പഞ്ചാബിൽ വീണ്ടും ഖലിസ്ഥാൻ  വാദം, ആരാണ് ഭിന്ദ്രൻവാല 2.0 എന്നറിയപ്പെടുന്ന അമൃത്പാൽ സിങ്?

പഞ്ചാബിൽ വീണ്ടും ഖലിസ്ഥാൻ വാദം, ആരാണ് ഭിന്ദ്രൻവാല 2.0 എന്നറിയപ്പെടുന്ന അമൃത്പാൽ സിങ്?

പതിറ്റാണ്ടുകൾക്ക് ശേഷം പഞ്ചാബിൽ വീണ്ടും ഖലിസ്ഥാൻ വാദമുയരുന്നതിൻ്റെ പശ്ചാത്തലമെന്താണ്
Updated on
3 min read

ഖലിസ്ഥാനികളെക്കുറിച്ച് രാജ്യത്ത് വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. കർഷക സമരകാലത്താണ് ഈ പേര് ഇടക്കാലത്ത് ഉയർന്ന് കേട്ടത്. എന്നാൽ, വ്യാഴാഴ്ച പഞ്ചാബിലെ അമൃത്സറിന് സമീപം, ആയുധങ്ങളേന്തിയ ഒരു സംഘം അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രമിച്ച സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഖലിസ്ഥാൻ പ്രസ്ഥാനം എന്ന പേര് വീണ്ടും പഞ്ചാബിൽ ഉ ഉയർന്നുകേൾക്കുകയാണ്. ഒപ്പം അമൃത്പാൽ സിങ് എന്ന യുവാവും.

ആരാണ് അമൃത്പാൽ സിങ്

ഭിന്ദ്രൻവാല 2.0 എന്ന് ചുരുങ്ങിയ കാലം കൊണ്ട് അറിയപ്പെടുന്ന അമൃത്പാൽ സിംങ്ൻ്റെ പെട്ടെന്നുളള വളർച്ചയെ ആശങ്കയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. ഭിന്ദ്രൻ‌വാലയുടെ അവകാശിയായി സ്വയം നിലയുറപ്പിച്ച 29 കാരനായ അമൃത്‌പാൽ വാരിസ് പഞ്ചാബ് ദേയുട തലവനാണ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് ഈ സംഘടന രൂപീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിൽ ദീപ് സിദ്ധു ഒരു റോഡപകടത്തിൽ മരിക്കുകയും ചെയ്തു.

അമൃത്പാൽ സിംഗ്
അമൃത്പാൽ സിംഗ്

ദുബായിൽ നിന്ന് കഴിഞ്ഞ വർഷം പഞ്ചാബിൽ മടങ്ങിയെത്തിയ അമൃത് പാൽ സിങ് സെപ്റ്റംബർ മുതലാണ് സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. പഞ്ചാബിൽ വർഷങ്ങളായി തുടരുന്ന മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിഷയം ഉയർത്തിക്കാട്ടിയാണ് അമൃത്പാൽ സിംങ് രംഗത്ത് വരുന്നത്. മയക്കുമരുന്ന് വ്യാപകമായി സംസ്ഥാനത്ത് എത്തുന്നത്, സിഖുകാരെ അടിമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ വാദം. ഇതിനുളള പരിഹാരമായി വിഘടനവാദികൾ മുന്നോട്ട് വയ്ക്കുന്നതും സിഖ് രാഷ്ട്രം എന്ന ആശയം തന്നെയാണ്.

ജർണയിൽ സിങ് ഭിന്ദ്രൻവാല

നിർമലമായ ഭൂമി എന്നതാണ് ഖലിസ്ഥാൻ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം. ജർണയിൽ സിങ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകനാണ് ഖലിസ്ഥാൻ വാദം ശക്തമായി ഉയർത്തിയത്. പഞ്ചാബിനെ ഒരു പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് 1980കളിലും 90കളിലും പഞ്ചാബിൽ വിഘടനവാദം വളർത്തിയത് ഇയാളായിരുന്നു. വ്യാപകമായ ഭീകരാക്രമണങ്ങളാണ് ഇയാളുടെ നേതൃത്വത്തിൽ അഴിച്ചുവിട്ടത്. അക്രമസംഭവങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആയുധങ്ങളുമായി സുവർണ ക്ഷേത്രത്തിൽ കയറിയ ഖലിസ്ഥാൻ വാദികളെ തുരത്താൻ ഇന്ദിരാഗാന്ധിയുടെ സർക്കാർ നീക്കം ശക്തമാക്കി. 1984 പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനിടെയാണ് ഭിദ്രൻവാല കൊല്ലപ്പെട്ടത്

ജർണയിൽ സിംഗ് ഭിന്ദ്രൻവാലയും സംഘവും
ജർണയിൽ സിംഗ് ഭിന്ദ്രൻവാലയും സംഘവും

പിന്നീട് ഇന്ദിരാഗാന്ധിയെ സിഖുകാരായ അംഗരക്ഷകർ കൊലപെടുത്തുന്നതിന് കാരണമായതും ബ്ലൂസ്റ്റാർ ഓപ്പറേഷൻ തന്നെ.

