Sri Lanka Crisis
Sri Lanka CrisisSri Lanka Financial Crisis, Rajapaksa Government

എങ്ങനെയാണ് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുപോയത്?

സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍നിന്ന് രജപക്‌സെ കുടുബത്തിനും മാറിനില്‍ക്കാനാവില്ല
Updated on
5 min read

സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ദ്വീപുരാജ്യമായ ശ്രീലങ്കയെ ബാധിച്ചത്. അത് ഒറ്റദിവസം കൊണ്ടുണ്ടായതല്ല. ദീര്‍ഘവീക്ഷണമില്ലാത്ത വികസന പദ്ധതികളും വികലമായ സാമ്പത്തിക നയങ്ങളുമാണ് ദക്ഷിണേഷ്യന്‍ രാജ്യത്തെ പ്രതിസന്ധിയുടെ തുരുത്തില്‍ ഒറ്റപ്പെടുത്തിയത്. 1970കളില്‍ അഭിമുഖീകരിച്ച പ്രതിസന്ധിയുടെ വകഭേദമാണ് ശ്രീലങ്കയെ ബാധിച്ചിരിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി വരുമാനം നിശ്ചലമാകുകയും വിദേശനാണ്യ വരുമാനം കുറയുകയും ചെയ്ത നാളുകളില്‍ ഇറക്കുമതി ചെലവ് കുതിച്ചുയര്‍ന്നതായിരുന്നു 70കളില്‍ പ്രതിസന്ധിക്ക് കാരണമായത്. എന്നാല്‍ അതനുസരിച്ചുള്ള മാറ്റങ്ങളോ, ഭാവിയില്‍ സമാന സാഹചര്യം ഒഴിവാക്കാനുള്ള സാമ്പത്തിക നയങ്ങളോ മാറിവന്ന സര്‍ക്കാരില്‍ നിന്നുണ്ടായില്ല. തെറ്റായ വികസന മാതൃക രാജ്യത്തെ കടക്കെണിയിലാഴ്ത്തി. കൃഷിഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച കെടുകാര്യസ്ഥത, കര്‍ഷകരോടുള്ള അവഗണന, ഭൂപരിഷ്‌കരണത്തിന് കീഴില്‍ സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കല്‍, തേയിലയുടെയും റബ്ബറിന്റെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതില്‍ പുലര്‍ത്തിയ അലംഭാവം എന്നിവയും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. അരിക്കും ഗോതമ്പിനും മറ്റുമായി മറ്റു രാജ്യങ്ങളോട് യാചിക്കേണ്ട സ്ഥിതിയായിരുന്നു അനന്തരഫലം. ആഭ്യന്തര സംഘര്‍ഷങ്ങള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സുസ്ഥിരതയെ പലപ്പോഴും വെല്ലുവിളിക്കുകയും ചെയ്തു.

2009ല്‍, എല്‍ടിടിയുടെ ആധിപത്യവും ആഭ്യന്തര സംഘര്‍ഷങ്ങളും അവസാനിപ്പിച്ചുകൊണ്ട് രജപക്‌സെ സഹോദരങ്ങള്‍ ശ്രീലങ്കയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ വികസന മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. പക്ഷേ, എല്ലാത്തിനുമുള്ള മൂലധനം വിദേശ വായ്പകളായിരുന്നു. സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയും വിദേശനാണ്യം കുറയുകയും ചെയ്തതിനൊപ്പം വിദേശകടം കുമിഞ്ഞുകൂടിയതോടെ, സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പ്രതിസന്ധിയില്‍ ദ്വീപുരാജ്യം മുങ്ങിത്താഴ്ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ രജപക്‌സെ സര്‍ക്കാര്‍ അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നു. അതോടെ ഭക്ഷ്യക്ഷാമം കടുത്തു. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. പെട്രോളും ഡീസലും മണ്ണെണ്ണയും വാങ്ങാന്‍ ജനം മണിക്കൂറുകളോളം വരി നില്‍ക്കേണ്ടിവന്നു. പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ വൈദ്യുതിനിലയങ്ങള്‍ അടച്ചതോടെ പല നഗരങ്ങളും ഇരുട്ടിലായി. ഇതോടൊപ്പം വിദേശകടവും പെരുകി. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാരും നയങ്ങളും പരാജയപ്പെട്ടതോടെ, ജനം തെരുവിലിറങ്ങി. അധികാരം കൈയാളുന്ന രജപക്‌സെ സഹോദരങ്ങള്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായി. ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് ശ്രീലങ്കയെ മോചിപ്പിച്ച വീരനായകര്‍ തന്നെ പ്രതിസന്ധിയുടെ പുതിയനാളുകളില്‍ പ്രതിനായകരായി മാറി.

