ലാസ്റ്റ് ഡേ ഓഫ് ദ വണ്‍ ഐയ്ഡ് ജാക്കല്‍
ഹോളിവുഡിലെ മികച്ച ത്രില്ലർ ചിത്രങ്ങളോട് കിടപിടിച്ചു നിന്ന അന്വേഷണമായിരുന്നു രാജീവ് ഗാന്ധി വധക്കേസിലേത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നിഷ്ഠൂരമായി ചാവേർ ബോംബിലൂടെ വധിച്ച എൽടിടിഇ എന്ന ഭീകരസംഘടനയുടെ ദൗത്യസംഘത്തിൻ്റെ മുഖ്യ സൂത്രധാരനായ ഒറ്റക്കണ്ണൻ ശിവരശൻ അഥവാ വൺ ഐഡ് ജാക്കൽ എന്ന ഭീകരനെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണം കുറ്റവാളിയെ ജീവനോടെ പിടിക്കാൻ നടത്തിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യവേട്ടയായിരുന്നു.
വെറും 90 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തിയ, ലോകത്തിലെ തന്നെ ഏറ്റവും ദീർഘമായ അന്വേഷണം നടന്ന കേസാണത്. 1044 സാക്ഷികൾ, 10,000 പേജ് സാക്ഷി മൊഴികൾ, ഒരു ലക്ഷം ഫോട്ടോഗ്രാഫുകൾ, 500 ഓളം വീഡിയോ കാസ്റ്റെറ്റുകൾ,1447 രേഖകൾ, 1180 തെളിവുകൾ എന്നിവയടങ്ങിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം. തമിഴ്നാട്ടിൽ ആദ്യമായി ടാഡ ഉപയോഗിച്ച കേസ് എന്ന നിലയിലും രാജീവ് ഗാന്ധി വധക്കേസിന് പ്രാധാന്യമുണ്ട്.
33 വർഷം മുൻപ് 1991 മെയ് 21 ന് തമിഴ് നാട്ടിലെ ശ്രീ പെരുംപുതൂരിൽ രാത്രി 10 മണിയോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പാർട്ടിക്കാരുടെ സ്വീകരണവും ഹാരാർപ്പണവും സ്വീകരിക്കുന്നതിനിടയിൽ മാലയണിയിക്കാനെത്തിയ വനിത ചാവേർ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റ് 15 പേർ തൽക്ഷണം മൃതിയടഞ്ഞു. ഈ ഉഗ്രസ്ഫോടനത്തിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
രാജീവ്ഗാന്ധി വധകേസിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്കോ ഉയർന്ന അന്വേഷണ ഉദ്യോഗസ്ഥർക്കോ അറിയാൻ താൽപര്യമില്ലാത്ത ദുരൂഹതകൾ നിറഞ്ഞ ചോദ്യങ്ങളാണവ. പ്രധാന സൂത്രധാരൻ ഒറ്റക്കണ്ണൻ ശിവരശനെ എന്ത് കൊണ്ട് ജീവനോടെ പിടിച്ചില്ല? എന്നത് അതിലെ ഒരു പ്രധാന ചോദ്യമായിരുന്നു. അത് അറിയാൻ രാജീവ് ഗാന്ധിയെ വധിച്ചതാര് ?എന്തിന് ? എന്ന ചോദ്യത്തിൽ നിന്ന് വേണം തുടങ്ങാൻ .
ആദ്യമായി ഏറ്റവും ശക്തമായ ഇന്ത്യൻ ഇടപെടൽ ശ്രീലങ്കൻ ഉപദീപിൽ ഉണ്ടാകുന്നത് 1983 ലെ ജൂലൈയിൽ തമിഴ് വംശജർക്കെതിരെ സിംഹളർ നടത്തിയ വംശീയ കലാപത്തോട് കൂടിയാണ്. കറുത്ത ജൂലൈ എന്നറിയപ്പെട്ട ആ കലാപത്തിൽ കൊളംബോയിൽ മാത്രം 3000 തമിഴർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് തമിഴ് ഭവനങ്ങൾ കൊള്ളയടിക്കപ്പെട്ടു. ഒരു വിദേശ രാജ്യത്ത് നടന്ന ഇന്ത്യ വിരുദ്ധ കലാപം കൈയ്യും കെട്ടി നോക്കി നിൽക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തയ്യാറായില്ല . അവർ അതിൽ ശക്തിയായി ഇടപെടുകയും അന്നത്തെ ശ്രീലങ്കൻ പ്രസിഡൻ്റായ ജൂലിയസ് ജയവർദ്ധനെയുമായി സംസാരിച്ച് തമിഴർക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ നടപടി സ്വീകരിക്കാൻ ശക്തമായ സമ്മർദം ചെലുത്തുകയും ചെയ്തു.
തുടർന്ന് അന്നത്തെ തമിഴ് വിമോചന സംഘടനാ നേതാക്കൾക്ക് ഇന്ത്യയിൽ അഭയം നൽകി. രഹസ്യമായി അവർക്ക് സൈനിക പരിശീലനം നൽകുകയും RAW അവരുമായി ബന്ധം ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് LTTE, TELO, PLOTE, EPRLF, ENDLF എന്നീ ശ്രീലങ്കയിലെ അഞ്ച് പ്രധാന തമിഴ് സായുധ സംഘടനകൾ മദ്രാസിൽ ഓഫീസ് തുറന്ന് തങ്ങളുടെ വേരുകൾ തമിഴ് നാട്ടിൽ വ്യാപിപ്പിച്ചു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് വേലുപ്പിള്ള പ്രഭാകരൻ്റെ എൽടിടിഇ തന്നെയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ എംജിആർ വേലുപ്പിള്ള പ്രഭാകരനോട് പ്രത്യേക വാത്സല്യം കാണിച്ചത് തമ്പി പ്രഭാകരന് സ്വന്തം നിലയിൽ 5 കോടി രൂപ എൽടിടിഇക്ക് സംഭാവനയായി നൽകിയായിരുന്നു. ആ തുക ഉപയോഗിച്ചായിരുന്നു എൽടിടിഇ പ്രസ്ഥാനം ആദ്യമായി തങ്ങൾക്കാവശ്യമായ ആയുധങ്ങളും യുണിഫോം തുണികളും വാങ്ങി മികച്ച സായുധ സേനയാകാനുള്ള യാത്ര ആരംഭിച്ചത്.
