തട്ടിപ്പിനിരയായി എത്തിയ കുട്ടികളെ പറ്റിക്കുന്ന മലയാളി മുതലാളിമാർ, ലണ്ടനിലെ പട്ടിണി പഠനം|ദ ഫോർത്ത് അന്വേഷണപരമ്പര-3

തട്ടിപ്പിനിരയായി എത്തിയ കുട്ടികളെ പറ്റിക്കുന്ന മലയാളി മുതലാളിമാർ, ലണ്ടനിലെ പട്ടിണി പഠനം|ദ ഫോർത്ത് അന്വേഷണപരമ്പര-3

പഠനത്തിനായി പുറപ്പെടുമ്പോള്‍ എന്താകും മനസ്സില്‍? പഠിക്കാം, പാര്‍ടൈം ജോലി ചെയ്യാം. അങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് ജീവിതച്ചെലവുകള്‍ മറികടക്കാം, ഫീസടയ്ക്കാം, നാട്ടിലെ ബാങ്ക് വായ്പ തീര്‍ക്കാം. പക്ഷേ, യുകെയിലെത്തുമ്പോഴാണ് പലരും വസ്തുത തിരിച്ചറിയുന്നത്. ഒരുനേരത്തെ ഭക്ഷണം വാങ്ങാൻ പോലും പണമില്ലാത്തവരുണ്ട്
Updated on
3 min read

കൊടുംതണുപ്പുള്ള ഡിസംബറിലെ ഒരു രാത്രി. ലണ്ടന്‍ നഗരത്തിലെ ഈസ്റ്റ്ഹാമില്‍ പാതയോരത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ സൗജന്യ ഭക്ഷണത്തിനായി വരിനില്‍ക്കുന്നു. ഭൂരിഭാഗം പേരും മലയാളികള്‍. എല്ലുതുളയ്ക്കുന്ന ശീതക്കാറ്റും രക്തംകട്ടപിടിക്കുന്ന കൊടും തണുപ്പും. അത് വകവെക്കാതെ ഈ കുട്ടികള്‍ ഇവിടെ കാത്തുനില്‍ക്കുന്നത് ഒരു നേരത്തെ ഭക്ഷണം വെറുതെ കിട്ടുമെങ്കില്‍ അതിനായിട്ടാണ്.

ഈസ്റ്റ് ഹാമിലെ ഒരു ഇന്ത്യന്‍ ക്ഷേത്രത്തിനു സമീപത്തെ നടപ്പാതയിലൂടെ നീളുന്ന വരി. ശൈത്യകാലത്ത് ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് ലണ്ടനിലെ റോഡരികിലെ ഇത്തരം സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍. ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയും സ്വപ്നം കണ്ട് ലക്ഷങ്ങള്‍ മുടക്കി ബ്രിട്ടനിലേക്കുവന്ന വിദ്യാര്‍ഥികളാണ് ഇവരെല്ലാം. വിദ്യാര്‍ഥികളും അവരുടെ ആശ്രിതരുമൊക്കെയുണ്ട് ഈ വരിയില്‍. ഈ ഒരൊറ്റ കാഴ്ചയില്‍ ആകാശത്തോളം സ്വപ്നങ്ങളുമായി ബ്രിട്ടനിലെത്തുന്നവരുടെ അവസ്ഥ എന്താണെന്നതിന്റെ പരിച്ഛേദമുണ്ട്. ബ്രിട്ടനിലേക്ക് ജീവിതം തേടി വരുന്ന എല്ലാവരുടെയും അവസ്ഥ ഇതാണെന്നല്ല. പക്ഷേ, ഭൂരിഭാഗം പേരുടെയും അവസ്ഥ സമാനമാണ്.

