വായനാപ്രേമികളുടെ സ്വന്തം വണ്ടി

എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഈ ബസുകൾ സർവീസ് തുടങ്ങും

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വായനാപ്രേമികൾക്കായി ബെംഗളൂരു നഗരത്തിൽ ഓടുകയാണ് രണ്ട് നീല ബസുകൾ. ഒന്ന് കർണാടക മുൻ മുഖ്യമന്ത്രി ദേവരാജ്  ഉർസിന്റെ പേരിലും മറ്റൊന്ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും ഗണിതാധ്യാപകനുമായ എസ് ആർ രംഗനാഥന്റെ പേരിലും . രാവിലെ 10 മണി മുതൽ ഈ ബസുകൾ സർവീസ് തുടങ്ങും . വൈകിട്ട് 5 .30 വരെ നഗരത്തിലൂടെ സഞ്ചരിക്കും.
രണ്ടു ബസുകളിലുമായി പതിനയ്യായിരത്തോളം പുസ്തകങ്ങളുണ്ട് . വായനക്കാർക്കു ബസിലേക്ക് കയറാം ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം, ഇരുന്നു വായിക്കാം, അംഗത്വം ഉണ്ടെങ്കിൽ പുസ്തകവുമായി മടങ്ങാം. ഓരോ ദിവസവും നഗരത്തിൽ നിന്ന് 15 - 30  വരെ പുതിയ വായനാപ്രേമികളെ കണ്ടുമുട്ടുകയാണ് ഈ ബസുകൾ.

നോവൽ, കഥകൾ, ഫിക്ഷനുകൾ, ശാസ്ത്ര പുസ്തകങ്ങൾ, യാത്രാ വിവരണ പുസ്തകങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്

1986 മുതലാണ് ഈ രണ്ടു ബസുകളും പുസ്തക കൂമ്പാരവുമായി ആദ്യമായി നിരത്തിലിറങ്ങിയത്. വായന മരിക്കുന്നു  എന്ന വിലാപങ്ങൾക്കിടയിലും പ്രതിദിനം പുതിയ വായനക്കാരെ കണ്ടെത്തുകയാണ് ഈ ബസുകൾ. കന്നഡ, ഇംഗ്ലീഷ്, തമിഴ്, തെലുഗു പുസ്തകങ്ങളാണ് ബസുകളിലുള്ളത്. നോവൽ, കഥകൾ, ഫിക്ഷനുകൾ, ശാസ്ത്ര പുസ്തകങ്ങൾ, യാത്രാവിവരണ പുസ്തകങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. നഗരത്തിലെ പ്രധാനപ്പെട്ട പത്തിടങ്ങളിൽ ബസുകൾക്കു സ്റ്റോപ്പുണ്ട്. കൃഷ്ണ രാജപുര, അടുഗോഡി, രാജാജി നഗർ, മഹാദേവപുര, ബൊമ്മനഹള്ളി, ജെ പി നഗർ, ഗിരി നഗർ, അമൃതഹള്ളി,പത്മനാഭ =നഗർ എന്നിവിടങ്ങളിലാണ് ബസുകൾ എത്തുക.

ഒരുമണിക്കൂർ നേരം ഓരോ സ്റ്റോപ്പുകളിലും ബസുകൾ നിർത്തിയിടും. ആർക്കും ബസിനകത്ത് കയറി വരാം. ഡ്രൈവറും ഒരു ലൈബ്രേറിയനും ബസിലുണ്ടാകും . സൗജന്യമായി പുസ്തകങ്ങൾ വായിക്കാം. 200 രൂപ നൽകിയാൽ ആജീവനാന്ത അംഗത്വവും മൂന്നു കാർഡുകളും  ലഭിക്കും . നിലവിൽ പതിനായിരത്തോളം പേർക്ക് ഈ സഞ്ചരിക്കുന്ന ലൈബ്രറികളിൽ അംഗത്വമുണ്ട്. യുവാക്കളാണ് ഈ ബസുകൾ പ്രയോജനപ്പെടുത്തുന്നവരിൽ ഏറെയും. ബെംഗളൂരുവിൽ ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച സെൻട്രൽ ലൈബ്രറിയുടെ ഭാഗമാണ് ഈ സംരംഭം. പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ് ലൈബ്രറികൾ പ്രവർത്തിക്കുന്നത് . 

Related Stories

No stories found.
logo
The Fourth
www.thefourthnews.in