തെരുവുനായ നിയന്ത്രണം; കൂട്ടക്കുരുതി പരിഹാരമോ? പുനരധിവാസം പ്രായോഗികമോ?
കേരളത്തില്‍ തെരുവുനായ്ക്കള്‍ മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യം വലിയചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. അവയെ കൊന്നൊടുക്കുന്നതും പ്രത്യേകപുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും പേവിഷബാധയുള്‍പ്പടെയുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമാകുമെന്നും അതല്ല, നായ്ക്കളുടെ പ്രജനനനിയന്ത്രണ, വന്ധ്യംകരണ പദ്ധതികളാണ് വേണ്ടതെന്നും രണ്ടുവാദങ്ങള്‍ കൊഴുക്കുകയാണ്. തെരുവുനായ്ക്കളെ പിടികൂടി കൊന്നുതള്ളുന്ന പദ്ധതി നടപ്പിലാക്കിയ (ക്യാച്ച് ആന്‍ഡ് കില്‍) മദ്രാസ് കോര്‍പ്പറേഷന്‍ 136 വര്‍ഷമെടുത്തു പഠിച്ച പാഠവും, തെരുവുനായ്ക്കള്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍(കുത്താ കാ ബുറകള്‍) നിര്‍മിച്ച ജോധ്പൂരിന്റെ അനുഭവവും നമുക്കു പാഠമാകേണ്ടതാണ്.
ക്യാച്ച് ആന്‍ഡ് കില്‍: മദ്രാസ് കോര്‍പ്പറേഷന്റെ അനുഭവം
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേവിഷബാധ തടയാനും 1860-കളില്‍ തന്നെ മദ്രാസ്(ചെന്നൈ) കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരുന്നു. പിടികൂടുക, കൊല്ലുക (ക്യാച്ച് ആന്‍ഡ് കില്‍) എന്നതായിരുന്നു കോര്‍പ്പറേഷന്റെ പോളിസി. ദിവസവും ശരാശരി 135 നായ്ക്കളെന്ന രീതിയില്‍ മുപ്പതിനായിരം തെരുവുനായ്ക്കളെ വരെ ഓരോ വര്‍ഷവും അവർ കൊന്നൊടുക്കി. വലിയ കുഴികുത്തി അതില്‍ ബ്ലീച്ചിംഗ് പൗഡറും കീടനാശിനിയും നിറച്ച് നായ്ക്കളെ ജീവനോടെയും കുഴിച്ചുമൂടിയിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും പേവിഷബാധ നിയന്ത്രിക്കാന്‍ മദ്രാസിനായില്ല. ഫലമില്ലാത്തതിനാല്‍ മദ്രാസില്‍ ക്യാച്ച് ആന്‍ഡ് കില്‍ പദ്ധതി അവസാനിപ്പിച്ച 1996- ലും 120 പേവിഷബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നായ്ക്കളെ വര്‍ഷങ്ങളോളം കൂട്ടക്കുരുതി ചെയ്‌തെങ്കിലും തങ്ങളുടെ നാടിനെ പേവിഷ മുക്തമാക്കാന്‍ മദ്രാസിനായില്ല.
ഫലമില്ലാത്തതിനാല്‍ മദ്രാസില്‍ ക്യാച്ച് ആന്‍ഡ് കില്‍ പദ്ധതി അവസാനിപ്പിച്ച 1996- ലും 120 പേവിഷബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നായ്ക്കളെ വര്‍ഷങ്ങളോളം കൂട്ടക്കുരുതി ചെയ്‌തെങ്കിലും തങ്ങളുടെ നാടിനെ പേവിഷ മുക്തമാക്കാന്‍ മദ്രാസിനായില്ല.
എന്താണ് എബിസി- എആര്‍? അവ ഫലപ്രദമോ?
