പട്ടികടിച്ചാല്‍ എന്തുചെയ്യണം?

പട്ടികടിച്ചാല്‍ എന്തുചെയ്യണം?

പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ ആദ്യമിനിറ്റിലും മണിക്കൂറിലും ചെയ്യേണ്ടത്.
Published on
  • വൈറസിനെതിരേ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനും തുടര്‍ന്ന് ആന്റി റാബീസ് വാക്‌സിനും കൃത്യസമയത്ത് എടുക്കുക.

  • മൃഗങ്ങളില്‍ നിന്നു കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയാതാല്‍ ഉടനേ മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കണം.

  • പെപ്പില്‍ നിന്നു വെള്ളം മുറിവില്‍ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് പത്ത്-പതിനഞ്ച് മിനിറ്റെങ്കിലുമെടുത്തു വേണം കഴുകാന്‍.

  • മുറിവില്‍ പുരണ്ട ഉമിനീരിലുള്ള അതിസൂക്ഷ്മ വൈറസുകളെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണിത്. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകള്‍ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച്, വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനുണ്ട്.

  • പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്‌ക്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ കടിയേറ്റാല്‍ അഞ്ച് മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോള്‍ വെറും കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. കഴുകിയതിന് ശേഷം മുറിവില്‍ സ്പിരിറ്റോ അയഡിന്‍ അടങ്ങിയ ആന്റി സെപ്റ്റിക് ലേപനങ്ങളോ പുരട്ടാം.

കഴുകുമ്പോള്‍ വെറും കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. കഴുകിയതിന് ശേഷം മുറിവില്‍ സ്പിരിറ്റോ അയഡിന്‍ അടങ്ങിയ ആന്റി സെപ്റ്റിക് ലേപനങ്ങളോ പുരട്ടാം.

  • കടിയേറ്റ മുറിവുകളില്‍ തണുപ്പോ ചൂടോ ഏല്‍പ്പിക്കരുത്, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുകയോ ചെയ്യരുത്. ഇതെല്ലാം മുറിവുകളില്‍ പേശികളോടെ ചേര്‍ന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീതന്തുക്കളിലേയ്ക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.

  • പ്രഥമശുശ്രൂഷ കഴിഞ്ഞാലുടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. മുറിവോ മറ്റ് പോറലുകളോ ഇല്ലെങ്കില്‍ പേവിഷ പ്രതിരോധത്തിനായുള്ള വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) എടുക്കേണ്ടതില്ല.

  • തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവയുണ്ടെങ്കില്‍ വാക്‌സിനെടുക്കണം. 0, 3, 7, 28 ദിവസങ്ങളില്‍ നാല് ഡോസ് വാക്‌സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്‌സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്‌സിനെടുത്ത് നിര്‍ത്താന്‍ പാടില്ല, മുഴുവന്‍ ഡോസും കൃത്യമായി പൂര്‍ത്തിയാക്കണം. വാക്‌സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍ പേവിഷവൈറസിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ എന്ന മാംസ്യമാത്രകള്‍ രൂപപ്പെടും.

  • മൃഗങ്ങളില്‍ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളില്‍ നിന്നേല്‍ക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3-ല്‍ ഉള്‍പ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിനും ( ആന്റി റാബീസ് സിറം) ആദ്യവും തുടര്‍ന്ന് ആന്റിറാബീസ് വാക്‌സിനും ഇത്തരം കേസുകളില്‍ നിര്‍ബന്ധമായും എടുക്കണം.

  • വൈറസിനെ വേഗത്തില്‍ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങള്‍ അടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായി വരാനെടുക്കുന്ന രണ്ടാഴ്ച കാലയളവില്‍ വൈറസില്‍ നിന്നും ഇമ്മ്യുണോഗ്ലോബുലിന്‍ സുരക്ഷ ഉറപ്പാക്കും. മുറിവേറ്റ് ഏറ്റവും ഉടനെ ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ സ്വീകരിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. മുഖം, കഴുത്ത്, കണ്‍പോള, ചെവി, കാല്‍വെളള, വിരളിന്റെ അറ്റം, ജനനേന്ദ്രിയം പോലുളള നാഡീതന്തുക്കള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കില്‍ വൈറസ് വേഗത്തില്‍ മസ്തിഷ്‌ക്കത്തിലെത്തും. ഇത് തടയാന്‍ പരമാവധി ഒരു മണിക്കൂറിനകം തന്നെ ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. മുറിവിന് ചുറ്റും നല്‍കുന്നതിനൊപ്പം മാംസപേശിയില്‍ ആഴത്തിലും ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കാറുണ്ട്.

കടിയേറ്റ മുറിവുകളില്‍ തണുപ്പോ ചൂടോ ഏല്‍പ്പിക്കരുത്, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുകയോ ചെയ്യരുത്. ഇതെല്ലാം മുറിവുകളില്‍ പേശികളോടെ ചേര്‍ന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീതന്തുക്കളിലേയ്ക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.

സമയബന്ധിതമായി വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയെങ്കില്‍

മൃഗത്തിന്റ മാന്തോ കടിയോ ഏറ്റശേഷം ഏറ്റവും കുറഞ്ഞ സമയത്തിനകം ഇമ്യൂണോഗ്ലോബുലിനും ആദ്യ ഡോസ് വാക്‌സിനും എടുക്കുക എന്നതാണ് പരമപ്രധാനം. എന്നാല്‍ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടങ്കില്‍ പിന്നീടാണെങ്കിലും വാക്‌സിനെടുക്കാം. വൈറസ് മസ്തിഷ്‌ക്കത്തിലെത്തി ലക്ഷണങ്ങള്‍ പ്രകടമാവും മുമ്പെടുക്കുന്ന വാക്‌സിന് ജീവന്റെ വിലയുണ്ട്. എപ്പോഴാണോ ആദ്യ കുത്തിവെയ്പ് എടുക്കുന്നത് അത് '0' ദിവസത്തെ ഡോസ് ആയി പരിഗണിക്കും.

logo
The Fourth
www.thefourthnews.in