മറവിയുടെ തിരശ്ശീല നീക്കുന്ന പാട്ടുകള്‍

മറവിയുടെ തിരശ്ശീല നീക്കുന്ന പാട്ടുകള്‍

മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായിരുന്നു ആജാരേ പര്‍ദേശീ. മറവിരോഗം കലശലായ അവസാനകാലത്തും ആ പാട്ട് മാത്രം മറന്നില്ല അവര്‍
Updated on
3 min read

മരണത്തിന്റെ നേര്‍ത്ത കാലടിയൊച്ചകള്‍ക്ക് കാതോര്‍ത്തെന്നോണം നിശ്ചലയായി, നിശബ്ദയായി കണ്ണടച്ചുകിടക്കുന്ന മുത്തശ്ശി. കരയാന്‍ വെമ്പുന്ന മുഖങ്ങളുമായി ചുറ്റും ബന്ധുമിത്രാദികള്‍. ഉച്ചത്തിലുള്ള നാമമന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷം. ഇടക്കെപ്പോഴോ കിടന്ന കിടപ്പില്‍ വളരെ പ്രയാസപ്പെട്ട് ചൂണ്ടുവിരലുയര്‍ത്തി പേരമകളെ അടുത്തേക്ക് വിളിച്ചുവരുത്തുന്നു മുത്തശ്ശി.

ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി കട്ടിലിനടുത്തുചെന്ന് നിന്നപ്പോള്‍ പുരികത്തിന്റെ നേര്‍ത്ത ചലനം കൊണ്ട്, തലതാഴ്ത്താന്‍ ആവശ്യപ്പെടുന്നു അവര്‍. പിന്നെ, അവളുടെ കാതില്‍ മന്ത്രിക്കുന്നു-- രണ്ടേ രണ്ടു വാക്കുകള്‍: ''ആജാരേ പര്‍ദേശീ..'' കൂടുതലൊന്നും പറയാതെ പാതിമയക്കത്തിലേക്ക് തിരിച്ചുപോകുന്നു അവര്‍. കട്ടിലിനടുത്ത്, വെറും നിലത്തിരുന്ന് മുത്തശ്ശിയുടെ കാതിലേക്ക് ഭഭമധുമതി''യിലെ ഗാനം മൂളിക്കൊടുക്കുന്നു കൊച്ചുമകള്‍.

''മുത്തശ്ശി അവസാനമായി ഉച്ചരിച്ചുകേട്ട വാക്കുകള്‍ അവയായിരുന്നു. പിന്നീടവര്‍ കണ്ണ് തുറന്നുകണ്ടില്ല. പാട്ടു കേട്ടുകൊണ്ടുതന്നെ മരണത്തിലേക്ക് വഴുതിവീണതാവാം....''-- കൊച്ചുമകള്‍ പറഞ്ഞു.

ലതാ മങ്കേഷ്‌കര്‍ വിടപറഞ്ഞ ദിനം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിച്ചു വിളിച്ചതായിരുന്നു ബി ടെക്ക് വിദ്യാര്‍ത്ഥിനിയായ ആ ഒറ്റപ്പാലംകാരി.

''മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായിരുന്നു ആജാരേ പര്‍ദേശീ. മറവിരോഗം കലശലായ അവസാനകാലത്തും ആ പാട്ട് മാത്രം മറന്നില്ല അവര്‍. എപ്പോള്‍ എന്നെ കണ്ടാലും ആജാരേ പര്‍ദേശീ എന്ന് പറയും. പാടി മടുത്ത പാട്ടാണെങ്കിലും മുത്തശ്ശിയുടെ മുഖഭാവം കാണുമ്പോള്‍ പാടാതിരിക്കാന്‍ തോന്നില്ല എനിക്ക്. അത്രയ്ക്കും ജീവനാണ് ആ പാട്ട് അവര്‍ക്ക്.''

