'ആ കഥാപാത്രം അദ്ദേഹത്തോടൊപ്പം മരിച്ചു, മറ്റൊരാള്‍ക്കായി അത് മാറ്റിവയ്ക്കില്ല'- ഇ എം അഷ്‌റഫ്‌

'ആ കഥാപാത്രം അദ്ദേഹത്തോടൊപ്പം മരിച്ചു, മറ്റൊരാള്‍ക്കായി അത് മാറ്റിവയ്ക്കില്ല'- ഇ എം അഷ്‌റഫ്‌

''അടുത്ത സിനിമയെഴുതിത്തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിനായി ഒരു വേഷം മാറ്റിവച്ചിരുന്നു.നോമ്പും മറ്റ് തിരക്കുകളുമൊക്കെയായതുകൊണ്ട് അടുത്ത ആഴ്ച അദ്ദേഹത്തെ കാണാന്‍ പോകാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ''
Updated on
3 min read

മാമുക്കോയ എപ്പോഴും എനിക്ക് നല്ല ഓര്‍മയാണ്, കോഴിക്കോട് നിന്ന് ഞാന്‍ സമ്പാദിച്ച പ്രിയപ്പെട്ട കുറച്ചാളുകളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായി എനിക്ക് ഏറ്റവും അടുത്ത ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു, കൂടെ ഞാന്‍ അദ്ദേഹത്തിനായി എഴുതിവച്ച ഒരു കഥാപാത്രം എനിക്ക് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്.

എന്റെ സിനിമയിലെ നായകനായ മാമുക്കോയയെ ഓര്‍ക്കുമ്പോള്‍ അതിന്റെ തുടക്കം മുതലുള്ള ഓരോ സംഭവങ്ങളും ഒരു ചിത്രം കണക്കെ മനസിലൂടെ കടന്നുപോകുന്നു. കോഴിക്കോടുള്ള പ്രശസ്തരില്‍ അതിപ്രശസ്തനായിരുന്നു മാമുക്കോയ. മാധ്യമപ്രവര്‍ത്തകനായ എന്റെ തൊഴിലിടം കോഴിക്കോടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. 'ഉരു' സിനിമ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മാമുക്കോയ തന്നെയാകട്ടെ എന്ന് കരുതി.

ബേപ്പൂരിലെ ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം തന്നെ എന്റെ സിനിമയിലെ നായകനാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു

'ഉരു'വിന്‍റെ കഥ എഴുതുമ്പോള്‍ തന്നെ എന്റെ മനസിലുണ്ടായിരുന്ന നായകന്‍ മാമുക്കോയ ആയിരുന്നു. ഒന്നാമത്തെ കാരണം അദ്ദേഹം ഒരു ബേപ്പൂര്‍ സ്വദേശി ആയിരുന്നു എന്നതാണ്. മറ്റൊന്ന് മാമുക്കോയ സിനിമയിലേക്ക് വരുന്നതിന് മുന്‍പ് ഒരു തടി വ്യവസായി ആയിരുന്നു. നിലമ്പൂര്‍ കാട്ടില്‍ നിന്നുള്ള മരങ്ങളുപയോഗിച്ചാണ് അന്ന് ഉരു നിര്‍മിച്ചിരുന്നത്. അങ്ങനെ മുറിച്ചുകൊണ്ടുവരുന്ന മരങ്ങള്‍ അളക്കുന്ന ജോലിയായിരുന്നു മാമുക്കോയയ്ക്ക്. ബേപ്പൂരിലെ ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം തന്നെ എന്റെ സിനിമയിലെ നായകനാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

പലരും എന്നോട് മാമുക്കോയ എന്ന തിരഞ്ഞെടുപ്പിനെ പറ്റി ചോദിച്ചിട്ടുണ്ട്. നായക സ്ഥാനത്തേക്ക് അദ്ദേഹത്തിന് പകരമായി പലരും പല നിര്‍ദേശങ്ങളും മുന്നില്‍ വച്ചു. പക്ഷേ ബേപ്പൂരുമായും ആശാരിമാരുമായും ഉരു നിര്‍മാണവുമായും ഏറെ അടുത്തു നില്‍ക്കുന്ന മാമുക്കോയയല്ലാതെ ആ കഥാപാത്രത്തിന് അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം പല മാറ്റങ്ങളും പറഞ്ഞു തന്നു. ഉരുവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കറിച്ചൊക്കെ അദ്ദേഹത്തിന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അത് സിനിമയ്ക്കും വളരെ പ്രയോജനപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന സിനിമയാണ് ഉരുവും അതിലെ ശ്രീധരനാശാരി എന്ന കഥാപാത്രവും.