ശാസ്ത്രീയ പ്രജനന നിയന്ത്രണം (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍- എബിസി), വന്ധ്യംകരിക്കുന്ന നായ്ക്കള്‍ക്കെല്ലാം പേവിഷപ്രതിരോധ കുത്തിവയ്പ് (ആന്റി റാബീസ് വാക്‌സിനേഷന്‍-എആര്‍ )എന്നതാണ് എബിസി- എആര്‍ എന്നതുകൊണ്ട് ഉദേശിക്കുന്നത്. പിടികൂടുക, കൊല്ലുക പദ്ധതി മദ്രാസില്‍ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നു ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടന മനസിലാക്കി. 1964-ല്‍ തന്നെ ഇവര്‍ ഇതിനു പകരം ഇവിടെ എബിസി - എആര്‍ പദ്ധതി ആരംഭിച്ചിരുന്നു. ഇതു കോര്‍പ്പറേഷന്‍ തലത്തില്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ മദ്രാസ് കോര്‍പ്പറേഷന് സമര്‍പ്പിച്ചെങ്കിലും അത് ചെവികൊള്ളാന്‍ കോര്‍പ്പറേഷന്‍ തയാറായില്ല. എന്നാല്‍ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ മദ്രാസില്‍ തെരുവുനായ്ക്കളുടെ ശാസ്ത്രീയ പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ആന്റി റാബീസ് വാക്‌സിനേഷനും സ്വന്തം രീതിയില്‍ തുടക്കമിട്ടു. മദ്രാസ് കോര്‍പ്പറേഷന്‍ തങ്ങളുടെ ക്യാച്ച് ആന്‍ഡ് കില്‍ നടപടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
എബിസി കേന്ദ്രം ആരംഭിച്ച് പത്തു വര്‍ഷത്തിനു ശേഷം 2007-ല്‍ ചെന്നൈയില്‍ ഒരു പേവിഷബാധ കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് പദ്ധതിയുടെ ഫലപ്രാപ്തിയുടെ തെളിവാണ്.
136 വര്‍ഷം കൊണ്ടുപഠിച്ച പാഠം
എന്നാല്‍ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നു മനസിലാക്കാന്‍ മദ്രാസ് കോര്‍പ്പറേഷന് 136 വര്‍ഷം വേണ്ടിവന്നു. ഒടുവില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച 1996 ലും മദ്രാസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 120 പേവിഷബാധ കേസുകളായിരുന്നു. തുടര്‍ന്ന് 1995 -1996 കാലഘട്ടത്തില്‍ എബിസി-എആര്‍ പദ്ധതി ഏറ്റെടുക്കാന്‍ കോര്‍പ്പറേഷന്‍ തയാറായി. ഇതിനുകീഴില്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിച്ച് പത്തു വര്‍ഷത്തിനു ശേഷം 2007-ല്‍ ചെന്നൈയില്‍ ഒരു പേവിഷബാധ കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് പദ്ധതിയുടെ ഫലപ്രാപ്തിയുടെ തെളിവാണ്. നായ്ക്കളെ ഉന്മൂലനം ചെയ്യുന്നത് പേവിഷ പ്രതിരോധത്തിനുള്ള സുസ്ഥിരമോ ശാസ്ത്രീയമോ ആയ മാര്‍ഗമല്ലെന്ന് പാളിപ്പോയ മദ്രാസ് മോഡല്‍ ഓര്‍മിപ്പിക്കുന്നു. മാത്രമല്ല, പഴയ മദ്രാസ് മാതൃകയിലുള്ള ക്യാച്ച് ആന്‍ഡ് കില്‍ പോളിസി നടപ്പാക്കാന്‍ നമ്മുടെ രാജ്യത്ത് ഇന്ന് നിയമപരമായി തടസവുമുണ്ട്. PCA Act -1960 and the Dog Rule- 2001 പ്രകാരം ഇന്നിത് സാധ്യവുമല്ല.
