കലിഗ്രഫിയിലൂടെ കലയെ വളര്‍ത്തിയ മനുഷ്യര്‍
കലിഗ്രഫി മേഖലയില്‍ നിരന്തരം പരീക്ഷണം നടത്തുന്ന കലാകാരനാണ് നാരായണ ഭട്ടതിരി. മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളെ അലങ്കരിക്കുന്നതില്‍ കലാവൈഭവം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍ കലിഗ്രഫി മേഖലയില്‍ പ്രഗത്ഭരായ വ്യക്തികളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നാഷണല്‍ കലിഗ്രഫി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും മൂന്ന് ദിവസമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുകയുമാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ടതാണ് നാരായണ ഭട്ടതിരിയുടെ കലിഗ്രഫി ജീവിതം.
ഇന്ത്യന്‍ റുപ്പിയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്ത ഉദയകുമാര്‍ ഈ പരിപാടിയുടെ ഭാഗമായി എന്നതും ശ്രദ്ധേയമാണ്. സംഗീതത്തില്‍ കലിഗ്രഫിയെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന സുരേഷ് കെ നായര്‍, ഈ മേഖലയില്‍ വര്‍ഷങ്ങളായി പരിചയ സമ്പത്തുള്ള ഇന്ദുകുമാര്‍, ഷിപ്ര എന്നിവരും വിദ്യാര്‍ത്ഥികളോട് അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ സന്നിഹിതരായിട്ടുണ്ട്. മലയാള ഭാഷയെ കലിഗ്രഫിയിലൂടെ മനോഹരമായി ആവിഷ്‌കരിച്ച നാരായണ ഭട്ടതിരിയെപ്പറ്റിയാണ് ഇവര്‍ക്കെല്ലാവര്‍ക്കും പറയാനുള്ളത്. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രദര്‍ശനവും കോളേജില്‍ ഒരുക്കിയിട്ടുണ്ട്.