയും മൂത്രം നിറഞ്ഞ് പുറത്തേക്ക് ഒഴുകി. റൂമില്‍ നിറയെ മൂത്രമായി. ഒടുവില്‍ മൂത്രം സെല്ലിന് പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. അഞ്ചാമത്തെ ദിവസം ദുര്‍ഗന്ധം വമിച്ചപ്പോള്‍ ഒരാള്‍ വൃത്തിയാക്കാന്‍ വന്നു. ആ പയ്യന് പണം കൊടുത്ത് ആദ്യം അല്‍പ്പം വെള്ളം വാങ്ങിപ്പിച്ചു. പിന്നീട് വക്കീലിന് വിളിക്കാന്‍ ഫോണ്‍ തരാമോ എന്ന് ചോദിച്ചു. പണം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അതിന് തയ്യാറായി. ഫോണ്‍ വിളിച്ച ഞാന്‍ ഭാര്യയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ചികിത്സ വേണ്ട, മരിക്കുന്നതിന് മുന്‍പ് ഇവിടെ നിന്ന് മാറ്റണം എന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഭാര്യയുമായി സംസാരിച്ച ഉടനെ ഫോണിലേക്ക് എന്റെ അഭിഭാഷകന്‍ വിളിച്ചു. അദ്ദേഹത്തോടും കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം നിയമപരമായി നീങ്ങി. പിന്നീട് അവിടെ നിന്ന് ഡല്‍ഹിയിലെ എയിംസിലേക്കും തുടര്‍ന്ന് മഥുര ജയിലിലേക്കും മാറ്റി.

ഒരു 'തീവ്രവാദി ബിരിയാണി'ക്ക് ആവശ്യമുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരാളായിരുന്നു ഞാൻ
സിദ്ദീഖ് കാപ്പന്‍
Q

മതസ്പർധയുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് ഹാഥ്റസിൽ പോയതെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. അതിന് ശക്തിപകരാൻ കാപ്പന്‍റെ ലാപ്ടോപ്പില്‍ നിന്നും മറ്റും പല രേഖകൾ കണ്ടെടുത്തതായും പറയുന്നു. എന്താണ് ഇതിലെ സത്യാവസ്ഥ?

A

അഴിമുഖത്തിന്റെ ലാപ്‌ടോപ് ആയിരുന്നു അത്. അതിനാല്‍ ജോലി സംബന്ധമായ കാര്യങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ യുഎപിഎ തടവുകാരെക്കുറിച്ചുള്ള ഒരു വിശദമായ റിപ്പോര്‍ട്ട് ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിവരാവകാശം വഴി വാങ്ങിയതാണ് അത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ രേഖകള്‍ അല്ലാതെ മറ്റൊന്നും എന്റെ ലാപ്‌ടോപ്പില്‍ നിന്ന് ലഭിക്കാനില്ല. ബാക്കിയെല്ലാം മറ്റു വിഷയങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ മലയാളം ലേഖനങ്ങളാണ്. പോലീസ് പറയുന്ന ലഘുലേഖകള്‍ ഒന്നും അവര്‍ കണ്ടെത്തിയിട്ടില്ല. രണ്ട് പുസ്തകവും പേനയും കുറച്ചു പണവും ഒക്കെയാണ് ആകെ എന്റെ ബാഗില്‍ ഉണ്ടായിരുന്നത്. എന്റെ കൂടെ ഉണ്ടായിരുന്ന സഹയാത്രക്കാരന്റെ അക്കൗണ്ടിലേക്ക് വന്ന 5000 രൂപയാണ് പിന്നീട് ഇ ഡി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച പണം എന്ന രീതിയില്‍ എടുത്തുകാട്ടിയത്. ഞാനുമായി ആ പണത്തിന് യാതൊരു ബന്ധവുമില്ല. അവനുമായി അടുപ്പമുള്ള ആരോ നല്‍കിയ പണം ആയിരുന്നു അത്.

