ഉഷാകുമാരി ടീച്ചര്‍
ഉഷാകുമാരി ടീച്ചര്‍

Teachers Day- അക്ഷരം കുറിച്ച് നല്‍കിയ കൈകളില്‍ ഇന്ന് തൂപ്പു ചൂല്‍; ഉഷാകുമാരി ടീച്ചര്‍ ഹാപ്പിയാണ്, പക്ഷേ...

എന്റെ കൂടെയുള്ളവര്‍ക്ക് വേണ്ടി കൂടിയാണ് ചോദിക്കുന്നത്. ഈ നിലയിലേക്ക് തരം താഴ്ത്താന്‍ എങ്ങനെ മനസ്സുവന്നു?
Updated on
2 min read

ഇരുപത്തിനാല് വര്‍ഷം അഗസ്ത്യരുടെ മക്കളെ അക്ഷരം പഠിപ്പിച്ച അധ്യാപികയെ ചിലര്‍ക്കെങ്കിലും ഓര്‍മ കാണും. അമ്പൂരിയിലെ ഉഷാകുമാരി ടീച്ചര്‍. ഇന്ന് ടീച്ചറുടെ വേഷം പഴയ അധ്യാപികയുടേതല്ല മറിച്ച് തൂപ്പുകാരിയുടേത്. എങ്കിലും ടീച്ചര്‍ ഹാപ്പിയാണ്. ഈ അധ്യാപക ദിനത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചിലരുണ്ട്, അവരില്‍ ഒരാളാണ് ഈ ടീച്ചര്‍.

പേരൂര്‍ക്കടയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൂപ്പു ജോലിക്കാരിയാണ് ഉഷാ കുമാരി

'ഈ വര്‍ഷത്തെ അധ്യാപക ദിനം ശരിക്കും ഞാന്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ എല്ലാ വര്‍ഷവും ആരെങ്കിലുമൊക്കെ വിളിക്കാറുള്ളതാണ്. ഇക്കൊല്ലം ആദ്യത്തെ കോള്‍ മോളുടേതാണ്'. ടീച്ചർ പറഞ്ഞു. ഒരുകാലത്ത് ഏറ്റവും നല്ല അധ്യാപികക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ഉഷാ കുമാരി ടീച്ചറുടെ കയ്യിലിന്ന് ചോക്കിന് പകരം ചൂലാണ്.

ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളായിരുന്നു ഉഷാ കുമാരി ടീച്ചര്‍. പിന്നീട് വിദ്യാഭ്യാസ വകുപ്പ് വെച്ചു നീട്ടിയത് തൂപ്പുക്കാരിയെന്ന തസ്തിക. അതും ഏറെ സന്തോഷത്തോടെ ടീച്ചര്‍ ഏറ്റുവാങ്ങി. വീട്ടുകാരില്‍ നിന്നും മറ്റും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ടീച്ചര്‍ ആ ജോലി സന്തോഷത്തോടെ തുടരുന്നു. ഇന്ന് ടീച്ചര്‍ പേരൂര്‍ക്കടയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൂപ്പു ജോലിക്കാരിയാണ്. സഹ അധ്യാപകര്‍ക്ക് ടീച്ചറെ എന്തുവിളിക്കണമെന്ന് ആശങ്ക നിഴലിക്കുമ്പോള്‍ ടീച്ചര്‍ ഏറെ ആവേശത്തോടെ തന്റെ ജോലികള്‍ ചെയ്തു തീര്‍ക്കുന്നു.

എന്നാല്‍ അഗസ്ത്യരുടെ മക്കളെ ഓര്‍ക്കുമ്പോള്‍ ടീച്ചര്‍ക്കിന്നും ഏറെയുണ്ട് പറയാന്‍. മുപ്പതാം വയസിലാണ് കാറ്റും കോളുമുള്ള കാടിനുള്ളിലേക്ക് ടീച്ചര്‍ യാത്ര ആരംഭിക്കുന്നത്. തനിച്ചായിരുന്നു യാത്രകള്‍. രാവിലെ അമ്പൂരിയിലെ വീട്ടിലെ പണികളൊതുക്കി കാരിക്കുഴി കടവിലെത്തും. പിന്നീട് ഒരു കാലി ചായയും കുടിച്ച് കടത്തു വള്ളത്തിലേറി കുട്ടികളുടെ അരികിലേക്കും. രണ്ട് മണിക്കൂറാണ് കാട്ടിലൂടെയുള്ള യാത്ര. തലയില്‍ ചുമടും കൈയ്യില്‍ ഊന്നുവടിയുമായി. ആസ്ത്മ രോഗിയായ ടീച്ചറെ ഒരിക്കല്‍പ്പോലും കുന്നും മലയും ചതിച്ചിട്ടില്

