രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിച്ച പത്ത് സംഭവങ്ങള്‍

രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിച്ച പത്ത് സംഭവങ്ങള്‍

കേരളപ്പിറവി മുതൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വഴിത്തിരിവായ 10 സംഭവങ്ങൾ രാഷ്ട്രമീമാംസകനായ ഡോ. ജെ പ്രഭാഷ് തിരഞ്ഞെടുക്കുന്നു
Updated on
3 min read

ഏറ്റവും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ജനങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സജീവമായ തൊഴിലാളി വര്‍ഗ സംസ്‌കാരവും സുദൃഢമായ രാഷ്ട്രീയ മുന്നണികളുമാണ് കേരളത്തെ രാഷ്ട്രീയ അതിപ്രസരമുള്ള സംസ്ഥാനമായി വിലയിരുത്താന്‍ പല നിരീക്ഷകരെയും പ്രേരിപ്പിക്കുന്നത്.

കേരളപ്പിറവി മുതല്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായ 10 സംഭവങ്ങള്‍ തിരഞ്ഞെടുക്കുകയെന്നത് അതിനാല്‍ തന്നെ ഏറെ ആയാസകരമായ പ്രക്രിയയാണ്. എങ്കിലും, തിരഞ്ഞെടുപ്പ് അനിവാര്യമായ സ്ഥിതിക്ക്, ഞാന്‍ നിര്‍ദേശിക്കുന്ന 10 രാഷ്ട്രീയ വഴിത്തിരിവുകള്‍ ഇവയാണ്:

രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിച്ച പത്ത് സംഭവങ്ങള്‍
മലയാളികളുടെ ഭാവുകത്വത്തെ മാറ്റി മറിച്ച പത്തു നോവലുകൾ

ഒന്നാം ഇഎംഎസ് മന്ത്രിസഭ, വിമോചന സമരം, പിരിച്ചുവിടൽ (1957 - 1959)

സംസ്ഥാനം രൂപം കൊണ്ട് മാസങ്ങള്‍ക്കകം ആഗോള ശ്രദ്ധ നേടാനുള്ള നിയോഗം കേരളത്തിനുണ്ടായി. ബാലറ്റ് വഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയതാണ് അതിന് കാരണമായത്. 1957 ഏപ്രില്‍ അഞ്ചിന് ഇഎംഎസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നു. സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമിട്ട് ചില നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. തുടര്‍ന്ന്, കേരളമാകെ സര്‍ക്കാരിനെതിരെ മത, സാമുദായിക ശക്തികള്‍ കൈകോര്‍ത്തു വിമോചന സമരം നടത്തുന്നു. ഒടുവില്‍, പല കോണില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോള്‍ 1959 ജൂലൈ 31ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുന്നു.

രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിച്ച പത്ത് സംഭവങ്ങള്‍
താമസമെന്തെ വരുവാനും പൊന്‍വെയില്‍ മണിക്കച്ചയും ജി വേണുഗോപാലിന്റെ മലയാളത്തിലെ 10 ഇഷ്ടഗാനങ്ങള്‍

മുന്നണി രാഷ്ട്രീയത്തിന്റെ പിറവി (1960)

രണ്ടാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് കേരള രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയ മുന്നണി രാഷ്ട്രീയത്തിന്റെ ആദ്യ പരീക്ഷണം നടക്കുന്നത്. 1960ല്‍ കോണ്‍ഗ്രസും പി എസ് പിയും മുസ്ലിം ലീഗും ചേര്‍ന്നുള്ള മുക്കൂട്ടുമുന്നണി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തു.

രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിച്ച പത്ത് സംഭവങ്ങള്‍
മുരളി ഗോപി തിരഞ്ഞെടുക്കുന്നു മലയാളത്തിലെ 10 മികച്ച സിനിമകൾ

കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പ് (1964)

കോണ്‍ഗ്രസിലെ ശക്തനായ ക്രിസ്ത്യന്‍ നേതാവ് പി ടി ചാക്കോയ്ക്ക് പാര്‍ട്ടിയില്‍ നേരിടേണ്ടി വന്ന അവഗണനയും തുടര്‍ന്ന് അദ്ദേഹത്തിന്റെ അകാല നിര്യാണവും 1964ല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണത്തിന് കാരണമായി. കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസ് പിന്നീട് പല കഷണങ്ങളായി പിരിഞ്ഞെങ്കിലും ഇരുമുന്നണികളുടെയും ഭരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പ്രാദേശിക കക്ഷിയായി തുടരുന്നു. ആ വര്‍ഷം തന്നെയാണ് വര്‍ഗസമരവും വര്‍ഗസഹകരണവും എന്ന ആശയപ്പോരാട്ടത്തിനൊടുവില്‍ ദേശീയതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപമെടുക്കുന്നത്. കേരളത്തില്‍ നേതാക്കള്‍ അധികവും സിപിഐയിലും അണികള്‍ ഏറെയും സിപിഐഎമ്മിലുമായാണ് പിളര്‍പ്പ് പൂര്‍ത്തിയായത്.

സപ്തകക്ഷി സർക്കാർ (1967)

രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരത്തിലേറുന്നത് വിശാലമായ സപ്തകക്ഷി മുന്നണിയുടെ ഭാഗമായാണ്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സിപിഐഎം നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായിരുന്നു. ചെറു കക്ഷികള്‍ക്ക് സ്വന്തമായ നിലനില്‍പ്പ് ലഭിക്കുന്നതിനൊപ്പം ദേശീയ കക്ഷികളുടെ അംഗീകാരം ലഭിക്കാനും പില്‍ക്കാലത്ത് പലവിധ മാറ്റംമറിച്ചിലുകള്‍ മുന്നണി ബന്ധങ്ങളില്‍ പരീക്ഷിക്കാനുമൊക്കെ വഴിയൊരുക്കിയത് സപ്തകക്ഷി മുന്നണി പരീക്ഷണമായിരുന്നു.

സിപിഐ-കോൺഗ്രസ് മുന്നണി സർക്കാർ (1969)

ഇഎംഎസ് സര്‍ക്കാര്‍ വീണപ്പോള്‍ സിപിഐ കോണ്‍ഗ്രസിനോട് കൈകോര്‍ത്ത് പുതിയ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. സിപിഐ നേതാവ് സി അച്യുതമേനോന്‍ നയിച്ച ഈ സര്‍ക്കാര്‍ 1970ല്‍ തുടര്‍ഭരണത്തിനുള്ള ജനവിധിയും നേടി. 1977 വരെ കേരളം ഭരിച്ചു. ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യക്ഷ പിന്തുണ കോണ്‍ഗ്രസിന് നല്‍കിയത് 69ലെ ഈ പരീക്ഷണത്തിലാണ്. 

അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ അവധി (1977 -1979)

അടിയന്തരാവസ്ഥ കേരളത്തിന് ഒരു രാഷ്ട്രീയ അവധിക്കാലമായിരുന്നു. വളരെയേറെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവെന്ന് കരുത്തപ്പെട്ട ഒരു ജനത പ്രക്ഷോഭങ്ങള്‍ക്കൊക്കെ അവധി നല്‍കി അടിച്ചേല്പിക്കപ്പെട്ട പട്ടാള ചിട്ട ആസ്വദിച്ച് ജീവിക്കുന്ന കാഴ്ച്ച അത്ഭുതമായിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ - കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ മുന്നണിയെ വീണ്ടും തിരഞ്ഞെടുത്ത വോട്ടര്‍മാര്‍ സമയത്ത് ബസും ട്രെയിനും ഓടുന്നതും സമരമില്ലാത്ത സര്‍ക്കാര്‍ ഓഫിസുകളുമാണ് പൂര്‍ണ സ്വാതന്ത്ര്യത്തേക്കാള്‍ തങ്ങള്‍ക്കു പഥ്യം എന്ന സന്ദേശവും നല്‍കി. ദേശീയതലത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധതരംഗം (ജനതാതരംഗം) ഇന്ദിരഗാന്ധിയെയും കോണ്‍ഗ്രസിനെയും കടപുഴക്കിയപ്പോഴാണ് കേരളം ദിശമാറി സഞ്ചരിച്ചത്.

