ആത്മഹത്യാ ഭീഷണി; ആൽമരം 'പണി'യാകുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
പോലീസ് വളപ്പിലെ ആൽമരം പണിതരുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഇന്റലിജൻസിന് റിപ്പോർട്ട് നൽകി. ആലിൽ മുള്ള് വേലി ചുറ്റുകയും കൊമ്പുകൾ വെട്ടി ഒതുക്കുകയും വേണമെന്നുമാണ് നിർദേശം.
തുടർച്ചയായി ട്രാൻസ്ജെൻഡർമാർ ഉൾപ്പെടെ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനും സൈബർ ക്രൈം പോലീസ് സ്റ്റേഷനും മധ്യേയുള്ള 80 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ആൽമരത്തെ സംബന്ധിച്ചാണ് റിപ്പോർട്ട്. ആത്മഹത്യ ഭീഷണികൾ തുടരുമെന്നുള്ള വിവരത്തെ തുടർന്നാണ് സ്പെഷ്യൽ ബ്രാഞ്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടർന്ന് നിൽക്കുന്നതും മരത്തിലേക്ക് കയറാൻ പാകത്തിന് ചാഞ്ഞു നിൽക്കുന്നതുമായ കൊമ്പുകൾ വെട്ടി ഒതുക്കണമെന്നും ആലിന്റെ തലനിരപ്പിൽ നിന്നുള്ള തടിയിൽ മുള്ള് വേലി ചുറ്റി പ്രതിരോധിക്കണമെന്നുമാണ് നിർദേശം.
കഴിഞ്ഞ ഏപ്രിൽ 12ാം തീയതിയും ഈ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പോലീസിനെ സമർദത്തിലാക്കിയിരുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഈ വിഷയത്തിൽ എസ്പിയോട് വിശദീകരണവും തേടി. ഇതേ തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെ ഈ വിഷയത്തിൽ അന്വേഷണം നടത്തി ഇന്റലിജൻസിന് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചത്.