പ്രായമാവാത്ത 'പഞ്ചാരപ്പനങ്കിളി'
മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനമാണ് ചിട്ടപ്പെടുത്തേണ്ടതെന്ന് ബിച്ചു തിരുമല വന്നു പറഞ്ഞപ്പോള്‍ സംഗീതസംവിധായകന്‍ ശ്യാം ഒന്ന് ഞെട്ടി. അത്ര പരിചയമുള്ള മേഖലയല്ല. മുന്‍പ് ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകളൊന്നും ചിട്ടപ്പെടുത്തേണ്ടി വന്നിട്ടുമില്ല. എങ്കിലും തോല്‍വി സമ്മതിച്ച് പിന്മാറുന്നതെങ്ങനെ?
''ആദ്യം നല്ല കുറച്ചു മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കട്ടെ എന്നായി ഞാന്‍,'' ശ്യാം ഓര്‍ക്കുന്നു. ബിച്ചുവിനുമില്ല വിരോധം. പക്ഷേ ഒരു പ്രശ്‌നം. അന്ന് എറണാകുളം നഗരത്തില്‍ ഹര്‍ത്താലാണ്. കടകളൊന്നും തുറന്നിട്ടില്ല. പാട്ടാണെങ്കില്‍ വൈകുന്നേരത്തോടെ ചിട്ടപ്പെടുത്തിയേ പറ്റൂ. പിറ്റേന്ന് റെക്കോര്‍ഡ് ചെയ്യേണ്ടതാണ്.
''ഒടുവില്‍ എന്തും വരട്ടെ എന്നുറച്ച് ഞാനും ബിച്ചുവും റോഡിലേക്കിറങ്ങുന്നു. വിജനമാണ് നിരത്തുകള്‍. ഒരു കടയും തുറന്നുവച്ചിട്ടില്ല. വെയിലത്ത് കുറേ നടന്നപ്പോള്‍ അടച്ചിട്ട ഒരു കാസറ്റ് കടയ്ക്കുമുന്നില്‍ അതിന്റെ ഉടമ നില്‍ക്കുന്നു. ഞങ്ങളെ അയാള്‍ക്ക് മനസ്സിലായോ എന്തോ. വേറെ വഴിയില്ലാത്തതുകൊണ്ട് എങ്ങനെയെങ്കിലും കട തുറന്ന് ഒരു മാപ്പിളപ്പാട്ട് കാസറ്റ് എടുത്തുതരണമെന്ന് അപേക്ഷിച്ചു ഞങ്ങള്‍. ആദ്യം മടിച്ചെങ്കിലും ഒടുവില്‍ അയാള്‍ വഴങ്ങി. എനിക്കും ബിച്ചുവിനും ശ്വാസം നേരെ വീണത് കാസറ്റ് കയ്യില്‍ കിട്ടിയപ്പോഴാണ്.''
ഗാനരചയിതാവും സംഗീതസംവിധായകനും തിരിച്ച് ഹോട്ടല്‍ മുറിയിലേക്ക്. ''അവിടെയിരുന്ന് കാസറ്റ് തിരിച്ചും മറിച്ചുമിട്ട് ആവര്‍ത്തിച്ചു കേട്ടു ഞാന്‍. പരമ്പരാഗത ശൈലിയിലുള്ള മാപ്പിളപ്പാട്ടുകളാണ്. ഏതാണ്ട് അരമണിക്കൂറിനകം ഞാന്‍ എന്റേതായ ഒരു ട്യൂണ്‍ ഉണ്ടാക്കി. അതിനിണങ്ങുന്ന വരികള്‍ ബിച്ചു ഏതാനും നിമിഷങ്ങള്‍ക്കകം എഴുതുകയും ചെയ്തു. അങ്ങനെ പിറന്ന പാട്ടാണ് 'അങ്ങാടി'യിലെ 'പാവാട ബേണം മേലാട ബേണം പഞ്ചാരപ്പനങ്കിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്...', സിനിമയില്‍ യേശുദാസിന്റെ ശബ്ദത്തില്‍ കുതിരവട്ടം പപ്പു പാടുന്ന ഗാനം. അതിലെ മാപ്പിള പശ്ചാത്തലത്തിലുള്ള ചില വാക്കുകള്‍ കണ്ടെത്താന്‍ ഒരു മുസ്ലിം സുഹൃത്തിന്റെ സഹായമുണ്ടായിരുന്നു,'' ബിച്ചുവിന്റെ വാക്കുകള്‍.
