'ഫാസ്‌ലെ ആസ്മാൻ തക് മിഠാ ദേ '
ഭിന്നശേഷി എന്നത് അതുല്യ ശേഷിയാണെന്ന് ഓർമിപ്പിക്കുകയാണ് ബെംഗളുരുവിൽ നിന്ന് ലോക ഭിന്നശേഷി ദിനത്തിൽ പുറത്തിറങ്ങുന്ന ഒരു സംഗീത ആൽബം . ഭിന്നശേഷിക്കാരായ നാലുപേരെ ഉൾപ്പെടുത്തി മലയാളിയായ സുനിൽ കോശിയാണ് 'ഫാസ്‌ലെ ആസ്മാൻ തക് മിഠാ ദേ 'എന്ന ഹിന്ദി ആൽബം പുറത്തിറക്കുന്നത് .
കുളിമുറി പാട്ടുകാരെ ലോകോത്തര വേദികളിലെ ഗായകരാക്കി മാറ്റുന്ന 'മഗ് റ്റു മൈക്ക്' എന്ന സംരംഭത്തിന്റെ അമരക്കാരൻ കൂടിയാണ് ബെംഗളുരുവിലെ സംഗീത ലോകത്തു സുപരിചിതനായ സുനിൽ കോശി .
ശാരീരിക വൈകല്യം കാരണം പരിമിതികൾ സ്വയം നിശ്ചയിച്ച് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയവർക്ക് പ്രചോദനമാകാനാണ് സംഗീത ആൽബത്തിലൂടെ ശ്രമിക്കുന്നത് . ചക്ര കസേരയിൽ ജീവിതം ഒതുങ്ങി പോയിട്ടും ചുറ്റുമുള്ള ലോകത്തിനു പ്രകാശം പകരുന്ന ധന്യ രവി , സെറിബ്രൽ പാൾസി ബാധിച്ച ശ്രദ്ധ മുരളീധരൻ , ശാരീരിക അവശതകളെ അവസരമാക്കി മാറ്റിയ ബി കെ ശ്രീനിവാസ് പോളിയോ ബാധിതനായ ഡോ ഡി ഗണേഷ് എന്നിവരാണ് സംഗീത ആൽബത്തിൽ പാടി അഭിനയിച്ചിരിക്കുന്നത് . അർച്ചന ഹള്ളിക്കേരിയാണ് സംഗീത ആൽബത്തിന്റെ സംവിധായിക . ഭിന്നശേഷി ദിനമായ ഇന്ന് ഗായിക കെ എസ് ചിത്ര ഓൺലൈനിലൂടെ ആൽബം റിലീസ് ചെയ്തു.