ഓര്‍മ്മ വന്നത് ലതാജി തന്നെ പങ്കുവെച്ച ഒരനുഭവമാണ്. മറവിരോഗത്തിന് പൂര്‍ണ്ണമായും കീഴടങ്ങിക്കഴിഞ്ഞിരുന്ന ദിലീപ് കുമാറിനെ കാണാന്‍ ചെന്നതായിരുന്നു അവര്‍. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊന്നും തിരിച്ചറിയാനാവാത്ത അവസ്ഥ. സംസാരം പോലും പേരിന് മാത്രം. അതുകൊണ്ടുതന്നെ ജ്യേഷ്ഠതുല്യനായ മഹാനടനെ കാണാന്‍ ബാന്ദ്രയിലെ വസതിയിലേക്ക് പുറപ്പെടുമ്പോള്‍ ആകെ അസ്വസ്ഥമായിരുന്നു ഗായികയായ കൊച്ചുപെങ്ങളുടെ മനസ്സ്: യൂസുഫ് സാഹിബിന് തന്നെ തിരിച്ചറിയാന്‍ കഴിയാതെ വന്നാലോ ? ആ ദുഃഖം എങ്ങനെ സഹിക്കാനാകും തനിക്ക് ?

രോഗപീഡകളും മറവിയുവുമായി മല്ലടിച്ചു തളര്‍ന്ന് ഭര്‍ത്താവ് മയങ്ങുന്ന മുറിയിലേക്ക് സന്ദര്‍ശകയെ അനുഗമിക്കേ, ദിലീപിന്റെ ഭാര്യ സൈരാബാനു മുന്നറിയിപ്പ് നല്‍കിയിരുന്നു: ''ദീദിയെ യൂസുഫ് സാബ് തിരിച്ചറിഞ്ഞില്ലെങ്കില്‍ വേദനിക്കരുത്. കുറച്ചു കാലമായി ഇങ്ങനെയാണ് അദ്ദേഹം.''

പക്ഷേ സൈരയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, കിടപ്പുമുറിയുടെ വാതില്‍ തുറന്നു കൈകൂപ്പി കടന്നുവന്ന വിരുന്നുകാരിയുടെ മുഖത്ത് നോക്കി ചിരിച്ചു ദിലീപ്. പിന്നെ പതുക്കെ ചുണ്ടുകളനക്കി: ''ലത''. ജീവിതത്തില്‍ ഏറ്റവും ആഹ്ലാദം തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അതെന്ന് പറയും ലത മങ്കേഷ്‌കര്‍; ദിലീപ് കുമാറിന്റെ പ്രിയപ്പെട്ട ''ചോട്ടി ബഹന്‍''. മറവിയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും ആ മനസ്സില്‍ തന്റെ പേരും രൂപവും ഉണ്ടായിരുന്നു എന്ന അറിവിന് മുന്നില്‍ കണ്ണീരോടെ പ്രണമിക്കുന്നു ഇന്ത്യയുടെ വാനമ്പാടി.

ലതയെ തിരിച്ചറിയുക മാത്രമല്ല, ലതയോടൊപ്പം തനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ടിന്റെ വരികള്‍ മൂളാന്‍ ശ്രമിക്കുക കൂടി ചെയ്തു ദിലീപ്. ''മുസാഫിര്‍'' (1957) എന്ന ചിത്രത്തില്‍ ലതയോടൊപ്പം താന്‍ തന്നെ പാടിയ ലാഗി നാഹീ ചൂട്ടേ രാം എന്ന യുഗ്മഗാനത്തിന്റെ. ദിലീപ് സിനിമക്ക് വേണ്ടി ആദ്യമായും അവസാനമായും പാടിയ പാട്ട്.

