വിഷയ മിനിമം; തോൽപ്പിച്ച് നിലവാരമുയർത്താമെന്നത് വ്യാമോഹം

വിഷയ മിനിമം; തോൽപ്പിച്ച് നിലവാരമുയർത്താമെന്നത് വ്യാമോഹം

വിഷയങ്ങൾക്ക് നിശ്ചിത മാർക്ക് വേണമെന്ന നിർദ്ദേശം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അതിൽ ഇടപെട്ട് തൻ്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് വിദ്യാഭ്യാസ പ്രവർത്തകനായ ലേഖകൻ
Updated on
5 min read

വിദ്യാഭ്യാസം - രാജ്യം കണ്ടതിൽ വെച്ചേറ്റവും പുരോഗമനകരമായ ഒന്നായിരുന്നു 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം. ഇടതുപക്ഷം പിന്താങ്ങിയ യുപിഎ സർക്കാറിന്റെ കോമൺ മിനിമം പരിപാടിയുടെ ഭാഗമായാണ് 'RTE 2009' സംഭവിച്ചത്. RTE ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിലപാടായിരുന്നു 'No Detention Policy'. 2020-ൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം - RTE 2009ലെ പുരോഗന ചിന്തകളിൽ പലതും അട്ടിമറിച്ചു. ആധുനിക വിദ്യാഭ്യാസ ചിന്തകർ മുന്നോട്ട് വെച്ചതും, ലോകം തള്ളിക്കളഞ്ഞതുമായ കുട്ടികളെ തോൽപ്പിച്ച് 'പഠിപ്പിക്കൽ' പുന:സ്ഥാപിക്കപ്പെട്ടു.

No Detention Policy - സംസ്ഥാനങ്ങൾക്ക് 'തീരുമാനം' എടുക്കാമെന്ന് 2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം വ്യക്തമാക്കിയെങ്കിലും കേരളം ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസ നയത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങൾ കൈകൊണ്ടിട്ടുള്ളത്? 'തോൽപ്പിച്ച്' നിലവാരം ഉയർത്താമെന്ന് വാദിക്കുന്നവർ ഉത്തരം പറയേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഇറക്കുന്ന 'തീട്ടൂരങ്ങൾ' അതേപടി നടപ്പിലാക്കാൻ ഒരുങ്ങി നിൽക്കുന്ന 'ചില' ഉദ്യോഗസ്ഥ പ്രമാണിമാരാണ് ഇപ്പോൾ ഇവിടെ വിദ്യാഭ്യാസ നയങ്ങൾ തീരുമാനിക്കുന്നത്.

കേന്ദ്ര സർക്കാർ ഇറക്കുന്ന 'തീട്ടൂരങ്ങൾ' അതേപടി നടപ്പിലാക്കാൻ ഒരുങ്ങി നിൽക്കുന്ന 'ചില' ഉദ്യോഗസ്ഥ പ്രമാണിമാരാണ് ഇപ്പോൾ ഇവിടെ വിദ്യാഭ്യാസ നയങ്ങൾ തീരുമാനിക്കുന്നത്. ഇവർക്ക് ഇഷ്ടമുള്ളവരെ 'മാത്രം' വിളിച്ചു വരുത്തി 3-4 മണിക്കൂർ നീണ്ടു നിന്ന 'കോൺക്ലേവ്' - നടത്തി ഇടത് സർക്കാരിന്റെ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ തീരുമാനിക്കുന്നു.

സബ്ജെക്ട് മിനിമം - ഈ വർഷം കേരളം നടപ്പിലാക്കുമെന്ന് തീരുമാനിച്ചത് ഒരു 'കോൺക്ലേവ്' - ആണത്രേ?! ഈ കോൺക്ലേവിൽ എസ്എഫ്ഐ, കെഎസ്ടിഎ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലസംഘം പ്രവർത്തകർ എന്നിവർ സർക്കാരിന്റെ പുതിയ 'End to the No Detention Policy'യോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, പാർട്ടി നേതാക്കളെ മുന്നിൽ നിർത്തി 'സംഘാടകർ' ഇത് രാഷ്ട്രീയ തീരുമാനമാണ് എന്ന് പറഞ്ഞ് കണ്ണുരുട്ടി! അതോടെ എസ്എഫ്ഐ, കെഎസ്ടിഎ - പ്രതിഷേധം അവസാനിപ്പിച്ചു. ബാലസംഘം സംസ്ഥാന സമ്മേളനം വരെ അവരുടെ പ്രതിഷേധവുമായി പിടിച്ചു നിന്നു. മുഖ്യമന്ത്രി സമ്മേളനത്തിൽ തന്നെ വന്ന് മേൽ നിലപാട് ആവർത്തിച്ചു. ഇനി അവർക്കും ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിലാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ ജില്ലാ-മേഖലാ തലങ്ങളിൽ സെമിനാറുകളും സംവാദങ്ങളും ലഘുലേഖകളുമായി ഈ വിഷയത്തെ സജീവമാക്കി നിർത്താൻ ശ്രമിക്കുന്നുണ്ട്. ഈ മാസം 14 മുതൽ അടുത്തമാസം 10 വരെ സംസ്ഥാനവ്യാപകമായി അവർ ഒരു വിദ്യാഭ്യാസ ജാഥക്ക് നേതൃത്വം കൊടുക്കുന്നുണ്ട്.