ജർണയിൽ സിംഗ് ഭിന്ദ്രൻവാല
ജർണയിൽ സിംഗ് ഭിന്ദ്രൻവാല

ഭിദ്രൻവാലയുടെ രീതി പിന്തുടർന്ന അമൃത്പാൽ

വ്യാഴാഴ്ച അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലൂടെയാണ് രാജ്യം വീണ്ടും ഖലിസ്ഥാനികളെക്കുറിച്ചും അമൃത്പാൽ എന്ന പേരിനെക്കുറിച്ചും വീണ്ടും ചർച്ച ചെയ്യാൻ തുടങ്ങിയത്. അമൃത്പാലിന്റെ അനുയായിയായ ലവ്പ്രീത് തൂഫാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പഞ്ചാബിലെ അമൃത്സറിൽ വൻ സംഘർഷമുണ്ടായത്. തോക്കുകളും വടിവാളുകളുമായി പോലീസ് സ്റ്റേഷനിലേക്ക് ജനക്കൂട്ടം ഇരച്ച് കയറുകയും തുടർന്നുളള ഏറ്റുമുട്ടലിൽ ആറ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ലവ്പ്രീത് സിംഗ്
ലവ്പ്രീത് സിംഗ്

തൂഫാൻ സിങിന്റെ അറസ്റ്റും സംഘർഷവും

അമൃത്പാലിനെ നിശിതമായി വിമർശിച്ച് വന്നിരുന്ന വരീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 15ന് തന്നെ വിഘടനാവാദി സംഘം തട്ടിക്കൊണ്ട് പോവുകയും ജൻഡിയാലയിലേക്ക് കൊണ്ടുപോയി മർദിച്ചുവെന്നും വരീന്ദർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് തൂഫാൻ സിങ് എന്ന് വിളിക്കപ്പെടുന്ന ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അമൃത്പാലിന്റെ നേതൃത്വത്തിൽ സംഘം അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രമിച്ചപ്പോൾ
അമൃത്പാലിന്റെ നേതൃത്വത്തിൽ സംഘം അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രമിച്ചപ്പോൾ

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അറസ്റ്റിന് പിന്നാലെ അമൃത്പാൽ പറഞ്ഞത്. കൂടാതെ, അറസ്റ്റിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അ​ദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സംഘർഷത്തിന് ശേഷം ലവ്പ്രീതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പോലീസ് സ്റ്റേഷനിലേക്ക് പോയതെന്നും പോലീസിന്റെ തെറ്റായ നടപടിയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ആയിരുന്നു അമൃത്പാലിന്റെ വിശദീകരണം. സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ലവ്പ്രീത് പുറത്തിറങ്ങുകയുണ്ടായി.

ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിങ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഫൗജാൻ എന്നറിയപ്പെടുന്ന തന്റെ അനുയായി സംഘവുമായി അമൃത്പാൽ സിംഗ് സുവർണക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. കൂടാതെ ജനങ്ങളിൽ സിഖ് മതം പ്രചരിപ്പിക്കുന്നതിനായി പാന്തിക് വഹീർ എന്നൊരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചു. പത്ത് വർഷത്തിന് ശേഷമാണ് അമൃത്പാൽസിങ് പഞ്ചാബിലെത്തുന്നത്.

സുരക്ഷാ ഏജൻസികൾ സദാ നിരീക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് അമൃത്പാൽ സിംഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാൽ സിങ് രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഭീഷണി. ഖലിസ്ഥാൻ പ്രസ്ഥാനത്തെ വളർന്നുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. അത് തന്നെയാണ് ഇന്ദിരാ ഗാന്ധിയും പറഞ്ഞത്. നിങ്ങളും ഇതുതന്നെയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നായിരുന്നു അമൃത്പാൽ സിങ് വ്യക്തമാക്കിയത്.

അമൃത്പാലും സംഘവും
അമൃത്പാലും സംഘവും

സംഘർഷത്തിലൂടെ അമൃത്പാൽ പഞ്ചാബിൽ ശ്രദ്ധപിടിച്ച് പറ്റുന്നതിനുളള ശ്രമങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടക്കമാണ് അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രണം. അമൃത്പാലിന്റെ വളർച്ച തിരിച്ചടിയാകുന്നത് സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ച ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനായിരിക്കും. അതുമാത്രമല്ല, പഞ്ചാബിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഭഗവന്ത് സിങ് മാൻ സർക്കാരിനെതിരെ ആഞ്ഞടിക്കാനുളള കാരണം കൂടിയാണ് നിലവിൽ അമൃത്പാൽ തുറന്നിട്ടിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംപി സന്തോക് സിങ് ചൗധരി ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് ജലന്ധർ പാർലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വരാനിരിക്കയാണ്. അമൃത്പാലിന്റെ ഉയർച്ചയും സംസ്ഥാനത്തെ സംഘർഷാവസ്ഥയും തിരഞ്ഞെടുപ്പിൽ വെല്ലുവിളി സൃഷ്ടിച്ചേക്കും.

logo
The Fourth
www.thefourthnews.in