'പ്രതീക്ഷയുടെ നുറുങ്ങുവെട്ടം'; അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് തുണയായി 'സപോട്ട്‌ലൈറ്റ്'

'പ്രതീക്ഷയുടെ നുറുങ്ങുവെട്ടം'; അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് തുണയായി 'സപോട്ട്‌ലൈറ്റ്'

അതിജീവനത്തിനുള്ള വലിയൊരു സാധ്യത തുറന്നിടുകയാണ് സ്‌പോട്ട്‌ലൈറ്റ് എന്ന ഇടപെടലിലൂടെ നസ്മ ഹസന്‍
Updated on
2 min read

'എന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളില്‍ എതെങ്കിലും തരത്തില്‍ അതിക്രമം നേരിടാത്തവരായി ഒരാളുപോലുമില്ല, എന്നാല്‍ അവരിലേറെപേരും ഇത് പുറത്ത് പറഞ്ഞിട്ടില്ല, എന്റെ ഈ ചെറിയ ലോകത്ത് ഇത്രയധികം പേര്‍ ഇരയാക്കപ്പെടുന്നുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ അതിക്രമം നേരിടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരിക്കും' - ഫോറന്‍സിക് സൈക്കോളജിസ്റ്റ് നസ്മ ഹസന്‍ പറയുന്നു.

ഔദ്യോഗിക കണക്കുകളേക്കാള്‍ ഭീകരമാണ് പുറലോകം അറിയാത്ത ഇരകളുടെ എണ്ണമെന്ന തിരിച്ചറിവാണ് അതിജീവനത്തിന് സഹായിക്കാനായി സപോട്ട്‌ലൈറ്റ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ നസ്മയെ പ്രേരിപ്പിച്ചത്. ''നമ്മുടെ രാജ്യത്ത് എല്ലാ മണിക്കൂറിലും മൂന്ന് പെണ്‍കുട്ടികളെങ്കിലും പീഡിപ്പിക്കപ്പെടുന്നു എന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി നോക്കിയാല്‍ കുറഞ്ഞത് പത്ത് പെണ്‍കുട്ടികളെങ്കിലും ഇവിടെ പീഡനത്തിനിരയാകാന്‍ സാധ്യതയുണ്ട് '' - നസ്മ പറയുന്നു.

അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് ഏറ്റവും അടുപ്പമുള്ളവരോട് പോലും ഇതേപറ്റി തുറന്ന് സംസാരിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഏറ്റവും സുരക്ഷിതമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തുകൊണ്ട് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനാകും. അവിടെ നിന്ന് തന്നെ മാനസിക പിന്തുണയും നിയമ സഹായവും കൂടെ ലഭിക്കും. ഇത്തരത്തില്‍ നിരവധിപേര്‍ക്ക് അതിജീവനത്തിനുള്ള വലിയൊരു സാധ്യത തുറന്നിടുകയാണ് സ്‌പോട്ട്‌ലൈറ്റ് എന്ന ഇടപെടലിലൂടെ (https://spotlight.org.in/services) നസ്മ ഹസന്‍. അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് സ്‌പോട്ട്‌ലൈറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഏത് സമയത്തും സഹായം തേടാന്‍ സാധിക്കും. ഇന്ത്യയിലുടനീളം നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ലണ്ടന്‍ സര്‍വകലാശാലയില്‍ ഫോറന്‍സിക് സൈക്കോളയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നസ്മ, പഠനകാലത്തു ഇത്തരത്തില്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് പിന്തുണ നല്‍കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. നിലവില്‍ അതിജീവനമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ വളണ്ടിയര്‍മാര്‍ ആവശ്യമായ പരിശീലനം ലഭിച്ചവരല്ല. അതുകൊണ്ടാണ് മികച്ച സേവനമെന്ന ലക്ഷ്യത്തിനായി സ്‌പോട്ട്‌ലൈറ്റിലൂടെ തന്റേതായ ശ്രമം നടത്തുന്നതെന്ന് നസ്മ വിശദീകരിക്കുന്നു.

അതിജീവിതര്‍ക്ക് നിയമസഹായമുള്‍പ്പെടെ ലഭ്യമാകുന്ന തരത്തില്‍ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്‌പോട്ട്‌ലൈറ്റിന്റെ പ്രവര്‍ത്തനം

സ്‌പോട്ട്‌ലൈറ്റിന്റെ തുടക്കത്തില്‍ നസ്മ തനിച്ചായിരുന്നുവെങ്കിലും ഇന്ന് ഇന്ത്യയിലുടനീളം വലിയൊരു സംഘം തന്നെ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ട്. അതിജീവിതര്‍ക്ക് നിയമസഹായമുള്‍പ്പെടെ ലഭ്യമാകുന്ന തരത്തില്‍ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്‌പോട്ട്‌ലൈറ്റിന്റെ പ്രവര്‍ത്തനം.