തട്ടിപ്പിനിരയായി എത്തിയ കുട്ടികളെ പറ്റിക്കുന്ന മലയാളി മുതലാളിമാർ, ലണ്ടനിലെ പട്ടിണി പഠനം|ദ ഫോർത്ത് അന്വേഷണപരമ്പര-3
ബിരുദം എംബിഎയും എൻജിനീയറിങ്ങും, ജോലി കെയർ ഹോമിലെ അസിസ്റ്റന്റ് കെയറർ; യുകെയില്‍ വിദ്യാർഥികളുടെ അതിജീവനം; ദ ഫോർത്ത് അന്വേഷണപരമ്പര-2

ക്യാമറയില്‍ മുഖം കാട്ടാന്‍ പലരും വിസമ്മതിച്ചു. ഈ കാഴ്ചകളൊന്നും നാട്ടില്‍ കാണിച്ച് രക്ഷിതാക്കളെ സങ്കടത്തിലാക്കരുതെന്ന് അഭ്യര്‍ഥിച്ചു. അതിനാൽ ഞങ്ങളോട് സംസാരിച്ചവര്‍ ആരൊക്കെയാണെന്ന് പറയുന്നില്ല. ആഴ്ചയില്‍ ഒരു ദിവസം അതിരാവിലെ മുതല്‍ അര്‍ധരാത്രി വരെ ഇതുപോലെ നമ്മുടെ കുട്ടികള്‍ ഇവിടുത്തെ സൗജന്യഭക്ഷണ വിതരണകേന്ദ്രത്തിനു മുന്നില്‍ കാത്തുനില്‍ക്കും. മണിക്കൂറുകള്‍ നില്‍ക്കണം ഭക്ഷണസാധനങ്ങള്‍ വാങ്ങുന്ന കൗണ്ടറിന് സമീപത്തെത്താന്‍. യുകെയിലേക്ക് പഠിക്കാനായി ഒരു വിദ്യാര്‍ഥി പുറപ്പെടുമ്പോള്‍ എന്താകും മനസ്സില്‍? പഠിക്കാം, പാര്‍ടൈം ജോലി ചെയ്യാം. അങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് ജീവിതച്ചെലവുകള്‍ മറികടക്കാം, ഫീസടയ്ക്കാം, നാട്ടിലെ ബാങ്ക് വായ്പ തീര്‍ക്കാം. പക്ഷേ, യുകെയില്‍ എത്തിക്കഴിയുമ്പോഴാണ് പലരും വസ്തുത തിരിച്ചറിയുന്നത്. ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കഴിക്കാന്‍ പോലും പണമില്ലാത്ത കുട്ടികളുണ്ട്. ചെലവ് നിയന്ത്രിക്കാന്‍ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന കുട്ടികളുമുണ്ട്. ഇവരെല്ലാവരും ലക്ഷങ്ങള്‍ മുടക്കി യുകെയിലെ സര്‍വകലാശാലകളില്‍ പഠിക്കാനെത്തിയവരാണെന്നത് ഓര്‍ക്കണം.

ലണ്ടനിലെ തെരുവിൽ ഭക്ഷണപദാർഥങ്ങൾക്കായി വരിനിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ
ലണ്ടനിലെ തെരുവിൽ ഭക്ഷണപദാർഥങ്ങൾക്കായി വരിനിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികൾപി ആർ സുനിൽ

