വ്യാജ പരസ്യം നല്‍കി തൊഴില്‍ത്തട്ടിപ്പ്; ഇരയായി നിരവധി യുവാക്കള്‍
തൊഴില്‍ തട്ടിപ്പില്‍പെട്ട് വിദേശത്ത് പോയി മടങ്ങിയെത്തുന്നവരുടെ എണ്ണം കൂടുമ്പോഴും വിശദമായ അന്വേഷണം നടത്താതെ ഇത്തരക്കാരുടെ കെണിയില്‍പെടുന്നവരുടെ എണ്ണം കൂടുകയാണ്. എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് മര്‍ച്ചന്റ് നേവിയില്‍ ചേരാം. 40,000 മുതല്‍ ശമ്പളം എന്ന ആകര്‍ഷകമായ പരസ്യം കണ്ടാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയും സുഹൃത്തും ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെ ഓഫീസില്‍ നിന്നും ഇവരെ കോഴ്സിനായി രാജസ്ഥാനിലെ ജയ്പൂരിലേക്ക് അയച്ചു. മൂന്ന് മാസത്തെ കോഴ്സിന് ഒന്നര ലക്ഷം രൂപ ചെലവായി. ഫാം ഹൗസിലായിരുന്നു കോഴ്സ് . കോഴ്സില്‍ നിന്നും കാര്യമായ പഠനമൊന്നും നടന്നിരുന്നില്ല. കോഴ്സിന് ശേഷം പ്ലേസ്മെന്റ് ഓഫര്‍ ചെയ്തതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കി അതിനായി രണ്ടുപേരും ശ്രമിച്ചു.
കേന്ദ്രഷിപ്പിംഗ് മന്ത്രാലയത്തിന്റെ ലൈസന്‍സുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനം ഇറാനിലാണ് ഇവര്‍ക്ക് ജോലി നല്‍കിയത്. ഓയില്‍ ടാങ്കറിലെ ജോലിയാണ് ആവശ്യപ്പെട്ടതും കമ്പനി കരാറില്‍ രേഖപ്പെടുത്തിയതും. പക്ഷേ ഇവര്‍ക്ക് അപകടകരമായ സാഹചര്യത്തിലുള്ള വേറൊരു സിമന്റ് കാര്‍ഗോ ഷിപ്പിലാണ് ജോലി നല്‍കിയത്. ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം വിശ്രമം, ഒരു നേരത്തെ മോശം ഭക്ഷണം, ഭാഷ പോലുമറിയാത്ത, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യം കൂടെ ആയതോടെ തിരിച്ചു പോരാന്‍ ഏജന്റിനോട് നിര്‍ബന്ധം പിടിച്ചു. പഠിച്ചിറങ്ങിയ കോഴ്സും ചെയ്യുന്ന ജോലിയും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കമ്പനിയുടേതല്ലാത്ത കാരണത്താല്‍ സ്വയം തിരിച്ചു പോരുകയാണെന്ന് എഴുതി വാങ്ങിയതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇറാനില്‍ കുടുങ്ങിയ സമയത്ത് എംബസിയെ ബന്ധപ്പെട്ടപ്പോള്‍ നിസഹായതയാണ് പ്രകടിപ്പിച്ചത്. വിശദമായ അന്വേഷണം നടത്താതെ ഇറങ്ങി പുറപ്പെട്ടതിനാല്‍ നാല് ലക്ഷം രൂപയും അഞ്ച് മാസവുമാണ് യുവാക്കള്‍ക്ക് നഷ്ടമായത്.ഈ കമ്പനിയും റിക്രൂട്ടിംഗ് ഏജന്‍സിയും ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്നുമാണ് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ പ്രതികരിച്ചത്.