ഏതാനും മാസം മുന്നെ, സിപിഐ(എം) നടത്താൻ പോകുന്നുവെന്ന് പറയപ്പെടുന്ന അഞ്ചാം കേരള പഠന കോൺഗ്രസ്സിന്റെ മുന്നോടിയായി - ഏകെജി പഠന കേന്ദ്രവും കോഴിക്കോട് കേളുവേട്ടൻ പഠന കേന്ദ്രവും സംയുക്തമായി കോഴിക്കോട് വെച്ച് സംഘടിപ്പിച്ച 3 ദിവസത്തെ 'ദേശീയ' വിദ്യാഭ്യാസ സെമിനാറിൽ സബ്ജക്ട് മിനിമം, കുട്ടികളെ തോൽപ്പിച്ച് 'ഗുണത' ഉണ്ടാക്കിയെടുക്കൽ - ഒന്നും ചർച്ച ചെയ്തിട്ടില്ല.

ആഗോള-ദേശീയ തലങ്ങളിൽ വന്നിട്ടുള്ള വിദ്യാഭ്യാസ നയങ്ങൾക്കൊപ്പം കേരളത്തിന്റെ സവിശേഷമായ നിരവധി വിദ്യാഭ്യാസ പ്രശ്നങ്ങളും അവിടെ ചർച്ചക്ക് വന്നിരുന്നു. അന്ന് അവിടെ സെമിനാറിന് എത്തിയ വിദ്യാഭ്യാസ വിദഗ്ദർക്കോ, ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്കോ ഇടത് വിദ്യാഭ്യാസ നയം - 'No Detenction Policy' യിൽ ഒരു സംശയവും ഉണ്ടായിട്ടില്ല, ഇക്കാര്യങ്ങളിലൊന്നും ആരും അവിടെ ഒരു തർക്കവും ഉന്നയിച്ചില്ല!

എന്നിട്ടും, 2020-ൽ നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ' End of the No Detention Policy' നടപ്പിലാക്കുന്നവർക്ക്, ഇപ്പോൾ മേൽകൈ ലഭിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇടതുപക്ഷത്തുള്ളവർ മറുപടി നൽകണം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികവർഗ വിഭാഗം കുട്ടികൾ പഠിക്കുന്ന വയനാട് ജില്ലയുടെ കഴിഞ്ഞ എസ്.എസ്.എൽ.സി. റിസൽട്ട് കണക്കുകൾ പ്രകാരം 2040-ഓളം പരം പേർക്ക് ഗണിതത്തില്‍ സി/ ഡി പ്ലസ് ഗ്രേഡ് മാത്രമാണ് ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പുതിയ വിദ്യാഭ്യാസ നയം - ആദ്യം 'തോല്‍ക്കാന്‍' പോകുന്നത് ഇത്തരം കുട്ടികളാണ്. ഇതുപോലെ തന്നെയാണ്, മറ്റ് ജില്ലകളിലെയും കണക്കുകൾ. സാമൂഹികവും സാമ്പത്തികവുമായി ചരിത്രപരമായി തന്നെ പിന്തള്ളപ്പെട്ട 'പാവപ്പെട്ട' കുട്ടികൾ തന്നെയാണ് - പൊതുവിൽ ഗണിതം, കെമിസ്ട്രി, ബയോളജി, ഫിസിക്സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ സംസ്ഥാനത്ത് പുറകിൽ നിൽക്കുന്നത്.

