വാളയാറിലെ പെൺകുട്ടികൾക്ക് സംഭവിച്ചതെന്ത്? ഉത്തരമില്ലാത്ത ആറ് വർഷം

വാളയാറിലെ ഒറ്റ മുറി ഷെഡ്ഡില്‍ ആ മരണങ്ങള്‍ നടന്നിട്ട് ആറ് വര്‍ഷം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണോ, അതോ കൊലപാതകമാണോ? ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരുപാടാണ്.

2017 മാർച്ച് നാലിന് ഒരേ വീട്ടിലെ രണ്ടാമത്തെ പെൺകുട്ടിയും കഴുക്കോലിനറ്റത്ത് തൂങ്ങി നിന്നപ്പോഴാണ് കേരളം ഞെട്ടിയത്. മാസങ്ങൾക്ക് മുൻപ് അവളുടെ ചേച്ചിയും അതേ കഴുക്കോലിലാണ് അവസാനിച്ചത്. വാളയാറിലെ ഒറ്റ മുറി ഷെഡ്ഡില്‍ ആ മരണങ്ങള്‍ നടന്നിട്ട് ആറ് വര്‍ഷം കഴിയുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണോ, അതോ കൊലപാതകമാണോ? ഇപ്പോഴും ഉത്തരമില്ലാത്ത ഈ ചോദ്യം കഴുക്കോലിന്റെ തലപ്പത്ത് തൂങ്ങിയാടുകയാണ്. രണ്ട് അന്വേഷണങ്ങള്‍ കഴിഞ്ഞു. മൂന്നാമത് അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളുടെ മരണ കാരണം അന്വേഷിച്ച് അവരുടെ നീതിക്കായി ഇന്നും ഒരമ്മ തെരുവിലാണ്.

സ്വന്തം കുഞ്ഞുങ്ങളുടെ മരണ കാരണം അന്വേഷിച്ച് അവരുടെ നീതിക്കായി ഇന്നും ഒരമ്മ തെരുവിലാണ്

അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അതേ കഴുക്കോലില്‍ അനുജത്തി ഒൻപത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടു. രണ്ട് പെണ്‍കുട്ടികളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കാവുന്നതിലധികം ദുരിതമനുഭവിച്ചതിനൊടുവിലാണ് അവര്‍ കഴുക്കോലിലെ കുരുക്കുകളില്‍ അവസാനിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടു.

13 വയസ്സുള്ള പെണ്‍കുട്ടിയും 9 വയസ്സുള്ള അനുജത്തിയും ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നു. ഒരു തവണയല്ല, പല തവണ.

13 വയസ്സുള്ള പെണ്‍കുട്ടിയും 9 വയസ്സുള്ള അനുജത്തിയും ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നു. ഒരു തവണയല്ല, പല തവണ. കൊന്ന് കെട്ടിത്തൂക്കാനുള്ള സാധ്യതകളിലേക്കുള്ള സംശയങ്ങള്‍ കൂടി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇളയ പെണ്‍കുട്ടിയുടെ ഉയരം 129 സെ മീ. കുട്ടി കൈ പരമാവധി ഉയര്‍ത്തിപ്പിടിച്ചാല്‍ ഉയരം 152 സെ മീ. വീടിന്റെ തറയില്‍ നിന്ന് കഴുക്കോലിലേക്കുള്ള ഉയരം 292 സെ മീ. പിന്നെ എങ്ങനെ 9 വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിക്കും. ഈ സംശയങ്ങളിലും കുട്ടികള്‍ നേരിട്ട അതിക്രമങ്ങളിലും കേരളമാകെ ഞെട്ടി. സര്‍വ്വയിടത്ത് നിന്നും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടായി.

ഇളയ പെണ്‍കുട്ടി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ്, മാര്‍ച്ച് ആറിന് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പോലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്‌ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജനും നല്‍കി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി.

പാമ്പാംപള്ളം സ്വദേശി വി മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാര്‍ എസ്‌ഐ പി സി ചാക്കോയ്ക്ക് സസ്പെൻഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി.

കേസന്വേഷണം നടക്കുന്നതിനിടെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി. പതിനാറുകാരന്റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്‌സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബര്‍ ഒൻപതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ 2021ന്റെ തുടക്കത്തില്‍ കേസ് സിബിഐയ്ക്ക് വിട്ടു

വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു. 2020 മാര്‍ച്ച് 18ന് പോലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ 2021ന്റെ തുടക്കത്തില്‍ കേസ് സിബിഐയ്ക്ക് വിട്ടു.

സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. എന്നാല്‍ പോലീസ് കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നുമില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ഡിസംബര്‍ 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന് വ്യക്തമാക്കി. 'ഓള്‍ഡ് വൈന്‍ ഇന്‍ ന്യൂ ബോട്ടില്‍' എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും റിപ്പോര്‍ട്ടിലില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇതിനിടെ പോലീസ് അന്വേഷിച്ചപ്പോള്‍ മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിച്ചു എന്ന് ആരോപണമുന്നയിച്ച പെണ്‍കുട്ടികളുടെ അച്ഛന്‍ തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് സിബിഐ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് ദിവസങ്ങള്‍ക്കകം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വീണ്ടും സിബിഐ അന്വേഷണമെന്ന ആവശ്യമുയര്‍ന്നു. കോടതി രണ്ടാമതും സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കി. അന്വേഷണം ആരംഭിച്ചിട്ട് നാല് മാസമായി. എന്നാല്‍ അന്വേഷണം വേണ്ട രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന ആരോപണം ശക്തമാണ്.

മരണം എങ്ങനെ നടന്നു, അതിന് കാരണം എന്താണ്? നിരവധി ചോദ്യങ്ങളുണ്ട് ഉത്തരം കിട്ടാതെ.

തെളിവുകള്‍ ഇല്ലാത്ത കേസ് എന്നാണ് വാളയാര്‍ കേസിനെക്കുറിച്ച് കേരളത്തില്‍ പരക്കെ പ്രചരിക്കപ്പെട്ട കഥ. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍, സെലോഫൈന്‍ ടെസ്റ്റ് ഫലങ്ങള്‍, ഉയരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ അങ്ങനെ മുൻപ് നടന്ന രണ്ട് അന്വേഷണങ്ങളിലും ഉള്‍പ്പെടുത്താതെ പോയ ശാസ്ത്രീയ തെളിവുകള്‍ കേസിലുണ്ട്.

സാമൂഹ്യസാഹചര്യങ്ങളെല്ലാം ചേര്‍ന്ന് കെട്ടിത്തൂക്കിയതാണ് ആ കുഞ്ഞുങ്ങളെ. മരണം എങ്ങനെ നടന്നു, അതിന് കാരണം എന്താണ്? നിരവധി ചോദ്യങ്ങളുണ്ട് ഉത്തരം കിട്ടാതെ. അതിന് ഉത്തരം നല്‍കാത്ത ഈ ആറാം വര്‍ഷത്തിലും ആ കുഞ്ഞുങ്ങളെ വീണ്ടും കൊന്ന് ഉത്തരത്തില്‍ കെട്ടിത്തൂക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in