വിദ്യാർത്ഥികളുടെ ഫീസിലും തട്ടിപ്പ്, 'ലാഭം' നോക്കുന്നവരെ ഉന്നമിട്ട് സംഘങ്ങള്‍; ദ ഫോര്‍ത്ത് അന്വേഷണപരമ്പര-6
സര്‍വ്വകലാശാലകളിൽ കുട്ടികളടക്കുന്ന ഫീസ് തട്ടിയെടുക്കുന്ന സംഘങ്ങളാണ് ഇപ്പോള്‍ ബ്രിട്ടണിലെ ചൂടുള്ള വാര്‍ത്ത. ആര്‍ച്ച എന്ന ഈ വിദ്യാര്‍ത്ഥിനി പറയുന്ന കഥ കേൾക്കുക. ചെംസ്ഫോഡിലെ ഒരു സര്‍വ്വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു ആര്‍ച്ച എന്ന ആ വിദ്യാര്‍ത്ഥിനി ആ തട്ടിപ്പിനെ കുറിച്ച് പറഞ്ഞത്. അതിങ്ങനെയാണ്.
രണ്ടാം ഗഡു ഫീസടക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് സഹപാഠിയായ സുഹൃത്ത് ഒരു ഓഫറുമായി വരികയാണ്. നേരിട്ട് സര്‍വ്വകലാശാലയില്‍ ഫീസടച്ചാല്‍ 5000 പൗണ്ട് നല്‍കണമെന്നിരിക്കട്ടെ, മലയാളികളുടെ നിയന്ത്രണത്തിലുള്ള ഒരു ഏജന്‍സി വഴി, അല്ലെങ്കില്‍ ഏതെങ്കിലും ഇടനിലക്കാരന്‍ വഴിയോ അടച്ചാല്‍ 500 പൗണ്ട് കുറച്ച് അടച്ചാല്‍ മതി. ഏജന്‍സികള്‍ക്കോ, ഇടനിലക്കാര്‍ക്കോ സര്‍വ്വകലാശാലകള്‍ നല്‍കുന്ന ഇളവ് എന്ന തരത്തിലാകും ഇത് അവതരിപ്പിക്കപ്പെടുക.
പഠനച്ചെലവും ജീവിതച്ചെലവും കൊണ്ട് പൊറുതിമുട്ടുമ്പോള്‍ 500 പൗണ്ട് (50,000 രൂപ) ലാഭിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ പാഴാക്കുമോ...ഈ ഓഫര്‍ വരുന്നത് അടുത്ത സുഹൃത്തില്‍ നിന്ന് കൂടിയാകുമ്പോള്‍ എന്തിന് അവിശ്വസിക്കണം. മാത്രമല്ല, ഫീസടച്ചതായി സ്ഥിരീകരിച്ച് സര്‍വ്വകലാശാലയില്‍ നിന്ന് ഈ മെയില്‍ വന്ന ശേഷം ഏജന്‍സിക്ക് പണം നല്‍കിയാൽ മതി.
അങ്ങനെ കുട്ടികൾ ഏജൻസിക്ക് പണം നൽകുന്നു. അധികം വൈകാതെ സര്‍വ്വകലാശാലയില്‍ ഫീസടച്ചതിനുള്ള രസീത് വന്നു. പക്ഷെ കുറച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ ഫീസ് അടച്ചില്ലെന്നും കോഴ്സ് റദ്ദാകുമെന്നും അറിയിച്ച് സര്‍വ്വകലാശാലയുടെ അറിയിപ്പ് വരുമ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് ഈ കുട്ടികള്‍ അറിയുക. ആര്‍ച്ച ഉള്‍പ്പടെ നിരവധി പേര്‍ ഇത്തരത്തില്‍ ഫീസ് തട്ടിപ്പിന് ഇരയായി. സംഭവം സഹപാഠിയായ സുഹൃത്തിനെ സമീപിച്ചപ്പോള്‍ ആ കുട്ടിയും പറ്റിക്കപ്പെടുകയായിരുന്നു എന്നാണ് മറുപടി കിട്ടിയത്.
ലണ്ടനിലെ ഈ വാര്‍ത്ത കേട്ട് കോവണ്‍ട്രിയില്‍ എത്തിയപ്പോള്‍ അവിടെയും സമാന തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞു. യുകെയില്‍ ഇത്തരം തട്ടിപ്പുകളില്‍പ്പെടുന്ന കുട്ടികളെ സഹായിക്കുന്ന കോവണ്‍ട്രിയിലെ പ്രവീണ്‍-സ്വപ്ന ദമ്പതികളാണ് അക്കാര്യം അറിയിച്ചത്. എങ്ങനെയാണ് അടക്കാത്ത ഫീസ് അടച്ചതായി സര്‍വ്വകലാശാലയില്‍ നിന്ന് കുട്ടികള്‍ക്ക് ഈ മെയില്‍ വരുന്നതെന്ന് സ്വപ്ന വിശദീകരിച്ചു.
ക്രെഡിറ്റ് കാര്‍ഡ് വഴിയായിരിക്കും തട്ടിപ്പുകാര്‍ ആദ്യം സര്‍വ്വകലാശാലയില്‍ ഫീസ് അടക്കുക. ഈ ക്രെഡിറ്റ് കാര്‍ഡ് യുകെക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നായിരിക്കും. പിന്നീട് ഈ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും പണം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പരാതി നല്‍കും. അങ്ങനെ സര്‍വ്വകലാശാല അവര്‍ക്ക് പണം തിരിച്ചുനല്‍കും. പണം തിരിച്ചുവാങ്ങുന്നത് അറിയിച്ചുള്ള മെയില്‍ സന്ദേശം കുട്ടികള്‍ക്ക് ലഭിക്കുകയുമില്ല.
പക്ഷെ, ഇവിടെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. തുരുതുരാ ഇതുപോലെ ഫീസ് അടക്കുകയും അതെല്ലാം റോങ് പെയ്മെന്റ് എന്ന് കാണിച്ച് പണം തിരിച്ചുവാങ്ങുകയും ചെയ്യുമ്പോള്‍ ബാങ്കിനോ,സര്‍വ്വകലാശാലക്കോ ഇതില്‍ സംശയം തോന്നാത്തത് എന്തുകൊണ്ടായിരിക്കും. 50,000 മുതല്‍ 1 ലക്ഷം പൗണ്ടിന്റെ വരെ ഇടപാടുകള്‍ വളരെ നിസാരമായി ക്രെഡിറ്റ്കാര്‍ഡ് വഴി നടത്തുകയും പണം പിന്‍വിലക്കുകയും ചെയ്യുന്നത് എങ്ങനെ.
യുകെയില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത് സന്നദ്ധ പ്രവര്‍ത്തകരും പറയുന്നത്. സ്വന്തം സുരക്ഷയോര്‍ത്ത് പലരും ഇതൊന്നും പുറത്തുപറയുന്നില്ല എന്ന് മാത്രം.