നാടോടിക്കാറ്റിലെ ഖഫൂര്‍ കാ ദോസ്ത് എന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാമുക്കോയ കഥാപാത്രം ഉരുവിലാണല്ലോ ആളുകളെ കയറ്റി അയക്കുന്നത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ഉരുവിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നതും. രണ്ടും രണ്ടാണെന്നേയുള്ളു. അതേ ഉരു നിര്‍മിക്കുന്ന ശ്രീധരനാശാരിയായി മാമുക്കോയ എന്റെ സിനിമയിലെത്തുന്ന ഒരു കൗതുകവും എനിക്കുണ്ടായിരുന്നു. ആ കഥാപാത്രം ചെയ്യുമ്പോള്‍ പഴയ ആശാരിമാരുടെ വേഷങ്ങള്‍ ഒരു ബനിയന്‍, കാതില്‍ ഒരു കടുക്കന്‍ അങ്ങനെ കോസ്റ്റ്യൂം തിരഞ്ഞെടുത്തത് അദ്ദേഹം തന്നെയായിരുന്നു.

ഉരു എന്ന ചിത്രം മാമുക്കോയ അത്രയും കാലം ചെയ്തുവച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പെരുമഴക്കാലവും കുരുതിയും പോലെ വളരെ ചുരുക്കം സിനിമകളില്‍ മാത്രമേ മാമുക്കോയ എന്ന നടന്റെ മറ്റൊരു മുഖം നമ്മള്‍ കണ്ടിട്ടുള്ളു. എപ്പോഴും നമ്മളെ ചിരിപ്പിക്കുന്ന ഒരുപാട് തഗ്ഗുകള്‍ അടിക്കുന്ന മാമുക്കോയയില്‍ നിന്ന് ഒരു മാറ്റമായിരുന്നു ഉരുവില്‍. അങ്ങനെയൊരു മാറ്റം അദ്ദേഹവും ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ചിരിയിലെ കൂട്ടാളികളായിരുന്ന സുരാജ് വെഞ്ഞാറമൂടിനും ഇന്ദ്രന്‍സിനും ഒക്കെ ഒരു രണ്ടാം ജന്മം ഉണ്ടായി. അത് മാമൂക്കയും പ്രതീക്ഷിച്ചിരുന്നു.

ചിരിയിലെ കൂട്ടാളികളായിരുന്ന സുരാജ് വെഞ്ഞാറമൂടിനും ഇന്ദ്രന്‍സിനും ഒക്കെ ഒരു രണ്ടാം ജന്മം ഉണ്ടായി. അത് മാമൂക്കയും പ്രതീക്ഷിച്ചിരുന്നു. അവാര്‍ഡുകളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുകൂടിയുണ്ടാകില്ല. അതിനെക്കുറിച്ച് ഒരിക്കലും പറഞ്ഞ് കേട്ടിട്ടുമില്ല. അവരെ പോലെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതില്ലാതായി. ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി വന്നേനെ. വലിയൊരു ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്.

അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ എല്ലാവരും ചിരിച്ചു. പക്ഷേ എനിക്കതൊരു തമാശയായിരുന്നില്ല

ഉരുവിന്റെ രണ്ടാം വാരം ആഘോഷിക്കാനായി ഒരുമാസം മുൻപ് അദ്ദേഹം തലശ്ശേരിയില്‍ വന്നിരുന്നു. അന്ന് അവിടെ കുറേ മന്ത്രിമാരുടെയും മറ്റ് പ്രമുഖരുടെയും മുന്നില്‍ വച്ച് അദ്ദേഹം സംസാരിച്ചു. ''ഉരുവിലെ അഭിനയത്തെക്കുറിച്ച് എന്നോട് കുറേ പേര്‍ വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് അടുത്ത സിനിമയില്‍ അഷ്‌റഫിന് എന്നെ എടുക്കാന്‍ ഇത് മതിയല്ലോയെന്നാണ്.'' അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ എല്ലാവരും ചിരിച്ചു. പക്ഷേ എനിക്കതൊരു തമാശയായിരുന്നില്ല, അടുത്ത സിനിമയെഴുതിത്തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിനായി ഒരു വേഷം മാറ്റിവച്ചിരുന്നു.