Colombo at night
Colombo at night

തെറ്റിപ്പോയ വികസന മാതൃക

കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അനുപാതം തെറ്റിയതാണ് ശ്രീലങ്കയെ പ്രതിസന്ധിയുടെ തുരുത്തില്‍ ഒറ്റപ്പെടുത്തിയത്. വിദേശനാണയ ശേഖരത്തിലും വന്‍ ഇടിവുണ്ടായി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മാര്‍ച്ച് ആദ്യം സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ കറന്‍സിയെ വിദേശനാണ്യ വിപണിയുമായി സന്തുലമാക്കിയിരുന്നു. അതിന്റെ ഫലമായി കറന്‍സിയുടെ മൂല്യം 36 ശതമാനത്തോളം ഇടിയുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. വിദേശ നാണയത്തിന്റെ ഒഴുക്ക് തടയുന്നതിനായി ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തി. അതോടെ, പ്രധാന ഉല്‍പന്നങ്ങള്‍ക്കെല്ലാം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന ശ്രീലങ്കയിലെ സ്ഥിതി ഭീകരമായി. അവശ്യസാധനങ്ങള്‍ പോലും കിട്ടാക്കനിയായി. വിലക്കയറ്റം രൂക്ഷമായി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ധിച്ചപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുക്കുത്തികളായി. ജനജീവിതം തീര്‍ത്തും ദുസ്സഹമായി. ഏതാനും വര്‍ഷമായി വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, കോവിഡിനെത്തുടര്‍ന്ന് കൂടുതല്‍ രൂക്ഷമായിരുന്നു. ലോക്ഡൗണ്‍ നാളുകളില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടവര്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി പുതിയ വെല്ലുവിളിയായത്.

2009ല്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇല്ലാതായതിനു പിന്നാലെ വളര്‍ച്ചയുടെ പാതയിലായിരുന്നു ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ. അന്താരാഷ്ട്ര വ്യാപാര പങ്കാളിത്തം വര്‍ധിപ്പിച്ചു. ആഭ്യന്തര സാമ്പത്തിക ക്രയവിക്രയം ഫലപ്രദമായി വിപുലീകരിച്ചതിന്റെ ഫലമായി 2012ല്‍ വളര്‍ച്ചാനിരക്ക് ഒമ്പത് ശതമാനം പിന്നിട്ടിരുന്നു. പിന്നാലെ, പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ എക്സ്പ്രസ് ഹൈവേകള്‍, വിമാനത്താവളങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ന്നു. പക്ഷേ, 22 ദശലക്ഷം വരുന്ന ജനതയ്ക്കോ വാണിജ്യ വ്യാപാര മേഖലയ്ക്കോ സമ്പദ്ഘടനയ്ക്കോ കാര്യമായ ഗുണം ചെയ്യുന്നതല്ല ശ്രീലങ്കന്‍ വികസന മോഡല്‍ എന്ന വിമര്‍ശനം ശക്തമായിരുന്നു. അതിനെയെല്ലാം മറികടന്ന്, ചൈനീസ് ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ സഹസ്രകോടികളുടെ വായ്പയെടുത്തു. അതായിരുന്നു ശ്രീലങ്കന്‍ വികസനത്തിന്റെ അടിസ്ഥാനം. പണം തികയാതെ വന്നപ്പോള്‍ ജപ്പാന്‍ ഉള്‍പ്പെടെ രാജ്യങ്ങളെയും എഡിബി ഉള്‍പ്പെടെ രാജ്യാന്തര സമൂഹങ്ങളെയും ആശ്രയിച്ചു. അപ്പോഴേക്കും ആഭ്യന്തര തലത്തില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരുന്നു. കയറ്റുമതി കുറഞ്ഞു, വിദേശ നാണ്യ ശേഖരം ഇടിഞ്ഞു, ഭരണകൂടത്തിന്റെ അലംഭാവത്തില്‍ ആഭ്യന്തര വിപണിയും ആടിയുലഞ്ഞു. കോവിഡിനുമുമ്പ് തന്നെ വളര്‍ച്ചാനിരക്ക് 2.3 ശതമാനത്തിലേക്ക് വീണു. കോവിഡില്‍ തകര്‍ച്ച പൂര്‍ത്തിയായി, കടം പെരുകി. തേയില ഉല്‍പാദനം കുറഞ്ഞത് കയറ്റുമതിയെയും ബാധിച്ചു. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് മഹീന്ദ രാജപക്‌സെ വാഗ്ദാനം ചെയ്ത് നടപ്പാക്കിയ നികുതി കിഴിവ് പ്രതിസന്ധിയുടെ ആക്കം കൂട്ടി.

