ഭരണഘടനയില്‍നിന്ന് മോദി സര്‍ക്കാര്‍ 'ഇന്ത്യയെ' പുറത്താക്കുമോ? പേര് തര്‍ക്കത്തിന്റെ നാള്‍വഴികള്‍
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റും എന്നാണ് പുതിയ വാര്‍ത്ത. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നും വാര്‍ത്തകള്‍ വരുന്നു. സര്‍ക്കാരിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്ന ആര്‍എസ്എസ്സിന്റെ തലവന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്നും ഭാരത് എന്ന് മതിയെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന പ്രചാരണങ്ങള്‍ ശക്തിപ്പെട്ടത്. ഈ മാസം 18 മുതല്‍ അഞ്ച് ദിവസം ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്നുമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഇനി ഇന്ത്യയാണ് മോദി സര്‍ക്കാരിന്റെ പ്രശ്‌നമെങ്കില്‍ ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെന്നത് നീക്കം ചെയ്യേണ്ടി വരും
വാര്‍ത്തകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയുടെ പേര് സംബന്ധിച്ച യാഥാര്‍ത്ഥ്യം എന്താണ്?
ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യത്തിന്റെ പേര് സംബന്ധിച്ച് പറയുന്നത് ഇന്ത്യ അഥവാ ഭാരത് എന്നാണ്. India that is Bharat എന്നു പറഞ്ഞാണ് പേര് സംബന്ധിച്ച ഭരണഘടന വ്യവസ്ഥ ആരംഭിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഇപ്പോള്‍ തന്നെ ഭാരത് എന്ന പേരുണ്ട്. ഇന്ത്യയെന്നും ഉണ്ട്. അതായത് പുതുതായി മോദി ഭരണകൂടത്തിന് ഭാരത് എന്നത് കൊണ്ടുവരേണ്ട കാര്യം യഥാര്‍ത്ഥത്തില്‍ ഇല്ല. ഇനി ഇന്ത്യയാണ് മോദി സര്‍ക്കാരിന്റെ പ്രശ്‌നമെങ്കില്‍ ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെന്നത് നീക്കം ചെയ്യേണ്ടി വരും. അങ്ങനെ 'ഇന്ത്യ'യെ നീക്കം ചെയ്യുമ്പോള്‍ എന്തൊക്കെയാണ് അതോടൊപ്പം നീക്കം ചെയ്യപ്പെടുകയെന്നത് ഒരു രാഷ്ട്രീയ പ്രശ്‌നം ആണ്.
രാജ്യത്തിന്റെ ഭരണഘടന നിര്‍മ്മാണ സഭയില്‍ തുടങ്ങിയ തര്‍ക്കമാണ് നമ്മുടെ നാടിന്റെ പേര് എന്താണെന്നത് സംബന്ധിച്ചുള്ളത്. നിരവധി പേരുകള്‍ അന്ന് ചര്‍ച്ചയില്‍ വന്നിരുന്നു. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാന്‍, തുടങ്ങിയ പേരുകളാണ് പ്രധാനമായും മുന്നോട്ടുവന്നത്. സേഥ് ഗോവിന്ദ് സിങ്, കെ ത്രിപാഠി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റണം എന്ന നിര്‍ദ്ദേശം ഭരണഘടന സഭയില്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഫോര്‍വേഡ് ബ്ലോക്ക് അംഗമായ എച്ച് വി കമ്മത്ത് രാജ്യത്തിന്റെ പേര് ഭാരത് എന്നും സംസ്ഥാനങ്ങളുടെത് പ്രദേശ് എന്നാക്കി മാറ്റണമെന്നും നിര്‍ദ്ദേശിച്ചു.
