എന്തുകൊണ്ട് നവംബറിലെ ആദ്യ ചൊവ്വാഴ്ച? യുഎസ് തിരഞ്ഞെടുപ്പ് ദിവസത്തിന് പിന്നിലെ കഥ
നവംബർ അഞ്ച് ചൊവ്വാഴ്ച 47-ാമത് അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. നവംബറിനും ചൊവ്വാഴ്ചയ്ക്കുമെല്ലാം അമേരിക്കൻ തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമുണ്ട്. നാല് വർഷത്തിലൊരിക്കൽ നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ച മാത്രമാണ് അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നും രണ്ടുമല്ല, 180 വർഷത്തിന്റ ചരിത്രവും പാരമ്പര്യവും ഇതിന് പിന്നിലുണ്ട്.
1844ലാണ് അവസാനമായി ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന രീതിയിൽ യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ രീതി കാര്യക്ഷമമല്ലെന്നും മുന്നോട്ട് കൊണ്ടുപോകാനുമാകില്ലെന്ന് അക്കാലത്ത് വിമർശനം ശക്തമായി. ഇതോടെ 1845ൽ യു എസ് കോൺഗ്രസ് ഒരു നിയമം പാസാക്കി. പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഏകീകൃത തീയതി നിശ്ചയിച്ച് ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിയമം. നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാകണം തിരഞ്ഞെടുപ്പെന്ന് നിയമം നിർദേശിച്ചു. എന്നാൽ അങ്ങനെയൊരു ദിവസം നിശ്ചയിച്ചതിന് പിന്നിൽ അമേരിക്കൻ കാർഷിക സംസ്കാരത്തിന്‍റെയും സാമൂഹ്യജീവിതത്തിന്റേയും വലിയൊരു ചരിത്രമുണ്ട്.
അമേരിക്കയുടെ കാർഷിക സംസ്കാരത്തിൽ നവംബറിന് വലിയ പ്രാധാന്യമുണ്ട്. വസന്തകാലത്തേയും വേനൽക്കാലത്തേയും വിളവെടുപ്പിനിടയ്ക്ക് കർഷകർക്ക് ലഭിക്കുന്ന ഇടവേളയാണ് നവംബർ. യുഎസിലെ കർഷകരെല്ലാം ഗ്രാമീണമേഖലകളിലാണ് ജീവിച്ചിരുന്നത്. വോട്ടെടുപ്പിന് സജ്ജീകരിച്ച കേന്ദ്രങ്ങളിൽ നിന്ന് വളരെ ദൂരെയായിരിക്കും ഈ കർഷക ഗ്രാമങ്ങൾ.
ഞായറാഴ്ചകൾ പ്രാർത്ഥനാ ദിവസമായതിനാൽ വോട്ടർമാരെല്ലാം പള്ളിയിലായിരിക്കും. പള്ളിയിൽ പോയി വിശ്രമിച്ച ശേഷം കാൽനടയായോ കുതിരപ്പുറത്തോ കയറി വോട്ടെടുപ്പ് കേന്ദ്രത്തിലെത്താൻ ഒരു ദിവസം വേണം. ഈ ദിവസമാണ് തിങ്കളാഴ്ച. ചൊവ്വാഴ്ച വോട്ട് ചെയ്ത് മടങ്ങാം. ബുധനാഴ്ച യുഎസിൽ കർഷകർക്ക് വിപണി ദിവസമാണ്. ചൊവ്വാഴ്ച വോട്ട് ചെയ്ത് മടങ്ങിയാൽ ഇതും തടസപ്പെടില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ പൂർണമായും കാർഷിക ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാകും. ഇങ്ങനെയാണ് നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ദിവസമാകുന്നത്.
ഇങ്ങനെ നാടിന്റെ സാമൂഹ്യ ജീവിതത്തിനനുസരിച്ച് വോട്ടെടുപ്പ് ദിവസം ക്രമീകരിച്ച വേറെയും രാജ്യങ്ങളുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ജർമനി, ഫ്രാൻസ്, ബെൽജിയം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലു ഞായറാഴ്ചയാണ് വോട്ടെടുപ്പ് ദിനം. ഓസ്ട്രേലിയയിൽ ശനിയാഴ്ചയും ഇംഗ്ലണ്ടിൽ വ്യാഴാഴ്ചയുമായി നിശ്ചയിച്ചിരിക്കുന്നു. കാനഡയിലാണെങ്കിൽ എല്ലാ നാല് വർഷത്തിനിടയിലും ഒക്ടോബർ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് ദിവസമായി നിശ്ചയിച്ചിരിക്കുന്നത്.