ഗണപതിവട്ടത്തിനും മുമ്പ് ബത്തേരിയുടെ പേര് ഹെന്നരെഡ് വീഥി, ഇനിയും പുറകിലേക്ക് പോയാൽ നമ്മൾ എവിടെ ചെന്ന് നിൽക്കും?
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് മാറ്റണമെന്ന വയനാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥിയായ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ വ്യത്യസ്ത മേഖലകളിൽ നിന്ന് വിമര്ശനമുയർന്നിരുന്നു. ടിപ്പു സുൽത്തന്റെ പേരുപറഞ്ഞ് വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന പ്രധാന വിർശനം. സംഭവത്തിൽ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഒ കെ ജോണി ദ ഫോർത്തിനോട് പ്രതികരിക്കുന്നു.
സുൽത്താൻ ബത്തേരിയുട പേര് ഗണപതിവട്ടം എന്ന് മാറ്റമെന്ന ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം സ്ഥാനാർഥിയുമായ കെ സുരേന്ദ്രന്റ പ്രതികരണം എങ്ങനെയാണ് ചരിത്രപരമായ ഒരസംബന്ധമാകുന്നത്?
സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന് സംഘപരിവാർ പറയുന്നതിന് ഒരു കാരണമേയുള്ളൂ. അത് ടിപ്പു സുൽത്താൻ അവരുടെ പ്രഖ്യാപിത ശത്രുവാണ് എന്നുള്ളതാണ്. അതിന്റെ ഭാഗമായി മതപരമായി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിത്. ടിപ്പു സുൽത്താൻ ഇട്ട പേരാണ് സുൽത്താൻ എന്ന തരത്തിൽ പോലും ഇവർ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇവർ മനസിലാക്കേണ്ട കാര്യം ടിപ്പു സുൽത്താന്റെ കൊട്ടാരമിരുന്ന സ്ഥലത്തിന്റെ പേര് ശ്രീരംഗപട്ടണം എന്നാണ്. ആ പേര് അദ്ദേഹം മാറ്റിയിട്ടില്ല.
ടിപ്പു സുൽത്താന്റെ ബാറ്ററി നിലനിന്നിരുന്ന സ്ഥലം എന്ന രീതിയിലാണ് പിൽക്കാലത്ത് ആ പേര് വന്നത്. അത് ബ്രിട്ടിഷുകാരുടെയും മറ്റും കത്തുകളിൽ പരാമർശിക്കുന്ന ഒരു അടയാളനാമം മാത്രമായിരുന്നു. അതൊരു സ്ഥലനാമമായി അവതരിപ്പിപ്പിച്ചിരുന്നില്ല. പക്ഷേ ബ്രിട്ടീഷ് ഭരണം വന്നതോടെ ആ പേര് തുടർന്നു. അതിനുമുമ്പ് ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമായിരുന്നുവെന്ന് പറയുന്നത് തെറ്റൊന്നുമല്ല. കാരണം 600 വർഷത്തോളം മുൻപ് വയനാട്ടിലേക്ക് കുടിയേറിയ കുറുമ്പ്രനാട് രാജവംശവുമായി ബന്ധപ്പെട്ട രേഖകളിൽ അവിടെയുള്ള ഗണപതി ക്ഷേത്രത്തിനു ചുറ്റുമുള്ള ചില സ്ഥലങ്ങളെ ചേർത്ത് ഗണപതിവട്ടം എന്ന് പരാമർശിക്കുന്നുണ്ട്. പക്ഷേ ഈ സ്ഥലത്തിന് അതിനു മുമ്പുള്ളത് ഒരു കന്നഡ പേരായിരുന്നു. അങ്ങനെ നമ്മൾ പിറകിലേക്ക് പോവുകയാണെങ്കിൽ എവിടെ ചെന്നെത്തുമെന്നതാണ് ചോദ്യം.
ഈ സ്ഥലത്തിന്റെ അന്നത്തെ പേര് ഹെന്നരെഡ് വീഥി എന്നായിരുന്നു. അതിന്റെ അർഥം പന്ത്രണ്ട് തെരുവുകൾ എന്നാണ്. ഹെന്നരഡ് എന്ന് പറഞ്ഞാൽ പന്ത്രണ്ട് എന്നാണ് അർഥം.
സുൽത്താൻ ബത്തേരി എന്ന പേരിന്റെ ചരിത്രമന്വേഷിച്ചുപോയാൽ നമ്മൾ എവിടെവരെയെത്തും? ഗണപതിവട്ടം എന്നത് തന്നെയാണോ മുമ്പത്തെ പേര്?