ഇന്ത്യയില്‍ ഗാര്‍ഹിക പീഡനങ്ങളും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം കേസുകളില്‍ ഭൂരിഭാഗവും ഇരയാക്കപ്പെടുന്നവര്‍ താമസിക്കുന്നത് അതിക്രമികള്‍ക്ക് ഒപ്പവും. പലപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്ക് ഫോണ്‍ ചെയ്ത് സംസാരിക്കാന്‍ സാധിക്കണമെന്നില്ല. മിക്കപ്പോഴും രാത്രിയായിരിക്കും അവര്‍ക്ക് ഫോണിലൂടെ സഹായം തേടാന്‍ സാധിക്കുക. ഇതിന് ഏറ്റവും എളുപ്പമുള്ള പ്ലാറ്റ്‌ഫോം ഇന്‍സ്റ്റാഗ്രാമായതിനാലാണ് സ്‌പോട്ട്‌ലൈറ്റിനായി നസ്മ ഇന്‍സ്റ്റഗ്രാം തിരഞ്ഞെടുത്തത്. സിം കാര്‍ഡ് ഇല്ലെങ്കിലും സ്വന്തമായി ഫോണ്‍ ഇല്ലെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായാല്‍ അവര്‍ക്ക് സ്‌പോട്ട്‌ലൈറ്റ് ടീമിന് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയക്കാന്‍ സാധിക്കും. ട്രോമ അനുഭവിക്കുന്നവര്‍ക്കും പലപ്പോഴും തുറന്ന് സംസാരിക്കാന്‍ സാധിക്കില്ല. അത്തരം സന്ദര്‍ഭങ്ങളിലും മെസേജിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് നസ്മ പറയുന്നു. 24/7 സ്‌പോട്ട്ടലൈറ്റില്‍ ഈ സേവനം ലഭ്യമാണ്.

 നസ്മ ഹസന്‍ സ്‌പോട്ട്‌ലൈറ്റ് അംഗങ്ങള്‍ക്കൊപ്പം
നസ്മ ഹസന്‍ സ്‌പോട്ട്‌ലൈറ്റ് അംഗങ്ങള്‍ക്കൊപ്പം

പന്ത്രണ്ട് വര്‍ഷമായി ഗാര്‍ഹിക പീഡനം അനുഭവിച്ച ഒരു സ്ത്രീക്ക് തന്റെ മതാപിതാക്കളോടോ സുഹൃത്തുക്കളോടോ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സാധിച്ചില്ല, ഒടുവില്‍ അവര്‍ സ്‌പോട്ട്‌ലൈറ്റില്‍ സന്ദേശമയക്കുകയായിരുന്നു

അതിക്രമത്തിന് ഇരയായ ഒരു വ്യക്തി സ്‌പോട്ട്‌ലൈറ്റില്‍ സഹായം തേടിയെത്തിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന ചാറ്റിങ് സാധ്യമാക്കും. പന്ത്രണ്ട് വര്‍ഷമായി ഗാര്‍ഹിക പീഡനം അനുഭവിച്ച ഒരു സ്ത്രീക്ക് തന്റെ മതാപിതാക്കളോടോ സുഹൃത്തുക്കളോടോ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ സ്‌പോട്ട്‌ലൈറ്റില്‍ സന്ദേശമയച്ചു. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്റെ സന്തോഷം നസ്മ പങ്കുവയ്ക്കുന്നു.

മൂന്നാമത്തെ ഘട്ടത്തില്‍ മാനസിക ആരോഗ്യത്തിനും നിയമ സഹായത്തിനുമുള്ള പിന്തുണ നല്‍കും. ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന ഇത്തരം സേവനങ്ങളെല്ലാം സൗജന്യമായാണ് നല്‍കുന്നതെന്നതും സ്‌പോട്ട്‌ലൈറ്റിനെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സ്‌പോട്ട്‌ലൈറ്റിന്റെ ഭാഗമായവരെല്ലാം സന്നദ്ധപ്രവര്‍ത്തരായി സേവനം ചെയ്യാനുള്ള മനസുള്ളവരായതിലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്ന് നസ്മ വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗിക അതിക്രമത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയായ 'സ്‌പോട്ട്ലൈറ്റ്' കണ്ടപ്പോഴാണ് ഇത്തരമൊരു ആശയവു തിരിച്ചറിവും നസ്മയ്ക്കുണ്ടായത്. ഏറെക്കാലത്തെ പരിശ്രമവും സ്വപ്നവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുവച്ചപ്പോള്‍ നിരവധിപേരെ അതിജീവനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായെന്നതാണ് ചാരിതാര്‍ത്ഥ്യം. ഭാവിയിൽ കൂടുതൽ സേവനങ്ങൾ സ്പോട്ട്ലൈറ്റിന്റെ ഭാഗമാക്കാനാണ് നസ്മ ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in