മുറിവ് ഉണങ്ങാത്ത മണിപ്പൂരിൻ്റെ ക്രിസ്മസ് ദിനങ്ങൾ...
മണിപ്പൂരിലെ ക്രിസ്മസ് രാത്രികൾ കൂട്ടായ്മകളുടേതായിരുന്നു. ഗ്രാമങ്ങളിൽ അവർ സമാധാനപരമായി പ്രാർഥിക്കും, പല വിഭാഗങ്ങളിലുള്ളവർ ഒന്നിച്ചു ചേർന്ന് ഭക്ഷണം കഴിക്കും, ഒരുമിച്ച് ആഘോഷിക്കും, ഓരോ ഗ്രാമത്തിലും ഒന്നിലധികമുള്ള പള്ളികളിൽ നിന്ന് കരോളുകൾ പുറപ്പെടും. വിപണിയുണരുന്ന ആ ക്രിസ്മസ് കാലത്ത് വരുമാനവും കൂടും. പക്ഷെ ഒമ്പത് മാസം കൊണ്ട് മണിപ്പൂർ മാറി. അവിടുത്തെ ആഘോഷങ്ങളും.
ചുരാചന്ദ്പൂരിലാണ് ഗ്രേസി താമസിക്കുന്നത്. കുകി വിദ്യാർഥി അസോസിയേഷൻ പ്രവർത്തകയാണ് ഗ്രേസി. ചെറുപ്പത്തിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട അയൽക്കാരുമൊത്ത് ക്രിസ്മസ് ആഘോഷിച്ച ഓർമകളുണ്ട് ഗ്രേസിക്ക്. “എനിക്ക് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു മെയ്‌തെയ് വിഭാഗത്തിൽ. അവരുടെ ആഘോഷങ്ങളിൽ ഞങ്ങളും ഒരു ഭാഗമായിരുന്നു അതുപോലെ ഞങ്ങളുടേതിലും. എത്രയോ ക്രിസ്മസ് വിരുന്നുകൾക്ക് അവരെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേ അയൽക്കാരെ സംഘർഷ കാലത്ത് സുരക്ഷിതരായി ഗ്രാമത്തിൽ നിന്ന് കടത്തേണ്ടിയും വന്നു എനിക്ക്. ഇംഫാലിലെ പരിചയമുള്ള പലരും 'കുകികളെ കൊല്ലൂ...' എന്നൊക്കെ വിളിച്ചു പറയുന്നതും കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങേയറ്റം വേദനയുണ്ടാക്കുന്ന അനുഭവങ്ങളാണ് ഇതൊക്കെ.”
കുകി വിഭാഗത്തിൻറെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം ഗ്രാമങ്ങൾ അക്രമികൾ പൂർണമായും ഇല്ലാതാക്കി. എണ്ണായിരം വീടുകൾ നശിപ്പിക്കപ്പെട്ടു. ചുരാചന്ദ്പൂരിലടക്കം 18000 ലധികം ആളുകൾ ക്യാമ്പിലാണ് കഴിയുന്നത്. സംഘർഷങ്ങൾക്ക് മുമ്പും മലമുകളിലുള്ളവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല. സമ്പാദ്യമെന്നത് ആർക്കും തന്നെയില്ലായിരുന്നു എന്നവിടുത്തുകാർ പറയുന്നു. സംഘർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ദരിദ്രമാണ് ഗ്രാമങ്ങൾ. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ടാർപോളിൻ വിരിച്ചാണ് തണുപ്പിലും ആളുകൾ കിടക്കുന്നത്. ചുരാചാന്ദ്പൂരിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ താഴെവച്ച് തന്നെ തടയുകയാണ്. ആശുപത്രി സൗകര്യങ്ങളോ, യാത്രാ സൗകര്യങ്ങളോ ലഭിക്കുന്നില്ല. ജീവിക്കാൻ കഷ്ടപ്പെടുന്നവർക്ക് ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ നേരമെവിടെയാണ്.
ഇംഫാലിലെ ക്യാമ്പുകളിൽ സ്ഥിതി താരതമ്യേന ഭേദമാണ്. എങ്കിലും അവിടെയും ബുദ്ധിമുട്ടുകളുണ്ടെന്ന് മെയ്‌തെയ് വിഭാഗത്തിൽ നിന്നുള്ള ആക്ടിവിസ്റ്റായ റാം വാങ്കേരക്പം ദി ഫോർത്തിനോട് പറഞ്ഞു.