Q

കാപ്പനുമേൽ ആരോപിക്കപ്പെടുന്ന നിരോധിത സംഘടനയായ സിമിയും ഭീമാ കൊറേഗാവ് കേസുമായൊക്കെയുള്ള ബന്ധത്തിന്റെ യാഥാർഥ്യം എന്താണ്?

A

മുന്‍കാലത്ത് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരുടെ ഇന്റര്‍വ്യൂ എടുത്തു എന്നതാണ് സിമിയുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയരാന്‍ കാരണം. ഭീമ കോറെഗാവ് കേസില്‍ കുറ്റാരോപിതരായവരുടെയും സഞ്ജിവ്ഭട്ടിന്റെയുമെല്ലാം പങ്കാളികളെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതാണ് ആ കേസുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയരാന്‍ കാരണം. മാവോയിസ്‌റ്റ് ബന്ധങ്ങളും അത്തരത്തില്‍ തന്നെ ഉയര്‍ന്നു വന്നതാണ്.

Q

അറസ്റ്റ് ചെയ്യപ്പെട്ടപ്പോളും അതിന് ശേഷവും ജോലി നോക്കിയിരുന്ന സ്ഥാപനത്തിന്റെയും സഹപ്രവർത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ സമീപനം എത്തരത്തിലായിരുന്നു ?

A

അഴിമുഖത്തിന്റെ മേധാവി ജോസി ജോസഫ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ അവരെല്ലാം കേസുമായി സഹകരിച്ച് കൂടെ ഉണ്ടായിരുന്നു. ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള മാധ്യമ പ്രവര്‍ത്തകരുടെയും പിന്തുണ എനിക്ക് ലഭിച്ചു എന്നതാണ് വലിയ കാര്യം. മാധ്യമലോകത്ത് നിന്ന് ലഭിച്ച ഈ സഹായങ്ങള്‍ വലുതാണ്. അവരുടെ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ഇത്ര വേഗം ജാമ്യം ലഭിച്ചത്. വളരെ ന്യൂനപക്ഷം മാത്രമാണ് പിന്നില്‍ നിന്ന് കുത്തിയത്. സര്‍ക്കാരിനെ ഭയന്ന് അവര്‍ക്ക് വേണ്ടി എഴുതുന്ന ഈ കൂലിയെഴുത്തുകാര്‍ക്ക് പുല്ലു വിലയാണ് കല്‍പ്പിക്കുന്നത്. അത്തരക്കാരെ അവഗണിക്കുകയാണ് ചെയ്യുന്നത്.

Q

അറസ്റ്റിലായ സമയത്ത് ഒരുപാട് പേർ കാപ്പനെതിരെ ഉന്നയിച്ചിരുന്ന ഒരു പ്രധാന ആക്ഷേപം പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ ആണെന്നതായിരുന്നു? തേജസിൽ ജോലി ചെയ്തതാണ് അതിന് അവർ കണ്ടെത്തിയ കാരണം?

A

കേരളത്തില്‍ ഏതെങ്കിലും സമുദായത്തിന്റെയോ പാര്‍ട്ടിയുടേയോ ഒക്കെ പിന്തുണ ഇല്ലാത്ത മാധ്യമങ്ങള്‍ വളരെ കുറവാണ്. അങ്ങനെ ആണ് തേജസും. തേജസില്‍ ജോലി ചെയ്തു എന്നത് കൊണ്ട് മാത്രം ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ട് എന്ന ആരോപണം ഉന്നയിക്കാന്‍ ആവില്ല. അവിടെ എല്ലാ തരത്തിലും പെട്ട ഒരുപാട് പേര്‍ ജോലി ചെയ്യുന്നതാണ്. അതില്‍ ജോലി ചെയ്യുന്നവരെ മുഴുവന്‍ ആ വിഭാഗത്തോട് കൂട്ടിച്ചേര്‍ക്കുക എന്നത് ന്യായീകരിക്കാനാവാത്തതാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുസ്ലിം -ദളിത് -ആദിവാസി വിഷയങ്ങള്‍ എനിക്ക് താല്പര്യമുള്ള വിഷയം തന്നെയാണ്. അതെന്റെ ബീറ്റ് ആയിരുന്നു.

