നാട്ടിൽ കടുവകൾ വിലസുമ്പോൾ ചത്തതുപോലെ 
​കിടന്ന് ​വന്യജീവി ബോർഡ്

നാട്ടിൽ കടുവകൾ വിലസുമ്പോൾ ചത്തതുപോലെ ​കിടന്ന് ​വന്യജീവി ബോർഡ്

ഒരു വർഷം മുൻപ് പുനഃസംഘടിപ്പിച്ച ബോർഡ് ഇതുവരെ യോഗം ചേർന്നിട്ടില്ല; ആദ്യ യോഗം ജനുവരി 19ന് എന്ന് മന്ത്രി
Updated on
2 min read

സംസ്ഥാനത്ത് മലയോര മേഖലയില്‍ മനുഷ്യ - വന്യജീവി സംഘര്‍ഷം വ്യാപകമാകുമ്പോഴും ബഫർ സോൺ വിഷയത്തിൽ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോഴും ഈ വിഷയങ്ങൾ പഠിക്കാനും സർക്കാരിന് പരിഹാര നിർദേശങ്ങൾ സമർപ്പിക്കാനും നിയമപരമായ അധികാരമുള്ള സംസ്ഥാന വന്യജീവി ബോര്‍ഡ് നിർജീവാവസ്ഥയിൽ. 2022 ജനുവരിയില്‍ പുനഃസംഘടിപ്പിച്ച ബോർഡിൻറെ ഒരു യോഗം പോലും ഇതുവരെ ചേര്‍ന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

30 അംഗങ്ങളുള്ള ബോര്‍ഡില്‍ 18 പേരെ നാമനിര്‍ദേശത്തിലൂടെയാണ് തിരഞ്ഞെടുക്കുക. മറ്റുള്ളവർ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം, മുഖ്യമന്ത്രി ചെയര്‍പേഴ്സനും, വനം മന്ത്രി വൈസ് ചെയര്‍പേഴ്സനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് സംസ്ഥാന വന്യജീവി ബോര്‍ഡ് രൂപീകരിക്കേണ്ടത്. 30 അംഗങ്ങളുള്ള ബോര്‍ഡില്‍ 18 പേരെ നാമനിര്‍ദേശത്തിലൂടെയാണ് തിരഞ്ഞെടുക്കുക. മറ്റുള്ളവർ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. കഴിഞ്ഞ വർഷം ജനുവരിയിൽ പുനഃസംഘടിപ്പിച്ച ബോര്‍ഡിന്റെ ആദ്യ യോഗം ഡിസംബറിൽ ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും ചില അംഗങ്ങളുടെ അസൗകര്യം പരിഗണിച്ച് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.

വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ശുപാര്‍ശകളും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ

ബഫര്‍ സോണ്‍ വിഷയത്തിൽ പ്രക്ഷോഭങ്ങൾ രൂക്ഷമായ ഘട്ടത്തിലോ വന്യജീവി ആക്രമണം വ്യാപകമായ ഘട്ടത്തിലോ ഒരിക്കൽ പോലും ബോർഡിൻറെ യോഗം വിളിച്ചു ചേർക്കാൻ അധികൃതർ തയാറായിട്ടില്ല. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനായി ബോർഡ് വിളിച്ചു ചേർക്കണമെന്ന് അംഗങ്ങളും ആവശ്യപ്പെട്ടിട്ടില്ല. വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ശുപാര്‍ശകളും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. ഒരു പ്രത്യേക വനപ്രദേശം സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിലേക്കും, ഒരു പ്രത്യേക വന്യജീവിയുടെയോ സസ്യങ്ങളുടെയോ പരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കാനും ദേശീയ വന്യജീവി ബോര്‍ഡിന് ശുപാര്‍ശ സമര്‍പ്പിക്കാനും ബോര്‍ഡിന് അധികാരമുണ്ട്. വന മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിക അനുമതി ലഭ്യമാകണമെങ്കിൽ വന്യജീവി ബോർഡിൻറെ അംഗീകാരം നിർബന്ധമാണ്

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആവശ്യപ്പെടുമ്പോള്‍ ഉപദേശം നല്‍കുന്നതും അദ്ദേഹം നിർദേശിക്കുന്ന വിഷയങ്ങളിൽ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കലും മാത്രമാണ് ഉത്തരവാദിത്വം

സംസ്ഥാന വന്യജീവി ബോര്‍ഡ് വനം വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും ഉപദേശക സമിതി മാത്രമാണെന്നും ബോര്‍ഡ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ സി ജയകുമാര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആവശ്യപ്പെടുമ്പോള്‍ ഉപദേശം നല്‍കുന്നതും അദ്ദേഹം നിർദേശിക്കുന്ന വിഷയങ്ങളിൽ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കലും മാത്രമാണ് ഉത്തരവാദിത്വമെന്നും സി ജയകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പുനഃസംഘടിപ്പിച്ചതിന് ശേഷം ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്ന കാര്യം അദ്ദേഹം ശരിവച്ചു.

വന്യജീവി ബോര്‍ഡിന്റെ ആദ്യ യോഗം ജനുവരി 19-ന് ചേരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. യോഗത്തില്‍ വന്യജീവി ആക്രമണവും ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കഴിഞ്ഞ 18 മാസത്തിനിടെ 123 പേര്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചതായി വനംവകുപ്പ് പുറത്ത് വിട്ട കണക്കുകകള്‍ വ്യക്തമാക്കുന്നു. വനംവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെ 88,287 വന്യജീവി ആക്രമണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം തന്നെ കൃഷിനാശവും സാമ്പത്തിക നഷ്ടവും സംഭവിച്ച 8,707 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ ഫോറസ്റ്റ് സര്‍ക്കിളില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ പ്രദേശങ്ങളില്‍ കാര്‍ഷികവിളകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിച്ച കേസുകളും ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനംവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 30 മരണങ്ങളും 1,252 കാര്‍ഷികവിളനാശ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത സതേണ്‍ ഫോറസ്റ്റ് സര്‍ക്കിള്‍ നഷ്ട പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ നീണ്ട കാലതാമസം സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. നഷ്ടപരിഹാരത്തിനായി നല്‍കിയ 8,231 അപേക്ഷകള്‍ ഇപ്പോഴും പരിഹാരമാകാതെ കെട്ടിക്കിടക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട് ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്

logo
The Fourth
www.thefourthnews.in