വിദേശനാണ്യ പ്രതിസന്ധിയും കടവും

ദേശീയ വരുമാനത്തേക്കാള്‍ ചെലവ് വര്‍ധിക്കുകയും രാജ്യത്തെ ഉല്‍പാദനവും കച്ചവടം ചെയ്യാനുള്ള സാധന സേവനങ്ങള്‍ അപര്യാപ്തമാകുകയും ചെയ്തതോടെ, എന്തിനും ഏതിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ദ്വീപ് രാജ്യം വിദേശനാണയ പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞു. 2019ന്റെ അവസാനം 7.6 ബില്യണ്‍ ഡോളറായിരുന്നു ശ്രീലങ്കയുടെ വിദേശനാണ്യ ശേഖരം. 2020 മാര്‍ച്ചില്‍ 1.93 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022 ആദ്യ പാദത്തില്‍ അത് 50 മില്യണ്‍ ഡോളര്‍ മാത്രമായി ഇടിഞ്ഞു. 51 ബില്യണ്‍ ഡോളറാണ് ശ്രീലങ്കയുടെ വിദേശകടം. അതില്‍ ഏഴ് ബില്യണ്‍ ഡോളര്‍ ഈ വര്‍ഷം തന്നെ തിരിച്ചടക്കേണ്ടതാണ്. ലോക്ഡൗണ്‍ കാലത്ത് വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ശ്രീലങ്കക്കാരുടെ വരുമാനമാര്‍ഗം ഗണ്യമായി കുറഞ്ഞതും വിദേശനാണ്യത്തിന്റെ വരവു നിലയ്ക്കാന്‍ കാരണമായി. പ്രതിസന്ധി പരിഹരിക്കുന്നതിനായി മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പക്കായി സര്‍ക്കാര്‍ അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) സമീപിച്ചിരുന്നു. എന്നാല്‍ 600 മില്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് ഐഎംഎഫ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ 1.9 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഇറക്കുമതിക്കായി 1.5 ബില്യണ്‍ ഡോളറും ലഭ്യമാക്കും. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് ഉള്‍പ്പെടെ രാജ്യങ്ങളും കടാശ്വാസ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 6.5 ബില്യണ്‍ ഡോളറിന്റെ കടമുള്ള ചൈനയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. തിരിച്ചടവിന് സമയപരിധി നീട്ടിത്തരണമെന്ന് അഭ്യര്‍ഥിച്ചതിനൊപ്പം കൂടുതല്‍ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് വിദേശകടത്തിന് പ്രധാന പങ്കുണ്ട്. രാജ്യം ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലാണെന്നും ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രം വായ്പ വാങ്ങണമെന്നും സാമ്പത്തിക വിദഗ്ധര്‍ രജപക്‌സെ സര്‍ക്കാരിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഐഎംഎഫിനേക്കാള്‍ ചൈന, ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നും വായ്പ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ തയ്യാറായത്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ചൈന വെച്ചുനീട്ടിയ സാമ്പത്തികസഹായം ശ്രീലങ്ക ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹംബണ്ടോട്ടാ തുറമുഖ നിര്‍മാണത്തിനായി വന്‍ വായ്പയാണ് ചൈന ലഭ്യമാക്കിയത്. ചൈനീസ് ബാങ്കുകള്‍ വഴി നൂറ് കോടിയിലേറെ ഡോളറാണ് ലഭ്യമാക്കിയത്. മാത്രമല്ല, തുറമുഖത്തിന്റെ അറുപത് ശതമാനത്തിലേറെ ഓഹരികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കേണ്ടിയും വന്നു. തുറമുഖ നിര്‍മാണം വഴിയുള്ള കടം ആദ്യം 900 കോടി ശ്രീലങ്കന്‍ രൂപയായും പിന്നീട് 4670 കോടി ശ്രീലങ്കന്‍ രൂപയായും വര്‍ധിച്ചു. കടം തീര്‍ക്കാന്‍ ഒടുവില്‍ തുറമുഖം തന്നെ 99 വര്‍ഷത്തെ പാട്ടത്തിന് ചൈനീസ് കമ്പനിക്ക് നല്‍കേണ്ടി വന്നു. ചൈനയുടെ ഈ കടക്കെണി നയതന്ത്രം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

