വാക്കുകള്‍ക്കതീതം വാര്‍ത്തയായി മാറിയ ചിത്രങ്ങള്‍
ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ചിത്രം. മൊബൈല്‍ ഫോണ്‍ യുഗത്തില്‍ എല്ലാവരുടേയും വിരല്‍ത്തുമ്പിലേക്ക് ക്യാമറ എത്തിക്കഴിഞ്ഞ വേളയില്‍ വീണ്ടുമൊരു ഫോട്ടോഗ്രാഫി ദിനം കൂടി കടന്നുപോകുകയാണ്. ഒരേസമയം കലയും ക്രിയാത്മകതയും സാങ്കേതിക വിദ്യയും സംഗമിക്കുന്ന അപൂര്‍വതയാണ് ഫോട്ടോഗ്രാഫി. ഒരു നിമിഷത്തിന്റെ സാരാംശവും വികാരവും മാനസികാവസ്ഥയും ഒരു ചിത്രം പകര്‍ത്തുന്നതെങ്ങനെയെന്ന് ഈ ദിവസം ഏവരെയും ഓര്‍മിപ്പിക്കുന്നു. ഫോട്ടോഗ്രാഫി ഇത്രയും ജനകീയമായ കാലഘട്ടത്തിലും ന്യൂസ് ഫോട്ടോഗ്രാഫി എന്ന ശാഖ വേറിട്ടുതന്നെ നില്‍ക്കുകയാണ്. സത്യസന്ധവും നിഷ്പക്ഷവുമായ സമീപനം ആവശ്യപ്പെടുന്ന ഒന്നാണത് എന്നതു തന്നെ കാരണം. ലോകം ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുമ്പോള്‍ വാക്കുകള്‍ കൊണ്ടു വിവരിക്കാന്‍ കഴിയാത്ത വാര്‍ത്തകളെപ്പോലും വിശദീകരിക്കാന്‍ ചിത്രങ്ങള്‍ക്കു കഴിയുമെന്നു തെളിയിച്ച ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ കാഴ്ചകളിലൂടെ...
ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം കുടിയേറ്റ തൊഴിലാളികളാണെന്നാണ് അനൗദ്യോഗിക കണക്ക്. അര്‍ഹമായ നിയമപരമായ സുരക്ഷയും ആനുകൂല്യങ്ങളും 'അതിഥി' തൊഴിലാളികള്‍ എന്ന് നമ്മുടെ സര്‍ക്കാര്‍ ആദരപൂര്‍വം വിശേഷിപ്പിക്കുന്ന ഈ കുടിയേറ്റക്കാര്‍ക്ക് കിട്ടുന്നുണ്ടോ എന്നത് ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. കൊച്ചി വൈപ്പിനില്‍ നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി സ്വകാര്യ കമ്പനി ഒരുക്കിയ താമസ സ്ഥലത്ത് നിന്നുള്ള കാഴ്ച. മലയാളികള്‍ നടത്തുന്ന ക്യാമ്പില്‍ നുഴഞ്ഞു കയറി പകര്‍ത്തിയ ചിത്രമാണിത്. 2014ല്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസക്ലബ്ബ് പുരസ്‌കാരം നേടിയ ഈ ഫോട്ടോസ്റ്റോറി.
പാഴ്ജലമല്ല ഇത് അമൃത്..
കോവിഡ് മഹാമാരി രാജ്യത്ത് അനിയന്ത്രിതമായപ്പോള്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലത്തുള്ള കാഴ്ചയാണ്. എല്ലാവരെയും സുരക്ഷിതരാക്കി എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്‍കാഞ്ഞതിന്റെ നേര്‍ച്ചിത്രം. ആളൊഴിഞ്ഞ തിരുവനന്തപുരം കോവളം ബൈപ്പാസ് റോഡരികില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ച് ദാഹമകറ്റുന്ന ഒരു മനുഷ്യന്‍. മംഗളത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം.
പൊടിയമരും കൊടിയുയരും...
സ്വാതന്ത്ര്യ ദിന പരേഡിന്റെ അവസാനഘട്ട പരിശീലനത്തിലേര്‍പ്പെട്ട എന്‍. സി. സി കേഡറ്റുകളുടെ ചിത്രം.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള കാഴ്ച.
കണ്‍നിറഞ്ഞ കളിയാട്ടം...
കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി വേദിക്ക് പിന്നില്‍ മത്സരാര്‍ത്ഥിയെ സസൂക്ഷ്മതയോടെ ചമയമണിയിക്കുന്ന ആശാന്‍.
ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനങ്ങള്‍ തലസ്ഥാനത്ത് ശംഖുമുഖത്ത് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള കാഴ്ച
അവനി വാഴ്വ് കിനാവ് കഷ്ടം...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നീതിക്കായി കാലങ്ങളായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അറുതി വരുത്താന്‍ ഭരണകൂടങ്ങള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ദയാ ഭായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളുമായി അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഒരനിശ്ചിതകാല സമരത്തില്‍ നിന്നുള്ള കാഴ്ച. ചിത്രത്തിന് ആശാന്റെ വരികല്ലാതെ എന്താണ് അടിക്കുറിപ്പ് നല്‍കാനാകുക.
