ട്രാൻസ്ജെൻഡറുകളെ കുറിച്ച് നമുക്ക് എന്തറിയാം? മാറാനും മനസിലാക്കാനും ഇനിയുമുണ്ട് ഏറെ
ട്രാൻസ്ജെൻഡറുകളെയും അവരുടെ ക്ഷേമത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട് നമ്മുടെ സര്‍ക്കാരുകള്‍. അവസരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്നാണ് അവകാശവാദം. എന്നാല്‍, ഇതിനിടെയും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. ട്രാന്‍സ്ജെന്‍ഡർ അവയർനെസ് മാസത്തില്‍ സമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ട്രാൻസ്ജെൻഡേഴ്സ് ദ ഫോർത്തിനോട്. ഏതെങ്കിലും മാസത്തിൽ മാത്രം ഓർക്കേണ്ടതല്ല അവരുടെ പ്രശ്നങ്ങളെന്ന് ഈ വാക്കുകള്‍ അടിവരയിടുന്നു.
തൊഴിലിടങ്ങളിൽ അടിച്ചമർത്തപ്പെടുന്നു
തീർത്ഥ സാർവികാ, ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനീയർ, എംഫസിസ്, ബംഗളൂരു
ട്രാൻസ്ജെൻഡർ അവെയർനെസ് മന്ത് പോലുള്ള കാര്യങ്ങൾ ആചരിക്കുന്നുണ്ടെങ്കിലും, കുറെ വിസിബിലിറ്റി കിട്ടുന്നുണ്ട് എന്നല്ലാതെ അവെയർനെസ് എങ്ങും എത്തിയിട്ടില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗളൂരുവിലെ ഒരു എംഎൻസിയിലാണ്. ഡൈവേഴ്സിറ്റി ഇൻക്ലൂസിവ് പോളിസി അനുസരിച്ച് ഒരു ട്രാൻസ് ഉദ്യോഗാർഥിക്ക് അവർ അവസരം കൊടുക്കുമ്പോഴും പെർഫോം ചെയ്യാനുള്ള സാധ്യതകൾ തല്ലിക്കെടുത്താറാണ് പതിവ്. വർക്ക് ഏല്‍പ്പിക്കുന്ന കാര്യത്തിൽ പോലും സുപ്പീരിയേഴ്സ് ബുദ്ധിമുട്ട് കാണിക്കാറുണ്ട്. നമ്മളിൽ ഒരു വിശ്വാസം വന്നിട്ടില്ല എന്നുള്ളതാണ് സത്യം. കൂടാതെ പലരും പെർമനൻ്റ് ആയി കയറുന്ന ജോലികളിൽ നമ്മൾ താൽക്കാലിക പോസ്റ്റിലാണ് കയറുന്നത്. ഇതൊക്കെ കാരണം സഹപ്രവർത്തകർ പെരുമാറുന്ന രീതിയിൽ പോലും വ്യത്യാസമുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇനിയും ബോധവത്കരണം വരേണ്ടതുണ്ട്.
2018ൽ കേരള സര്‍ക്കാര്‍ ട്രാൻസ്ജെൻഡർ റിസർവേഷൻ കൊണ്ടുവരികയും അതോടെ ഒരുപാട് വിദ്യാർഥികള്‍ സ്വന്തം ഐഡന്റിറ്റിയിൽ പഠിക്കാൻ തുടങ്ങുകയും ചെയ്തതാണ്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ മാത്രമുള്ള ഈ റിസർവേഷൻ മെഡിക്കൽ എഞ്ചിനീയറിംഗ് മേഖലകളിൽ കൂടി കൊണ്ടുവരുന്നത് നല്ലതാണ്. അപ്പോഴും ഹോസ്റ്റൽ സൗകര്യങ്ങള്‍ ഇല്ല എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. ട്രാൻസ് ഹോസ്റ്റൽ എന്നത് സാധ്യമായ ഒരു കാര്യം അല്ലായിരിക്കാം. അതിനൊരു ബദലായി ട്രാൻസ്‌വിമെനിന് വിമെൻസ് ഹോസ്റ്റലിലും, ട്രാൻസ്‌മെനിന് മെൻസ് ഹോസ്റ്റലിലും താമസ സൗകര്യം കൊടുക്കാൻ ശ്രമിക്കണം. അതുമല്ലെങ്കിൽ ഹോസ്റ്റലിന്റെ ചെറിയ ഒരു ഭാഗം ട്രാൻസ്ജെൻഡേഴ്സിനായി അനുവദിക്കുകയെങ്കിലും ചെയ്യാം. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നത് കൊണ്ടുതന്നെ റിസർവേഷൻ ഉണ്ടായിട്ടും പഠിക്കാൻ പറ്റാത്തതിനെ കുറിച്ച് പലരും പറയാറുണ്ട്. ഈ കാര്യങ്ങളിലൊക്കെയാണ് അത്യാവശ്യമായി മാറ്റങ്ങൾ വരേണ്ടത്.