കയറ്റത്തിന് 'സബ്ജെക്ട്' മിനിമം എന്ന നില വരുമ്പോൾ ഈ കൂട്ടികളാണ് ആദ്യം തോൽപ്പിക്കപ്പെടുക. എന്നാൽ, ഇവരുടെ നിലവാരം ഉയര്‍ത്താൻ - തോല്പിക്കല്‍ 'പ്രക്രിയ' എത്രമാത്രം സഹായകമാകും?!

ഇനി മുതൽ ക്ലാസ് കയറ്റത്തിന് 'സബ്ജെക്ട്' മിനിമം എന്ന നില വരുമ്പോൾ ഈ കൂട്ടികളാണ് ആദ്യം തോൽപ്പിക്കപ്പെടുക. എന്നാൽ, ഇവരുടെ നിലവാരം ഉയര്‍ത്താൻ - തോല്പിക്കല്‍ 'പ്രക്രിയ' എത്രമാത്രം സഹായകമാകും?! അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2024-2025 അധ്യയന വര്‍ഷത്തിൽ വയനാട്ടിലെ കുട്ടികളുടെ ഗണിതം, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങൾ മെച്ചപ്പെടുത്താൻ എന്ത് പരിപാടിയാണ് അവിടെ നടപ്പിലാക്കിയത്? എന്ത് മാറ്റം ഇതുവരെ ഉണ്ടായി? തോൽപ്പിച്ച് നിലവാരം ഉയർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നവർക്ക് മറുപടി ഉണ്ടോ?!

2

പാഠപുസ്തകത്തിൽ മലയാളം അക്ഷരമാല എഴുതിവെച്ചതുകൊണ്ടോ കുട്ടികളെ തോൽപ്പിച്ച് ഗുണത വർദ്ധിപ്പിക്കാമെന്ന് വിചാരിച്ചതുകൊണ്ടോ നമ്മുടെ വിദ്യാഭ്യാസ പ്രതിസന്ധി തീരാൻ പോകുന്നില്ല! എന്തുകൊണ്ടെന്ന് പരിശോധിക്കുമ്പോൾ; കഴിഞ്ഞ തവണ 55% ളം കുട്ടികളും എസ്‌.എസ്.എൽ.സി പരീക്ഷ എഴുതിയത് ഇംഗ്ലീഷ് മാധ്യമത്തിലാണ്. കഴിഞ്ഞ ഓരോ വർഷവും ഇതിന്റെ ശതമാനം കൂടി കൂടിവരികയായിരുന്നു.

2019 ൽ 2.4 ലക്ഷം പേർ മലയാളം മാധ്യമത്തിലും1.8 ലക്ഷം ഇംഗ്ലീഷ് മാധ്യമത്തിലും 2,430 പേർ കന്നഡയിലും 1,614 പേർ തമിഴിലും പരീക്ഷ എഴുതി. 2020 ആയപ്പോൾ 2,17,184 പേർ മലയാളം മാധ്യമക്കാരും 2,01,259 ഇംഗ്ലീഷ് മാധ്യമക്കാരും 2377 തമിഴ് മാധ്യമക്കാരും 1527 കന്നഡ മാധ്യമക്കാരുമായി. 48% ഇംഗ്ലീഷ് മാധ്യമം!

2021 മാർച്ചിൽ മലയാള മാധ്യമക്കാരെ ഇംഗ്ലീഷ് മീഡിയം മറികടന്നു. 2,18,084 പേർ ഇംഗ്ലീഷിനെ വരിച്ചപ്പോൾ മലയാളംകാർ 2,00,613 ഉം തമിഴ് 2161 ഉം കന്നഡ 1409 ഉം ആയി. ഇത് ഇനിയും വർദ്ധിക്കാൻ തന്നെയാണ് സാധ്യത. ചിത്രവും പ്രവണതയും ചില കാര്യങ്ങൾ വൃക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് മഹാഭൂരിപക്ഷം ഒന്നാം ക്ലാസുകളും, പ്രീ പ്രൈമറി ക്ളാസുകളും ഇംഗ്ലീഷ് മാധ്യമത്തിലാണെന്നതാണ് സത്യം.