ഇ കെ നായനാർ മന്ത്രിസഭ (1987)

1982ല്‍ ജാതി, മത സംഘടനകളെയെല്ലാം കോര്‍ത്തിണക്കി കെ. കരുണാകരന്‍ ഉണ്ടാക്കിയ മന്ത്രിസഭ അതിന്റെ സ്വഭാവത്തിലും അത്തരം ചേരിതിരിവുകള്‍ കാട്ടി. വര്‍ഗീയ കക്ഷികളെ പൂര്‍ണമായി മാറ്റിനിര്‍ത്തി ഒരു മതേതര മുന്നണിക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു 1987ലേത്. കേരളത്തിന്റെ മതേതര സ്വഭാവം ഊട്ടിയുറപ്പിച്ച സര്‍ക്കാര്‍ എന്ന നിലയിലാണ് അന്നത്തെ ഇ കെ നായനാര്‍ മന്ത്രിസഭ പ്രസക്തമാകുന്നത്.

ജില്ലാ കൗൺസിൽ രൂപീകരണം (1990)

അധികാര വികേന്ദ്രീകരണത്തില്‍ കേരളം കൈക്കൊണ്ട സുപ്രധാനമായ തീരുമാനമായിരുന്നു ജില്ലാ കൗണ്‍സില്‍ രൂപീകരണം. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തീരാജ് നഗരപാലിക നിയമം കൊണ്ടുവന്നതോടെ ഈ സംവിധാനം ഇല്ലാതായി. എങ്കിലും അതിനുള്ള മുന്നൊരുക്കം ആദ്യം നടത്തിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ പങ്ക് ശ്രദ്ധേയമായി. പിന്നീട്, 1996ല്‍ ജനകീയാസൂത്രണ പ്രസ്ഥാനം ജന്മമെടുത്തത് ഇതിന്റെ തുടര്‍ച്ചയായി വിലയിരുത്താം.

പാളിപ്പോയ രാഷ്ട്രീയ പരീക്ഷണം (1991)

ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെ പതിമൂന്ന് ജില്ലകളിലും ഇടതുമുന്നണിക്കുണ്ടായ ത്രസിപ്പിക്കുന്ന വിജയം ഇടതുമുന്നണിയെ ഭരണത്തുടര്‍ച്ചയെന്ന സ്വപ്നത്തിലേക്ക് നയിച്ചു. അതാണ്, കാലാവധി തീരാന്‍ ഒരുവര്‍ഷം ബാക്കിയുള്ള സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്. എന്നാല്‍ രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് കാരണമായി.

വി എസ്, പിണറായി മന്ത്രിസഭകൾ (2006, 2016)

വി എസ് അച്യുതാന്ദന്‍ കേരളത്തിലെ മുഖ്യമന്ത്രിയായി 2006ല്‍ തിരഞ്ഞെടുക്കപ്പെടുന്നത് പ്രതീക്ഷകളുടെ വന്‍ ഭാരവുമായാണ്. അതിന് മുന്‍ വര്‍ഷങ്ങളില്‍ വി എസ് കടന്നുപോയ ഒരു ആത്മപരിവര്‍ത്തനം അദ്ദേഹത്തെ കണിശക്കാരനായ പാര്‍ട്ടി നേതാവില്‍ നിന്ന് ജനപ്രിയ മുഖ്യമന്ത്രിയായി പതിയെ മാറ്റി. വി എസ് മന്ത്രിസഭ തനത് കമ്മ്യുണിസ്റ്റ് മൂല്യങ്ങള്‍ കുറെയെങ്കിലും ഉള്‍ക്കൊണ്ട്, പരിപാടികളിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച അവസാന മന്ത്രിസഭയായിരുന്നുവെന്ന് വിലയിരുത്താം.

10 വര്‍ഷത്തിനുശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ നയങ്ങളിലും പരിപാടികളിലും കമ്മ്യൂണിസ്റ്റ് ആശയഗതികളില്‍ നിന്ന് ഭിന്നമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണ്.

logo
The Fourth
www.thefourthnews.in