മലയാള സിനിമയിൽ കേട്ട എക്കാലത്തെയും മികച്ച കെസ്സുപാട്ടുകളിൽ ഒന്നിന്റെ പിറവിയുടെ കഥ
മിശ്രകീരവാണി രാഗത്തിന്റെ സഞ്ചാരപഥങ്ങളിലൂടെയുള്ള ഗായകന്റെ യാത്ര ചെന്നവസാനിച്ചത് മധുരോദാരമായ ഒരു കെസ്സുപാട്ടിന്റെ പല്ലവിയിൽ, "തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ, വെള്ളിക്കൊലുസിന്മേൽ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയേ..."
ഫ്ലോറിഡയിലെ ടാംപ മ്യൂസിയം ഓഡിറ്റോറിയത്തിലെ വിദേശികൾ മാത്രം നിറഞ്ഞ സദസ് ഒരു മലയാളം സിനിമാഗാനത്തെ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു, കച്ചേരിക്കിടയിലെ ആ "പാട്ടുപരീക്ഷണ"ത്തിന് പിന്നിലെന്ന് ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായൺ. "പാട്ട് തുടങ്ങും മുതൽ അവസാനിക്കും വരെ സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയായിരുന്നു ഹാളിൽ. പാടിത്തീർന്നപ്പോൾ അത്ഭുതകരമായ ഒരു കാഴ്ച്ച കണ്ടു. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. ഭാഷയുടെ എല്ലാ അതിർരേഖകളും മറികടന്ന് ഒരു മലയാളം പാട്ട് ഹൃദയങ്ങൾ കീഴടക്കുന്ന മാജിക്. അല്ലാതെന്തു പറയാൻ ?"
തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "പരദേശി" പ്രദർശിപ്പിക്കുന്നതിനിടെ "തട്ടം പിടിച്ച് വലിക്കല്ലേ" എന്ന ഗാനരംഗം കണ്ട് ഭൂരിഭാഗവും വിദേശികൾ അടങ്ങിയ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് മറ്റൊരു മറക്കാനാവാത്ത അനുഭവം. "ഇന്ത്യയിലും പുറത്തുമുള്ള എത്രയോ വേദികളിൽ പാടിയിട്ടുണ്ട് ആ പാട്ട്. അപ്പോഴെല്ലാം സമാന അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ചിട്ടപ്പെടുത്തുന്ന വേളയിൽ പാട്ട് സിനിമക്കപ്പുറത്തേക്ക് വളരുമെന്നോ ഇത്രയേറെ സ്വീകാര്യത അതിന് ലഭിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ലല്ലോ നമ്മൾ."
തിരുവനന്തപുരത്തെ വീട്ടിലെ സംഗീതമുറിയിലിരുന്ന് രമേഷ് നാരായൺ "തട്ടം പിടിച്ച് വലിക്കല്ലേ"ക്ക് ഈണമിടുമ്പോൾ പരദേശിയുടെ സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദും ഗാനരചയിതാവ് റഫീക്ക് അഹമ്മദുമുണ്ട് ഒപ്പം. "സ്വന്തം സിനിമയിലെ സംഗീതത്തെ കുറിച്ചും പാട്ടുകളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് പി ടി. പാട്ട് അനുയോജ്യമെന്ന് തോന്നിയാൽ ഉടൻ ഓക്കേ ചെയ്യും. ബോധിച്ചില്ലെങ്കിൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ തള്ളിക്കളയും, അതാണ് രീതി."
പരദേശിയിലെ കദീശയുടെ മനസ് മുഴുവനുണ്ടായിരുന്നു റഫീക്കിന്റെ വരികളിൽ; ജനിച്ച നാടിന്റെ പച്ചപ്പ് വിട്ട് മറ്റെങ്ങും പോകാൻ മോഹിക്കാത്ത ഗ്രാമീണ മനസ്. "പല്ലവി വായിച്ചപ്പോൾ ചുണ്ടിലും മനസിലും വന്ന് നിറഞ്ഞത് കീരവാണി രാഗമാണ്. കുറച്ച് നേരം രാഗം വിസ്തരിച്ച ശേഷം തട്ടം പിടിച്ച് വലിക്കല്ലേ എന്ന ആദ്യവരി പാടിയപ്പോൾ പി ടിയുടെ ഭാവപ്പകർച്ച ശ്രദ്ധിക്കുകയിരുന്നു ഞാൻ. കൈകളുയർത്തി വാഹ് വാഹ് എന്ന് ഉരുവിടുന്നു അദ്ദേഹം. "റഫീക്കിന്റെ മുഖത്തും കണ്ടു അതേ തെളിച്ചം. പതിനഞ്ച് മിനിറ്റിനകം പാട്ടിന്റെ ഈണം തയ്യാർ.
