അമല്‍ ഇഖ്ബാല്‍
അമല്‍ ഇഖ്ബാല്‍

വിസ്മയം അഥവാ അമല്‍ ഇഖ്ബാല്‍

സംസാര വൈകല്യവും പഠന വൈകല്യവും അതിജീവിക്കുകയും ജനറല്‍ കാറ്റഗറിയിലുള്ള കുട്ടികളോട് മത്സരിച്ച് നിരവധി അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത അമലിനെ വിസ്മയമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല
Updated on
2 min read

പത്താം വയസ് വരെ എഴുതാനോ വായിക്കുവാനോ സ്വയം ഭക്ഷണം കഴിക്കാനോ കഴിയാത്ത, ഒരു തരത്തിലുമുള്ള ചലനങ്ങളും സാധ്യമല്ലാത്ത ഒരു കുട്ടി. ഇരിക്കുന്നിടത്ത് നിന്ന് അവന്‍ മറിഞ്ഞു വീണിരുന്നു. വളരെ കുറഞ്ഞ ശരീരഭാരം മാത്രമുണ്ടായിരുന്ന അവന്‍ വളരെ ദുര്‍ബലനായിരുന്നു. കാലുകള്‍ രണ്ടും പരസ്പരം കത്രികപ്പൂട്ടു പോലെ പിണഞ്ഞിരുന്നു. അവിടെ നിന്നുമാണ് അമല്‍ ഇഖ്ബാല്‍ നേട്ടങ്ങളുടെ നെറികയിലെത്തി നില്‍ക്കുന്ന വിസ്മയമായി വളരുന്നത്. കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്‌കൂളില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പ്ലസ് വണ്ണില്‍ പഠിക്കുന്ന അമല്‍ ഇന്നേ വരെ സ്പെഷ്യല്‍ സ്‌കൂളിന്റെ പടി കയറിയിട്ടില്ല. അല്ലെങ്കില്‍ അമലിന്റെ രക്ഷിതാക്കള്‍ അതിന് അനുവദിച്ചില്ല. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനാണ് അമല്‍ ഇഖ്ബാല്‍. സംസാര വൈകല്യവും പഠന വൈകല്യവും അതിജീവിക്കുകയും ജനറല്‍ കാറ്റഗറിയിലുള്ള കുട്ടികളോട് മത്സരിച്ച് നിരവധി അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത അമലിനെ വിസ്മയമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. പതിനഞ്ചോളം ശസ്ത്രക്രിയകളും ഫിസിയോ തെറാപ്പിയുമെല്ലാമായി രക്ഷിതാക്കളും അമലിന്റെ നിശ്ചയദാര്‍ഢ്യവുമാണ് ഇവിടെ വരെയെത്തിച്ചത്. സംഗീതം,സാഹിത്യം,ശാസ്ത്രം, പ്രസംഗം, കായികം , അമല്‍ കൈവയ്ക്കാത്ത മേഖലകളില്ലെന്ന് പറയാം.

90% വൈകല്യങ്ങളുണ്ടായിരുന്ന സ്വന്തം ശരീരം ആധുനികവും നൂതനവുമായ പരിശീലനങ്ങളിലൂടെ ചിട്ടപ്പെടുത്തിയാണ് അമല്‍ പഞ്ചഗുസ്തിയില്‍ ദേശീയ താരമായത്

