ബിരുദം എംബിഎയും എൻജിനീയറിങ്ങും, ജോലി കെയർ ഹോമിലെ അസിസ്റ്റന്റ് കെയറർ; യുകെയില്‍ വിദ്യാർഥികളുടെ അതിജീവനം; ദ ഫോർത്ത് അന്വേഷണപരമ്പര-2

ബിരുദം എംബിഎയും എൻജിനീയറിങ്ങും, ജോലി കെയർ ഹോമിലെ അസിസ്റ്റന്റ് കെയറർ; യുകെയില്‍ വിദ്യാർഥികളുടെ അതിജീവനം; ദ ഫോർത്ത് അന്വേഷണപരമ്പര-2

യുകെയിലെ പോസ്റ്റ് 92 സര്‍വകലാശാലകളില്‍നിന്ന് എം ബി എ ബിരുദവും എൻജിനീയറിങ് ബിരുദവുമൊക്കെ നേടിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഇന്ന് ജോലി ചെയ്യുന്നത് കെയര്‍ ഹോമുകളിലാണ്
Updated on
2 min read

പഠിച്ച് ഉന്നത ജോലി നേടുകയെന്ന ലക്ഷ്യവുമായിട്ടാണ് പതിനായിരക്കണക്കിന് മലയാളി കുട്ടികള്‍ ഓരോ വര്‍ഷവും യുകെയിലേക്കെത്തുന്നത്. ദ ഫോർത്ത് പ്രസിദ്ധീകരിച്ച ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതുപോലെ കേരളത്തില്‍നിന്ന് യുകെയില്‍ പഠിക്കാനായി എത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും ചേരുന്നത് ഇവിടുത്തെ പോസ്റ്റ് 92 സര്‍വകലാശാലകളിലാണ്. (1992 വരെ പോളിടെക്നിക്കും അതിനുശേഷം സര്‍വ്വകലാശാലകളായി മാറിയതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പോസ്റ്റ് 92 സര്‍വകലാശാലകളെന്ന് വിളിക്കുന്നത്). പോസ്റ്റ് 92 സര്‍വകലാശാലകളില്‍ പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകും? ഇവര്‍ക്കു മെച്ചപ്പെട്ട ജോലി ലഭിക്കുന്നുണ്ടോ?

ഇതേക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് യുകെയിലെ കെയര്‍ ഹോമുകളിലാണ്. വൃദ്ധരെയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെയും പരിപാലിക്കുന്ന കേന്ദ്രങ്ങളാണ് കെയര്‍ ഹോമുകള്‍. യുകെയില്‍ ഇത്തരത്തില്‍ നൂറുകണക്കിനു കെയര്‍ ഹോമുകളുണ്ട്. യുകെയിലെ പോസ്റ്റ് 92 സര്‍വകലാശാലകളില്‍നിന്ന് എം ബി എ, എൻജിനീയറിങ് ബിരുദംനേടിയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഇന്ന് ജോലി ചെയ്യുന്നത് കെയര്‍ ഹോമുകളിലാണ്.

യുകെയിലെ‍ ഒരു സര്‍വകലാശാലയില്‍ മാനേജ്മെന്റ് ബിരുദം നേടിയ കോട്ടയം സ്വദേശി മെല്‍വിനോട് സംസാരിച്ചു. പഠിച്ച വിഷയത്തില്‍ ഒരു ജോലിക്കായി കാത്തിരിക്കുകയാണ് മെല്‍വിന്‍. 2023 ഡിസംബറില്‍ സൗത്താംപ്ടണിലായിരുന്നു മെല്‍വിനെ കണ്ടത്. കോഴ്സ് പൂര്‍ത്തിയാക്കിയ മെല്‍വിന്റെ സഹപാഠികളില്‍ പലരും കെയര്‍ ഹോമുകളില്‍ കയറി. അവിടെ അസിസ്റ്റന്റ് കെയറര്‍മാരായി ജോലി ചെയ്യുകയാണ്. മെല്‍വിനെയും അവര്‍ കെയര്‍ ഹോമിലെ ജോലിക്കായി നിര്‍ബന്ധിക്കുകയാണ്. എന്നാല്‍ പഠിച്ച വിഷയത്തില്‍ തന്നെ ജോലി കിട്ടുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മെല്‍വിന്‍. ജോലി കിട്ടുമോയെന്ന് ഉറപ്പില്ല.