1987 ജൂലൈ 29 ന് കൊളംബോയിൽ വെച്ച് ഇന്ത്യ - ശ്രീലങ്ക കരാറിൽ ശ്രീലങ്കൻ പ്രസിഡൻ്റ് ജയവർദ്ധനെയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഒപ്പ് വെച്ചു. ശ്രീലങ്കയിലെ തമിഴർക്ക് ഭൂരിപക്ഷമുള്ള കിഴക്കൻ ലങ്കയിൽ ഇലക്ഷൻ നടത്തി പ്രദേശിക ഭരണം തമിഴർക്ക് നൽകുമെന്നും സമാധാനപരമായി ഇലക്ഷൻ നടത്താൻ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തെ തമിഴ് മേഖലയിൽ അയച്ചു കൊടുക്കാമെന്നും കരാറിൽ പറഞ്ഞു വെച്ചിരുന്നു. തമിഴ് വിമോചന സംഘടനകളെ കൊണ്ട് ആയുധം താഴെ വെയ്പ്പിച്ച് സമാധാന ചർച്ചകളിൽ പങ്കെടുക്കാനായി അന്നത്തെ പ്രധാന അഞ്ച് തമിഴ് വിമോചന പോരാട്ട സംഘടനയുടെ നേതാക്കളെ ഡൽഹിയിലേക്ക് ക്ഷണിക്കുകയും ഇതിന് സമ്മതിപ്പിക്കുകയും ചെയ്തു. ആതൃന്തം വഷളായ ശ്രീലങ്കൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ട ഈ രാഷ്ട്രീയ സംഭവങ്ങളൊക്കെ രാജിവ് ഗാന്ധിയുടെ നേട്ടങ്ങളായി അറിയപ്പെട്ടു.
എന്നാൽ ഇന്ത്യയുടെ ഇടപെടൽ രണ്ട് രാജ്യങ്ങൾക്കും കൊടിയ വിപത്തുണ്ടാക്കി. അടുത്ത ദശകത്തിൽ ദുരന്തങ്ങളുടെ ഒരു പരമ്പരക്ക് തന്നെ അത് വഴി വെച്ചു. ഇന്ത്യൻ സമാധാന സംരക്ഷണ സേന (IPKF- Indian Peace Keeping Force) ശ്രീലങ്കയിൽ ജൂലൈയിൽ ജാഫ്നയിൽ എത്തി. തുടക്കം ശുഭസൂചകമായിരുന്നെങ്കിലും ഏറെ താമസിയാതെ എൽടിടിഇ IPKF മായി ഏറ്റുമുട്ടി. കരാറിനോട് കനത്ത എതിർപ്പുകൾ ഉണ്ടായിരുന്ന ശ്രീലങ്കയിലെ ഉന്നത നേതാക്കൾ തന്നെ ഇന്ത്യാ- ശ്രീലങ്ക കരാർ അട്ടിമറിച്ചു. ശ്രീലങ്കൻ പ്രധാനമന്ത്രിയായ രണസിംഗെ പ്രേമദാസ എൽടിടിഇയുമായി രഹസ്യധാരണയുണ്ടാക്കി ഇന്ത്യൻ സൈന്യത്തെ തുരത്താൻ അവർക്ക് ആയുധങ്ങൾ വരെ നൽകി.
1987 ജൂലൈ മുതൽ 1990 മാർച്ച് വരെ ഈഴം പുലികളും IPKFവുമായി കൊടും യുദ്ധം തന്നെ നടന്നു. ഒടുവിൽ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് പോലും നേടാൻ കഴിയാതെ ശ്രീലങ്കയിൽ സമാധാനം സ്ഥാപിക്കുന്നതിന് പകരം അങ്ങേയറ്റം ക്രൂരമായ ഒരു രക്തച്ചൊരിച്ചിലിൻ്റെ ചരിത്രം എഴുതി ചേർത്ത് IPKF നാണം കെട്ട് ശ്രീലങ്കയിൽ നിന്ന് പിൻവാങ്ങി. 1500 സൈനികർ കൊല്ലപ്പെടുകയും എണ്ണൂറോളം പേർ അംഗവിഹീനരായി മാറുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം രാജ്യത്തിന് ഉണ്ടാക്കുകയും ചെയ്ത സർവ്വാബദ്ധമായിരുന്നു ശ്രീലങ്കയിലെ ഇന്ത്യൻ ഇടപെടൽ.
1990 ഒക്ടോബറിൽ ഇന്ത്യ ഭരിച്ചിരുന്ന വി പി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി മന്ത്രിസഭക്ക് നൽകിയ പിന്തുണ പിൻവലിക്കുമെന്ന് ബിജെപി ഭീഷണി മുഴക്കുന്ന കാലമായിരുന്നു അത്. ഡൽഹിയിലെ ഈ രാഷ്ട്രീയ പ്രകമ്പനങ്ങൾ ശ്രീലങ്കയിലെ എൽടിടിഇ കേന്ദ്രത്തിലുമെത്തി. വളരെ പ്രാധാന്യമർഹിക്കുന്ന ആ വിഷയം വിശകലനം ചെയ്യാൻ ജാഫ്നയിലെ കൊടുംകാട്ടിലെ ഒളിത്താവളത്തിൽ വേലുപ്പിള്ള പ്രഭാകരൻ ഉന്നത നേതാക്കളെ വിളിച്ചുകൂട്ടി. കോൺഗ്രസിൻ്റെ വൻ വിജയത്തോടെ വീണ്ടും രാജീവ് ഗാന്ധി അധികാരത്തിൽ തിരിച്ചുവരുമെന്ന് ഉറപ്പായിരിക്കുമെന്ന് അപ്പോഴത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വെച്ച് അവർ കണക്കു കൂട്ടി. അത് എൽടിടിഇക്ക് ഒട്ടും ഹിതകരല്ലായിരുന്നു. അങ്ങിനെ സംഭവിച്ചാൽ വീണ്ടും രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് IPKF നെ അയക്കുമെന്നും അതിന് മുൻപ് തമിഴ്നാട്ടിലെ എൽടിടിഇ ശ്യംഖലയെ വേരോടെ പിഴുതെറിയുമെന്നുമുള്ള വസ്തുത പുലിത്തലവനെ അലട്ടി. ഇത് തടയാൻ ഒരു പരിഹാരമേയുള്ളൂ; അധികാരത്തിൽ വരും മുൻപ് രാജിവ് ഗാന്ധിയെ വധിക്കുക. പ്രധാനമന്ത്രിയല്ലാത്ത, സുരക്ഷാ സംവിധാനമില്ലാത്ത രാജീവിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വധിക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന തിരിച്ചറിവ് പുലിത്തലവന് ആ ക്രൂരമായ തീരുമാനമെടുക്കാൻ പ്രേരണയായി .
ജാഫ്നയിലെ ഒളിത്താവളത്തിൽ പ്രഭാകരൻ്റെ നിർദേശമനുസരിച്ച് പദ്ധതി നടപ്പിലാക്കാൻ നാല് ശ്രീലങ്കൻ എൽടിടിഇ പ്രവർത്തകർ അതീവ രഹസ്യമായി പ്രഭാകരനുമായി സന്ധിച്ചു. തമിഴ് നാട്ടിലെ എൽ ടി ടി ഇ സൈദ്ധാന്തികൻ ബേബി സുബ്രഹ്മണ്യം, എൽ ടി ടി ഇ സ്ഫോടക വിദ്ഗ്ധനായ മുരുകൻ, മറ്റൊരു വിശ്വസ്തനായ പ്രവർത്തകൻ മുത്തു രാജ, പിന്നെ ഏറ്റവും പ്രധാന കണ്ണിയായ രാജീവ് ഗാന്ധി വധിക്കാനുള്ള പദ്ധതി നടപ്പിലാക്കേണ്ട ‘ഒറ്റക്കണ്ണൻ ശിവരശൻ’.