ജനപഥങ്ങൾ മാറുന്നു, ചരിത്രം മാറുന്നു. അങ്ങനെ സ്ഥലങ്ങളുടെ പേരുകളും മാറി വരില്ലേ? ഇത് കാര്യമായി ചർച്ച ചെയ്യേണ്ടതു തന്നെയില്ല. ഈ തിരഞ്ഞെടുപ്പിൽ ടിപ്പു സുൽത്താനെക്കുറിച്ച് പറയുകയെന്നത് വിഭാഗീയതയ്ക്കുള്ള ശ്രമമാണ്. ഇത് ചരിത്രമറിയാഞ്ഞിട്ടൊന്നുമല്ല, മനഃപൂർവം ചെയ്യുന്ന കാര്യമാണ്. നമ്മൾ അതിൽ പങ്കാളിയാവാതിരിക്കുകയെന്നതാണ് ആദ്യത്തെ വഴി. ഇതിലും വലിയ കാര്യങ്ങൾ ഇവിടെ നടന്നുകഴിഞ്ഞു. ബാബരി മസ്ജിദ് പൊളിച്ച് പകരം രാമക്ഷേത്രം പണിതു കഴിഞ്ഞു. ഒരടിസ്ഥാനവുമില്ലാതെ സംസാരിക്കുന്നവരെ തിരുത്താൻ സാധിക്കില്ല.
സുൽത്താൻ ബത്തേരി കർണാടക രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഗംഗ, ഹൊയ്‌സാള, കാദംബ ഇതെല്ലാം ജൈനർക്കു സ്വാധീനമുള്ള സ്ഥലമാണ്. അതുകൊണ്ടുതന്നെ ബത്തേരിയും ഒരു പ്രധാനപ്പെട്ട ജൈന കേന്ദ്രമായാണ് അറിയപ്പെട്ടത്. ഈ സ്ഥലത്തിന്റെ അന്നത്തെ പേര് ഹെന്നരെഡ് വീഥി എന്നായിരുന്നു. അതിന്റെ അർഥം 12 തെരുവുകൾ എന്നാണ്. ഹെന്നരഡ് എന്ന് പറഞ്ഞാൽ 12 എന്നാണ് അർഥം. പ്രാചീനമായ ശിലാരേഖകളിൽ പോലും ബത്തേരിയുടെ പഴയ പേര് ഹെന്നരെഡ് വീഥി എന്ന് തന്നെയാണ്.
ഈ പന്ത്രണ്ട് തെരുവുകളെന്നാൽ പന്ത്രണ്ട് ജൈന തെരുവുകൾ എന്നാണ്. അതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു ജൈനക്ഷേത്രം ഇപ്പോൾ സുൽത്താൻ ബത്തേരിയിലുണ്ട്. ആ ക്ഷേത്രമുൾപ്പെടുന്ന 12 തെരുവുകളുണ്ടന്നാണ് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ പേരിന് ഏകദേശം ആയിരം വർഷങ്ങളുടെ പഴക്കമുണ്ട്.
കുറുമ്പ്രനാട് രാജാവിന്റെയും കോട്ടയം രാജാവിന്റെയും നേതൃത്വത്തിൽ വയനാട് ജില്ലയുണ്ടായ സമയത്താണ് ഗണപതിവട്ടം എന്ന പേര് വരുന്നത്
പിന്നീട് എങ്ങനെ ഗണപതിവട്ടമായി?
കുറുമ്പ്രനാട് രാജാവിന്റെയും കോട്ടയം രാജാവിന്റെയും നേതൃത്വത്തിൽ വയനാട് ജില്ലയുണ്ടായ സമയത്തതാണ് ഗണപതിവട്ടം എന്ന പേര് വരുന്നത്. കുറുമ്പ്രനാട് രാജാവിന്റെ രണ്ട് കോവിലകങ്ങളുള്ള സ്ഥലമാണ് സുൽത്താൻ ബത്തേരി. കോട്ടയം കുറുമ്പ്രനാട് രാജവംശം വയനാട്ടിലേക്ക് കുടിയേറിയിട്ട് ഏകദേശം അറുന്നൂറ് വർഷം മാത്രമേ ആകുന്നുള്ളു. അതിന് മുമ്പ് ചേര ഗംഗ ഹൊയ്‌സാള കാദംബ രാജാക്കന്മാരുടെ കീഴിലായിരുന്നു. കുറുമ്പ്രനാട് രാജാവിന്റെ കോവിലകം നിലനിന്നിരുന്നത് ഇവിടെയായതുകൊണ്ട് ഇവിടെയുണ്ടായിരുന്ന ഒരു ഗണപതിക്ഷേത്രം അവർ പുനരുദ്ധരിക്കുകയായിരുന്നു. 50 വർഷം മുമ്പുവരെ ഈ ക്ഷേത്രം കുറുമ്പ്രനാട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു. വയനാട്ടിലെ പല ക്ഷേത്രങ്ങളും ഇപ്പോഴും അവരുടേതു തന്നെ. പുൽപ്പള്ളിയിലെ സീതാദേവി ക്ഷേത്രം ഉൾപ്പെടെ അവരുടെ ഉടമസ്ഥതയിലാണ്.
ആ ഗണപതി ക്ഷേത്രത്തിന്റ ചുറ്റിലുമുള്ള സ്ഥലത്തിന് പ്രാചീനമായ രീതിയിൽ ഗണപതിവട്ടം എന്ന് പേരിടുകയായിരുന്നു. മധ്യകാലത്ത് ക്ഷേത്രങ്ങളാണല്ലോ ഒരു സ്ഥലത്തിന്റെ കേന്ദ്രം. അതുകൊണ്ടു തന്നെ ക്ഷേത്രമാണ് എല്ലാത്തിന്റെയും അടയാളം. മഥുര സീമ എന്ന് പറയുന്നതുപോലെയാണ് ഗണപതിവട്ടം.