കാപ്പന്‍ ജയിലില്‍ നിന്ന പുറത്തിറങ്ങിയ ശേഷം
കാപ്പന്‍ ജയിലില്‍ നിന്ന പുറത്തിറങ്ങിയ ശേഷം
Q

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ഉമ്മയെ നഷ്ടമായതാണ് ഏറ്റവും വലിയ വേദനയെന്ന് കാപ്പൻ പറഞ്ഞിരുന്നു. ജയിൽ വാസത്തിനിടയിൽ ഉമ്മയുടെ വിയോഗ വാർത്ത എങ്ങനെയാണ് ബാധിച്ചത്?

A

2021 ഫെബ്രുവരി 15നാണ് അസുഖബാധിതയായ ഉമ്മയെ കാണാന്‍ അഞ്ച് ദിവസത്തെ പരോള്‍ എനിക്ക് ലഭിക്കുന്നത്. തടവ് ജീവിതത്തിനിടെ പരോള്‍ ലഭിക്കുന്നത് ആ ഒറ്റ തവണ മാത്രമാണ്. പക്ഷെ ജയിലില്‍ നിന്ന് എന്നെ കൊണ്ട് പോകുന്നത് ഫെബ്രുവരി 17നാണ്. 5 ദിവസത്തെ ജാമ്യം ലഭിച്ചെങ്കിലും രണ്ടര ദിവസം മാത്രമാണ് വീട്ടില്‍ നില്‍ക്കാനായത്. മോചനം വൈകിപ്പിച്ചതിനൊപ്പം വീട്ടില്‍ നില്‍ക്കാനും യുപി പോലീസ് സമ്മതിച്ചില്ല. ഞാന്‍ കാണുമ്പോള്‍ ഉമ്മ വളരെ അവശ നിലയിലായിരുന്നു. അല്‍ഷിമേഴ്സ് ബാധിച്ചിരുന്ന ഉമ്മയ്ക്ക് എന്നെ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല. ആകെ മൂന്ന് മണിക്കൂറാണ് വിമാനത്തില്‍ യുപിയില്‍ നിന്ന് കോഴിക്കോട് എത്താനെടുക്കുന്ന സമയം. എന്നിട്ട് പോലും വീട്ടില്‍ സമാധാനത്തോടെ കിട്ടിയ അഞ്ച് ദിവസം തികച്ച് നില്‍ക്കാന്‍ എന്നെ അനുവദിച്ചില്ല. പരോള്‍ ലഭിച്ചു എന്നതിനപ്പുറം അതുകൊണ്ട് ഉപകാരം ഉണ്ടായില്ല എന്നതാണ് സത്യം