മദ്രാസിലെത്തിയ നാൽവർ സംഘം പദ്ധതിയനുസരിച്ച് എല്ലാ കരുക്കളും നീക്കി. മദ്രാസിലെ എൽ ടി ടി ഇയുടെ ശക്തനായ അനുഭാവിയായ സുന്ദരത്തിൻ്റെ ‘ ശുഭാ ന്യൂസ് ആൻ്റ് ഫോട്ടോ ഏജൻസി എൽ ടി ടി ഇ പ്രവർത്തകരുടെ ഒരു താവളമായിരുന്നു. അവിടെ വെച്ചാണ് തമിഴ് നാട്ടിലെ പ്രസ്ഥാനത്തിൻ്റെ അനുകൂലികളെ റിക്രൂട്ട് ചെയ്തിരുന്നത്. ബേബി സുബ്രഹ്മണ്യം, അവിടെ വെച്ച് സാമ്പത്തികമായി തകർന്നിരിക്കുന്ന, ഭാഗ്യനാഥൻ എന്നൊരാളെ വശത്താക്കി. അയാൾക്ക് ഒരു പ്രിൻ്റിംഗ് പ്രസ്സ് വാങ്ങി കൊടുക്കുകയും ചെയ്തു. ഒരു എൽ ടി ടി ഇ ഒളിത്താവളവുമായി പിന്നീട് മാറിയ അവിടെ എൽ ടി ടി ഇ സാഹിത്യമാണ് പ്രധാനമായും അച്ചടിച്ചിരുന്നത്. അവയിലെ സന്ദേശങ്ങളെല്ലാം ഒന്നായിരുന്നു. “ശ്രീലങ്കയിൽ IPKF നടത്തിയ കുറ്റകൃത്യങ്ങൾക്കെല്ലാം കാരണം രാജീവ് ഗാന്ധിയാണ്.” ഇതെല്ലാം വായിച്ച ഭാഗ്യനാഥൻ്റെ സഹോദരി നളിനി കടുത്ത രാജീവ് വിരോധിയായി. ശുഭാ ന്യൂസ് ഏജൻസിയിൽ സ്ഥിരമായി വന്നിരുന്ന ഫ്രീലാൻസ് യുവഫോട്ടോ ഗ്രാഫറായ ഹരിബാബു എൽ ടി ടി ഇ അനുഭാവിയായിരുന്നു. തമിഴ്നാട്ടിൽ പ്രസ്ഥാനത്തിന് വേണ്ടി ഫോട്ടോകൾ എടുത്തിരുന്ന അയാളെയും ശിവരശൻ തൻ്റെ സംഘത്തിൽ ചേർത്തു.
എൽ ടി ടി ഇയിലെ നിഴൽപ്പടയിലെ രണ്ട് പെൺപുലികൾ ദൗത്യത്തിനായി ശ്രീലങ്കയിൽ നിന്ന് മദ്രാസിൽ എത്തി ശിവരശൻ്റെ സംഘത്തോട് ചേർന്നു. ഗായത്രി എന്ന പേരിൽ അറിയപ്പെടുന്ന തനുവും ശുഭ എന്നറിയപ്പെടുന്ന ശാലിനിയുമായിരുന്നു മനുഷ്യ ബോംബായി പ്രവർത്തിക്കാനെത്തിയത്. അപ്പോഴും രാജീവിനെ വധിക്കുന്നത് എങ്ങനെയാണെന്ന് ശിവരശന് മാത്രമെ ആ സംഘത്തിൽ അറിവുണ്ടായിരുന്നുള്ളൂ. എൽ ടി ടി ഇയുടെ പ്രവർത്തന ശൈലിയനുസരിച്ച് സംഭവം വീഡിയോയിലും ക്യാമറയിലും പകർത്തണമെന്ന് പ്രഭാകരൻ നിർദ്ദേശിച്ചിരുന്നു. കൂടാതെ പാളിച്ചകൾ ഒഴിവാക്കാൻ ട്രയൽ റൺ നടത്തണമെന്നും പുലിത്തലവൻ നിർദ്ദേശിച്ചു.
അതനുസരിച്ച് ഏപ്രിൽ 18 ന് രാജീവ് ഗാന്ധിയുടെ മദ്രാസിലെ മെറീനാ ബീച്ചിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് യോഗത്തിൽ ശിവരശനും തനുവും പങ്കെടുത്തു. പക്ഷേ, രാജീവിൻ്റെ അടുത്തെത്താൻ ശ്രമിച്ചില്ല. ഇതിൻ്റെ ഫോട്ടോയും വീഡിയോയും പകർത്തി. രാജീവിൻ്റെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഏകദേശ ധാരണ ഇതിൽ നിന്ന് ശിവരശന് ലഭിച്ചു. മെയ് 9 ന് ആർക്കോണത്ത് തിരുവള്ളൂരിൽ വി.പി.സിങ്ങും കരുണാ നിധിയും പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലും ഒരു ട്രയൽ റൺ ഇവർ നടത്തി. ഇത്തവണ വി പി സിങ്ങിൻ്റെ അടുത്തെത്തി കാലിൽ തൊട്ട് നമസ്ക്കരിക്കാൻ തനുവിന് കഴിഞ്ഞു.
അവസാനമായി വധത്തിന് ഉപയോഗിക്കേണ്ട ആയുധമായ ബെൽറ്റ് ബോംബ് തയ്യാറാക്കപ്പെട്ടു. സ്ഫോടക വിദ്ഗ്ധനായ ശിവരശൻ്റെ മേൽനോട്ടത്തിലായിരുന്നു നിര്‍മാണം. ഇതോടെ എല്ലാ തരത്തിലും ശിവരശൻ നിർണ്ണായകവും അപകടകരവുമായ ആ ദൗത്യത്തിന് തയ്യാറായി.