“വളരെ ചെറിയ ആഘോഷങ്ങൾ മാത്രമേ ഈ ക്രിസ്മസിനുള്ളു. സാമ്പത്തികമായി എല്ലാവരും തകർന്നിരിക്കുന്ന സാഹചര്യത്തിൽ എങ്ങിനെ ക്രിസ്മസ് ആഘോഷിക്കാനാണ്. കലാപങ്ങളിൽ പെടാത്ത നാഗാ വിഭാഗക്കാരാണ് കുറച്ചെങ്കിലും ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാനാവാത്ത ആയിരക്കണക്കിനാളുകൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്. തുടക്കത്തിലെ സഹതാപ തരംഗത്തിൽ അവർക്ക് വലിയ സഹായങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ പതുക്കെ എല്ലാം കുറഞ്ഞു. സർക്കാർ കൊടുക്കുന്ന അരിയും പരിപ്പുമൊന്നും മതിയാകുന്നില്ല. പ്രായമാവർക്കും രോഗികൾക്കും മാത്രമാണ് കിടക്കകൾ നൽകിയിട്ടുള്ളത്. പുതപ്പുകൾ കൊടുക്കുന്നുണ്ടെങ്കിലും അത് മാത്രം മതിയാകില്ല. ചൂടു വസ്ത്രങ്ങൾ വേണം. ആവശ്യങ്ങൾ ഒരുപാടുണ്ട്.“
വീട് വിട്ട് പോരേണ്ടി വന്നവരിൽ അഞ്ച് ശതമാനത്തിന് പോലും തിരികെ പോവാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള സ്ഥലങ്ങളിൽ ജീവനോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അപ്പോഴും സമാധാനപരമായ ജീവിതമെന്നത് അവരുടെ പ്രതീക്ഷകളിൽ ദൂരെയാണ്. അക്രമങ്ങൾ പൂർണമായി അടങ്ങിയിട്ടില്ല. ഇടക്കിടെ ക്ഷുഭിതരായ ആൾക്കൂട്ടം തെരുവിൽ ഇറങ്ങും. കടകൾ അടപ്പിക്കും. ഇപ്പോഴും മെയ്തേയ് വിഭാഗത്തിൽ പെട്ടവർക്ക് കുകികൾ താമസിക്കുന്ന മേഖലകളിലേക്കോ നേരെ തിരിച്ചോ യാത്ര ചെയ്യാൻ സാധിക്കില്ല. പൊതുഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും ഇരു വിഭാഗങ്ങളുടെ ഭാഗത്തു നിന്നും എതിർപ്പുകളുണ്ടായതോടെ അത് ഉപേക്ഷിക്കേണ്ടി വന്നു.
വീട് വിട്ട് പോരേണ്ടി വന്നവരിൽ അഞ്ച് ശതമാനത്തിന് പോലും തിരികെ പോവാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള സ്ഥലങ്ങളിൽ ജീവനോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അപ്പോഴും സമാധാനപരമായ ജീവിതമെന്നത് അവരുടെ പ്രതീക്ഷകളിൽ ദൂരെയാണ്.
രണ്ട് ഭാഗത്തും സമാധാനം കൊതിക്കുന്നവരുണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലെന്ന് പീസ് കമ്മിറ്റി കോർഡിനേറ്റർ ആയ ദിബെൻ ശർമ പറയുന്നു. “അവർ നിസഹായരാണ്. അമ്പത് ശതമാനത്തിലധികം പേരും ഒടുക്കം വരെ പോരിന് തയാറായി നിൽക്കുന്നവരാണ്. അവരെ തടയാൻ സമാധാനം ആഗ്രഹിക്കുന്ന കുറച്ചുപേർക്ക് കഴിയില്ല. ഇവിടെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് മണിപ്പൂരിന് പുറത്തുള്ളവർക്കാണ്. സിവിൽ സൊസൈറ്റികൾ ഇങ്ങോട്ട് വരുന്നു പോലുമില്ല. ആകെ വരുന്നത് മാധ്യമപ്രവർത്തകരാണ്. ഇടനിലക്കാരായി നിന്ന് ആളുകളുമായി സംവദിക്കാൻ തയാറാകുന്ന സംഘങ്ങൾ വന്നാലെ സംസ്ഥാനത്ത് വീണ്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിയുകയുള്ളു.അങ്ങനെ ഒരു സംഘം വന്നാൽ ജീവൻ പണയം വെച്ചും അവരെ സഹായിക്കാൻ ഞാൻ തയാറാണ്. രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലുള്ളവരെന്ത് കൊണ്ട് ഒന്നും ചെയ്യുന്നില്ല, ഒന്നിവിടെ വരെ വരുന്നു പോലുമില്ല? ഞങ്ങൾ ഈ രാജ്യത്തിൻറെ ഭാഗമാണെന്ന് ആരും കരുതുന്നില്ലെ? കേന്ദ്ര സർക്കാർ പോലും നിഷ്ക്രിയമാണ്. ”
സുപ്രീംകോടതിയും ആവശ്യപ്പെട്ടത് ഇത്തരം സിവിൽ സൊസൈറ്റികളുടെ ഇടപെടലാണ്. എന്നാൽ ഒരു സംഘത്തിനും ഇതുവരെ അത് സാധിച്ചിട്ടില്ല. ഇരു വിഭാഗങ്ങളിലുള്ളവർക്കും നഷ്ടങ്ങളുണ്ടായി. ആളുകൾ കൊല്ലപ്പെട്ടു. ക്രൂരമായ പീഡനങ്ങൾ നടന്നു. ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് പോയി. സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങളും കാണുന്നില്ല. സമാധാനം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ പോലും ഉറച്ച് പറയാൻ അവിടുത്തെ മനുഷ്യർക്ക് സാധിക്കുന്നില്ല. രാജ്യം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ മണിപ്പൂരിനെ മറന്നുകൂടാ.