ജൂണ്‍ 18നാണ് ഉമ്മ മരിക്കുന്നത്. അന്ന് രാവിലെ ഭാര്യയെ വിളിച്ചപ്പോള്‍ ഉമ്മയ്ക്ക് കുറച്ച് സീരിയസ് ആണെന്ന് പറഞ്ഞിരുന്നു. രാത്രിയോടെ ഉമ്മ മരിച്ചു. വല്ലാതെ വിഷമിപ്പിച്ച ഒരു അവസ്ഥയായിരുന്നു അത്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ മരണത്തിന് മുന്‍പ് ഉമ്മയെ വീട്ടിലെത്തി കാണാന്‍ സാധിക്കും എന്നായിരുന്നു വിശ്വാസം. എന്നാല്‍ ഉമ്മയുടെ മരണവിവരം വലിയ ഷോക്കായിരുന്നു. അവസാനം വരെ ഉമ്മ ചോദിച്ചിരുന്നത് 'നീ എപ്പോള്‍ വരും' എന്ന് മാത്രമാണ്. പെട്ടെന്ന് വരാം എന്ന് ഞാന്‍ കള്ളം പറയുകയും ചെയ്തു. ഞാന്‍ ജോലിയുടെ ഭാഗമായി ഡല്‍ഹിയിലേക്ക് പോകുമ്പോഴെല്ലാം 'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ വരില്ലേ' എന്ന് ഉമ്മ ചോദിക്കുമായിരുന്നു. അതിന് സാധിച്ചില്ല എന്നതായിരുന്നു വിഷമം. പിന്നെ പതുക്കെ ആ വേദനയില്‍ നിന്ന് മുക്തനായി. ജയിലിലുള്ള ഒരുപാട് മനുഷ്യരുമായി ബന്ധം സ്ഥാപിക്കാന്‍ ആ സമയത്ത് പറ്റി. നമ്മളേക്കാള്‍ മോശം സ്ഥിതിയില്‍ ജീവിക്കുന്ന മനുഷ്യര്‍ അന്ന് അവിടെ ഉണ്ടായിരുന്നു. അവരെ സഹായിക്കുന്നതിലൂടെയും സ്‌നേഹിക്കുന്നതിലൂടെയുമാണ് ദുഃഖത്തെ മറികടക്കാന്‍ എനിക്ക് സാധിച്ചത്.

Q

കാപ്പനെന്ന മാധ്യമപ്രവർത്തകൻ അറസ്റ്റ് ചെയ്യപ്പെട്ടത് എന്തുകൊണ്ടാകും എന്നാണ് കരുതുന്നത്?

A

ഒരു 'തീവ്രവാദി ബിരിയാണി'ക്ക് ആവശ്യമുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരാളായിരുന്നു ഞാന്‍. സിദ്ദീഖ് കാപ്പന്‍ എന്ന വ്യക്തി നിരന്തരം വേട്ടയാടപ്പെടുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാം. എന്റെ മുസ്ലിം സ്വത്വവും ഭരണകൂടത്തിനെതിരെ ഞാന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളും അതില്‍ ചിലതാണ്. ഡല്‍ഹി കലാപ സമയത്ത് തെറ്റായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ ബ്രോഡ്കാസ്റ്റിങ് ബാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടക്കുന്ന സമയത്ത് ഞാന്‍ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ ഡല്‍ഹി ഘടകം സെക്രട്ടറി ആണ്. അതുകൊണ്ട് തന്നെ നിരോധനത്തിനെതിരെ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. ആ യോഗത്തില്‍ സിപിഎം നേതാവായ എം എ ബേബി, സിപിഐ നേതാക്കളായ ആനി രാജ, മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും വേദിയിലെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. അന്നവിടെ സ്വാഗതം പറഞ്ഞിരുന്നത് ഞാനാണ്.

പോലീസിന്റെ ഇന്‍ഫോര്‍മര്‍മാര്‍ അന്ന് തന്നെ എന്റെ ചില സഹപ്രവര്‍ത്തകരോട് എന്നെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചിരുന്നു. അക്കാര്യം ചില സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. അതിനാല്‍ ഈ പ്രതിഷേധവും അതിലെ സ്വാഗത പ്രസംഗവും എന്നെ വേട്ടയാടുന്നതിന് പിന്നിലെ പ്രധാന കാരണമായിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.

അതിന് പുറമെ ഡല്‍ഹി കലാപത്തിന് ചില സംഘടനകളുടെ സഹായത്തോടെ ഞാന്‍ സാമ്പത്തിക സഹായം ചെയ്തു എന്നാരോപിച്ച് സംഘപരിവാര്‍ വെബ്‌സൈറ്റില്‍ എന്നെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതും മലയാളത്തില്‍ തന്നെ. പിന്നീട് ഇതുപോലെ നിരന്തരം എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ സംഘപരിവാര്‍ വെബ്‌സൈറ്റുകളില്‍ വരാന്‍ തുടങ്ങി. അതും അധികമാരും അറിയാത്ത വെബ്‌സൈറ്റുകളിലാണ് വന്നിരുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതക സമയത്തും , മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല വിഷയങ്ങള്‍ക്കെതിരെ നടന്ന പല പ്രതിഷേധങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പലതും നയിച്ചിട്ടുണ്ട്. അതെല്ലാം പലവഴിക്ക് ഇവിടെ സ്വാധീനം ചെലുത്തി എന്നാണ് ഞാന്‍ കരുതുന്നത്.