നിർണ്ണായകമായ ദിനം മെയ് 21 സായാഹനമായി. രാത്രി 8 മണിയോടെ ഫോട്ടോഗ്രാഫർ ഹരി ബാബു, നളിനി, ശുഭ , ചാവേറായ തനു, പിന്നെ പത്രപ്രവർത്തകൻ്റെ വേഷം ധരിച്ച കുർത്ത ധാരിയായ ശിവരശനും യോഗ സ്ഥലമായ ശ്രീ പെരുംപുതൂരിൽ എത്തിച്ചേർന്നു . വി.ഐ. പികൾക്കുള്ള ഇരിപ്പിടത്തിനടുത്ത് നിന്ന ഈ സംഘത്തെ വനിതാ ഇൻസ്പെക്ടർ അനസൂയകുമാരി ചോദ്യം ചെയ്തു. ഹരിബാബു താൻ പ്രസ്സ് ഫോട്ടോഗ്രാഫറാണെന്നും രാജീവ് ഗാന്ധിയെ ഹാരമണിയിക്കുന്ന ചിത്രമെടുക്കാൻ വന്നതാണെന്നും അവരോട് പറഞ്ഞു. 10 മണിയോടെ യോഗസ്ഥലത്തെത്തിയ രാജീവ് ഗാന്ധിയെ ഹാരമണിയിക്കാൻ ഘാതകിയായ തനു ചന്ദനമാലയുമായി നിന്നപ്പോൾ ഇസ്പെക്ടർ അനസൂയ അവരെ തടഞ്ഞതാണ്. എല്ലാവർക്കും അവസരം നൽകൂ എന്ന് രാജീവ് ഗാന്ധി പറഞ്ഞതോടെ എല്ലാം കഴിഞ്ഞു. കണ്ണട വെച്ച പച്ച സാൽവാർ കമ്മീസ് ധരിച്ച ആ സ്ത്രീ മാലയണിയിച്ച് കാൽതൊട്ട് വന്ദിക്കാൻ കുനിഞ്ഞപ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉഗ്രസ്ഫോടനം നടന്നു. 20 അടി പൊക്കത്തിൽ തീയും പുകയും ഉയർന്നു. പുകപടലം മാറിയപ്പോൾ രാജീവ് ഗാന്ധി നിന്ന സ്ഥലത്ത് ജീവൻ്റെ ഒരു കണിക പോലും ബാക്കിയായില്ല. പകരം മാംസവും രക്തവും ചിതറിതെറിച്ച ഭീകരമായ കാഴ്ച മാത്രം.
പിറ്റെ നാൾ തന്നെ രാജീവ് ഗാന്ധി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ ( Special Investigation Team) തെക്കൻ മദ്രാസിലെ ഗ്രീൻ വെയ്സ് റോഡിലെ ‘ മല്ലിഗെ ‘ യെന്ന ഹെഡ്ക്വാർട്ടേഴ്സിൽ ഒന്നിച്ചു. അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും പ്രഗൽഭരായ പോലീസ് മേധാവികളായിരുന്നു അവരിൽ എല്ലാവരും. - ഡി.ആർ കാർത്തികേയനായിരുന്നു SIT ൻ്റെ മേധാവി. ഒരേ സമയം ഹൈദരാബാദിലെ സി ആർ പി എഫ് ഐ ജി സ്ഥാനവും SIT ൻ്റെ മേധാവിയുമായിരുന്നു അദ്ദേഹം. സി ബി ഐ ഡയറക്ടർ വിജയ് കരൺ, അമോദ് കാന്ത്, അമിത്, കെ. രഘോത്തമൻ തുടങ്ങിയവരെല്ലാം ഓരോ സമയത്ത് രാജ്യത്തെ പ്രശസ്തമായ കേസുകൾ തെളിയിച്ച പോലീസ് മേധാവികളായിരുന്നു. ജമ്മു കാശ്മീരിൽ ഡി. ഐ.ജിയായിരുന്ന മലയാളിയായ രാധാ വിനോദ് രാജുവായിരുന്ന മറ്റൊരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥൻ. അന്വേഷണ സംഘത്തിന് മല്ലിഗെയിൽ മികച്ച സംവിധാനങ്ങൾ തന്നെ ഏർപ്പെടുത്തി, ഒരു വാഹന വ്യൂഹം, പത്ത് ടെലിഫോൺ ലൈനുകൾ , കൂടാതെ ഫോറൻസിക്ക് വിദ്ഗധർ, വിരലടയാള വിദഗ്ദ്ധർ തുടങ്ങിയവരുടെ 24 മണിക്കൂറും സജ്ജമായ ഒരു സംഘം.
ശൂന്യതയിൽ നിന്നാണ് തങ്ങളുടെ അന്വേഷണം ആരംഭിക്കേണ്ടത് എന്നറിയാവുന്ന SIT മേധാവി കാർത്തികേയൻ മല്ലിഗെയിലെ തൻ്റെ മുറിയിൽ മേശക്ക് പിന്നിലെ ഭിത്തിയിൽ വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചു. ‘അസാധ്യമായി ഒന്നും ഇല്ല . അസാധ്യം എന്ന് തോന്നുന്നതിന് കൂടുതൽ സമയവും കൂടുതൽ സാഹസികതയും വേണം.’ അങ്ങനെ ദൗത്യം ആരംഭിച്ചു.
സ്ഫോടനം നടന്ന മെയ് 21 ന് ശ്രീ പെരുംപുതൂരിൽ സംശയാസ്പദമായി ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് അന്വേഷണ സംഘം ആദ്യം അന്വേഷിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ അനസൂയ നൽകിയ വിവരം ആദ്യ സൂചനകളായി. ഒരു ഫോട്ടോഗ്രാഫറുമായി സംശയം ജനിപ്പിക്കുന്ന ചിലർ അവിടെ ചുറ്റി നടന്നതായി അവർ സംഘത്തോട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ഒരു ക്യാമറയിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ നിന്ന്, അനസൂയ മാലയും പിടിച്ച് നിൽക്കുന്ന കണ്ണട വെച്ച ആ സ്ത്രീയെ തിരിച്ചറിഞ്ഞു. ആ അജ്ഞാത യുവതിയുടെ പടം തിരിച്ചറിയാനായി പത്രങ്ങൾക്ക് ‘ നൽകിയപ്പോൾ അവർക്കിരുവശവും കോൺഗ്രസ് പ്രവർത്തകരായ ലതാ കണ്ണൻ,കോകില എന്നിവരുടെ പടം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. തൊട്ടു , കണ്ണടധരിച്ച , കയ്യിൽ ഒരു റൈറ്റിങ്ങ് പാഡുമായി നിൽക്കുന്ന ഒരു കുർത്ത ധാരിയായ കുറിയ മനുഷ്യനെ മനപ്പൂർവം ഫോട്ടോയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒരു പത്രലേഖകനല്ല അയാൾ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞപ്പോൾ അത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
ജാഫ്നയിൽ പുലികൾക്ക് സാധനങ്ങൾ എത്തിക്കുന്ന ഒരാൾ അത് എൽ ടി ടി ഇ യുടെ ഒരു പ്രമുഖ പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിലെ ഒരു രജതരേഖയായിരുന്നു അത്. തമിഴ് നാട്ടിലെ തീരദേശ പ്രദേശമായ തിരുത്തുറെപൂണ്ടി എന്ന ഗ്രാമത്തിൽ നിന്ന് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്ത ഒരു കള്ളക്കടത്തുകാരനെ SIT ട്രാക്കിംഗ് സംഘം ഈ കുർത്തധാരിയുടെ ഫോട്ടോ കാണിച്ചപ്പോൾ അയാൾ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു, “ഇയാൾ എൽ.ടി.ടി. ഇ സേനാംഗമാണ്, പേര് ശിവരശൻ!”