ഔദ്യോഗിക അനുമതിയില്ലാതെയാണ് ഈ ഇംഗ്ലീഷ് മാധ്യമവത്കരണമെന്നതും സത്യം, ആർക്കാണ് ഇത് നിഷേധിക്കാൻ കഴിയുക?!വിദ്യാഭ്യാസ വകുപ്പിൻ്റെ മൗനസമ്മതവും ഇതിനുണ്ട്. ഔദ്യോഗികമായി സർക്കാർ അച്ചടിച്ചു നൽകുന്ന മലയാളത്തിൽ ഉള്ള പുസ്തകങ്ങൾ കപ്പലണ്ടി പൊതിയാനാണ് പറ്റുക. മലയാളത്തിൽ നൽകുന്ന അധ്യാപക പരിശീലനങ്ങൾ പാഴാകുന്നുവെന്നതും സത്യം.

അനധികൃത 'മാധ്യമം' സ്‌കൂളുകളിൽ നടത്തുക വഴി വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിൻ്റെ സത്യസന്ധത പാലിക്കാത്ത ഇടങ്ങളായി തീർന്നിരിക്കുന്നു. ഒരു ക്ലാസിനു മാത്രം കുട്ടികളെ ഉള്ളുവെങ്കിലും അവരെ രണ്ടു മാധ്യമക്കാരാക്കി ഒരേ ക്ലാസിൽ ഇരുത്തുന്നു, രണ്ട് തരം പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നു, രണ്ട് തരത്തിൽ ക്ലാസ്സ് എടുക്കുന്നു. രണ്ട് മാധ്യമത്തിലുള്ള ചോദ്യ പേപ്പർ വിതരണം ചെയ്ത് പരീക്ഷ നടത്തുന്നു - ഇതൊന്നും സത്യമല്ലാന്ന് ആർക്കാണ് പറയാൻ കഴിയുക? ഇനി രണ്ട് ക്ളാസുകളായി നടത്തുന്ന ഇടങ്ങളിൽ, സമ്പന്ന-ഇടത്തരം വിഭാഗങ്ങളുടെ ഇംഗ്ലീഷ് മീഡിയവും ഭിന്നശേഷിക്കാരുടെയും പാവങ്ങളുടെയും മലയാള മീഡിയവും.

വിവേചനത്തിൻ്റെ നേർക്കാഴ്ചകൾ

വിദ്യാലയത്തിലെ പ്രിവിലേജ് വിഭാഗമാണ് ഇംഗ്ലീഷ് മീഡിയംകാർ. മികച്ച അധ്യാപകരെ ആ ക്ലാസിലേക്ക് വിടുന്നത്. ഏറെ പുതുതലമുറ അധ്യാപകരുടേയും മക്കൾ ഇംഗ്ലീഷ് മാധ്യമത്തിലാണ് പഠിക്കുന്നത്. എന്നിട്ട് 'ഞാൻ' പൊതു വിദ്യാലയത്തിൽ മക്കളെ പഠിപ്പിക്കുന്നു എന്ന് മേനിപറയുന്നവർ ധാരളം.

പല വിദ്യാലയങ്ങളിലും അനധികൃത നിയമനം നടത്തി പ്രതിമാസം 5,000 - 6,000 രൂപക്ക് 'വാടക' ടീച്ചർമാരായി - മലയാളം പഠിപ്പിക്കാൻ (ഒരു തരത്തിലും ഉള്ള അനുമതിയും ഇല്ലാതെ!) നിയോഗിക്കപ്പെടുന്നു! കുട്ടികളിൽ നിന്നും (പിടിഎയുടെ പേരിൽ) ഫീസ് വാങ്ങി സൗജന്യ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്നവരും ധാരാളം. വിദ്യാലയത്തിൻ്റെ മൂല്യബോധത്തിൽ വലിയ കളങ്കം വീഴുന്നു. പിടിഎ കമ്മറ്റികളിൽ ഇംഗ്ലീഷ് മാധ്യമപക്ഷ രക്ഷിതാക്കളുടെ മേധാവിത്തമാണ്. വിദ്യാഭ്യാസ മേഖലയിൽ ഒരു തരത്തിലും സ്വാധീനമില്ലാത്ത ഒന്നായി മലയാള മാധ്യമ വിദ്യാഭ്യാസം മാറി കഴിഞ്ഞു.