ബിരുദം എംബിഎയും എൻജിനീയറിങ്ങും, ജോലി കെയർ ഹോമിലെ അസിസ്റ്റന്റ് കെയറർ; യുകെയില്‍ വിദ്യാർഥികളുടെ അതിജീവനം; ദ ഫോർത്ത് അന്വേഷണപരമ്പര-2
ഒറ്റ ബ്രിട്ടീഷ് വിദ്യാര്‍ഥി പോലുമില്ല, മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികളെ വഴിയാധാരമാക്കി ബ്രിട്ടനിലെ തട്ടിക്കൂട്ട് സർവകലാശാലകൾ; ദ ഫോർത്ത് അന്വേഷണം

യുകെയിലെ നിരവധി കെയര്‍ ഹോമുകളില്‍ പോയി. അവിടങ്ങളില്‍ അസിസ്റ്റന്റ് കെയറര്‍മാരായി ജോലി ചെയ്യുന്ന നിരവധി മലയാളി യുവതീയുവാക്കളെ കണ്ടു. എല്ലാവരും കടുത്ത മാനസികസമ്മര്‍ദത്തിലാണ്. ഇവരൊക്കെ യുകെയില്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് പലരുടെയും വീടുകളില്‍ അറിയില്ല. പുറത്തുപറയാന്‍ നാണക്കേടാണെന്ന് കുട്ടികള്‍ പ്രതികരിച്ചു. നാട്ടില്‍ എന്‍ജിനീയറായിരുന്നിട്ട് യുകെയില്‍ വന്ന് കെയര്‍ ഹോമുകളില്‍ അസിസ്റ്റന്റ് കെയറര്‍മാരായി ജോലി ചെയ്യേണ്ടി വരുന്നുവെന്നത് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പറഞ്ഞു. പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന ചോദ്യത്തിന്, തിരിച്ചുപോവുക ഇനിയത്ര എളുപ്പമല്ലെന്നായിരുന്നു മറുപടി. ബാങ്ക് വായ്പയും സ്വകാര്യ വായ്പയുമൊക്കെയുണ്ട്. തിരിച്ചുപോയാല്‍ കുടുംബം വലിയ പ്രതിസന്ധിയാലാകും.

യുകെയില്‍ പഠിച്ചാല്‍ നല്ല ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് എല്ലാ കുട്ടികളും വരുന്നത്. പഠനകാലത്ത് പാര്‍ട്‌ടൈം ജോലിയൊക്കെ ചെയ്ത് മുന്നോട്ടുപോകും. പഠനകാലം കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തെ സ്റ്റേ ബാക്ക് സമയമാണ്. ഈ സമയത്തും കുട്ടികള്‍ക്കു ജോലി ചെയ്യാം. ഈ സമയത്തിനുള്ളില്‍ വീസ ഉറപ്പുള്ള ജോലി ലഭിക്കണം. അതല്ലെങ്കില്‍ രണ്ടുവര്‍ഷത്തിനു ശേഷം യുകെയില്‍ തുടരാന്‍ സാധിക്കില്ല. അപ്പോള്‍ എങ്ങനെ യുകെയില്‍ തുടരും. അതിനുള്ള വഴിയാണ് കെയര്‍ ഹോമുകളിലെ അസിസ്റ്റന്റ് കെയറര്‍ തസ്തിക.

ഞാന്‍ കണ്ട ഭൂരിഭാഗം കുട്ടികളും വലിയ അക്ക ശമ്പളം കിട്ടുന്ന ജോലിയും ഇവിടുത്ത ആഡംബര ജീവിതസൗകര്യങ്ങളും ആഗ്രഹിച്ച് വന്നവരാണ്. പക്ഷേ, ഉദ്ദേശിച്ച ജോലിയില്ല പലര്‍ക്കും കിട്ടുന്നത്. കെയര്‍ ഹോം ജോലി നല്ല ജോലിയല്ലെന്നല്ല ഇതിനര്‍ത്ഥം. അത് ചെയ്യാനല്ലല്ലോ ഈ കുട്ടികള്‍ യുകെയില്‍ പഠിക്കാന്‍ വന്നത്.