അന്വേഷണ സംഘത്തിന് അതൊരു നിർണ്ണായക തെളിവായിരുന്നു. കൂടാതെ കൊളംബോയിൽ അന്വഷണത്തിന് പോയ SIT സംഘത്തിന് ലഭിച്ച വിവരവും ഇത് തന്നെയായിരുന്നു അത് ഒറ്റക്കണ്ണൻ ശിവരശൻ തന്നെ. എൽ ടി ടി ഇ വൃത്തങ്ങളിൽ നിന്ന് വരുന്ന വാർത്തകളിലൊന്നും അന്ന് വരെ കേൾക്കാത്ത ഒരു പേരായിരുന്നു അത്. ഇന്ത്യയിലെ RAW നും ശീലങ്കൻ രഹസ്യ അന്വഷണ ഏജൻസികൾക്കും അപരിചിതനായ ഒറ്റക്കണ്ണൻ കുറുക്കൻ എന്ന് പിന്നിട് മാധ്യമങ്ങൾ വിളിച്ച ശിവരശൻ, കൊല്ലാൻ വേണ്ടി ജനിച്ച, അധികം അറിയപ്പെടാത്ത ഒരു പുലിപ്പോരാളിയായിരുന്നു.
പുലിത്തലവൻ പ്രഭാകരൻ്റെ ജന്മസ്ഥലമായ വെൽവെറ്റിത്തുറക്കടുത്ത് ഉടുപിഡിയെന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച ശിവരശൻ്റെ യഥാർത്ഥ പേര് ചന്ദ്രശേഖരൻ പിള്ള പാക്യ ചന്ദ്രൻ എന്നായിരുന്നു. ആദ്യം അക്കാലത്തെ മറ്റൊരു ഈഴം പോരാട്ട സംഘടനയായ TELO വിൽ അയാൾ പ്രവർത്തിച്ചു. 1987 ൽ ജാഫ്നയിലെ മറ്റുള്ള തമിഴ് ഈഴം സംഘടനകളെയെല്ലാം ഉൻമൂലനം ചെയ്ത് LTTE യാണ് ശ്രീലങ്കൻ തമിഴ് ഈഴത്തിൻ്റെ പ്രതിനിധി എന്ന പ്രഭാകരൻ്റെ സിദ്ധാന്തം നടപ്പിലാകാനായി TELO, PLOTE, EPRLF തുടങ്ങിയ ഈഴം സംഘടനകളിലെ നേതാക്കളെ LTTE കൊലപ്പെടുത്തി. അതോടെ LTTE അനിഷ്യധ്യരായി ജാഫ്ന ഉപദ്വീപ് അടക്കി ഭരിച്ചു. സംഘടന നാമാവശേഷമായപ്പോൾ TELO വിലെ അംഗങ്ങൾ LTTE ൽ ചേരുകയോ അല്ലെങ്കിൽ ഈഴം പോരാട്ടം ഉപേക്ഷിക്കുകയോ ചെയ്തു. ശിവരശൻ അങ്ങനെ LTTE യിൽ ചേർന്നു. TELO വിൽ ചേർന്ന കാലത്ത് 1983 ൽ രഹസ്യമായി RAW ഇന്ത്യയിൽ തമിഴ് പോരാളികൾക്ക് സംഘടിപ്പിച്ച സൈനിക പരിശീലനം നേടിയ ശിവരശൻ മലയാളം, കന്നട, തെലുങ്ക് കന്നട, ഹിന്ദി എന്നീ ഭാഷകളിൽ സംസാരിക്കാൻ പഠിച്ചു. ലങ്കൻ ചുവയില്ലാതെ തമിഴ്നാട്ടിലെ സാധാരണക്കാരുടെ തമിഴിൽ സംസാരിക്കാൻ കഴിയുമെന്നതായിരുന്നു അയാളുടെ സവിശേഷത . ഇംഗ്ലീഷിലും അയാൾ നന്നായി സംസാരിക്കുമായിരുന്നു.
1987ൽ ശീലങ്കൻ സൈന്യവും എൽ ടി ടി ഇയുമായി ജാഫ്നയിൽ നടന്ന ഏറ്റ് മുട്ടലിൽ ശിവരശന് കണ്ണിന് പരിക്കേറ്റു. ഇന്ത്യയിലെത്തി മധുരയിലെ അരവിന്ദ് കണ്ണാശുപതിയിൽ ആയാൾ ചികിത്സ തേടിയെങ്കിലും ഒരു കണ്ണ് നഷ്ടപ്പെട്ടു . അങ്ങനെ ഒറ്റക്കണ്ണനായി എൽ ടി ടി ഇയിൽ അറിയപ്പെടാൻ തുടങ്ങി. രഘുവരൻ എന്ന പേര് സ്വീകരിച്ച ഇയാൾ പല സമയത്ത് പല പേരുകളിൽ അറിയപ്പെട്ടു. എൽ ടി ടി ഇയുടെ ഇൻ്റലിജെൻസ് മേധാവിയായ പോട്ടു അമ്മൻ്റെ കീഴിൽ പ്രവർത്തിക്കാനാരംഭിച്ചതോടെയാണ് അയാൾ ശിവരശൻ എന്ന പേര് സ്വീകരിക്കുന്നത്.
1990 ജൂൺ 19 ന് വൈകീട്ട് ആറര മണിയോടെ മദ്രാസിലെ ചുളമേടിലുള്ള സഖറിയാസ് കോളനിയിലെ അപ്പാർട്ട്മെൻ്റിൽ ഇരച്ച് കയറി ശിവശനും സംഘവും കൈബോബും A K 47 തോക്കും ഉപയോഗിച്ച് മിന്നലാക്രമണം നടത്തി. EPRLF സംഘടനയുടെ തലവനായ കെ.പത്മനാഭയുടെ നേതൃത്വത്തിൽ അവിടെ ഉന്നത യോഗം നടക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും പത്മനാഭയടക്കം 12 പേർ കൊല്ലപ്പെട്ടു. അതോടെ EPRLF നേതൃത്വം ഒന്നാകെ തുടച്ചു നീക്കപ്പെട്ടു. അവിടെ നിന്ന് കൊലയാളി സംഘം ഒരു കാറിൽ രക്ഷപ്പെട്ട് തൃശ്ശിനാപ്പള്ളി വഴി കടൽത്തീര ഗ്രാമമായ മല്ലി പട്ടണത്തെത്തി. പിറ്റെന്നാൾ സ്പീഡ് ബോട്ട് വഴി ജാഫ്നയിലേക്ക് രക്ഷപ്പെട്ടു. ഈ ദൗത്യത്തിൻ്റെ വിജയം പുലിത്തലവൻ പ്രഭാകരൻ്റെ മനസിൽ ശിവരശന് പ്രത്യേക സ്ഥാനം നേടികൊടുത്തു. പിന്നീട് രാജീവ് ഗാന്ധിയെ ഇല്ലാതാക്കാൻ ആരെ നിയോഗിക്കണമെന്ന് വേലുപ്പിള്ള പ്രഭാകരന് ചിന്തിക്കേണ്ടി വന്നില്ല.