ഇംഗ്ലീഷ് മാധ്യമത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്യുന്ന നമ്മുടെ അധ്യാപകർക്ക് മഹാഭൂരിപക്ഷം പേർക്കും ക്ലാസ്മുറിക്കകത്ത് - കുട്ടികളുടെ 'തലക്കകത്ത്' ചിന്തകൾ ഉൽപാദിപ്പിക്കാൻ ഉതകുന്നവിധം ചോദ്യങ്ങൾ ഉന്നയിക്കാനോ, ഒരു പ്രശ്‌നാപഗ്രഥനം നടത്താനോ, ആശയങ്ങളെ സംവാദങ്ങളാക്കാനോ, പരീക്ഷണങ്ങൾ സംഘടിപ്പിക്കാനോ, അതും അതുപോലുള്ള സന്ദർഭങ്ങളിൽ നിരീക്ഷണം നടത്തി കുറിപ്പുകൾ/ ദത്തങ്ങൾ ശേഖരിക്കാനോ, അവയെ അപഗ്രഥിക്കാനോ, നിഗമനങ്ങളിൽ എത്തിച്ചേരാനോ, ....... ഒന്നിനും കഴിവ് ഇല്ലാത്തവരാണ്.

ഇത്തരക്കാർക്ക് വേണ്ടി, നമ്മുടെ കരിക്കുലം പോലും രൂപീകരിക്കേണ്ടി വരുന്നു. അധ്യാപകരുടെ പരിമിതി മനസ്സിലാക്കി കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങൾ, വർക്ക് ബുക്കുകൾ, ടീച്ചർ ടെക്സ്റ്റുകൾ, പരിശീലനങ്ങൾ എന്നിവ രൂപപ്പെടുത്തിയിരിക്കുന്നു.

ഉമ്മൻ‌ചാണ്ടി സർക്കാറിന്റെ കാലത്ത് 2013ലെ കരിക്കുലം പരീഷ്ക്കരണം മുതലാണ് വലിയ തോതിലുള്ള തിരിച്ചു പോക്ക് ആരംഭിക്കുന്നത്. രാഷ്ട്രീയമാണെന്ന് പറഞ്ഞുകൊണ്ട്, സാമൂഹ്യ ജ്ഞാനനിർമ്മാണ രീതിയെ പരിപൂർണ്ണമായും കൈയ്യൊഴിഞ്ഞ് വികസിത ലോകം നിരാകരിച്ച ചേഷ്ടാവാദം തിരികെ കൊണ്ടുവന്നു. ചേഷ്ടാവാദവും ജ്ഞാനനിർമ്മാണവും കൂട്ടി കലർത്തി ഒരു തരം 'അവിയൽ' പരുവത്തിൽ ഉള്ള 'സങ്കലിത' പാഠ്യപദ്ധതിയെന്നാണ് അന്ന് അതിനെ കുറിച്ച് വിമർശകർ പറഞ്ഞത്. അസീസ് കമ്മറ്റി തീരുമാനപ്രകാരമാണ് ഈ പരിഷ്ക്കരണം എന്ന് പറയാമെങ്കിലും, അതിന് മുന്നെ തന്നെ ഇതിനായുള്ള സമ്മർദ്ദം വകുപ്പിനകത്ത് ശക്തമായിരുന്നു.

2016 ൽ അധികാരത്തിൽ എത്തിയ ഇടത് മുന്നണിയുടെ ഒന്നാം പിണറായി സർക്കാർ 2013 ലെ ഉമ്മൻ‌ചാണ്ടി സർക്കാർ നടപ്പിലാക്കിയ 'സങ്കലിത' പാഠ്യപദ്ധതിയെ കണ്ണുമടച്ച് നെഞ്ചിലേറ്റി. അതിന്റെ തുടർച്ച തന്നെയാണ്, 2024 -ലെ രണ്ടാം എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ള പാഠ്യപദ്ധതി പരിഷ്കരണമെന്നതും ഏറെ ഗൗരവത്തോടെ പരിശോധിക്കാൻ നമുക്ക് കഴിയണം.

2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ നടപ്പിലാക്കാൻ കഴിയാതെ പോയ വിരലിലെണ്ണാവുന്ന കാര്യങ്ങളിൽ ഒന്ന് 'പാഠ്യപദ്ധതി പരിഷ്കരണം' ആയിന്നു! (അന്നത്തെ എൽഡിഎഫ് പ്രകടനപത്രികയും, ഒന്നാം പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടും താരതമ്യം ചെയ്യുക!). വിദ്യാലയങ്ങളിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഒന്നാം പിണറായി സർക്കാർ നടത്തിയിട്ടുള്ള ഇടപെടലുകൾ ശ്ലാഹനീയം ആണെങ്കിൽ കൂടി, പാഠ്യപദ്ധതിയിലോ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലോ, പഠന-ബോധന സമീപനത്തിലോ അധ്യാപകരുടെ മനോഭാവത്തിലോ ഒരു മാറ്റവും വരുത്താൻ കഴിയാതെ പോയതിന്റെ ദുരന്തന്മാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.