ഇത്രയൊക്കെ ത്യാഗം സഹിച്ച് പഠിച്ചശേഷം ഇവര്‍ക്കു മെച്ചപ്പെട്ട ജോലി കിട്ടുമെങ്കില്‍ കുഴപ്പമില്ല. അവിടെയാണ് പ്രശ്നം. പഠനകാലത്തെ ഈ ദുരിതങ്ങള്‍ തുടര്‍ന്നുള്ള ജീവിതത്തിലും ഈ കുട്ടികള്‍ നേരിടേണ്ടിവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍നിന്നുള്ള ജോസഫ് എന്ന വിദ്യാര്‍ഥി (പേര് യഥാര്‍ത്ഥമല്ല) പറഞ്ഞത് വലിയ ജീവിതച്ചെലവാണ് യുകെയിലെന്നാണ്. ഒരു ചായ കുടിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് പൗണ്ട് കൊടുക്കണം. ബര്‍ഗറിന് അഞ്ച് മുതൽ 10 പൗണ്ട് വരെ വേണം. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുക ഒരിക്കലും നടക്കാത്ത കാര്യമാണ്. വീട്ടില്‍ ഭക്ഷണമുണ്ടാക്കണമെങ്കിലും ചെലവ് വരും. പഠിക്കുന്ന കാലത്ത് കുട്ടികള്‍ക്ക് പാര്‍ട്‌ടൈം ജോലികള്‍ കിട്ടും. അതിലൂടെ കുറച്ച് പൗണ്ടുകള്‍ നേടാം. പക്ഷേ, അത് വീട്ടുവാടക കൊടുക്കാനേ തികയൂ. സൗജന്യ ഭക്ഷണകേന്ദ്രത്തില്‍നിന്ന് ചിലപ്പോള്‍ ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധാനങ്ങള്‍ വരെ കിട്ടും. ഗോതമ്പ് പൊടി, എണ്ണ, അരി ഉള്‍പ്പടെയുള്ളവ. അതുകൊണ്ട് പട്ടിണി കിടക്കാതെ രക്ഷപ്പെടാം.

ലണ്ടനില്‍ മലയാളിക്കുട്ടികളെ പറ്റിക്കുന്ന മലയാളി മാഫിയകള്‍

ഭക്ഷണ പ്രതിസന്ധി കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് നാലോ അഞ്ചോ പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന വീടുകളില്‍ പത്തും പതിനേഴും കുട്ടികള്‍വരെ താമസിക്കുന്ന സാഹചര്യം. ഇതിനുപിന്നില്‍ മലയാളികള്‍ തന്നെ ഉള്‍പ്പെട്ട വലിയ മാഫിയകളാണ് പ്രവര്‍ത്തിക്കുന്നതെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ലണ്ടനിലെ വിദ്യാര്‍ഥികളാ‍യ വിശാലും ജിബിനുമൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. പതിനേഴുപേര്‍ ഒരു കൊച്ചുവീട്ടില്‍ ‍ഞെങ്ങി ഞെരുങ്ങി ജീവിക്കുന്ന സാഹചര്യം. ചിലപ്പോള്‍ ഒരു ടോയ്‌ലറ്റ് മാത്രമാകും ഉണ്ടാവുക. ചിലപ്പോള്‍ രണ്ടെണ്ണം. പെണ്‍കുട്ടികളും ഇത്തരം താമസസ്ഥലങ്ങളില്‍ കുടുങ്ങിപ്പോകും. നരകജീവിതമായിരിക്കും ഇവര്‍ക്ക് ഈ കാലം.

തട്ടിപ്പിനിരയായി എത്തിയ കുട്ടികളെ പറ്റിക്കുന്ന മലയാളി മുതലാളിമാർ, ലണ്ടനിലെ പട്ടിണി പഠനം|ദ ഫോർത്ത് അന്വേഷണപരമ്പര-3
ഒറ്റ ബ്രിട്ടീഷ് വിദ്യാര്‍ഥി പോലുമില്ല, മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികളെ വഴിയാധാരമാക്കി ബ്രിട്ടനിലെ തട്ടിക്കൂട്ട് സർവകലാശാലകൾ; ദ ഫോർത്ത് അന്വേഷണം