ഈ കമ്മ്യൂണിറ്റിയിലും ബോധവത്കരണം വേണം
മിഘേയ റിവൈറ, ബിഎസ്സി അക്വാ കൾച്ചർ, അവസാന വര്‍ഷ വിദ്യാർഥി, സെന്റ് ആൽബെർട്സ് കോളേജ്, എറണാകുളം
അവസരം കിട്ടിയിട്ടും ട്രാൻസ്ജെൻഡേഴ്സ് അത് ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് എന്റെ പരാതി. അങ്ങനെ നോക്കിയാൽ അവെയർനെസ് ആദ്യം കൊടുക്കേണ്ടത് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലാണ്. നമ്മുടെ കമ്മ്യൂണിറ്റി മാറി ചിന്തിക്കുമ്പോൾ ബാക്കിയുള്ളവർ സ്വാഭാവികമായും ബോധവാന്മാരാകും. എന്നെ കോളേജിൽ അറിഞ്ഞ് തുടങ്ങിയത് ഞാൻ എല്ലാവരുമായി ഇടപഴകി തുടങ്ങിയ ശേഷമാണ്. എന്നെപ്പറ്റി ഒരു അവെയർനെസ് അവർ സ്വയം ഉണ്ടാക്കി എടുത്തതാണ്. സാധാരണയായി ഏതൊരാളും പിന്തുടരുന്ന ലൈഫ് സ്റ്റൈൽ നമ്മളും ഫോളോ ചെയ്യുമ്പോൾ, എന്നും നമ്മളെ കാണുമ്പോൾ, അതൊരു സാധാരണ കാര്യമായി മാറും.
ട്രാൻസ്ജെൻഡർ എന്നുള്ളത് പാഠ്യവിഷയം ആക്കുന്നത് നല്ല കാര്യമായിരിക്കും. ചെറിയ ക്ലാസ് മുതൽ കുട്ടികൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ കുറിച്ച് അറിഞ്ഞ് വളരുമ്പോൾ അതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് തിരിച്ചറിയുന്നത്, ഭാവിയിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. പിന്നെയുള്ള പ്രധാന പ്രശ്നം ജോലിയാണ്. പഠിച്ചിറങ്ങിയ ഒട്ടുമിക്ക ട്രാൻസ്ജെൻഡേഴ്സും ഇപ്പോഴും റോഡിൽ തന്നെയാണ്. പഠിക്കാൻ മാത്രമാണ് റിസർവേഷൻ, ജോലിയിൽ അത് വന്നിട്ടില്ല. റിസർവേഷൻ കൊടുക്കണമെന്നല്ല പക്ഷെ യോഗ്യതയുള്ള വ്യക്തിയാണെങ്കിൽ ജോലി കൊടുക്കുക എന്നുള്ളതാണ് പ്രധാനം. നല്ലൊരു പൊസിഷനിൽ ഇരിക്കുന്ന വ്യക്തിക്കേ സമൂഹത്തിൽ മാന്യമായി ജീവിക്കാൻ സാധിക്കൂ. അങ്ങനെ ജീവിക്കുമ്പോഴേ മറ്റുള്ളവർ നമ്മളെ അംഗീകരിക്കൂ. ഏപ്രിലോടെ ഡിഗ്രി കഴിയും. അത് കഴിഞ്ഞ് എന്ത്, എന്നുള്ളത് എന്റെ മുൻപിലെ വലിയ ചോദ്യമാണ്.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥ ഉണ്ടാകാൻ പാടില്ല
അനീറ്റ ബിനോയ്, ബിഎ ഇസ്ലാമിക് ഹിസ്റ്ററി, അവസാന വർഷ വിദ്യാർഥി, മഹാരാജാസ് കോളേജ്, എറണാകുളം
ഇപ്പോഴും ട്രാൻസ് വ്യക്തികളെ 'മറ്റേത്' എന്ന് വിളിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കളിയാക്കുന്നതിന്റെ ഭാഗയമായി 'നീ മറ്റേതല്ലേ' എന്ന് ഒരു കുട്ടിയെ കോളേജിൽ വിളിക്കുന്നത് ഇന്നും ഞാൻ കേട്ടിരുന്നു. വിദ്യാഭ്യാസമുള്ള കുട്ടികളാണ് ഇത് പറയുന്നത് എന്നുള്ളതാണ് അത്ഭുതം. ഇത്തരം പദപ്രയോഗങ്ങൾ തമാശയല്ലെന്നുള്ള അവബോധം സെക്സ് എജ്യുക്കേഷനിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ കാലം മുതൽ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്.
വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ട സാഹചര്യമാണ് ഏറ്റവും വലിയ വിഷയമായി എനിക്ക് തോന്നിയിട്ടുള്ളത്. ഇനിയും അനേകം പേരുടെ വയറ്റിൽ ട്രാൻസ്ജെൻഡർ ആയിട്ടുള്ള കുഞ്ഞുങ്ങൾ ജനിക്കും. സ്വത്വം വെളിപ്പെടുത്തിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ട ഒരു സാഹചര്യം ഇനിയാർക്കും ഉണ്ടാകരുത്. ഓരോ ജനറേഷൻ അനുസരിച്ച് മാറ്റങ്ങൾ വരുന്ന സമൂഹമാണ് നമ്മളുടേത്. ഞങ്ങൾ അടങ്ങുന്ന ഈ കമ്മ്യൂണിറ്റി എന്താണെന്നുള്ള കൃത്യമായ ബോധം എല്ലാവരിലേക്കും എത്തണം. ട്രാൻസ് വ്യക്തികൾക്ക് നൽകുന്ന കൗൺസിലിങ്ങില്‍ മാതാപിതാക്കളേയും കൂടി ഉള്‍പ്പെടുത്തണം.
പ്രതിവർഷം എജ്യുക്കേഷന് വേണ്ടി ഒരു ട്രാൻസ് വ്യക്തിക്ക് 60,000 രൂപയാണ് കിട്ടുന്നത്. പല കുട്ടികളും വീട് വിട്ട് നിൽക്കുന്നത് കൊണ്ട് തന്നെ വാടക, പഠന സംബന്ധമായ ആവശ്യങ്ങൾ ഒക്കെ കഴിഞ്ഞ് ഈ പൈസയ്ക്ക് അവർക്ക് പഠനം പോലും പൂർത്തിയാക്കാൻ സാധിക്കില്ല. സെക്സ് വർക്കിനൊക്കെ പോകേണ്ട അവസ്ഥ അങ്ങനെയാണ് ഉണ്ടാകുന്നത്. വീട്ടിൽ തന്നെ നിന്ന് പഠിക്കാൻ പറ്റുന്ന രീതിയിൽ എന്തെങ്കിലും ഒരു നിയമം വന്നാൽ വളരെ നല്ലതായിരിക്കും. ഇനി സ്വത്വം ഡിക്ലെയർ ചെയുന്ന കുട്ടികൾക്ക് നമ്മൾ ചെയ്യുന്ന വലിയ സഹായം ആയിരിക്കും അത്.
ട്രാൻസ് മെൻ, ട്രാൻസ് വിമെൻ; ഡോക്ടര്‍മാര്‍ക്ക് പോലും ധാരണയില്ല
ജാൻവിൻ ക്ലീറ്റസ്, ഡിഎംഎൽടി വിദ്യാർഥി, കുമാരപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം
ഒരു ഡോക്ടറിന്റെ അടുത്ത് പോയി എനിക്ക് യൂറിനറി ഇൻഫെക്ഷൻ ആണ് എന്ന് പറയുമ്പോൾ അവിടെ എന്റെ മുഴുവൻ കാര്യങ്ങളും എനിക്ക് പറയേണ്ടി വരുന്നു. ഞാൻ ഒരു ട്രാൻസ് മെൻ ആണ് എന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാകുന്നില്ല. ഇനി ചേഞ്ച് ആകാൻ പോകുന്നതാണോ എന്നാണ് മറുചോദ്യം. പുറമെ ഞാൻ ഒരു ആൺകുട്ടി ആയതുകൊണ്ട് അവർക്ക് മനസ്സിലായത് ആണിൽ നിന്നും പെണ്ണാകാനുള്ള സർജറി ചെയ്യാൻ പോകുന്നു എന്നാണ്. ട്രാൻസ് മെൻ എന്താണ്, ട്രാൻസ് വിമെൻ എന്താണ് എന്ന അവെയർനെസ് ഡോക്ടർമാർക്കില്ല. ഒരു ഹെൽത്ത് ഇഷ്യൂ വന്നാൽ നമ്മൾ അവിടെ പോയി ജീവിത കഥ മുഴുവന്‍ പറഞ്ഞാലേ അവർക്ക് പ്രശ്നം പരിഹരിക്കാൻ പറ്റൂ.
എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ട കാര്യമാണിത് . എന്റെ സർജറി ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ പലപ്പോഴും പ്രശ്നങ്ങൾ മറച്ച് വെക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഇനി വരുന്ന കുട്ടികൾക്ക് ആ അവസ്ഥ ഉണ്ടാകാൻ പാടില്ല. ഹോർമോൺ ട്രീറ്റ്മെന്റ് നടക്കുമ്പോൾ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സർജറി കഴിയാത്ത ആളുകൾക്ക് ഇടയ്ക്ക് വരുന്ന ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെങ്കിലും ഒരു നടപടി ഉണ്ടാകണം. ഞാൻ ചികിത്സ നടത്തുന്നത് എറണാകുളത്താണ്. അത്രയും ദൂരം പോയി വേണം എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ. അല്ലാതെ ഒരു സൗകര്യം നമുക്കില്ല.