എന്താണ് കുത്താ കാ ബുറാകള്‍, അവ ഫലപ്രദമോ? ജോധ്പുര്‍ മോഡല്‍
തെരുവുനായ്ക്കള്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിച്ച രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ജോധ്പുരിന്റെ അനുഭവം ഇത് പ്രായോഗികമാണോ എന്നതിനുത്തരം നല്‍കും. കുത്താ കാ ബുറാ' എന്നാണ് ജോധ്പുരിലെ നായ പുനരധിവാസകേന്ദ്രങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇവിടങ്ങളിലെത്തിയ നായകള്‍ പരസ്പരം പോരടിച്ച് കൂടുതല്‍ അക്രമകാരികളായി. നായ്ക്കളുടെ പരസ്പര ആക്രമണവും ശബ്ദവും ഇങ്ങനെ ചത്തനായ്ക്കളുടെ ദുര്‍ഗന്ധവും മാലിന്യവും എല്ലാം ചേര്‍ന്ന് നായ പുനരധിവാസ കേന്ദ്രങ്ങള്‍ പൊതുശല്യമായി മാറി.
ഒടുവില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് കയറാന്‍ നഗരസഭ നിയമിച്ച ജോലിക്കാര്‍ക്ക് കഴിയാതായി. നായ്ക്കള്‍ക്കുള്ള ഭക്ഷണവും വെള്ളവും മതിലിന് മുകളിലൂടെ വലിച്ചെറിഞ്ഞു നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. കായികക്ഷമതയുള്ള നായ്ക്കള്‍ വലിച്ചെറിഞ്ഞു കിട്ടുന്ന ഭക്ഷണമെല്ലാം പിടിച്ചെടുത്തു, ദുര്‍ബലമായവര്‍ പട്ടിണി കിടന്ന് ചത്തു. ഇത്തരം കേന്ദ്രങ്ങള്‍ വൃത്തിയാക്കാന്‍ പോലും ജീവനക്കാര്‍ക്കായില്ല. ഇവയുടെ വിസര്‍ജങ്ങള്‍ കൊണ്ടുനിറഞ്ഞ പുനരധിവാസ കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പതിവായി. ഇതായിരുന്നു ജോധ്പൂരിലെ നായ പുനരധിവാസ കേന്ദ്രങ്ങളുടെ അവസ്ഥ. ഒടുവില്‍ നായ പുനരധിവാസകേന്ദ്രം നഗരസഭ അടച്ചുപൂട്ടി. ഇന്ന് ആ മേഖല എബിസി - എആര്‍ പ്രോഗ്രാമിന്റെ കേന്ദ്രമാണ്. തങ്ങളുടെ രാജ്യത്ത് പെരുകിയ നായ്ക്കളെ നിയന്ത്രിക്കാന്‍ ഭൂട്ടാന്‍ സര്‍ക്കാരും ഇതേ രീതിയില്‍ ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ജോധ്പൂരിന്റെ ആവര്‍ത്തനമായിരുന്നു ഫലം. ഭൂട്ടാനും ഒടുവില്‍ എബിസി-എആര്‍ നടപ്പിലാക്കി. അമേരിക്ക അടക്കമുള്ള പേവിഷ വിമുക്തവും തെരുവുനായ രഹിതവുമായ വികസിത രാജ്യങ്ങളിലുള്ള ആനിമല്‍ ഷെല്‍ട്ടറുകളുമായി നമ്മുടെ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങളെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല, കാരണം സാമൂഹികസാഹചര്യങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.
കുത്താ കാ ബുറാ' എന്നാണ് ജോധ്പുരിലെ നായ പുനരധിവാസകേന്ദ്രങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇവിടങ്ങളിലെത്തിയ നായകള്‍ പരസ്പരം പോരടിച്ച് കൂടുതല്‍ അക്രമകാരികളായി.
രണ്ടേമുക്കാല്‍ ലക്ഷത്തോളം തെരുവുനായ്ക്കളെ എവിടെ പാര്‍പ്പിക്കും?