രജപക്‌സെ കുടുബത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നു വിദേശ വായ്പാ ഇടപാടുകളെ നിയന്ത്രിച്ചിരുന്നത്. മുന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന മഹീന്ദ രജപക്‌സെ, പ്രസിഡന്റ് ഗോതബായ രജപക്‌സെ, ധനമന്ത്രി ബേസില്‍ രജപക്‌സെ എന്നിങ്ങനെ രജപക്‌സെ കുടുംബമായിരുന്നു രാജ്യത്തെ സമ്പത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്തിരുന്നത്. ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍നിന്ന് രജപക്‌സെ കുടുബത്തിനും മാറിനില്‍ക്കാനാവില്ല.

Colombo Blast
Colombo Blast

കൊളംബോ സ്‌ഫോടനങ്ങള്‍, കോവിഡ്; അപ്രതീക്ഷിത തിരിച്ചടികള്‍

വിനോദസഞ്ചാര മേഖലയിലുണ്ടായ തിരിച്ചടികളും ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍, തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയും പിന്നാലെയുണ്ടായ കോവിഡ് മഹാമാരിയുമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. 45ഓളം വിദേശീയര്‍ ഉള്‍പ്പെടെ 269 പേര്‍ കൊല്ലപ്പെട്ട, ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ സ്ഫോടന പരമ്പരയാണ് ടൂറിസം രംഗത്തെ തളര്‍ത്തിയത്. സ്ഫോടനങ്ങളെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വരവ് ക്രമേണ കുറഞ്ഞു. കോവിഡും വ്യാപിച്ചതോടെ, ടൂറിസത്തില്‍ നിന്നുള്ള ശ്രീലങ്കയുടെ വിദേശനാണ്യ നേട്ടം കൂപ്പുകുത്തി. 2018ല്‍ 2,333,796 വിനോദസഞ്ചാരികളാണ് ശ്രീലങ്കയില്‍ എത്തിയത്. 4,380.6 മില്യണ്‍ ഡോളറായിരുന്നു നേട്ടം. 2019ല്‍ 1,913,702 വിനോദ സഞ്ചാരികള്‍ ശ്രീലങ്കയിലെത്തി. 3,606.9 മില്യണ്‍ ഡോളറായിരുന്നു വിനോദസഞ്ചാര മേഖലയുടെ നേട്ടം. 2020ല്‍ വിനോദസഞ്ചാരികളുടെ എണ്ണം 507,704 ആയി കുറഞ്ഞു. നേട്ടം 682.4 മില്യണ്‍ ഡോളര്‍. 2021ല്‍ വിനോദസഞ്ചാരികള്‍ 194,495 ആയും സാമ്പത്തികനേട്ടം 261.4 മില്യണ്‍ ഡോളറായും കുറഞ്ഞു. എല്ലാത്തിനും ഒടുവില്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധവും ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയുയെ ബാധിച്ചു. ഇന്ധന വിലയില്‍ മാത്രമല്ല ആഘാതം പ്രകടമായത്. കഴിഞ്ഞവര്‍ഷം രാജ്യത്തെത്തിയ വിനോദസഞ്ചാരികളില്‍ 30 ശതമാനം റഷ്യ, യുക്രെയ്ന്‍, പോളണ്ട്, ബെലാറസ് എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. കൂടാതെ, ശ്രീലങ്കന്‍ തേയില ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്ന് റഷ്യയാണ്.