എന്നാല്‍ അതും അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യയെ ഭാരത് എന്നാക്കുന്നത് ഹിന്ദി തര്‍ജ്ജുമ മാത്രമാണെന്നായിരുന്നു സി സുബ്രഹ്‌മണ്യം പറഞ്ഞത്. ഇംഗ്ലീഷില്‍ എഴുതുന്ന ഭരണഘടനയില്‍ ഇംഗ്ലീഷ് പേരുകള്‍ വേണമെന്നും അല്ലെങ്കില്‍ ഭാവിയില്‍ അനാവശ്യമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പിന്നീട് ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോള്‍ രണ്ട് പേരും അതായത് ഇന്ത്യയും ഭാരതും അംഗീകരിക്കപ്പെട്ടു. സ്വാഭാവികമായും രാജ്യത്തിന്റെ പേര് ഇന്ത്യയെന്നായി പൊതുവിലും വിദേശത്തും അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഭരണഘടന നിര്‍മ്മാണ സഭ തീര്‍പ്പ് വരുത്തിയ വിഷയം പിന്നീടും പലപ്പോഴും ഉയര്‍ന്നുവന്നു. ഹിന്ദി ബെല്‍റ്റില്‍നിന്നുള്ള ഹിന്ദി വാദികളും ഹിന്ദുത്വ വാദികളില്‍നിന്നുമായിരുന്നു ഈ ആവശ്യം മുഖ്യമായും ഉയര്‍ന്നുവന്നത്. ഹിന്ദി വാദികള്‍ രാജ്യത്തിന്റെ പേര് ഹിന്ദിയിലാക്കണമെന്ന നിലപാട് എടുത്തപ്പോള്‍ പൗരാണികതയുടെ പേരില്‍ ഭാരതം വേണമെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ ആവശ്യം. 2004 ല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങായിരുന്നു രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടത്. കൊളോണിയല്‍ പേരാണ് ഇന്ത്യ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഹിന്ദി വാദികള്‍ രാജ്യത്തിന്റെ പേര് ഹിന്ദിയിലാക്കണമെന്ന നിലപാട് എടുത്തപ്പോള്‍ പൗരാണികതയുടെ പേരില്‍ ഭാരതം വേണമെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ ആവശ്യം
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ ബില്ല് കൊണ്ടുവന്നു. ബില്ല് അവതരിപ്പിക്കാന്‍ പോലും അദ്ദേഹം സഭയില്‍ ഹാജരായില്ലെങ്കിലും ഹിന്ദുത്വ വാദികളുടെ എല്ലാകാലത്തെയും ആഗ്രഹമായിരുന്നു അദ്ദേഹത്തിലൂടെ പുറത്ത് വന്നത്.
പിന്നീട് സുപ്രീം കോടതിയില്‍ 2016 ല്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതിനെ ആരും തടസ്സപ്പെടുത്തില്ലെന്നായിരുന്നു ജസ്റ്റീസുമാരായ ടി എസ് താക്കൂറിന്റെയും യു യു ലളിതിന്റെയും ഉത്തരവ്.
2020 ല്‍ ഇന്ത്യയെന്ന വാക്ക് സാമ്രാജ്യത്വ സംഭവനായാണെന്നും മാറ്റണമെന്നും ആവശ്യമുണ്ടായി. ഭരണഘടനയില്‍ ഭാരത് എന്ന് പ്രയോഗിച്ചിട്ടുണ്ടെന്ന് കാണിച്ചായിരുന്നു സുപ്രീം കോടതി അന്നും ഹര്‍ജി തീര്‍പ്പാക്കിയത്. ഇന്ത്യയെന്ന വാക്ക് ആര്‍ഷ ഭാരതത്തിന്റെ സംസ്‌ക്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ് ആര്‍എസ്എസിന്റെയും മറ്റ് ഹിന്ദുത്വ വാദികളുടെയും നിലപാട്.
പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതം എന്നത് തെക്കെ കടല്‍ മുതല്‍ ഹിമാലയം വരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശമാണ്. ഒരു രാഷ്ട്രീയ- ഭൂമിശാസത്ര സങ്കല്‍പം എന്നതിനെക്കാള്‍ മതപരമാണ് ഭാരതം എന്ന സങ്കല്‍പം എന്ന് കരുതുന്നവരുമുണ്ട്. ഹിന്ദു എന്നത് സിന്ധുവെന്ന സംസ്‌കൃത വാക്കിന്റെ പേഷ്യന്‍ ഭാഷ്യമാണെന്നും ഹിന്ദുസ്ഥാന്‍ എന്ന് ആദ്യം പ്രയോഗിച്ചത് പേര്‍ഷ്യക്കാരാണന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.
16-ാം നൂറ്റാണ്ടോടെ ഹിന്ദുസ്ഥാന്‍ എന്ന പ്രയോഗമാണ് കൂടുതല്‍ പ്രചാരത്തില്‍ വന്നതെന്നും ചരിത്രകാരന്മാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തെക്കെ ഏഷ്യയിലെ മുഗള്‍ ഭരണ പ്രദേശങ്ങളെയാണ് ഹിന്ദുസ്ഥാന് എന്ന് വിളിച്ചത്. എന്നാല്‍ 18-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടീഷ് ഭൂപടങ്ങളില്‍ ഇന്ത്യയെന്ന് കൂടുതലായി പ്രയോഗിച്ചുവന്നു. മതപരവും പൗരാണികവുമായ അംശങ്ങള്‍ ഉള്‍കൊള്ളുന്ന ഭാരതിനെക്കാള്‍ ആധുനികവും മതേതരതവുമായ പേരായി അതിന് ആഗോള സ്വീകാര്യതയും കൈവന്നു.