പ്രായാധിക്യത്തിന്റെ അവശതകളും ഓര്‍മ്മത്തെറ്റുകളുമായി സ്വന്തം മുറിയുടെ ഏകാന്തതയില്‍ കഴിയുമ്പോഴും ഹിന്ദി സിനിമയിലെ പഴയ മെലഡികള്‍ തന്നെയായിരുന്നു ദിലീപ് കുമാറിന് കൂട്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു സൈരാബാനു. റഫി സാഹിബും ലതാജിയും തലത്തും മുകേഷുമെല്ലാം ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്നു ആ കാതുകളില്‍. നിത്യസുന്ദരമായ ആ ഗാനങ്ങളില്‍ മുഴുകി മയങ്ങിക്കിടന്നു അദ്ദേഹം. പാട്ടുകളുടെ ചിറകിലേറി, പോയി മറഞ്ഞ ഒരു വസന്തകാലത്തേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കുമോ ആ മനസ്സ്. ആര്‍ക്കറിയാം? എന്തായാലും അതൊരു വിഷാദകാലമാവില്ല. തീര്‍ച്ച.

ഓര്‍ത്തുനോക്കിയിട്ടുണ്ട്. മറവിയുടെ മായാതീരത്തു നിന്ന് മനുഷ്യനെ സ്‌നേഹപൂര്‍വ്വം തിരിച്ചുവിളിക്കാന്‍ പോന്ന എന്ത് ഇന്ദ്രജാലമാണ് വെറുമൊരു സിനിമാപ്പാട്ടില്‍ ദൈവം ഒളിച്ചുവെച്ചിരിക്കുക?.

എന്റെ അമ്മയുടെ അവസാന നിമിഷങ്ങള്‍ ഓര്‍മ്മവരുന്നു. മൃദുപാദപതനങ്ങള്‍ പോലും കേള്‍പ്പിക്കാതെയാണ് മൃത്യു വന്നത്. തൊട്ടടുത്ത് പ്രാര്‍ത്ഥനകളുമായി ഇരുന്ന ഞങ്ങളുടെ കണ്മുന്നിലൂടെ, ആരും കാണാതെ ഒരു പാട്ടിന്റെ കൈപിടിച്ച്, ചുണ്ടില്‍ നാമോച്ചാരണവുമായി കടന്നുപോകുകയായിരുന്നു അമ്മ. ''ന്റെ കുട്ടിയോളെയാരേം ബുദ്ധിമുട്ടിക്കാതെ എന്നെ ഇവിടുന്നങ്ങട്ട് കൊണ്ടോയാല്‍ മതിയായിരുന്നു..'' -- മുന്‍പൊരിക്കല്‍, ചുറ്റും ചിതറിവീണ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിവെക്കാനാകാതെ കോഴിക്കോട്ടെ ആശുപത്രിക്കിടക്കയില്‍ മയങ്ങിക്കിടന്ന നിമിഷങ്ങളില്‍ ആത്മഗതം പോലെ അമ്മ പിറുപിറുത്ത വാക്കുകള്‍. ദൈവം ആ പ്രാര്‍ത്ഥന കേട്ടിരിക്കണം.

കാലത്ത്, ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്നുള്ള ട്യൂബിന്റെയും മൂത്രക്കുഴലിന്റെയും ബന്ധനത്തില്‍ അസ്വസ്ഥയായി പാതി മയങ്ങിക്കിടന്ന അമ്മയെ വേദനയോടെ നോക്കിയിരുന്നപ്പോള്‍ മനസ്സ് അറിയാതെ മൂളിപ്പോയത് ഒരു പഴയ പാട്ടാണ്: ''പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച്'' -- അമ്മ എന്നും കേള്‍ക്കാനാഗ്രഹിച്ച ഗാനം. ഒരിക്കല്‍ക്കൂടി അമ്മയുടെ കാതുകളില്‍ ആ പാട്ട് മൂളാനാണ് അപ്പോള്‍ തോന്നിയത്. ഇഷ്ടഗാനം കേട്ടിട്ടെങ്കിലും അമ്മ ഒരു നിമിഷം കണ്ണുതുറന്നാലോ?

''പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ചു പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു'' എന്ന പല്ലവി പാടി നിര്‍ത്തിയിട്ടും കണ്ണുകള്‍ തുറന്നില്ല അമ്മ. പക്ഷേ ആ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു; അവ്യക്തമായ ശബ്ദത്തില്‍. ''എന്താമ്മേ'' എന്നു ഉറക്കെ ചോദിച്ച് കാതുകള്‍ ചുണ്ടുകളോട് ചേര്‍ത്തു പിടിച്ചപ്പോള്‍ കേട്ടു ''കണ്മണി'' എന്ന ഒരൊറ്റ വാക്ക്. ഈശ്വരാ, ഈ അബോധാവസ്ഥയിലും ഇഷ്ടപ്പെട്ട പാട്ടിന്റെ അടുത്ത വരി പാടിക്കേള്‍ക്കാന്‍ കൊതിക്കുകയാണോ അമ്മ?

''കണ്മണിയതുകേട്ടു നാണിച്ചു നാണിച്ചു കാല്‍നഖം കൊണ്ടൊരു വരവരച്ചു'' എന്ന വരി പാടിത്തീര്‍ന്നപ്പോഴേക്കും എന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. ഒന്നും ഉരിയാടാതെ, ഒന്നും കാണാതെ, അനക്കം പോലുമില്ലാതെ മറ്റേതോ ലോകത്തെന്നോണം മയങ്ങിക്കിടന്ന അമ്മയെ നോക്കി വിതുമ്പി മനസ്സ്. ആ നിമിഷം എനിക്ക് തോന്നി, അമ്മ അവസാനത്തെ യാത്രക്ക് തയ്യാറെടുത്തുകഴിഞ്ഞു എന്ന്. ''നീ അനാഥനാകാന്‍ പോകുന്നു'' എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചപോലെ.

വൈകിട്ട് കുറച്ചുകൂടി മോശമായി അവസ്ഥ. ശ്വാസോഛ്വാസം കൂടുതല്‍ ഉച്ചത്തിലായി. പ്രതികരണങ്ങള്‍ കുറഞ്ഞു. കട്ടിലിനടുത്തിരുന്ന് മൊബൈല്‍ ഫോണിലൂടെ, ചിത്രയുടെ ശബ്ദത്തിലുള്ള രാമായണം അമ്മയുടെ കാതുകളില്‍ വെച്ചുകൊടുത്തു അനിയന്റെ ഭാര്യ. മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉപബോധമനസ്സ് ആ ശ്ലോകങ്ങള്‍ കേട്ടിരിക്കണം. ഇല്ലെങ്കില്‍ നാരായണ നാരായണ എന്ന് നിശ്ശബ്ദമായി ഉരുവിടില്ലായിരുന്നല്ലോ അമ്മയുടെ ചുണ്ടുകള്‍. ആ മന്ത്രണത്തോടൊപ്പം മയക്കത്തിലേക്ക് വീണ്ടും വഴുതിവീണു അമ്മ-- അവസാനത്തെ മയക്കം. നിമിഷങ്ങള്‍ക്കകം ശ്വാസം നിലച്ചു. അന്തരീക്ഷം മൗനമുഖരിതമായി. ''കഴിഞ്ഞു ട്ടോ. വലിയ ബുദ്ധിമുട്ടില്ല്യാതെ പോയീന്ന് സമാധാനിച്ചോളൂ.'' -- അന്തിമ വിധിയെഴുതാന്‍ മുറിയില്‍ ഓടിയെത്തിയ ഡോക്ടര്‍ എന്റെ പുറത്തുതട്ടി പറഞ്ഞു.

കൊച്ചുകുഞ്ഞിന്റെ ശാന്തതയോടെ കണ്ണുകളടച്ചു കിടക്കുന്ന അമ്മയുടെ മുഖത്ത് നോക്കി. അവിടെ ഒരു നേര്‍ത്ത പുഞ്ചിരിയില്ലേ? ''ന്നാലും ന്റെ പൂര്‍ണേന്ദുമുഖി കേട്ട് സ്ഥലം വിടാനായീലോ... സന്തോഷായി'' എന്ന് ആ ചുണ്ടുകള്‍ നിശബ്ദമായി മന്ത്രിച്ച പോലെ.

logo
The Fourth
www.thefourthnews.in