പുത്തുമലയിൽനിന്ന് ചൂരൽമലയിലേക്ക് അഞ്ചാണ്ടിന്റെ ദൂരം
വയനാട്ടിലെ ചൂരല്‍മലയിലുണ്ടായത് കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍. അവസാനം ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുളില്‍ ഇല്ലാതായത് 125 ജീവനുകള്‍. 2019ലെ പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് പൂര്‍ത്തിയാവുമ്പോഴാണ് വയനാടിനെ ആകെ വിറപ്പിച്ച ചൂരല്‍മല ഉരുള്‍പൊട്ടല്‍.
2019 ഓഗസ്റ്റ് എട്ടിന് വൈകീട്ടാണ് ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ പുത്തുമല ദുരന്തം സംഭവിക്കുന്നത്. അന്ന് കേരളത്തെ നടുക്കിയ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളില്‍ ഒന്നായിരുന്നു അത്. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു.
17 പേരുടെ ജീവന്‍ എടുത്ത ദുരന്തത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് പുത്തുമലയോട് ചേര്‍ന്നുള്ള പ്രദേശമായ ചൂരല്‍മലയില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. മേപ്പാടിയില്‍നിന്ന് തുടങ്ങിയെന്ന് കരുതപ്പെടുന്ന ഉരുള്‍പൊട്ടലില്‍ എത്രത്തോളം ജീവനുകള്‍ ഇല്ലാതായെന്നോ നാശനഷ്ടമുണ്ടായെന്നോ ഇപ്പോഴും വ്യക്തമല്ല.
രണ്ട് ദിവസം ആര്‍ത്തലച്ച് പെയ്ത മഴയ്ക്ക് പിന്നാലെയായിരുന്നു പുത്തുമല ദുരന്തം. അന്ന് 550 മില്ലിമീറ്റര്‍ മഴ പുത്തുമലയ്ക്ക് മുകളില്‍ പെയ്തുവെന്നാണ് കണക്ക്. വൈകീട്ട് നാലോടെ മേപ്പാടി പച്ചക്കാട്ടില്‍ ഉരുള്‍പൊട്ടി താഴ്‌വാരം മുഴുവന്‍ ഒലിച്ചുപോയിരുന്നു. മണ്ണും പാറക്കൂട്ടവും ഒലിച്ചെത്തി ഒരു ഗ്രാമം തന്നെ അന്ന് ഇല്ലാതായി. ഓടിരക്ഷപ്പെടാന്‍ പോലും കഴിയാതിരുന്ന മനുഷ്യരും അവരുടെ വീടുകളും വളര്‍ത്തുമൃഗങ്ങളും എല്ലാം മണ്ണിനടിയിലായി. അഞ്ച് പേരുടെ മൃതദേഹം ഇന്നും കണ്ടെത്താനായിട്ടില്ല.
എസ്റ്റേറ്റ് ജീവനക്കാരും വളരെ സാധാരണക്കാരുമായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും മലവെള്ളം തൂത്തെറിഞ്ഞു. ആരാധനാലയങ്ങള്‍, പാടികള്‍, ക്വാര്‍ടേഴ്സ്, കാന്റീന്‍, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുള്‍കൊണ്ടുപോയി.
അതിന്റെ നടുക്കത്തില്‍നിന്നും വേര്‍പാടിന്റെ വേദനകളില്‍ നിന്നും ഇനിയും വയനാട് മുക്തമായിട്ടില്ല. അതിനിടയിലാണ് ചൂരല്‍മല ദുരന്തം. പുത്തുമല ദുരന്തഭൂമിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ പോലും ദൂരമില്ല ചൂരല്‍മലയിലേക്ക്. തോട്ടം തൊഴിലാളികളും അതിസാധാരണക്കാരും ജീവിച്ചിരുന്ന ചൂരൽമലയിലേക്കും മേലേമേപ്പാടിയിലേക്കും മുണ്ടക്കൈയിലേക്കുമാണ് മല പൊട്ടിവന്നത്.
ഇവിടുത്തുകാര്‍ സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനുമെല്ലാമായി ആശ്രയിച്ചിരുന്ന ചൂരല്‍മല ടൗണ്‍ പരിപൂര്‍ണമായും ഇല്ലാതായി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശനഷ്ടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുന്ന ഈ സാഹചര്യത്തിൽ ഇനിയും എത്ര ജീവനുകള്‍ ചെളിക്കും പാറക്കൂട്ടങ്ങള്‍ക്കും അടിയിലുണ്ടെന്നത് ആര്‍ക്കും പറയാനാവുന്നില്ല.
പുലര്‍ച്ചെ രണ്ടോടെ മുണ്ടക്കൈയിലാണ് ആദ്യം ഉരുള്‍ പൊട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാലോടെ അതിന് സമീപത്തായി ചൂരല്‍മലയിലും ഉരുള്‍പൊട്ടി. ചെമ്പ്ര, വെള്ളരിമലകളില്‍ നിന്നും കൈവഴിയായൊഴുകുന്ന പുഴയുടെ തീരത്താണ് പുത്തുമലയും ചൂരല്‍മലയും.