മുണ്ടക്കൈ അപകടസാധ്യത മേഖലയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ട്? ദുരന്തവ്യാപ്തി കൂടിയതിനു കാരണം അനാസ്ഥയോ?

മുണ്ടക്കൈ അപകടസാധ്യത മേഖലയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ട്? ദുരന്തവ്യാപ്തി കൂടിയതിനു കാരണം അനാസ്ഥയോ?

1984 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു ദുരന്തം. ഇന്നുള്ളതിന്റെ 20 ശതമാനം ജനവാസം പോലും അക്കാലത്ത് മുണ്ടക്കൈയില്‍ ഉണ്ടായിരുന്നില്ല. നാല് കിലോമീറ്റര്‍ നീളത്തിലും 500 മീറ്റര്‍ വീതിയിലും ഒലിച്ചെത്തിയ മലവെള്ളത്തില്‍ കരിമറ്റം എസ്‌റ്റേറ്റ് ബംഗ്ലാവിലെ മൂന്ന് പേര്‍ ഒലിച്ചുപോയി
Updated on
3 min read

ഇത്രയും വലിയ ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയില്‍ ഉണ്ടായിട്ടും ദുരന്തനിവാരണ അതോറിറ്റിയുടെ അപകട സാധ്യതാ മേഖലകളില്‍ മുണ്ടക്കൈ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 40 വര്‍ഷം മുമ്പ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയയിടത്ത് തന്നെയാണ് ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് ഐഎസ്ആര്‍ഒ ചൂണ്ടിക്കാട്ടുമ്പോള്‍ വയനാട്ടില്‍ ഉണ്ടായത് തികഞ്ഞ അനാസ്ഥയുടെ ഫലം കൂടിയാണെന്ന് പറയേണ്ടിവരും. ഒരിക്കല്‍ ദുരന്തം നടന്ന പ്രദേശങ്ങള്‍ ഹൈ റിസ്‌ക്ക് ഏരിയകളായി രേഖപ്പെടുത്തേണ്ടതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. എന്നാല്‍ അധികൃതരുടെ ഉപേക്ഷയാണ് ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ജിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ വിദഗ്ദ്ധര്‍ പറയുന്നു.

1984ലെ ഉരുള്‍പൊട്ടല്‍

1984 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു ദുരന്തം. ഇന്നുള്ളതിന്റെ 20 ശതമാനം ജനവാസം പോലും അക്കാലത്ത് മുണ്ടക്കൈയില്‍ ഉണ്ടായിരുന്നില്ല. നാല് കിലോമീറ്റര്‍ നീളത്തിലും 500 മീറ്റര്‍ വീതിയിലും ഒലിച്ചെത്തിയ മലവെള്ളത്തില്‍ കരിമറ്റം എസ്‌റ്റേറ്റ് ബംഗ്ലാവിലെ മൂന്ന് പേര്‍ ഒലിച്ചുപോയി. ബംഗ്ലാവിന് സമീപത്തുണ്ടായിരുന്ന മൂന്ന് പാടികളേയും വിഴുങ്ങിക്കൊണ്ടായിരുന്നു മലവവെള്ളത്തിന്‍രെ വരവ്. അതിലുണ്ടായിരുന്നവരെല്ലാം അന്ന് മരിച്ചു. സാങ്കേതിക വിദ്യകളോ ദുരന്ത നിവാരണ സംവിധാനങ്ങളോ ഇത്ര പുരോഗമിച്ചിട്ടില്ലായിരുന്ന അക്കാലത്ത് മൃതദേഹങ്ങള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ പോലും കഴിഞ്ഞില്ല. രണ്ട് മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചു. 150 അടി വീതിയിലും 50 അടിയോളം ഉയരത്തിലുമാണ് ചളിയും മണ്ണും മരങ്ങളും പാറയും വന്നടിഞ്ഞത്. അതില്‍ തിരച്ചില്‍ ദുഷ്‌ക്കരമായതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

2009ല്‍ മേപ്പാടിയിയുള്‍പ്പെടെ വയനാടിന്റെ വിവിധ ഭാഗങ്ങളിലും കോഴിക്കോട് മലപ്പുറം ജില്ലകളിലും വ്യാപകമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പഠന സംഘത്തെ നിയോഗിച്ചിരുന്നു

ഇസ്രോ നല്‍കുന്ന ചിത്രം

1984ല്‍ ഉരുളുണ്ടായയിടം തന്നെയാണ് ഉരുളിന്റെ പ്രഭവ കേന്ദ്രമെന്ന് ഇസ്രോ ഉപഗ്രഹ ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് പ്രഭവ കേന്ദ്രമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 86,000 ചതുരശ്രമീറ്റര്‍ ആണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി. 2023 മെയ് 22ന് കാര്‍ടോസാറ്റ് മൂന്ന് പകര്‍ത്തിയ ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്ച റിസാറ്റ് പകര്‍ത്തിയ ചിത്രങ്ങളുമാണ് ഇസ്രോ പുറത്തുവിട്ടത്. നാഷണൽ റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നാണ് ആഘാതഭൂപടം തയ്യാറാക്കിയത്. നാല്‍പ്പത് വര്‍ഷം മുമ്പ് നടന്ന ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രവും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രവും തമ്മില്‍ അധിക ദൂരമില്ലെന്ന് തെളിയിക്കുന്നതാണ് ആ ഭൂപടം.

അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ നിന്ന് മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ആളുകളെ താല്‍ക്കാലികമായി ഒഴിപ്പിക്കണമെന്ന് 2018-19 പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം ദുരന്ത നിവാരണ സേന തീരുമാനിച്ചിരുന്നു.

'മുണ്ടക്കൈ അപകടമേഖല' അല്ല

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയാണെന്ന് ജനവാസ യോഗ്യമല്ലെന്നും തെളിയിക്കുന്നതായിരുന്നു 1984ലെ ഉരുള്‍പൊട്ടല്‍. എന്നാല്‍ 2010ല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തയ്യാറാക്കിയ മാപ്പില്‍ പോലും മുണ്ടക്കൈ അപകട മേഖലയായി രേഖപ്പെടുത്തുന്നില്ല. മേപ്പാടി പഞ്ചായത്തിലെ പല മേഖലകളും ഹൈറിസ്‌ക്ക് മേഖലകളായി കണക്കാക്കുന്ന മാപ്പില്‍ മുണ്ടക്കൈ പഞ്ചായത്തിന് കുറഞ്ഞ സാധ്യതകളാണ് കല്‍പ്പിക്കുന്നത്. അതായത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ ഭൂവിനിയോഗത്തിനോ ജനവാസത്തിനോ പ്രത്യേക നിയന്ത്രണങ്ങള്‍ അവിടെയില്ല.

2009ല്‍ മേപ്പാടിയിയുള്‍പ്പെടെ വയനാടിന്റെ വിവിധ ഭാഗങ്ങളിലും കോഴിക്കോട് മലപ്പുറം ജില്ലകളിലും വ്യാപകമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പഠന സംഘത്തെ നിയോഗിച്ചിരുന്നു. ആ ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സാധ്യതാ പ്രദേശങ്ങളില്‍ ജനങ്ങളുമായി അധികൃതര്‍ നിരന്തരം സംസാരിക്കണമെന്നും അവരെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണമെന്നെല്ലാം നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടപ്പാക്കിയില്ലെന്ന് മാത്രമല്ല മുണ്ടക്കൈയുടെ അപകട സാധ്യതകളെക്കുറിച്ച് യാതൊന്നും രേഖകളിലുള്‍പ്പെടെ വന്നില്ല.

1984നെ അപേക്ഷിച്ച് മുണ്ടക്കൈ, ചൂരല്‍മല മേഖലകലില്‍ ജനവാസം എണ്‍പത് ഇരട്ടിയായി വര്‍ദ്ധിച്ചു. കൃഷിയും നിര്‍മ്മാണങ്ങളുമായി ഭൂവിനിയോഗത്തിലും മാറ്റം വന്നു. പ്രദേശവാസികള്‍ പങ്കുവക്കുന്ന വിവരം അനുസരിച്ച് മേപ്പാടി പഞ്ചായത്തില്‍ മാത്രം 700ല്‍ അധികം റിസോര്‍ട്ടുകളുണ്ട്. ബഹുനിലക്കെട്ടിടങ്ങളും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായി. എന്നാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയാണെന്ന് അറിഞ്ഞിരിക്കെ ഇത്തരം നിര്‍മ്മാണത്തിനെല്ലാം അനുമതി നല്‍കിയത് ജിയോളജിസ്റ്റുകള്‍ വിമര്‍ശിക്കുന്നു.

അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ നിന്ന് മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ആളുകളെ താല്‍ക്കാലികമായി ഒഴിപ്പിക്കണമെന്ന് 2018-19 പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം ദുരന്ത നിവാരണ സേന തീരുമാനിച്ചിരുന്നു. എന്നാല്‍ അപകടസാധ്യതയുള്ളതിനാല്‍ മാറിത്താമസിക്കണം എന്ന ഒരു മെസേജ് മാത്രമാണ് പലപ്പോഴും ജില്ലാ ഭരണകൂടത്തില്‍ നിന്നും ദുരന്ത നിവാരണ സംവിധാനങ്ങളില്‍ നിന്നും ലഭിക്കാറെന്ന് പ്രദേശവാസികള്‍ പറയുന്നു. 'എന്റെ ഏട്ടനും ഭാര്യയും വെള്ളത്തില്‍ പെട്ടുപോയതാണ്. അന്ന് വൈകിട്ട് മുതല്‍ അവിടെ നിന്ന് മാറണോ എന്ന സംശയം അവര്‍ പറയുന്നുണ്ട്. പക്ഷെ ജില്ലാഭരണകൂടത്തില്‍ നിന്ന് ഒരറിയിപ്പും ലഭിക്കാത്തത് കൊണ്ട് അവര് അത്ര കാര്യാക്കിയില്ല. പക്ഷേ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍ മാറണോ വേണ്ടയോ എന്ന് സംശയിച്ച് നില്‍ക്കുന്നവരെങ്കിലും മാറിത്താമസിച്ചേനെ.' രക്ഷാപ്രവര്‍ത്തനത്തിലടക്കം പങ്കാളിയായ ഷഫീര്‍ പറയുന്നു. ഇതേ അഭിപ്രായമാണ് അവിടെയുള്ളവര്‍ പലരും പങ്കുവച്ചത്.