ചിരിച്ചു കൊണ്ട് ജയിലിന് പുറത്തേക്ക് വന്ന എന്റെ മുഖം പലർക്കും വിഷമവും ദുഖവും ഉണ്ടാക്കിയിട്ടുണ്ട്

Q

28 മാസം ജയിലിൽ ശുഭാപ്‌തിവിശ്വാസത്തോടെ കഴിയാനുള്ള ഊർജം എന്തായിരുന്നു?

A

നല്ലൊരു ഭൂരിപക്ഷം ജനവിഭാഗത്തിന്റെ പിന്തുണയാണ് ജയിലില്‍ കഴിഞ്ഞ കാലത്ത് മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കിയത്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകള്‍ എന്നെ പിന്തുണച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നു എന്നത് തന്നെ വലിയ ശക്തിയാണ്. അതില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും എല്ലാം ഉള്‍പ്പെടുന്നു. ഐ ബി സിങ്ങിനേയും കപില്‍ സിബലിനെയും പോലുള്ള ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകര്‍ പ്രതിഫലം വാങ്ങാതെ എനിക്ക് വേണ്ടി നിയമപോരാട്ടം നടത്തി.

വളരെ ചെറിയ ഒരു വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ഒരു വലിയ വിഭാഗം എനിക്ക് വേണ്ടി ശബ്ദിക്കുന്നുണ്ട് എന്നറിഞ്ഞത് ജയിലില്‍ വരുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചായിരുന്നു. എന്നെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ എഴുതുന്നു. ടെലഗ്രാഫും, ഹിന്ദുവും പോലുള്ള ദേശീയ മാധ്യമങ്ങള്‍ അനുകൂലമായി വാര്‍ത്തകള്‍ ചെയ്യുന്നു. ജയില്‍ നിന്ന് വല്ലാത്ത പിന്തുണ തന്ന കുറച്ചു മനുഷ്യര്‍ കൂടി ഉണ്ടായിരുന്നു. ഇതിനേക്കാള്‍ ഒക്കെ വലിയ എന്ത് ഊര്‍ജമാണ് വേണ്ടത്. എന്നെ തടവിലാക്കിയ ദിവസം തന്നെ എന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് പിന്നീട് അറിയുകയുണ്ടായിരുന്നു. ചിലരുടെ വ്യാജമൊഴിയും രാഷ്ട്രീയമായ സമ്മര്‍ദവുമാണ് കേസിന് പിന്നിലെന്ന് പോലീസിനടക്കം അറിയാമായിരുന്നു. പക്ഷേ, മറ്റു ചില കൈകടത്തലുകള്‍ കൊണ്ട് അതെന്റെ അറസ്റ്റിനും ജയില്‍ വാസം നീളുന്നതിനും കാരണമായി.

ഞാന്‍ ജയിലില്‍ തന്നെ കിടക്കണമെന്ന് ആഗ്രഹിച്ച പലരേയും എന്റെ ജാമ്യം അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ചിരിച്ചു കൊണ്ട് ജയിലിന് പുറത്തേക്ക് വന്ന എന്റെ മുഖം പലര്‍ക്കും വിഷമവും ദുഃഖവും ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ചിരി നല്‍കുന്ന സന്ദേശം മനസിലായത് കൊണ്ട് മാത്രമാണ് അവരതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പോസ്റ്റുകള്‍ ഇടുന്നത്.

logo
The Fourth
www.thefourthnews.in