പകച്ചുപോയ കൗമാരം...
സ്പോര്‍ട്സ് ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ആദ്യമായി സംസ്ഥാന കായികമേള റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ലഭിച്ച ചിത്രം. ക്യാമറയിലെ തകരാര്‍ കാരണം ഫീല്‍ഡ് വിട്ട് മീഡിയ റൂമിലേക്ക് നടക്കുന്ന വഴിയില്‍ കണ്ട കാഴ്ച ഞൊടിയിടയില്‍ പകര്‍ത്താനായി എന്നതാണ് ചാരിതാര്‍ഥ്യം. മേളയുടെ താരങ്ങളില്‍ ഒരാളായിരുന്ന കോട്ടയം ഭരണങാനം എസ്. എച്ച്. എച്ച്. എസിലെ ആന്‍ റോസ് ടോമി ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറു മീറ്റര്‍ ഹര്‍ഡില്‍സിനിടയില്‍ ഒരു നിമിഷം പതറിയപ്പോള്‍. കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിന് 2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള ജി. വി. രാജ പുരസ്‌കാരം ലഭിച്ചു. 2018ല്‍ നടന്ന കായികമേളയില്‍ ഇതേ ഹര്‍ഡില്‍ മത്സരത്തില്‍ ആന്‍ സ്വര്‍ണ്ണം നേടുത്തന്നതും കാണാനായി എന്നത് മറക്കാനാകാത്ത അനുഭവം.
അതിഥി തൊഴിലാളികളുടെ വര്‍ദ്ധനവ് വളരെ പെട്ടന്നാണ് നമ്മുടെ നാട്ടില്‍ ഉണ്ടായത്. മികച്ച ശമ്പളവും സാമൂഹിക അന്തരീക്ഷവുമാണ് കേരളം മികച്ച തൊഴിലിടമായി അതിഥി തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്നത്. തലസ്ഥാന നഗരത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യപിച്ചുറങ്ങുന്ന മലയാളിയും തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികളും.
എനിക്കുള്ളത് ഞാനെടുക്കും...
ഒരു ഫോട്ടോഗ്രാഫര്‍ക്ക് അപ്രതീക്ഷിതമായി മൊമന്റുകള്‍ സമ്മാനിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍. സെക്കന്‍ഡുകളില്‍ മിന്നി മായുന്ന ആക്ഷനോ എക്സ്പ്രഷനോ ലഭിച്ചേക്കാം മിക്കപ്പോഴും. അത്തരത്തില്‍ ഒന്നായിരുന്നു ഈ മൊമെന്റും. ന്യൂസ് 18 കേരള ചാനല്‍ ഉദ്ഘാടന വേദി. പത്രഫോട്ടോഗ്രാഫര്മാരില്‍ മൂന്ന്പേരൊഴിച്ച് എല്ലാവരും ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ സ്ഥലം കാലിയാക്കി. അപ്പോഴാണ് കേക്ക് മുറിക്കല്‍ ചടങ്ങ് നടക്കുന്നത് ന്യൂസ് നെറ്റ്വര്‍ക്ക് തലവന്‍ ജഗദീഷ് ചന്ദ്ര മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കേക്ക് പങ്കിടുന്നതിടയില്‍ വി. എസ് കത്തിയെടുത്ത് കേക്ക് മുറിച്ചു. ആ കത്തിയില്‍ തന്നെ അതെടുത്തു കഴിച്ചു. ആ നിമിഷം എല്ലാരിലും ചിരി പടര്‍ത്തിയ നിമിഷം. കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അടുത്ത ദിവസത്തേയ്ക്കുള്ള ബൈലൈന്‍ ക്ലിക്കും.
Comradeship...
മറക്കാനാകാത്ത മറ്റൊരു അനുഭവം. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം കണ്ണൂരില്‍ പൊതുദര്‍ശത്തിന് വെച്ചപ്പോള്‍ സമീപം വിഷമിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദേഷ്യവും ചിരിയുമെല്ലാം പകര്‍ത്തിയിട്ടുണ്ടെങ്കിലും തന്റെ അടുത്ത സുഹൃത്തിന്റെ വേര്‍പാടില്‍ ഇത്രത്തോളം തകര്‍ന്ന് അദ്ദേഹത്തെ കാണാനാകും എന്ന് കരുതിയതേയില്ല. ഒരുപാട് നേരം കാത്തിരുന്നു കിട്ടിയ ചിത്രം കൂടെയാണിത്. തിരക്കിനിടയില്‍ കിട്ടിയ ഒറ്റ ക്ലിക്. എത്രയൊക്കെ അലങ്കാരങ്ങളും പദവികളും ഉണ്ടെങ്കിലും മനുഷ്യന്‍ മനുഷ്യാകുന്ന നിമിഷം.