2018ല്‍ പഞ്ചാരക്കൊല്ലിയില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായി. എന്നാല്‍ അന്ന് വനംവകുപ്പ് അവിടെയുണ്ടായിരുന്നവരെ നിര്‍ബന്ധിച്ച് ഒഴിപ്പിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. 2019ല്‍ പുത്തുമലയിലും പഞ്ചായത്ത് അംഗങ്ങളെല്ലാം ഇടപെട്ട് കുറേയധികം പേരെ തലേദിവസം തന്നെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. വീടുകളില്‍ തന്നെ നിന്നിരുന്നവരാണ് അന്ന് ഒഴുക്കില്‍ പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ വിമര്‍ശനം.

2019ല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ജില്ലാതല പ്ലാനില്‍ മേപ്പാടി പഞ്ചായത്ത് ഹൈറിസ്‌ക്ക് ഏരിയയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ മാത്രം 278 ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ വയനാട്ടിലുണ്ടായിരുന്നു. മേപ്പാടി പഞ്ചായത്തിലെ 17ശതമാനം സ്ഥലങ്ങളും ഹൈറിസ്‌ക് പ്രദേശങ്ങളാണെന്ന് ആ പ്ലാനില്‍ പറയുന്നു. ചൂരല്‍മലയില്‍ തന്നെ ആറ് പ്രദേശങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അതനുസരിച്ച് യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല എന്നാണ് വിമര്‍ശനം.

മുണ്ടക്കൈയില്‍ 2020ലും 2021ലും ചെറിയ ഉരുള്‍പൊട്ടലുകളുണ്ടായി. എന്നാല്‍ വ്യാപ്തി ചെറുതായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ അന്നുണ്ടായില്ല. എന്നാല്‍ ഇത്രയും തവണ ഉരുള്‍ ഉണ്ടായ പ്രദേശത്തെ എങ്ങനെ അവഗണിക്കാനാവും എന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

മുണ്ടക്കൈ അപകടസാധ്യത മേഖലയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ട്? ദുരന്തവ്യാപ്തി കൂടിയതിനു കാരണം അനാസ്ഥയോ?
വയനാട് ദുരന്തം: ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധരായി നിരവധി പേർ; എങ്ങനെ ദത്തെടുക്കാം?

മാനേജ്‌മെന്റ് ശരിയല്ല എന്നതാണ് തെളിയുന്നത്- സി പി രാജേന്ദ്രന്‍ (ജിയോളജിസ്റ്റ്)

'1984ല്‍ നടന്ന ഉരുള്‍പൊട്ടല്‍ പ്രദേശത്ത് തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെങ്കില്‍ ഈ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിയാന്‍ കഴിയില്ല. കാരണം ഒരിക്കല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് വീണ്ടും അതുണ്ടാവാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. ഏറ്റവും വള്‍ണറബിള്‍ ആയിരിക്കും അത്തരം പ്രദേശങ്ങള്‍. കാലംചെല്ലുന്തോറും അത് കൂടുതല്‍ വള്‍ണറബിള്‍ ആവും. എന്നിട്ടും മുണ്ടക്കൈയില്‍ ഇത്തരമൊരു ദുരന്തം ഉണ്ടായതിന് അര്‍ത്ഥം ഇവിടെ നടന്ന പഠനങ്ങളോ ഡിസാസ്റ്റര്‍ പ്ലാനോ ശരിയല്ല എന്നത് തന്നെയാണ്. വള്‍ണറബിലിറ്റിയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി തിരിച്ച് അത്തരം സ്ഥലങ്ങള്‍ക്ക് വേണ്ടി പ്ലാന്‍ ഉണ്ടാക്കേണ്ടതാണ്. ഹൈ റിസ്‌ക്ക് ഉള്ള സ്ഥലങ്ങളില്‍ വളരെയധികം മുന്നൊരുക്കങ്ങള്‍ നടത്തണം.

പ്രത്യേകിച്ച് വയനാട്ടില്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചാല്‍ അതിന്റെ ഫ്രീക്വന്‍സി വളരെയേറെ വര്‍ധിച്ചിരിക്കുന്നത് കാണാം. ഇത്തരം അപകടങ്ങള്‍ ഗ്രാഫ് ചെയ്ത് മാത്രമേ അപകടം മൂലമുണ്ടാവുന്ന ദുരന്തത്തെ തടയാനാവൂ. എന്നാല്‍ ഇത്തരം ഇടപെടലുകളൊന്നും ഇവിടെ നടന്നിട്ടില്ല എന്നത് ദു:ഖകരമാണ്. '

logo
The Fourth
www.thefourthnews.in