കെയര്‍ ഹോമുകളിലെ‍ അസിസ്റ്റന്റ് കെയറര്‍മാര്‍

കെയര്‍ ഹോമുകളില്‍ അസിസ്റ്റന്റ് കെയറര്‍മാരാകാന്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം മതി. യഥാര്‍ത്ഥത്തില്‍ ഇതൊരു നഴ്സിംഗ് സ്വാഭാവമുള്ള തൊഴിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരായിരുന്നു ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരില്‍ ഭൂരിഭാഗവും. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടന്‍ പിന്മാറിയശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഒഴുക്ക് നിലച്ചു. പല കെയര്‍ ഹോമുകളില്‍ ജോലി ചെയ്യാന്‍ ആളുകളെ കിട്ടാതായി. അങ്ങനെയാണ് അസിസ്റ്റന്റ് കെയര്‍ മേഖല വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തത്. നഴ്സിങ് പഠിക്കുന്ന, നഴ്സിങ് രംഗത്തേക്ക് കടന്നുവരുന്ന, നഴ്സിങ് ഒരു പ്രൊഫഷനാക്കാന്‍ തീരുമാനിക്കുന്ന ഒരാള്‍ ചെയ്യേണ്ട ജോലി കൂടിയാണ് കെയറിങ്. അത് ചെയ്യാന്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലെ എന്‍ജിനീയര്‍മാരും എം ബി എക്കാരും വരിനില്‍ക്കുകയാണ്. കാരണം യുകെയില്‍ തുടരാനുള്ള വീസക്കുവേണ്ടി.

മൂന്നു വര്‍ഷത്തേക്കാണ് അസിസ്റ്റന്റ് കെയറര്‍ വീസ ലഭിക്കുക. പിന്നീട് കെയര്‍ ഹോം ആവശ്യപ്പെട്ടാല്‍ വീസ നീട്ടിനല്‍കും. കെയറര്‍ ജോലിയെന്നത് വീസ ഉറപ്പുള്ള ജോലിയാണ്. അങ്ങനെ അഞ്ച് വര്‍ഷം തുടര്‍ന്നാല്‍ പെര്‍മനന്റ് റസിഡന്‍സി (പി ആര്‍)ക്കുള്ള യോഗ്യതയാകും. പി ആര്‍ കിട്ടിക്കഴിഞ്ഞാല്‍ എന്ത് ജോലിയും ചെയ്യാമല്ലോ? അതാണ് എല്ലാവരുടെയും പ്രതീക്ഷ.

എന്‍ജിനീയറിങ് ബിരുദം നേടിയ കുട്ടി അഞ്ച് വര്‍ഷം കെയര്‍ ഹോമില്‍ ജോലി ചെയ്ത് പി.ആര്‍ നേടി എന്നുതന്നെ കരുതുക. അഞ്ച് വര്‍ഷത്തിനുശേഷം എന്‍ജിനീയറിങ് രംഗത്ത് എന്ത് ജോലിയാണ് ആ കുട്ടിക്ക് ലഭിക്കുക? കെയര്‍ ഹോമില്‍ വര്‍ക്ക് എക്സ്പീരിയന്‍സുള്ള ഒരാള്‍ക്ക് കെയര്‍ ഹോമില്‍ അല്ലാതെ മറ്റെവിടെയും ജോലി കിട്ടില്ല. പിന്നീട് ഒന്നില്‍ തുടങ്ങണം. എത്ര വര്‍ഷങ്ങള്‍ അങ്ങനെ പാഴാകും. അങ്ങനെ പാഴാക്കിയാലും നിലവിലെ യുകെയിലെ സാഹചര്യം അനുസരിച്ച് നല്ലൊരു ജോലി കിട്ടുക അത്ര എളുപ്പമല്ല. തട്ടിക്കൂട്ട് സര്‍വകലാശാലകളിലെ ബിരുദവും കെയര്‍ ഹോമുകളിലെ‍ വര്‍ക്ക് എക്സ്പീരിയന്‍സും കൊണ്ട് ചില്ലറ ജോലികള്‍ ചെയ്ത് ജീവിതം തള്ളിനീക്കാം. അങ്ങനെ നമ്മുടെ യുവതലമുറ യുകെയില്‍ എല്ലാ സ്വപ്നങ്ങളും വലിച്ചെറിയുന്നവരായി മാറുന്നു.

യുകെയില്‍ പഠിക്കാനെത്തി പട്ടിണി കിടക്കുന്ന മലയാളി കുട്ടികളുണ്ട്. അവരുടെ കഥയാണ് നാളെ.

logo
The Fourth
www.thefourthnews.in