ലോകരാജ്യങ്ങള്‍ക്കിടെ ഒറ്റപ്പെടുത്തിയ ഭീകരവിരുദ്ധ നിയമം

40 വര്‍ഷത്തോളമായി ശ്രീലങ്ക പിന്തുടര്‍ന്ന ഭീകരവിരുദ്ധ നിയമം നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കാനും കടുത്ത പീഡനങ്ങളിലൂടെ കുറ്റസമ്മതം നടത്താനും, ന്യൂനപക്ഷ സമുദായങ്ങളെയും സിവില്‍ സമൂഹ സംഘങ്ങളെയും പീഡിപ്പിക്കാനുമാണ് നിയമം തുടരുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. നിയമത്തിനു കീഴിലുള്ള തടങ്കലുകള്‍ അവസാനിപ്പിക്കാനും യുദ്ധകാലത്തെ അതിക്രമങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും യുഎസ് ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ നില മെച്ചപ്പെടുത്തിയില്ലെങ്കില്‍, വികസ്വര രാജ്യങ്ങളെ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വ്യാപാര പദ്ധതിയായ പൊതു മുന്‍ഗണനാ സംവിധാനം (ജിഎസ്പി പ്ലസ്) പദവി നഷ്ടമാകുമെന്ന് യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിലും യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കുന്നതിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ ജിഎസ്പി പ്ലസ് പദവി പിന്‍വലിച്ചിരുന്നു. എന്നാല്‍, നിയമം പരിഷ്‌കരിക്കാമെന്ന ഉറപ്പുകളെത്തുടര്‍ന്ന് പിന്നീട് പദവി പുനസ്ഥാപിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഈവര്‍ഷം ജനുവരിയില്‍ രാജപക്‌സെ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

Anti Government Protest, Sri Lanka
Anti Government Protest, Sri Lanka

കലാപത്തിലേക്കെത്തിയ പ്രതിഷേധവും മഹീന്ദയുടെ മടക്കവും

ജീവിതം ദുസ്സഹമായതോടെയാണ് ജനം രജപക്‌സെ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാതാവുകയും ജീവിതം കൂടുതല്‍ അരക്ഷിതമാകുകയും ചെയ്തതോടെ ജനങ്ങള്‍ അഭയാര്‍ത്ഥികളായി പലായനം തുടങ്ങിയിരുന്നു. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജനരോഷം. ആഭ്യന്തര യുദ്ധനാളുകള്‍ക്കുശേഷം രാജ്യം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ പരാജയമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. ഗോതബായ രാജപക്‌സെ പ്രസിഡന്റ് പദം ഒഴിയണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ ആളുകള്‍ തടിച്ചുകൂടി. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഉള്‍പ്പെടെയുള്ള രാജപക്‌സെ കുടുംബാംഗങ്ങള്‍ മന്ത്രിസഭയില്‍നിന്ന് പുറത്തുപോകണമെന്ന ആവശ്യവും ഉയര്‍ന്നു. #GohomeGota ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രതിഷേധം ശ്രീലങ്കന്‍ തെരുവുകളിലേക്കും വ്യാപിച്ചു. സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ #WearewithGota ഹാഷ്ടാഗില്‍ പ്രചാരണം ആരംഭിച്ചതോടെ തെരുവുകള്‍ സംഘര്‍ഷഭരിതമായി. കലിപൂണ്ട ജനം പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ അഗ്നിക്കിരയാക്കി. ജനരോഷത്തില്‍നിന്ന് രക്ഷപെടാന്‍ രജപക്‌സെ കുടുംബം സുരക്ഷിതതാവളം തേടിയപ്പോള്‍, അവരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ജനം തീയിട്ടു. അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടും തെരുവുകളില്‍ പൊലീസിനെ വിന്യസിച്ചിട്ടും പ്രതിഷേധം തണുത്തില്ല. ചേരിതിരിഞ്ഞുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചതോടെ, ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പേരാമുന പാര്‍ട്ടിയിലും ഭിന്നസ്വരങ്ങളുയര്‍ന്നു. അതോടെ, പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയ്ക്ക് പദവി ഒഴിയേണ്ടിവന്നു.

മഹീന്ദയുടെ രാജിക്കു പിന്നാലെ, രജപക്സമാരില്ലാത്ത സര്‍ക്കാരിനെ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോതബായ പ്രഖ്യാപിച്ചു. എന്നാല്‍, സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മഹിന്ദയുടെയും ഗോതബായയുടെയും നീക്കം ഫലം കണ്ടില്ല. സര്‍വകക്ഷി സര്‍ക്കാരിന്റെ ഭാഗമാകാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായില്ല. അതോടെ, പാര്‍ലമെന്റിലെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഏക അംഗമായ റനില്‍ വിക്രമസിംഗെയ്ക്ക് അനുകൂലമായി കാര്യങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും, അത് നിറവേറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി. എന്നിരുന്നാലും, സര്‍ക്കാര്‍ വിരുദ്ധ വികാരം പൂര്‍ണമായി ശമിച്ചിട്ടില്ല. പ്രസിഡന്റ് ഗോതബായ രജപക്സെ സ്ഥാനമൊഴിയും വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിഷേധസ്വരം.

logo
The Fourth
www.thefourthnews.in