നോമ്പും മറ്റ് തിരക്കുകളുമൊക്കെയായതുകൊണ്ട് അടുത്ത ആഴ്ച അദ്ദേഹത്തെ കാണാന്‍ പോകാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അതിനിടയിലാണ് ഇതൊക്കെ, നമ്മുടെ കൂടെയുള്ള ഒരാള്‍ ഇത്രപെട്ടെന്ന് പോകുമെന്ന് ആരും കരുതുന്നില്ലല്ലോ... തിരിച്ചുവരുമെന്ന് തന്നെയാണ് കരുതിയത്. ഒരു ഹാസ്യകഥാപാത്രമായിരുന്നു അത്. മാമുക്കോയ ചെയ്താല്‍ മാത്രം ആളുകള്‍ ചിരിക്കുന്ന കഥാപാത്രം, അതിനി മറ്റൊരാളിലേക്ക് കൈമാറാന്‍ സാധിക്കില്ല. ആ കഥാപാത്രം മരിച്ചുകഴിഞ്ഞു. ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ് ചിലര്‍ക്കുവേണ്ടി മാത്രം നമ്മള്‍ സൂക്ഷിക്കുന്നവ, അവരില്ലെങ്കില്‍ ആ കഥാപാത്രങ്ങളുമില്ല...

നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. നമ്മുടെ മുന്നില്‍ ഒരു കൊമേഡിയനായിരുന്ന മാമുക്കോയ നമ്മള്‍ ചിന്തിക്കുന്നതിനുമപ്പുറത്തുള്ള മനുഷ്യനാണ്. അഭിനയത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച്, എഴുത്തിനെക്കുറിച്ച് അങ്ങനെ വലിയ സാംസ്‌കാരിക ബന്ധമുള്ള നടനായിരുന്നു. ഇങ്ങനെയുള്ള നടന്മാര്‍ വളരെ അപൂര്‍വമാണ് നമുക്ക്. നമ്മള്‍ കാണുന്ന തമാശക്കാരനല്ല ആ മനുഷ്യന്‍, അതിന് പുറത്ത് മാമുക്കോയ എന്ന വിശാലമായൊരു ലോകമുണ്ട്. അത് തന്നെയാണ് മാമുക്കോയയെന്ന നടനില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തിയ ഘടകവും, ഉരുവില്‍ അദ്ദേഹം അത് ഉജ്ജ്വലമായി അവതരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം ധൈര്യശാലിയായിരുന്നു, ഒന്നിനെയും പേടിച്ചിരുന്നില്ല. സിനിമാ സെറ്റില്‍ ഒക്കെ വലിയ ഗൗരവക്കാരനായിരുന്നു. എന്നാല്‍ ആരെയെങ്കിലും കളിയാക്കാനുള്ള അവസരം കിട്ടിയാല്‍ അദ്ദേഹം അത് കളയാറുമില്ല. ബേപ്പൂരിലുള്ള ആളുകള്‍ക്കിടയിലൂടെ സാധാരണക്കാരനെപ്പലെ നടന്ന മാമുക്കോയയ്ക്ക് ഒരു സിനിമാ നടന്റെതായ ഒരു ഭാവവും ഇല്ലായിരുന്നു. ഷൂട്ടിന്റെ ഇടവേളകള്‍ക്കിടയില്‍ ആള്‍ക്കാരോട് കുശലം പറഞ്ഞ് ചായയും കുടിച്ച് ഇറങ്ങിവരുന്ന മാമുക്കോയയുടെ ചിത്രം മനസില്‍ തന്നെയുണ്ട്. അവിചാരിതമായിപ്പോയി എല്ലാം. അദ്ദേഹത്തിന്റെ മരണം എന്റെ കഥാപാത്രത്തെയും കൊന്നുകളഞ്ഞു.

logo
The Fourth
www.thefourthnews.in