അന്വേഷണ സംഘം മാർച്ചിൽ നടന്ന മദ്രാസിലെ EPRLF കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തിയപ്പോൾ അവിടെ ഉപയോഗിച്ചതും പൊട്ടാതെ പോയതുമായ ഒരു ഗ്രാനൈഡിലെ സ്ഫോടക മിശ്രിതവും ലോഹച്ചീളുകളും ശ്രീ പെരുംപുതൂരിൽ നടന്ന സ്ഫോടകത്തിൽ ഉപയോഗിച്ച ബോംബിൽ ഉള്ളതായി രാസപരിശോധനയിൽ തെളിഞ്ഞു. അപ്പോൾ മറ്റൊരു അപ്രതീക്ഷിത സംഭവം അന്വേഷണത്തെ മുന്നോട്ട് നയിച്ചു. ശങ്കർ എന്നൊരു എൽ ടി ടി ഇക്കാരനെ തഞ്ചാവൂരിൽ നിന്ന് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് ലഭിച്ച കടലാസിലെ രണ്ട് ഫോൺ നമ്പർ ലഭിച്ചു. അതിലൂടെ അന്വേഷണ സംഘം നളിനി ജോലി ചെയ്യുന്ന കമ്പനിയിലെത്തിയെങ്കിലും അവർ രാജി വെച്ച് സ്ഥലം വിട്ടിരുന്നു. അതിനിടെ ഹരിബാബുവിൻ്റെ ക്യാമറ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ശുഭസുന്ദരത്തെക്കുറിച്ച് അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. ‘
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫർ ഹരി ബാബു എൽടിടിഇയുമായി ഉറച്ച ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞതോടെ അയാൾ പകർത്തിയ ചിതങ്ങൾ എല്ലാ പത്രങ്ങളിലും പ്രാധാന്യത്തോടെ SIT പ്രസിദ്ധീകരിച്ചു. ടിവിയിലും ഇത് വന്നതോടെ കുറ്റവാളികളെന്ന് സംശയിക്കുന്ന ഇവരെ കണ്ടിരുന്നു എന്ന് അവകാശപ്പെട്ട് ആയിരക്കണക്കിന് ഫോണുകൾ മല്ലിഗയിലേക്ക് പ്രവഹിച്ചു. അന്വേഷണത്തിൻ്റെ വഴിയേ നളിനി, മുരുകൻ, ഭാഗ്യനാഥൻ തുടങ്ങിയ പ്രധാന പ്രതികൾ SIT ൻ്റെ വലയിലായി. സ്ഫോടനത്തിൽ മനുഷ്യ ബോംബായി ആയി പ്രവർത്തിച്ചത് ശ്രീലങ്കയിലെ വാവുനിയയിലെ എൽ.ടി.ടി. ഇ അനുഭാവി രാജരത്നത്തിൻ്റെ മകളായ തനുവാണെന്ന് അന്വേഷണത്തിൽ നിന്ന് മനസിലായി. തനു എൽടിടിഇയിലെ വനിതാ ചാവേർപ്പടയിലെ ഒരംഗമായിരുന്നു.
അപ്പോഴും ഒറ്റകണ്ണനും ശുഭയമടങ്ങുന്ന സംഘം തമിഴ് നാട്ടിലെ എൽ ടി ടി ഇയുടെ ഒളിത്താവളത്തിലായിരുന്നു. പല രഹസ്യ സങ്കേതങ്ങളിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്തവയിൽ നിന്ന് ശിവരശൻ എൽ ടി ടി ഇ ക്കാരനാണെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ ലഭിച്ചു. ജാഫ്നയിൽ ശ്രീലങ്കൻ നാവിക സേനയുമായി എറ്റ് മുട്ടി കൊല്ലപ്പെട്ട മുതിർന്ന എൽ ടി ടി ഇ കടൽപ്പുലി ക്യാപ്റ്റൻ മോറീസിൻ്റെ മൃതശരീരം പുലികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ വച്ച ചടങ്ങിൻ്റെ ഫോട്ടോയിൽ ചുമലിൽ AK 47 തോക്ക് തൂക്കിയിട്ട് ലുങ്കി ധരിച്ച് നിൽക്കുന്ന ശിവരശനെ കാണാമായിരുന്നു. അതോടെ രാജീവ് ഗാന്ധിയുടെ വധത്തിൽ എൽ ടി ടി ഇയുടെ പങ്ക് നിസംശയം തെളിയിക്കപ്പെട്ടു.
പിന്നീട് ശിവരശൻ്റെ വേഷം മാറ്റിയുള്ള ഒരു ഡസൻ ഫോട്ടോകൾ എല്ലായിടങ്ങളിലും പോസ്റ്റർ രൂപത്തിൽ പ്രചരിച്ചു. രാജീവ് ഗാന്ധിയുടെ വധത്തിൽ ശീലങ്കൻ തമിഴർക്ക് പങ്കുണ്ടെന്ന വാർത്ത പരന്നതോടെ ശ്രീലങ്കൻ തമിഴരെ ആളുകൾ സംശയദൃഷ്ടിയോടെ കാണാൻ തുടങ്ങിയത് ശിവരശനും കൂട്ടാളികൾക്കും പുറത്തിറങ്ങാൻ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു.
സയനൈഡ് ഗുളികകൾ കൈവശമുള്ള ശിവരശനേയും കുട്ടാളികളേയും ജീവനോടെ പിടിക്കാൻ അസാധ്യമായ കാര്യമാണെന്ന് SIT ക്ക് അറിയാമായിരുന്നു. ശിവരശൻ ബാഗ്ലൂരിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയുടെ പിന്നാലെയായിരുന്നു അന്വേഷണ സംഘം. ഇതിനകം SIT കമാൻഡോ ഓപ്പറേഷനിൽ നടത്തിയ രണ്ട് റെയ്ഡുകളിൽ ഏതാനും എൽ ടി ടി ഇക്കാർ പിടികൊടുക്കാനിരിക്കാൻ സയനൈഡ് വിഴുങ്ങി മരണം വരിച്ചിരുന്നു. അതിനാൽ ആൻ്റി സയനൈഡ് കിറ്റുമായാണ് അന്വേഷണ സംഘം ബാഗ്ലൂരിൽ എത്തിയത്. കൂടെ ദേശീയ സുരക്ഷാ ഭടന്മാരുടെ (NSG) ഒരു സംഘവും ഉണ്ടായിരുന്നു. ക്യാപ്റ്റൻ രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഈ കരിമ്പൂച്ചകൾ അപ്രതീക്ഷിത നീക്കത്തിലൂടെ തീവ്രവാദികളെ കീഴടക്കാൻ പ്രാപ്തി നേടിയവരായിരുന്നു.
