മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ

മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ

ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമം, 43 വർഷം മുൻപ് നടന്ന റെയ്ഗൻ വധശ്രമവും ആ നിമിഷം കാമറയിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ റോൺ എഡ്മണ്ട്‌സിനെയും ഓർമയിലേക്ക് തിരികെയെത്തിക്കുന്നു.
Updated on
2 min read

അതൊരു വിഫലമായ വധശ്രമമായിരുന്നു. ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി, അമേരിക്കൻ പ്രസിഡന്റ് , മരണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സംഭവം. ആ വധശ്രമം സൂക്ഷ്മദൃക്കായ ഒരു ഫോട്ടോഗ്രാഫറുടെ കാമറയിൽ പതിഞ്ഞിരുന്നു. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ 'റെയ്ഗൻ വധശ്രമം' ചിത്രം പകർത്തിയത് അസോസിയേറ്റ് പ്രസ്സിന്റെ ഫോട്ടോ ഗ്രാഫർ റോൺ എഡ്മണ്ട്‌സായിരുന്നു. സംഭവം നടന്നത് 1981 മാർച്ച് 30 നായിരുന്നു.

നാല്പതാമത്തെ അമേരിക്കൻ പ്രസിഡന്റായ റൊണാൾഡ് റെയ്ഗന് നേരെ 43 വർഷം മുൻപ് 25 വയസുകാരനായ ഡിസ്‌ക് ജോക്കി ജോൺ ഹിങ്ക്‌ലി വെടിയുതിർത്തത് അമേരിക്കയെ നടുക്കി. കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റും ഇപ്പോൾ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം പോലെ ലക്ഷക്കണക്കിനാളുകൾ ടിവിയിലൂടെ തത്സമയം വീക്ഷിച്ച വധശ്രമമായിരുന്നു ഇത്.

മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ
ട്രംപിനെ വെടിവെച്ച തോമസ് നവംബറിൽ വോട്ട് ചെയ്യാനിരുന്നയാൾ; രജിസ്റ്റർ ചെയ്തത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ

എഴുപതുകാരനായ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗൻ വാഷിങ്ങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തിയ പ്രസംഗം കഴിഞ്ഞ് തന്റെ ലിമോസിൻ കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ജോൺ ഹിങ്ക്‌ലി അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ശരീരം തുളച്ചു പോയ വെടിയുണ്ട ഹൃദയത്തിന് തൊട്ടടുത്ത് തറഞ്ഞു കയറുകയായിരുന്നു. പ്രസിഡന്റിന്റെ പ്രസ്സ് സെക്രട്ടറി ജിം ബ്രാഡി, ഒരു രഹസ്യ പോലിസ് ഏജന്റ്, ഒരു പോലീസുകാരൻ എന്നിങ്ങനെ മൂന്ന് പേർ ജോൺ ഹിങ്ക്‌ലി യുടെ റിവോൾവറിൽ നിന്ന് ചീറിപ്പാഞ്ഞു വന്ന വെടിയുണ്ടകളേറ്റ് മുറിവേറ്റ് നിലം പതിച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന അസോസിയേറ്റ് പ്രസ്സിന്റെ ഫോട്ടോഗ്രാഫർ റോൺ എഡ്മണ്ട്‌സും മറ്റ് പലരും വെറും പടക്കം പൊട്ടുന്നതാണെന്ന് ആദ്യം കരുതിയെങ്കിലും ഉടനെ തന്നെ കാമറ ചലിപ്പിച്ചു. മുറിവേറ്റ റെയ്ഗന്റെ പ്രതികരണം കാണിക്കുന്ന ഫോട്ടോകളുടെ ആ പരമ്പര, പ്രസിഡന്റിന്റെ മുഖഭാവം പിടിച്ചെടുക്കുന്ന റോൺ എഡ്മണ്ട്‌സിന്റെ ചിത്രങ്ങൾ ലൈവ് ഫോട്ടോ ഗ്രാഫിയിലെ ഏറ്റവും മികച്ച ചിത്രങ്ങളായി ഇന്ന് കണക്കാക്കുന്നു. പിന്നീട് അദ്ദേഹത്തിന്റെ സമയോചിതമായ, ചടുലമായ, സമഗ്രമായ, കവറേജിനെ അവിടെയുണ്ടായിരുന്ന പത്രപ്രവർത്തകർ പ്രശംസിച്ചപ്പോൾ എഡ്മണ്ട്‌സ് പറഞ്ഞു, 'you always think it is going to happen someplace else. '