അതേ പടത്തില്‍ 'കന്നിപ്പളുങ്കേ പൊന്നും കിനാവേ' എന്ന ഒപ്പനപ്പാട്ട് ചെയ്തതും അന്ന് കേട്ട കാസറ്റിന്റെ സ്വാധീനത്തില്‍ തന്നെ. ''മാപ്പിളപ്പാട്ടിനെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ആളാണ് ആ പാട്ടുകള്‍ ചെയ്തതെന്ന് ആരെങ്കിലും വിശ്വസിക്കുമോ?'' അങ്ങാടിയുടെ സംവിധായകന്‍ ഐ വി ശശിയുടെ ചോദ്യം.
ഏതാണ്ട് അര മണിക്കൂറിനകം ഞാന്‍ എന്റേതായ ഒരു ട്യൂണ്‍ ഉണ്ടാക്കി. അതിനിണങ്ങുന്ന വരികള്‍ ബിച്ചു ഏതാനും നിമിഷങ്ങള്‍ക്കകം എഴുതുകയും ചെയ്തു
രണ്ടു പാട്ടും മലയാളികള്‍ ഏറ്റെടുത്തത് മിന്നല്‍ വേഗത്തിലാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി നിലനില്‍ക്കുന്നു 'പാവാട വേണം.' പില്‍ക്കാലത്ത് മാപ്പിളപ്പാട്ട് ശൈലിയിലുള്ള നിരവധി മനോഹര ഗാനങ്ങള്‍ മലയാളികള്‍ക്ക് സൃഷ്ടിച്ചു നല്‍കിയിട്ടുണ്ട് ശ്യാം.
അതേ സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ഗാനം പിറന്ന രസികന്‍ കഥ ഐ വി ശശി പങ്കുവച്ചത് ഇങ്ങനെ: ''അങ്ങാടിയുടെ ചിത്രീകരണവേളയില്‍ 'കാന്തവലയം' എന്നൊരു പടം കൂടി ചെയ്യുന്നുണ്ട് ഞാന്‍. ഷൂട്ടിങ്ങിനിടയ്ക്ക് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍ അങ്ങാടിയിലെ യുഗ്മഗാനത്തിന്റെ സൃഷ്ടിയിലാണ് ശ്യാം. കുറേയേറെ ട്യൂണ്‍ കേള്‍പ്പിച്ചിട്ടും എനിക്ക് തൃപ്തിയാകുന്നില്ല. ഒടുവില്‍ ആയിടയ്ക്ക് കേട്ട എനിക്കിഷ്ടപ്പെട്ട ഒരു ഹിന്ദി പാട്ട് ഞാന്‍ ശ്യാമിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. 'മുഖദ്ദര്‍ കാ സിക്കന്ദറി'ലെ ഓ സാഥീരേ തെരേ ബിനാ ഭി ക്യാ ജീനാ.''
''ഇതുപോലൊരു പാട്ടാണ് എനിക്ക് വേണ്ടത് എന്നു പറഞ്ഞപ്പോള്‍ ശ്യാമിന്റെ മുഖത്തൊരു കള്ളച്ചിരി. പരിഭവം കലര്‍ന്ന അദ്ദേഹത്തിന്റെ ചോദ്യം ഓര്‍മയുണ്ട്: എന്നെയും നിങ്ങള്‍ കള്ളനാക്കുകയാണ് അല്ലേ? വേണ്ട, ഞാന്‍ കള്ളനായിക്കൊള്ളാം എന്നായിരുന്നു എന്റെ മറുപടി. എന്തായാലും ഞാന്‍ നിര്‍ദേശിച്ച ട്യൂണ്‍ അതേപടി പകര്‍ത്തുകയല്ല ശ്യാം ചെയ്തത്. അതിന്റെ ചുവടുപിടിച്ച് മറ്റൊരു പാട്ട് ഉണ്ടാക്കുകയാണ്. ആ പാട്ട് ഏതെന്ന് ഞാന്‍ പറഞ്ഞാലേ നിങ്ങളറിയൂ: 'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ...' യേശുദാസും എസ് ജാനകിയും അതിഗംഭീരമായി പാടിയ ഡ്യൂയറ്റ്. ബിച്ചുവിന്റെ വരികള്‍. ഇന്നു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല ആ ഗാനത്തിന് ഹിന്ദി പാട്ടുമായുള്ള സാമ്യത്തെ പറ്റി.''
1980 ലെ വിഷുക്കാലത്താണ് 'അങ്ങാടി' റിലീസായത്. നാല് പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ ചുണ്ടിലും മനസ്സിലുമുണ്ട് 'പാവാട വേണം.'