അധ്യാപകരുടെ പരിമിതികൾക്കകത്ത് മാത്രം നിൽക്കുന്ന ഒന്നായി നമ്മുടെ 'കരിക്കുലത്തെ' ചുരുക്കികെട്ടാൻ കേരള എസ്.സി.ഇ.ആർ.ടി. ഇപ്പോൾ 'ഗവേഷണം' നടത്തുകയാണ്. മരണ വാർഡിൽ പ്രവശിക്കപ്പെട്ട ഒന്നായി മലയാള മാധ്യമ വുദ്യാഭ്യാസവും, നിരന്തര മൂല്യനിർണ്ണയവും മറ്റും മാറിക്കഴിഞ്ഞിരിക്കുന്നു.

അധ്യാപകരുടെ പരിമിതികൾക്കകത്ത് മാത്രം നിൽക്കുന്ന ഒന്നായി നമ്മുടെ 'കരിക്കുലത്തെ' ചുരുക്കികെട്ടാൻ കേരള എസ്.സി.ഇ.ആർ.ടി. ഇപ്പോൾ 'ഗവേഷണം' നടത്തുകയാണ്. ഡയറ്റുകളെയും എസ്.സി.ഇ.ആർ.ടി.യേയും ശക്തിപ്പെടുത്താൻ ആവശ്യമായ ഒരു നടപടികളും കൈകൊള്ളുന്നില്ല. ഏറെ കാലമായി ഇവിടെയൊന്നും സ്ഥിരം നിയമനങ്ങൾ നടക്കുന്നില്ല! വിദ്യാഭ്യാസ മേഖലയിൽ ഗവേഷണങ്ങളോ, പഠനങ്ങളോ, അതിന്റെ തുടർച്ചയോ ഉണ്ടാകുന്നില്ല. സമാന്തര പ്രൊജക്റ്റ് സംവിധാനങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ അരങ്ങ് വാഴുന്നത്. ബഡ്ജറ്റ് വിഹിതം പ്രൊജക്റ്റുകൾ വിഴുങ്ങുന്നു. ഭരണക്കാരുടെ സിൽബന്ധികളെ കുടിയിരുത്തുന്ന ഇടങ്ങളായി വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും പ്രൊജക്ടുകളും ചുരുങ്ങുന്നു. മരണ വാർഡിൽ പ്രവേശിക്കപ്പെട്ട ഒന്നായി വ്യവഹാര ഭാഷാബോധന വിദ്യാഭ്യാസവും, നിരന്തര മൂല്യനിർണ്ണയവും മറ്റും മാറിക്കഴിഞ്ഞിരിക്കുന്നു. സർഗത്മക വിദ്യാഭ്യാസം, സന്തോഷ വിദ്യാലയം എന്നിവയെല്ലാം കേവലം നിഘണ്ടുവിലെ പദങ്ങൾ മാത്രമാണിന്ന്.

വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ ആകർഷകരായി പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കപ്പെട്ടെത്തിയ നിരവധി രക്ഷിതാക്കൾ കുട്ടികളുമായി തിരികെ പോയി കഴിഞ്ഞു. കഴിഞ്ഞ 4 വർഷങ്ങളായി പൊതു വിദ്യാലയങ്ങളിൽനിന്നും കൂട്ടികൾ കുറഞ്ഞുവരുന്നത് ജനസംഖ്യയിൽ ഉണ്ടായിട്ടുള്ള കുറവാണെന്നാണ് അധികൃതരുടെ വാദം. ഇത്തരം തീർത്തും സങ്കീർണ്ണമായ പശ്ചാത്തലത്തിലാണ് വിഷയ മിനിമവും, തോൽപ്പിച്ച് നിലവാരമുയർത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടക്കനുള്ള ശ്രമമായി മാത്രമേ ഇതിനെയെല്ലാം കാണാനാവു. തോല്‍പ്പിക്കാനെളുപ്പമാണ്, നിലവാരമുയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് നന്നായി വിയർപ്പൊഴുക്കണം. അതാണ് സംഭവിക്കാത്തത്.

logo
The Fourth
www.thefourthnews.in