തെരുവു നായ്ക്കളില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ പരിയാ ഇനവും (Indian pariah dog) മോഗ്രല്‍ (Mongrel) ഇനത്തിലും പെടുന്നവയാണ്. ഒരു പ്രദേശത്ത് തന്റേതായ ഒരു വിഹാരപരിധി അഥവാ ടെറിറ്ററി ഉണ്ടാക്കി, ആ മേഖലയില്‍ വളരെ പ്രതിരോധാത്മക സ്വഭാവം കാണിക്കുന്നവയാണിവ. ഈ പരിധിയില്‍ മറ്റ് നായ്ക്കള്‍ അതിക്രമിച്ചു കയറിയാല്‍ പരസ്പരം പോരാട്ടമുറപ്പ്. നായ പുനരധിവാസകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുമ്പോള്‍ നായ്ക്കളുടെ ഈ ടെറിറ്ററി സ്വഭാവം പ്രശ്‌നമാകും. പുനരധിവാസ കേന്ദ്രങ്ങള്‍ക്കുള്ളില്‍ നായകള്‍ തമ്മില്‍ പോരാട്ടം രൂക്ഷമാവുകയും ചെയ്യും. പുനരധിവാസ കേന്ദ്രങ്ങളില്‍ പരിപാലനം കാര്യക്ഷമമല്ലെങ്കില്‍ നായ്ക്കളിലെ പകര്‍ച്ചവ്യാധികള്‍ എളുപ്പം പകരും. ഒരു പ്രദേശത്ത് നിന്ന് മുഴുവന്‍ നായ്ക്കളെയും നീക്കിയാലും അവിടെ താമസിയാതെ പുതിയ നായ്ക്കളെത്തുകയും ടെറിറ്ററിയുണ്ടാക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത. മാത്രമല്ല നായകളുടെ പുനരധിവാസകേന്ദ്രങ്ങള്‍ കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യപ്രശ്‌നങ്ങളും എതിര്‍പ്പുകളും വേറെയുമുണ്ട്. കേരളത്തില്‍ ഇന്നുള്ള ഏകദേശം രണ്ടേമുക്കാല്‍ ലക്ഷത്തോളം തെരുവുനായ്ക്കളെ എങ്ങനെ, എവിടെ പുനരധിവസിപ്പിച്ച് ദൈനംദിന പരിചരണം നല്‍കുമെന്നതും പ്രായോഗിക പ്രശ്‌നമാണ്.
ഒരു പ്രദേശത്ത് നിന്ന് മുഴുവന്‍ നായ്ക്കളെയും നീക്കിയാലും അവിടെ താമസിയാതെ പുതിയ നായ്ക്കളെത്തുകയും ടെറിറ്ററിയുണ്ടാക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത.
കേരളത്തിന് വേണ്ടത് കുറ്റമറ്റ എബിസി - എആര്‍ കേന്ദ്രങ്ങള്‍
തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കള്‍ക്കും വര്‍ഷാവര്‍ഷം പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നായ്ക്കളിലെ പേവിഷബാധ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. മാത്രമല്ല, മനുഷ്യരില്‍ രോഗബാധക്കുള്ള സാധ്യത പൂര്‍ണമായും തടയാനുമാകും. എഴുപത് ശതമാനം നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ബാക്കി നായ്ക്കള്‍ പേവിഷ വൈറസിനെതിരേ ആര്‍ജിത പ്രതിരോധം കൈവരിക്കുകയും ഹെര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന ലക്ഷ്യം നേടുകയും ചെയ്യും. പേവിഷ വൈറസിന്റെ കാരിയര്‍മാരാവാന്‍ പിന്നെ നായ്ക്കള്‍ക്കാവില്ല. ഗോവ, ജയ്പൂര്‍ ഉള്‍പ്പെടെ അതിന്റെ തെളിയിക്കപ്പെട്ട മാതൃകകളും നമുക്ക് മുന്നിലുണ്ട്. എഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. കാര്യക്ഷമമായ, പാതിവഴിയില്‍ നിലച്ചുപോവാത്ത എബിസി, എആര്‍ പദ്ധതിയാണ് കേരളത്തിനാവശ്യം.
ഇതിനായുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും പതിറ്റാണ്ടുകള്‍ക്ക് മുന്നേ നിലവിലുണ്ടെങ്കിലും അവ നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കാണിച്ച മാപ്പില്ലാത്ത അലംഭാവമാണ് ഇന്ന് കേരളത്തെ പേപ്പട്ടിപല്ലില്‍ കുരുക്കിയത്.