ഗാന്ധിജി കണ്ട ഒരേയൊരു ഇന്ത്യൻ സിനിമ

ഗാന്ധിജി കണ്ട ഒരേയൊരു ഇന്ത്യൻ സിനിമ

സിനിമാവിരോധിയായ അതേ ഗാന്ധിജി ജീവിതത്തിൽ രണ്ട് കഥാസിനിമകൾ കണ്ടു എന്നത് ഇന്നോർക്കുമ്പോൾ അത്ഭുതമുളവാക്കുന്ന കാര്യം
Updated on
2 min read

ചാർളി ചാപ്ലിന് അങ്ങയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് ആരോ വന്നു പറഞ്ഞപ്പോൾ അത്ഭുതത്തോടെ മഹാത്മാഗാന്ധി ചോദിച്ച മറുചോദ്യം ചരിത്രപ്രസിദ്ധം: ``ചാർളി ചാപ്ലിനോ? ആരാണത്?''

അഭിനയ ലോകത്ത് ചാപ്ലിൻ പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുന്ന സമയമായിരുന്നു അതെന്നു കൂടി അറിയുമ്പോഴേ സിനിമയോടുള്ള ഗാന്ധിജിയുടെ മനോഭാവം ശരിക്കും വെളിപ്പെടൂ. മനുഷ്യരെ സദാചാരമൂല്യങ്ങൾ പഠിപ്പിക്കാൻ സിനിമ ഉപയുക്തമാകും എന്ന ആശയത്തോട് തെല്ലും യോജിപ്പില്ലായിരുന്നു അദ്ദേഹത്തിന്. തിയേറ്ററുകൾ നൂൽനൂൽപ്പുകേന്ദ്രങ്ങളാക്കിയാൽ രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്ക് അത് ഉപകാരപ്പെടും എന്ന് ഒരു പ്രാർഥനായോഗത്തിൽ അഭിപ്രായപ്പെടുക കൂടി ചെയ്തു മഹാത്മജി.

സിനിമാവിരോധിയായ അതേ ഗാന്ധിജി ജീവിതത്തിൽ രണ്ട് കഥാസിനിമകൾ കണ്ടു എന്നത് ഇന്നോർക്കുമ്പോൾ അത്ഭുതമുളവാക്കുന്ന കാര്യം. ആദ്യത്തേത് ഒരു ഹോളിവുഡ് ചിത്രമായിരുന്നു: മിഷൻ ടു മോസ്കോ (1943). രണ്ടാമത്തേത് രാംരാജ്യ (1944) എന്ന ഇന്ത്യൻ ചിത്രവും.

ശിഷ്യയായ മീരാബെന്നിന്റെ നിർബന്ധമായിരുന്നു മൈക്കൽ കേർട്ടിസ് സംവിധാനം ചെയ്ത "മിഷൻ ടു മോസ്കോ"കാണാനുള്ള പ്രേരണ. ഡൽഹിയിൽ നരോത്തം മൊറാർജിയുടെ ബംഗ്ലാവിനോട് ചേർന്നുള്ള ഔട്ട്ഹൗസിൽ താമസിക്കുകയാണ് അന്നദ്ദേഹം. മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയോടെ വൈദ്യുതി കണക്ഷൻ കടമെടുത്താണ് ബംഗ്ലാവിലെ ഒരു മുറിയിൽ ഗാന്ധിജിക്ക് വേണ്ടി 1944 മെയ് 21ന് പ്രത്യേക പ്രദർശനം ഒരുക്കിയത് എന്ന് സാക്ഷ്യപ്പെടുത്തുന്നു നരോത്തം മൊറാർജിയുടെ മകൻ ശാന്തികുമാർ.

റഷ്യയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധി ജോസഫ് ഡേവിസിന്റെ ഓർമക്കുറിപ്പുകൾ ആസ്പദമാക്കിയെടുത്ത ചിത്രം പക്ഷേ അര മണിക്കൂറോളമേ കണ്ടിരുന്നുള്ളൂ ഗാന്ധിജി.``അല്പവസ്ത്ര ധാരിണികളായ ചില നർത്തകികൾ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതോടെ രോഷാകുലനായി എഴുന്നേറ്റു സ്ഥലം വിട്ടു അദ്ദേഹം.''--ശാന്തികുമാർ എഴുതുന്നു; ഇനി ഇത്തരം ആഭാസങ്ങൾക്ക് തന്നെ ക്ഷണിക്കരുത് കർശന നിർദേശത്തോടെ.

രണ്ടാഴ്ച കഴിഞ്ഞ് ജൂൺ രണ്ടിന് ജീവിതത്തിലാദ്യമായി ഒരു ``സ്വദേശി'' ചിത്രം കണ്ടു ഗാന്ധിജി -- വിജയ് ഭട്ട് സംവിധാനം ചെയ്ത "രാംരാജ്യ."ഗാന്ധിശിഷ്യനും പടത്തിന്റെ കലാസംവിധായകനുമായ കനു ദേശായിയുടെ ആഗ്രഹപ്രകാരം ജുഹുവിലെ ഒരു തീയേറ്ററിൽ ഇരുന്നാണ് ഗാന്ധിജി പടം കണ്ടത്. സിനിമയുടെ ആശയമാകണം ഗാന്ധിജിയെ അത് കാണാൻ പ്രേരിപ്പിച്ചത്. ശ്രീരാമപട്ടാഭിഷേകത്തിന് ശേഷമുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. രാമനായി പ്രേം അദീബും സീതയായി ശോഭന സമർഥും (മുൻകാല നായികമാരായ നൂതൻ --തനൂജമാരുടെ അമ്മ) അഭിനയിച്ച ചിത്രം അതിനകം ഏറെ ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു.

പടം മുഴുവൻ കണ്ട ശേഷം അപ്പൂപ്പനെ ഗാന്ധിജി പുറത്തുതട്ടി അഭിനന്ദിച്ചു എന്നാണ് സംവിധായകൻ വിജയ് ഭട്ടിന്റെ കൊച്ചുമകൾ ജാഹ്നവിയുടെ ഭാഷ്യം. മൗനവൃത്തത്തിലായിരുന്നുവത്രെ അക്കാലത്ത് മഹാത്മജി. എന്നാൽ വസ്തുത നേരെ മറിച്ചാണെന്ന് രേഖപ്പെടുത്തുന്നു ശാന്തികുമാർ മൊറാർജി.``നാൽപ്പത് മിനിറ്റ് കണ്ട ശേഷം മടുത്ത് എഴുന്നേറ്റ് സ്ഥലം വിട്ടു ഗാന്ധിജി. അത്രയും ശബ്ദായമാനമായിരുന്നു സിനിമ. ഇത്രയും ശബ്ദഘോഷമുള്ള ഒരു ചിത്രം ആളുകൾ എങ്ങനെ ക്ഷമയോടെ കണ്ടിരുന്നു എന്നതിലായിരുന്നു അദ്ദേഹത്തിന് അത്ഭുതം.''

സത്യമെന്തായാലും ജീവിതത്തിൽ ആദ്യമായും അവസാനമായും ഗാന്ധിജി കണ്ട ഇന്ത്യൻ സിനിമ എന്ന പദവി "രാംരാജ്യ"ക്ക് സ്വന്തം. പിന്നീടൊരിക്കലും സിനിമാതിയേറ്ററിലേക്ക് തിരിച്ചുചെന്നില്ല ബാപ്പുജി.

logo
The Fourth
www.thefourthnews.in