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പേര് ഹെന്നരെഡ് വീഥിയാണ്. ചിലപ്പോൾ കർണാടകയിലെ ചരിത്രഗവേഷകർക്ക് അതിലും പഴക്കമുള്ള മറ്റെന്തെങ്കിലും പേര് പറയാനുണ്ടാകും. പേരുമാറ്റണമെന്നു പറയുന്നത് ഒരുതരം ഭ്രാന്താണ്. വർഗീയഭ്രാന്തുണ്ടായാൽ ആളുകൾ ഇങ്ങനെ പലതും ചെയ്യും. പഴയ പേരുമാറ്റി പുതിയ പേരിടുന്നതും പഴയപേര് തിരിച്ചുകൊണ്ടുവരുന്നതും ഒരുപോലെ തന്നെയാണ്. വർഗീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്. ടിപ്പു സുൽത്താനെ മുന്നിൽ നിർത്തി ഒരു ഹിന്ദു- മുസ്ലിം വിഭാഗീയതയ്ക്കാണ് ഈ തിരഞ്ഞെടുപ്പ് സമയത്ത് ശ്രമിക്കുന്നത്. ഇത് ഈ തിരഞ്ഞെടുപ്പിലേക്ക് മാത്രമല്ല ഒരുപാട് കാലം മുന്നിലേക്ക് അവർ അവതരിപ്പിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്
ടിപ്പുവിനെ ശക്തമായി വെറുക്കുന്ന ഇവർ ടിപ്പു സുൽത്താനും പഴശ്ശിയും തമ്മിലുള്ള സൗഹൃദം കാണ്ടില്ലെന്നു നടിക്കുന്നതാണ്. ടിപ്പു വധിക്കപ്പെട്ടശേഷം അദ്ദേഹത്തിന്റ സൈന്യത്തിലുള്ളവർ പഴശ്ശിയുടെ സൈന്യത്തിന്റെ ഭാഗമാവുകയായിരുന്നു
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ സുരേന്ദ്രൻ പറഞ്ഞത് പഴശ്ശിയുടെ നാട്ടിലേക്ക് പോകുന്നുവെന്നാണ്. ഇവരുടെ നായകൻ പഴശ്ശിയും ശത്രുവായ ടിപ്പുവും പഴയ സുഹൃത്തുക്കളായിരുന്നില്ലേ?
ടിപ്പുവിനെ ശക്തമായി വെറുക്കുന്ന ഇവർ ടിപ്പു സുൽത്താനും പഴശ്ശിയും തമ്മിലുള്ള സൗഹൃദം കണ്ടില്ലെന്നു നടിക്കുന്നതാണ്. ടിപ്പു വധിക്കപ്പെട്ടശേഷം അദ്ദേഹത്തിന്റ സൈന്യത്തിലുള്ളവർ പഴശ്ശിയുടെ സൈന്യത്തിന്റെ ഭാഗമാവുകയായിരുന്നു. ടിപ്പുവിനെ കൊന്നശേഷമാണ് പഴശ്ശിയെ എളുപ്പം കീഴ്പ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് സാധിച്ചത്. പഴശ്ശിയും സാമൂതിരിയുമുൾപ്പെടെയുള്ള എല്ലാവരും ടിപ്പു മലബാറിലേക്ക് കടന്നുവരുന്നത് പേടിച്ചവരും പ്രതിരോധിച്ചവരുമാണ്. അന്ന് ടിപ്പുവിന് എതിരായിരുന്നു പഴശ്ശി. പിന്നീട് ബ്രിട്ടീഷുകാരുടെ അജണ്ട മനസിലാക്കി, പഴശ്ശിയുടെ സഖ്യത്തിലാവുകയായിരുന്നു. ടിപ്പു സുൽത്താൻ മാത്രമാണ് ബ്രിട്ടീഷുകാരുമായി വിട്ടുവീഴ്ച ചെയ്യാതിരുന്നത്.
ടിപ്പു സുൽത്താൻ ഒരു മതത്തിന്റെ വക്താവ് മാത്രമാണന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. ടിപ്പു സുൽത്താനെ ആക്രമിക്കാൻ വന്ന ബ്രിട്ടീഷുകാരുടെ കൂടെ ഹൈദരാബാദ് നൈസാമും ഉണ്ടായിരുന്നുവെന്നത് നാം മറന്നുകൂടാ. ഇപ്പോൾ നടക്കുന്ന പേര് വിവാദം ടിപ്പു സുൽത്താന്റെ പേരിൽ സംഘപരിവാർ തെക്കേ ഇന്ത്യയിൽ ഒരുപാട് കാലമായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയശ്രമങ്ങളുടെ ഭാഗം മാത്രമാണ്. അതിനപ്പുറത്തേക്ക് ഇതിന് പ്രാധാന്യമൊന്നും നൽകേണ്ടതില്ല.