ലണ്ടന്‍ നഗരത്തില്‍ ഒരു വീടിന് ചുരുങ്ങിയത് 1500 മുതല്‍ 2000 പൗണ്ട് വരെ വാടക വരും. ചില മലയാളി ഏജന്റുമാര്‍ ഇത്തരം വീടുകള്‍ ഏറ്റെടുക്കും. പിന്നീട് 500 പൗണ്ട് വാടക വാങ്ങി 15 മുതല്‍ 20 വരെ കുട്ടികളെ ആ വീട്ടില്‍ താമസിപ്പിക്കും. അങ്ങനെ 2000 പൗണ്ടിന്റെ വീടിന് അവര്‍ 10,000 പൗണ്ട് വാടക വാങ്ങി കൊള്ളലാഭം കൊയ്യും. ഇനി ഏജന്റ് വഴിയല്ലാതെ വിദ്യാര്‍ഥികള്‍ നേരിട്ട് വീടെടുക്കാന്‍ പോയാല്‍ ഒരിടത്തും വീട് കിട്ടുകയുമില്ല. കാരണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാഫിയസംഘങ്ങളുടെ നിയന്ത്രണത്തിലാകും പല മേഖലയിലെയും വീടുകള്‍. പ്രത്യേകിച്ച് ലണ്ടന്‍ നഗരത്തില്‍. ഏറ്റവും അധികം മലയാളികളുള്ള ഈസ്റ്റ് ഹാം മേഖലയില്‍. ഇവിടുത്തെ ചില വ്യാപാരികളായ മലയാളികള്‍ ഇത്തരം മാഫിയാസംഘങ്ങളുടെ ഭാഗമാണ്.

ലണ്ടനിലെ ഇന്ത്യൻ വിദ്യാർഥികൾ
ലണ്ടനിലെ ഇന്ത്യൻ വിദ്യാർഥികൾപി ആർ സുനിൽ

ഈസ്റ്റ് ഹാമിലെ തെരുവിലൂടെ നടന്നാല്‍ ഇരുവശത്തും നിരവധി മലയാളി ഷോപ്പുകള്‍ കാണാം. ഹോട്ടലുകളും സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കടകളും. നമ്മുടെ നാട്ടിലെ എല്ലാ വിഭവങ്ങളും ഇവിടെ കിട്ടും. ലണ്ടന്‍ നഗരത്തിലെ ഒരു മലയാളി കേന്ദ്രമെന്ന് വേണമെങ്കില്‍ പറയാം. ഈ പ്രദേശത്തെ സര്‍വകലാശാലകളില്‍ പഠിക്കുന്ന കൂട്ടികളി‍ല്‍ ഭൂരിഭാഗവും പാര്‍ടൈം ജോലി ചെയ്യുന്നത് ഈസ്റ്റ് ഹാമിലെ വ്യാപാര സ്ഥാപനങ്ങളിലാണ്. പഠനകാലത്ത് ആഴ്ചയില്‍ 20 മണിക്കൂറാണ് കുട്ടികള്‍ക്ക് പാര്‍ടൈം ജോലി ചെയ്യാന്‍ സാധിക്കുക. നിയമപരമായും അല്ലാതെയും പാര്‍ടൈം ജോലികള്‍ കിട്ടും. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് 11 പൗണ്ട് ഒരു മണിക്കൂറിന് ലഭിക്കും. അല്ലാത്തവര്‍ക്ക് കാഷിന്‍ ഇന്‍ ഹാൻഡായി അഞ്ചോ ആറോ പൗണ്ട് കിട്ടും.

നിയമപരമല്ലാതെ ജോലി ചെയ്യുന്ന കുട്ടികളെ സ്ഥാപനമുടമകള്‍ പറ്റിക്കുന്നതും നിത്യസംഭവമാണ്. കാരണം നിയപരമായി ജോലി ചെയ്യുന്നവര്‍ക്കു പണം നല്‍കിയേ മതിയാകൂ. നിയമപരമല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ പരാതിപ്പെടാനാകില്ല. അങ്ങനെ ഏജന്‍സികളുടെ തട്ടിപ്പില്‍പ്പെട്ട് യുകെയിലെത്തിയ കുട്ടികളെ അവിടെയും നമ്മുടെ മലയാളി മുതലാളിമാര്‍ പറ്റിക്കുന്നു. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ യുകെയില്‍ നടത്തിയ യാത്രയില്‍ നിരവധിപേര്‍ പറഞ്ഞു. പലതും അവിശ്വസനീയമായിരുന്നു.

വിദേശത്ത് തുടരാന്‍ വിവാഹം കഴിക്കേണ്ടിവരുന്നവരെ കുറിച്ചാണ് നാളത്തെ റിപ്പോർട്ട്. മുൻദിവസങ്ങളിലെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം:

logo
The Fourth
www.thefourthnews.in