ഏകദേശം പതിനാറോളം കാണിക്കാര്‍ വിഭാഗത്തിലെ കുട്ടികളായിരുന്നു ടീച്ചറുടെ തണലില്‍ ഉണ്ടായിരുന്നത്. ശമ്പളം മുടങ്ങിയ സാഹചര്യം നിലനിന്നിരുന്നപ്പോള്‍ പോലും ടീച്ചര്‍ കാട്ടിലേക്ക് ചെല്ലുന്നതില്‍ മുടക്കം വരുത്തിയിരുന്നില്ല. തങ്ങളെ മക്കളെ പോലെ ചേര്‍ത്തു നിര്‍ത്തിയ അധ്യാപികയെ അവര്‍ക്കിന്നും ഏറെ പ്രിയമാണ്. അതിനാല്‍ തന്നെ കാടിറങ്ങിയിട്ടും ഇന്നും ടീച്ചറെ അവര്‍ വിളിച്ച് അന്വേഷിക്കുന്നു. തിരികെ വരാന്‍ ആവശ്യപ്പെടുന്നു.

അഗസ്ത്യ മലയിലേക്ക് കയറിയതിനുശേഷം നാടിനേക്കാള്‍ ബന്ധം കാടുമായിട്ടായിരുന്നു ടീച്ചര്‍ക്ക്. അതിനാല്‍ തന്നെ ഇത്തണത്തെ ഓണാഘോഷം കാട്ടിലല്ലോയെന്നുള്ള സങ്കടം ടീച്ചര്‍ പങ്കുവെച്ചതിനോടൊപ്പം അവരുടെ ക്ഷണവും ടീച്ചര്‍ എടുത്തു പറഞ്ഞു. 'ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയത്ത് എല്ലാ ആഘോഷങ്ങളും നടത്തുമായിരുന്നു. കുട്ടികളേയും അവരുടെ മാതാപിതാക്കളേയും പരിപാടിയിലേക്ക് ക്ഷണിക്കും. ഇത്തവണ ഞാന്‍ അവിടെ ഇല്ലാത്തതില്‍ അവര്‍ക്ക് നല്ല സങ്കടമുണ്ട്. അവരെന്നെ വിളിച്ചിരുന്നു'.

എന്നാല്‍ കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്റെ ശമ്പളം കൊണ്ട് കുടുംബം കരക്കടുപ്പിക്കാന്‍ പാടുപ്പെടുന്നതിനാല്‍ ടീച്ചര്‍ക്ക് സ്‌കൂളില്‍ അവധിയെടുക്കാന്‍ സാധിക്കില്ല. ടീച്ചര്‍ പഠിപ്പിച്ച മക്കളില്‍ പലരും ഇന്ന് കാടിറങ്ങി അധ്യാപകരായി ജീവിതം പുലര്‍ത്തുമ്പോള്‍ ടീച്ചര്‍ അധ്യാപക വേഷം അഴിച്ചുവെച്ച് തൂപ്പു ജോലി തുടരുകയാണ്. പരാതികളില്ലാതെ. 'ഇനി ഇതിന്റെ പുറകെ നടക്കാനും വയ്യ. എന്റെ കാര്യം മാത്രമല്ല. എന്റെ കൂടെയുള്ളവര്‍ക്ക് വേണ്ടി കൂടിയാണ് ചോദിക്കുന്നത്. ഈ നിലയിലേക്ക് തരം താഴ്ത്താന്‍ എങ്ങനെ മനസ്സുവന്നു?'.

logo
The Fourth
www.thefourthnews.in