2021-22 വര്‍ഷത്തെ പഞ്ചഗുസ്തി മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഇരട്ട സ്വര്‍ണം നേടുകയും ഹൈദരാബാദില്‍ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. 90% വൈകല്യങ്ങളുണ്ടായിരുന്ന സ്വന്തം ശരീരം ആധുനികവും നൂതനവുമായ പരിശീലനങ്ങളിലൂടെ ചിട്ടപ്പെടുത്തിയാണ് അമല്‍ പഞ്ചഗുസ്തിയില്‍ ദേശീയ താരമായത്. അമലിന്റെ പരിമിതികളെ മറികടക്കാനാവശ്യമായ വീല്‍ചെയറും പരിശീലന പരിപാടിയുമെല്ലാം ആസൂത്രണം ചെയ്തത് പിതാവും സുഹൃത്തുക്കളും ചേര്‍ന്നാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സബ് ജില്ലാ-ജില്ലാ തലങ്ങളിലെ ജേതാവായിരുന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായന മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. 2018-ല്‍ കോഴിക്കോട് വച്ച് നടന്ന ഇ അഹമ്മദ് യു.എന്‍ മോഡല്‍ പാര്‍ലമെന്റില്‍ ഏഴാം ക്ലാസുകാരനായ അമല്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാര്‍ഡ് നേടി. 2019 -ല്‍ മസ്‌ക്കറ്റില്‍ വച്ച് നടന്ന യു.എന്‍ മോഡല്‍ പാര്‍ലമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ഥികളോടെ മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാര്‍ഡ് കരസ്ഥമാക്കി. ഹിമാചല്‍ പ്രദേശിലെ ബ്യാസ് നദിയും കണ്ണൂരിലെ തേജസ്വിനി പുഴയും റിവര്‍ റാഫ്റ്റിങ്ങ് എന്ന സാഹസിക വിനോദത്തിലൂടെ കീഴടക്കിയ ആദ്യത്തെ സെറിബ്രല്‍ പാള്‍സി ബാധിതനാണ് അമല്‍. ഇത്തരം വിദ്യാര്‍ത്ഥികളുടെ ചികിത്സയിലും തുടര്‍ പരിചരണത്തിലും ഇവരോടുള്ള സമീപനത്തിലും കേരളം ഇരുപത് വര്‍ഷമെങ്കിലും പിറകിലാണെന്ന് അമലിന്റെ ഉപ്പ മുഹമ്മദ് ഇഖ്ബാല്‍ വളപ്പന്‍ പറഞ്ഞു. പ്ലസ് വണ്‍ വരെ എല്ലാ ദിവസവും മകനൊപ്പം സ്‌കൂളില്‍ പോകാന്‍ മനസ്സും ക്ഷമയും കാണിച്ച ഒരു പിതാവിന്റെ അഭിമാനത്തിന്റെ പേരാണ് അമല്‍.

ഹിമാചല്‍ സര്‍ക്കാരിന്റെ അതിഥിയായി , ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അമല്‍ ഇന്‍സ്പൈയേഴ്സ് എന്ന യു ട്യൂബ് ചാനൽ നടത്തുന്നു

അമലിന്റെ യാത്രയോടുള്ള പ്രണയം വിവിധ സംസ്ഥാനങ്ങള്‍ കടന്ന് റോഹ്താങ് പാസ് വരെ എത്തി. അധ്യാപക പരിശീലന ക്ലാസുകളിലെ റിസോര്‍സ് പേഴ്സണ്‍, മോട്ടിവേഷന്‍ സ്പീക്കര്‍, പ്രശസ്തമായ മാത്സ് അക്കാദമിയുടെ ബ്രാന്റ് അമ്പാസഡര്‍ എന്നീ നിലകളിലെല്ലാം അമല്‍ പ്രവര്‍ത്തിക്കുന്നു. ഇതിനകം അമല്‍ രണ്ട് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. അക്കാര ഫൗണ്ടേഷന്റെ സ്പെഷ്യല്‍ ഏബിള്‍ അവാര്‍ഡ്, ഗംഗാ ഹോസ്പിറ്റല്‍ കോയമ്പത്തൂര്‍ നടത്തിയ ദേശീയ കഥാരചനാ മത്സരത്തിലെ വിജയി , കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ നടത്തപ്പെടുന്ന ഇന്‍സ്പൈര്‍ അവാര്‍ഡില്‍ സംസ്ഥാന തല വിജയി. ഡല്‍ഹിയില്‍ വച്ച് നടത്തപ്പെട്ട ദേശീയതല പ്രൊജക്ട് അവതരണ മത്സരത്തില്‍ പങ്കെടുത്തു, സംസ്ഥാനത്തെ ബെസ്റ്റ് സ്റ്റുഡന്റ് ഗ്രൂപ്പില്‍ അംഗമായ അമല്‍ ഹിമാചല്‍ സര്‍ക്കാരിന്റെ അതിഥിയായി യാത്ര പോയിരുന്നു, എസ്.എസ്.എല്‍.സി ക്ക് ഒന്‍പത് എ പ്ലസ്സും ഒരു എയും ലഭിച്ച അമല്‍ തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനലക്ഷ്യം വെച്ച് അമല്‍ ഇന്‍സ്പൈയേഴ്സ് എന്ന യു ട്യൂബ് ചാനലും നടത്തുന്നുണ്ട്. ഇത്തരം കുട്ടികളോടുള്ള സഹതാപമല്ല വേണ്ടതെന്നും ശാസ്ത്രീയ സമീപനവും പരിചരണവുമാണ് വേണ്ടതെന്നും അമലിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാല്‍ വളപ്പന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഭാര്യ ഫെമിനയും സഹോദരിമാരായ സമയും ഹിമയുമെല്ലാം അമലിന്റെ മുന്നോട്ടുള്ള ഓരോ ചുവട് വെപ്പിലും കൂടെയുണ്ട്.

logo
The Fourth
www.thefourthnews.in