പ്രസിഡന്റിന്റെ അംഗരക്ഷകർ അദ്ദേഹത്തിന് കവചം തീർക്കുകയും, അവർ അക്രമി ജോൺ ഹിങ്ക്‌ലിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു. റെയ്ഗനെ ഉടനടി ജോർജ് വാഷിങ്ങ്ടൺ ആശുപത്രിയിലേക്ക് മാറ്റി. പിന്നിട്ട് ഡോക്ടർമാർ അദ്ദേഹം അപകടനില തരണം ചെയ്തതായി പ്രഖ്യാപിച്ചു.

മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ
പോരടിച്ച് ട്രംപും ബൈഡനും; എന്താണ് അമേരിക്കൻ തിരഞ്ഞെടുപ്പിലെ പ്രസിഡൻഷ്യൽ സംവാദം, പ്രാധാന്യമെന്ത്?

പ്രതിസന്ധികളിൽ അപകടം മുന്നിലുള്ളപ്പോൾ ക്യാമറ അദൃശ്യ കവചമാക്കി ജോലി നിർവഹിക്കുന്ന ഈ ക്ലാസിക് ഫോട്ടോ കവറേജിനെ കുറിച്ച് പറയാൻ അമേരിക്കൻ മാസികയായ ന്യൂസ് ഫോട്ടോ ഗ്രാഫി മാസിക 1981 ഓഗസ്റ്റ് ലക്കത്തിൽ 11 പേജുകളാണ് നീക്കി വെച്ചത്. അമേരിക്കൻ പ്രസിഡന്റിനെ ഫോട്ടോഗ്രാഫർമാർ കവർ ചെയ്യുമ്പോൾ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങൾ, അപകടം, സമ്മർദ്ദം, എന്നിവ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് ഈ ലേഖനം ഫോട്ടോഗ്രാഫർ റോൺ എഡ്മണ്ട്‌സിന്റെ 'റെയ്ഗൻ വധശ്രമം 'എന്ന ക്ലാസിക്ക് കവറേജ് മുൻ നിറുത്തി സ്ഥാപിക്കുന്നു.

1982 ൽ ഈ ഫോട്ടോപരമ്പര ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള ആ വർഷത്തെ പുലിറ്റ്‌സർ സമ്മാനം റോൺ എഡ്മണ്ട്‌സിന് നേടി കൊടുത്തു. തിയോഡർ റൂസ് വെൽറ്റിന് ശേഷം വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടാമത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു റൊണാൾഡ് റെയ്ഗൻ.

ഒരു മുൻ ഹോളിവുഡ് താരമായ റെയ്ഗൻ ആശുപത്രിയിലെത്തിയ തന്റെ ഭാര്യ നാൻസിയെ കണ്ടപ്പോൾ തന്റെ പഴയ ഒരു സിനിമയിലെ ഡയലോഗ് പറഞ്ഞു: Honey I Forgot to duck.

ഓപ്പറേഷൻ തിയേറ്ററിൽ ശരീരത്തിലെ വെടിയുണ്ട നീക്കാൻ എത്തിയ സർജൻമാരോട് പഴയ നടൻ റെയ്ഗൻ ചോദിച്ചുവത്രേ: 'I hope you guys are Republicans'....

logo
The Fourth
www.thefourthnews.in