"സിനിമയിലെ ആ സിറ്റുവേഷന് വേണ്ടി പാട്ടുണ്ടാക്കാൻ ആവശ്യപ്പെടുമ്പോൾ ഉമ്മയുടെ മുഖമായിരുന്നു ഓർമ്മയിൽ." -- പി ടി കുഞ്ഞിമുഹമ്മദ് പറയുന്നു. "കുട്ടിക്കാലത്തെ കുറിച്ചുള്ള എന്റെ ദീപ്തസ്മരണകളിൽ ഉമ്മ പാടിക്കേട്ട കെസ്സുപാട്ടുകളുമുണ്ട്. രാത്രികളിൽ ചേറ്റുവയിലെ ഞങ്ങളുടെ വീട്ടിൽ വല്യുപ്പയുടെ മുന്നിലിരുന്ന് പാടും ഉമ്മ. വല്യുപ്പക്ക് പാട്ട് വലിയ ഇഷ്ടമായിരുന്നു. രാവിന്റെ നിശ്ശബ്ദതയിലേക്ക് ഉമ്മയുടെ ശബ്ദം ഒഴുകിയെത്തുമ്പോഴത്തെ അനുഭൂതി പറഞ്ഞറിയിക്കുക വയ്യ. കാറ്റുപോലും നിശ്ചലമാകും അപ്പോൾ".
"പരദേശി"യിലെ ഗാനത്തിന്റെ പേരിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡിന്റെ അവസാന ഘട്ടം വരെ എത്തിയ ശേഷം നിർഭാഗ്യം കൊണ്ട് തഴയപ്പെടുകയായിരുന്നു സുജാത
സിനിമയിൽ നാട്ടിൻ പുറത്തുകാരിയായ ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രം പാടുന്ന പാട്ടിൽ പേരിന് പോലും പശ്ചാത്തല സംഗീതം വേണ്ട എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു പി ടി. എന്നാൽ സംഗീത സംവിധായകന് ആ നിർദ്ദേശം ഉൾക്കൊള്ളാൻ മടി. ഇഷ്ടപ്പെട്ട് ചെയ്ത പാട്ട് വാദ്യവിന്യാസമില്ലാത്തത് കൊണ്ട് പാഴായിപ്പോകുമോ എന്നായിരുന്നു രമേഷ് നാരായണിന്റെ ആശങ്ക. വെറുമൊരു തംബുരുവിന്റെ ശ്രുതി പോലും പാട്ടിന്റെ നിഷ്കളങ്ക സൗന്ദര്യത്തെ ബാധിക്കുമെന്നായിരുന്നു പി ടിയുടെ നിലപാട്. ഒടുവിൽ രമേഷിന്റെ ആഗ്രഹത്തിന് വഴങ്ങി തട്ടം പിടിച്ച് വലിക്കല്ലേയുടെ രണ്ട് വേർഷനുകൾ റെക്കോർഡ് ചെയ്യാൻ സമ്മതിക്കുന്നു സംവിധായകൻ. സിനിമയിലെ സന്ദർഭത്തിന് വേണ്ടി ഓർക്കസ്‌ട്രേഷൻ ഇല്ലാതെയും ഡിസ്കിന് വേണ്ടി വാദ്യവൃന്ദത്തോടെയും. "സിനിമയിൽ പാട്ട് ചിത്രീകരിച്ച് കണ്ടപ്പോഴാണ് രമേഷ്ജിക്ക് സമാധാനമായത്. എന്റെ നിലപാട് തന്നെയാണ് ശരിയെന്ന് അതോടെ ബോധ്യമായി അദ്ദേഹത്തിന്."
ഗാനസൃഷ്ടിയുടെ തുടക്കം മുതൽ മനസിലുണ്ടായിരുന്നത് സുജാതയുടെ ശബ്ദമാണെന്ന് രമേഷ് നാരായൺ. മറ്റാരെയും സങ്കൽപ്പിക്കാൻ പോലുമാവില്ലായിരുന്നു ഗായികയായി. സുജാതയുടെ ഭാവപൂർണമായ ആലാപനം അർഹമായ രീതിയിൽ അംഗീകരിക്കപ്പെട്ടില്ല എന്നതിലേയുള്ളൂ ദുഃഖം. "പരദേശി"യിലെ ഗാനത്തിന്റെ പേരിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡിന്റെ അവസാന ഘട്ടം വരെ എത്തിയ ശേഷം നിർഭാഗ്യം കൊണ്ട് തഴയപ്പെടുകയായിരുന്നു സുജാത.
പ്രണയവും പ്രകൃതിയും ഇഴചേർന്ന റഫീക്കിന്റെ വരികളുടെ ആത്മാവിനെ മൃദുവായി ചെന്ന് തൊടുന്നു സുജാതയുടെ ആലാപനം. "പനയോലത്തട്ടികപ്പഴുതിലൂടെ വീണ് ചിതറുന്ന തൂവെളിച്ചം, എന്റെ ചിരിപോലെ ഇന്നൊരാൾ വെറുതെ കൊതിപ്പിച്ച പുലർകാലപ്പൊൻവെളിച്ചം, ഇത്തിരി ഞാനെടുത്തോട്ടെ" എന്ന് ലജ്ജാവിവശയായി സുജാത ചോദിക്കുമ്പോൾ ആരുടെ ഹൃദയമാണ് പ്രണയഭരിതമാകാത്തത്?