പക്ഷേ, ബാഗ്ലൂരിലെ ഇന്ദിരാ നഗറിൽ നടന്ന ഒരു കമാൻഡോ ഓപ്പറേഷനിൽ രണ്ട് എൽ ടി ടി ഇക്കാർ സയനൈഡ് വിഴുങ്ങി, ആൻ്റി ഡോട്ട് നൽകിയെങ്കിലും അവർ മരണമടഞ്ഞു. അതോടെ ജിവനോടെ ശിവരശനെ പിടിക്കുന്ന കാര്യം അസാധ്യമാണെന്ന് ട്രാക്കിങ് ടീമിന് തോന്നിത്തുടങ്ങി.
ബാഗ്ലൂരിൽ കുറച്ച് പേർക്ക് താമസസ്ഥലം ഏർപ്പെടുത്തിയ ഒരാളെ കുറിച്ച് അന്വേഷണ സംഘത്തിന് അറിവ് കിട്ടി. രംഗനാഥൻ എന്നായിരുന്നു അയാളുടെ പേര്. അയാളുടെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ഒരു കൂട്ടമാളുകൾ കൊനാനെകുണ്ടേ എന്ന സ്ഥലത്ത് തങ്ങൾ ഏർപ്പാടാക്കിയ വീട്ടിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. അവരുടെ വിവരണത്തിൽ നിന്ന് തങ്ങൾ അന്വേഷിക്കുന്ന ശിവരശനും ശുഭയുമടങ്ങുന്ന കുറ്റവാളികൾ തന്നെയെന്ന് അന്വേഷണ സംഘത്തിന് മനസിലായി.
ഉടനെ തന്നെ കരിമ്പൂച്ചകളോട് കൊനാനെകുണ്ടെയിലെത്താൻ ആവശ്യപ്പെട്ടു. SIT ട്രാക്കിങ് ടീം അപ്പോൾ തന്നെ ആ വീട് നിരീക്ഷണത്തിലാക്കിയിരുന്നു. ക്യാപ്റ്റൻ രവീന്ദ്രൻ എല്ലാ അർത്ഥത്തിലും കമാൻഡോ ഓപ്പറേഷന് തയ്യാറായാണ് തൻ്റെ സംഘവുമായി എത്തിയത്. അപ്രതീക്ഷിത നീക്കത്തിനുള്ള അവസരം നഷ്ടപ്പെട്ട നിലക്ക്, 50% മാത്രം വിജയ സാധ്യതയുള്ള ഈ ഓപ്പറേഷൻ ഉടനടി നടത്തണമെന്ന് ക്യാപ്റ്റൻ രവീന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന മേധാവി രാധാ വിനോദ് രാജു ഇതിനോട് യോജിച്ചെങ്കിലും SIT മേധാവി കാർത്തികേയൻ്റെ അനുവാദമില്ലാതെ ഇത് കഴിയില്ലായിരുന്നു. കാർത്തികേയനാകട്ടെ ഹൈദ്രാബാദിലായിരുന്നു. ഡൽഹിയിലായിരുന്ന സി ബി ഐ ഡയറക്ടർ വരുന്നത് വരെ കാത്തിരിക്കാനാണ് അവർക്ക് നിർദേശം കിട്ടിയത്.
25 കരിമ്പൂച്ചകളുമായി അപ്രതീക്ഷ നീക്കം നടത്തി വീടിനുള്ളിലേക്ക് ഇരച്ചു കയറാമെന്ന് ക്യാപ്റ്റൻ രവീന്ദ്രൻ പറഞ്ഞു. അവിടെയുണ്ടായിരുന്ന ബാഗ്ലൂർ കമ്മീഷ്ണർക്കും ഇതേ അഭിപ്രായമായിരുന്നു. പക്ഷേ, ഒരു ശ്രമം നടത്താൻ പോലും അനുവാദം അവർക്ക് കിട്ടാഞ്ഞതോടെ എല്ലാം അവസാനിച്ചു. പുലികളെ പുറത്ത് ചാടിക്കാൻ മറ്റൊരു വഴിയും സംഘത്തിന് മുന്നിലുണ്ടായിരുന്നില്ല. രാത്രി മുഴുവൻ നിരീക്ഷണത്തിലിരിക്കുന്ന വീടിന് ചുറ്റും പ്രതിരോധം തീർത്തതോടെ പോലീസിനെയും വാഹനവ്യൂഹവും കണ്ട് ജനങ്ങൾ തടിച്ച് കൂടാൻ തുടങ്ങി.
ഓഗസ്റ്റ് 19 വൈകിട്ട് തീവ്രവാദികളുടെ ഒളിത്താവളമായ വീടിന് മുന്നിൽ റോഡിൽ ഒരു ട്രക്ക് കേടായി. ട്രക്കിലുള്ളവർ പുറത്തിറങ്ങി അത് നന്നാക്കുന്നതിൽ വ്യാപൃതരായി. അപകടം മണത്തറിഞ്ഞ ശിവരശൻ അത് ഒരു പോലീസ് നീക്കമെന്ന് കരുതി AK 47 തോക്ക് ഉപയോഗിച്ച് തുടരെ വെടിയുതിർത്തു. കമാൻഡോകൾ തിരിച്ചും വെടിവെച്ചു. അര മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഒരു കമാൻഡോക്കും ഒരു പോലീസ് ഓഫീസർക്കും പരിക്കേറ്റു .
ഓഗസ്റ്റ് 20 ന് രാവിലെ കാർത്തികേയനും സി ബി ഐ ഡയറക്ടർ വിജയകരണും കൊനാനെകുണ്ടയിൽ എത്തി. കൂടെ സയനൈഡ് വിഷചികിത്സാ വിദ്ഗ്ധനായ ഡോ രാമചാരിയും ഉണ്ടായിരുന്നു. പുലികൾ സയനൈഡ് കഴിച്ചാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ എല്ലാ സംവിധാനങ്ങളും തയ്യാറാക്കി നിറുത്തി. രാവിലെ 6 മണിക്ക് കരിമ്പൂച്ചകൾ ക്യാപ്റ്റൻ രവീന്ദ്രൻ്റെ നേതൃത്വത്തിൽ പുലിത്താവളത്തിലേക്ക് ഇരച്ച് കയറി. പക്ഷേ, അവർക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ശിവരശനും ശുഭയുമടക്കം അവിടെയുണ്ടായിരുന്ന ഏഴ് പേരും ശവശരീരങ്ങളായി മാറിയിരുന്നു. ശിവരശൻ തലയിൽ വെടിവെച്ചും മറ്റുള്ളവർ സയനൈഡ് വിഴുങ്ങിയും ആത്മഹത്യ ചെയ്യുകയായിരുന്നു. പുലിത്തലവൻ പ്രഭാകരനെ അഭിവാദനം ചെയ്ത് ശിവരശൻ എഴുതിയ ഒരു കുറിപ്പ് അവിടെയുണ്ടായിരുന്നു. പ്രഭാകരനേയും പ്രസ്ഥാനത്തെയും പതികയേയാം വാഴ്ത്തിക്കൊണ്ടെഴുതിയ ആ കുറിപ്പിൽ എല്ലാ തമിഴരും നേതാവിൻ്റെ കരങ്ങൾ ശക്തിപ്പെടുത്താൻ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉണ്ടായിരുന്നു. അവസാന നിമിഷം വരെ നേതാവിനോടും പ്രസ്ഥാനത്തിനോടും കുറ് പുലർത്തിയ യഥാർത്ഥ പോരാളിയായിരുന്നു. ശിവരശൻ എന്ന വൺ ഐഡ് ജാക്കിൾ - ‘കൊല്ലാനായ് ജനിച്ചവൻ ‘
ഓഗസ്റ്റ് 20 ന് SIT യുടെ ഏറ്റവും പ്രധാന ദൗത്യം ബാഗ്ലൂരിലെ കൊനാനെ കുണ്ടയിൽ അവസാനിക്കുമ്പോൾ ശ്രീ പെരുംപുതൂരിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടിട്ട് കൃത്യം 90 ദിവസം പിന്നിട്ടിരുന്നു. ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ നാല്പത്തി ഏഴാം ജന്മദിനമായിരുന്നു.