മെഡിക്കൽ സെക്ടറിൽ ട്രാൻസ്ജെൻഡേഴ്സിന് സഹായം അനിവാര്യമാണ്. പെട്ടെന്ന് നടപടി എടുക്കാൻ ഒരു ടെലി കൺസൾട്ടേഷൻ എങ്കിലും ഓരോ ജില്ലയ്ക്കും വേണം. ട്രാൻസിന്റെ ശാരീരിക, മാനസിക പ്രശ്നങ്ങൾ അറിയാവുന്ന ഒരു ഡോക്ടർ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് പെട്ടെന്ന് സൊല്യൂഷൻ തരാൻ അവർക്ക് സാധിക്കൂ. ഒരു ഹോസ്പിറ്റലിൽ പോയി എനിക്ക് ബ്രെസ്റ്റ് പെയ്ൻ ഉണ്ട്, അല്ലെങ്കിൽ സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ട് എന്ന് പറയുമ്പോൾ എന്റെ സെക്സ് ഓർഗൻ എന്താണെന്ന് പോലും അറിയാത്ത ഡോക്ടേഴ്സ് ആണ് ഇപ്പോഴും പലയിടത്തും ഉള്ളത്. എല്ലാം അറിയാവുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾക്ക് വളരെ ആശ്വാസം ആയിരിക്കും.
ഒരു ജോലിക്കായി കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്
ഏബൽ എബിൻ, ടെക്നിക്കൽ സപ്പോർട്ട്, എംഫസിസ്, ബംഗളൂരു
പതിനേഴാമത്തെ വയസ്സിലാണ് എന്റെ ഐഡന്റിറ്റി പൂർണമായി തിരിച്ചറിയുന്നത്. പത്ത് വയസ്സുള്ളപ്പോൾ തന്നെ എനിക്ക് എന്തോ വ്യത്യാസമുള്ളത് പോലെ തോന്നിയിരുന്നെങ്കിലും അതിന്റെ കാരണം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനു മുൻപ് തന്നെ പല കാരണങ്ങൾ കൊണ്ട് എന്റെ വീട്ടുകാർ എനിക്ക് ഭ്രാന്താണെന്ന് പറയുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതിനുശേഷം ഒൻപത് വർഷത്തോളം ഞാൻ ചെന്നൈയിൽ ആണ് താമസിച്ചത്. ആ സമയങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പ്ലസ്ടു പഠനം പാതി വഴിയിൽ നിർത്തിയ എനിക്ക് പഠനം തുടരാൻ സാധിച്ചില്ല. ഇതേ അവസ്ഥയിലുള്ള ഒരുപാട് പേരുണ്ട്. ഇവരിൽ പലരും ഒരു ജോലിക്കായി കഷ്ടപ്പെടുന്നവരാണ്.
ഡിഗ്രിക്ക് പ്രായ പരിധി ഉള്ളത് കാരണം സ്കൂളിൽ തന്നെ പഠനം നിർത്തേണ്ടി വന്നവർക്ക് തുടർന്ന് പഠിക്കാൻ പറ്റിയിട്ടില്ല. അവരൊക്കെ ജോലിക്കായി ശ്രമിക്കുന്നുണ്ടെങ്കിലും കിട്ടുന്നില്ല എന്നുള്ളത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. കഴിഞ്ഞ മൂന്ന് വർഷമായി കുറെ കഷ്ടപ്പെട്ടിട്ടാണ് എനിക്ക് ഒരു ജോലി ശരിയായത്. അങ്ങനെ ഉള്ളവർക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെയ്യണമെന്നതാണ് എന്റെ ആവശ്യം. സർട്ടിഫിക്കറ്റ് കോഴ്സുകൾ പോലെയുള്ള എന്തെങ്കിലും ആണെങ്കിൽ പോലും അത് ഇനി വരുന്ന ട്രാൻസ് വ്യക്തികൾക്ക് നന്നായി ഉപകാരപ്പെടും. നിലവിൽ കോളേജ് വിദ്യാഭ്യാസം ഉള്ളവർക്ക് മാത്രമേ ജോലി അവസരം ലഭിക്കുന്നുള്ളൂ. അപ്പോഴും, കിട്ടുന്ന ജോലിയിൽ തന്നെ ഉയരാൻ പറ്റാത്ത അവസ്ഥയാണ് തൊഴിലിടങ്ങളിൽ ഞങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.