വിവാദമായ അവസാന ഓപ്പറേഷനെ കുറിച്ച് വിരുദ്ധങ്ങളായ വസ്തുതകളാണ് പിന്നിട് പുറത്ത് വന്നത്. കമാൻഡോ ഓപ്പറേഷൻ നടത്തിയ ക്യാപ്റ്റൻ എ കെ രവീന്ദ്രൻ (ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ) ഒരു അഭിമുഖത്തിൽ പറഞ്ഞു, “താൻ ആവശ്യപ്പെട്ട സമയത്ത് തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ശിവരശനെ ജീവനോടെ പിടികൂടാനുള്ള സാധ്യത 50% ഉണ്ടായിരുന്നു. മറ്റുള്ളവരെ ജീവനോടെ പിടിക്കാൻ 99% സാധ്യതയും. 30 സെക്കൻ്റ് കൊണ്ട് ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും. അവർ സയനെഡ് വിഴുങ്ങിയാലും 25 സെക്കൻ്റിൽ പ്രത്യൗഷധം കുത്തിവെച്ചാൽ മതി. അവരെ ജീവനോടെ കിട്ടിയേനെ. എങ്കിൽ കേസിൻ്റെ ഗതി മറ്റൊന്നായേനെ." 36 മണിക്കൂർ കഴിഞ്ഞിട്ടാണ് പ്രവർത്തിക്കാൻ ക്യാപ്റ്റൻ രവീന്ദ്രന് അനുവാദം കിട്ടിയത്. അപ്പോഴേക്കും വൈകിയിരുന്നു. കാർത്തികേയൻ്റെ അന്നത്തെ തീരുമാനമാണ് ദുരന്തമായത് എന്നതിൽ ഇപ്പോഴും മേജർ രവി ഉറച്ചു നിൽക്കുന്നു. “ഈ കേസിൽ പുനരന്വേഷണം വേണം. സംഭവ സ്ഥലത്ത് ഉന്നതരായ പല കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു അവർക്കൊന്നും യാതൊന്നും സംഭവിച്ചില്ല. രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടത് അദ്ദേഹത്തിൻ്റെ സുരക്ഷാഭടൻമാർ മാത്രമാണ്. ദുരൂഹമാണ് ഇതൊക്കെ. രാജീവ് വധം പകർത്തിയ വീഡിയോ എവിടെ? മേജർ രവി ചോദിക്കുന്നു.
രാജീവ് ഗാന്ധി വധത്തെ കുറിച്ച് ഏതാണ്ട് ഒരു ഡസൻ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. SIT മേധാവി കാർത്തികേയനും മറ്റൊരു മേധാവി രാധാ വിനോദ് രാജുവും ചേർന്ന് എഴുതിയ Triumph of Truth, The Rajeev Gandhi Assassination, The Investigation തൊട്ട് കേസിലെ പ്രധാന പ്രതിയായ നളിനി മുരുകൻ എഴുതിയ രാജീവ് ഗാന്ധി വധം - മറക്കപ്പെട്ട എൻ്റെ സത്യങ്ങൾ വരെ. ഈ കേസിലെ പല വൈരുദ്ധ്യങ്ങൾ അതിലെല്ലാം ഉണ്ട്.
ഭാഗ്യനാഥനെ ചോദ്യം ചെയ്തപ്പോൾ വിവാദ പുരുഷനായ ചന്ദ്രസ്വാമിക്ക് വധത്തിൽ നിർണ്ണായക പങ്ക് ഉണ്ട് എന്ന് അയാൾ പറഞ്ഞു. പക്ഷേ, അത് SIT തള്ളിക്കളഞ്ഞു. ആ പേര് ഉച്ചരിക്കപോലുമരുത് എന്നാണ് കാർത്തികേയൻ വിരട്ടിയത് എന്ന് ഭാഗ്യനാഥൻ. ഇതൊന്നും കേസിൻ്റെ അന്വേഷണ പരിധിയിൽ വരുകയോ രേഖപ്പെടുത്തുകയോ ഉണ്ടായില്ല.
ഇതിലൊന്നും വിശദീകരിക്കാത്ത, ആരുംചോദിക്കാത്ത ഒന്നുണ്ട്. മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു. ഏഴ് ദിവസം കഴിഞ്ഞാണ് ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തുന്നത്. ആ ഘട്ടത്തിലും ഫോട്ടോയിലെ വ്യക്തികൾ ആരാണെന്ന് അന്വേഷണ സംഘത്തിന് അറിയിയില്ലായിരുന്നു. അങ്ങിനെയെങ്കിൽ ശിവരശൻ എന്തിനാണ് പിന്നീട് ഇന്ത്യയിൽ തങ്ങിയത്. ഈ ദിവസങ്ങളിൽ അപകടകരമായ സാഹചര്യത്തിൽ മദ്രാസിൽ എന്തിന് അയാൾ തങ്ങി? എളുപ്പത്തിൽ വിമാനത്തിൽ ഒരു സാധാരണ യാത്രക്കാരനായി അയാൾക്ക് ശ്രീലങ്കയിലേക്ക് പോകാമായിരുന്നു.
EPRLF നേതാക്കളെ മദ്രാസിൽ വെച്ച് കൂട്ടക്കൊല നടത്തിയ ശിവരശൻ രണ്ടാം ദിവസം ജാഫ്നയിൽ തിരികെ എത്തിയത് ഓർമ്മിക്കുക. രാജീവ് ഗാന്ധി വധം നിർവചിച്ചു കഴിഞ്ഞ അയാൾക്ക് പിന്നെ എന്ത് ദൗത്യമാണ് ഉണ്ടായിരുന്നത് ? സംഭവം നടന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണത്.