സെന്റലോണ: കാഴ്ചയില്ലാത്തവര്‍ക്ക് ലോകവുമായി സംവദിക്കാനൊരു സോഫ്റ്റ്‌വെയര്‍, സത്യന്‍മാഷിന്റെ ഉള്‍ക്കാഴ്ച

ചെറുപ്പത്തിലെ കാഴ്ചശക്തി നഷ്ടപ്പെട്ട സത്യന്‍മാഷ് വികസിപ്പിച്ചത് ഇതേ പരിമിതിയുള്ളവരെ ഏതുഭാഷയും എഴുതാനും വായിക്കാനും സഹായിക്കുന്ന നിരവധി സൗജന്യ സോഫ്റ്റ്‌വെയറുകള്‍. സെന്റലോണ (Zendalona.com) എന്ന പ്ലാറ്റ്‌ഫോമിനു കീഴിലെ സത്യന്‍ മാഷിന്റെ സാങ്കേതിക വിദ്യകളെ കുറിച്ചറിയാം.

ജീവിതത്തില്‍ പ്രതിസന്ധികളെ മറികടക്കാന്‍ പാടുപെടുന്നവര്‍ക്കൊരു പ്രചോദനമാണ് സത്യന്‍മാഷ്. കാഴ്ചയുള്ള ലോകവുമായി തങ്ങള്‍ക്ക് എങ്ങനെ സംവദിക്കാം, പത്തുവയസില്‍ കാഴ്ച നഷ്ടമായപ്പോള്‍ തുടങ്ങിയതാണ് പാലക്കാട് തോട്ടര കുന്നത്തുവീട്ടില്‍ കെ. സത്യശീലന്‍ എന്ന സത്യന്‍ മാഷിന്റെ ഈ ചിന്ത.

ഇതിനായി ഗൂഗിളില്‍ പരതി. കാഴ്ചയില്ലാത്തവരെ എഴുതാനും വായിക്കാനും സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയറുകള്‍ കണ്ടെത്തിയെങ്കിലും ഇവ സ്വന്തമാക്കാന്‍ വേണ്ടത് ഭീമമായ തുകകളായിരുന്നു. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച മാഷ്, മകന്‍ നളിന്‍ സത്യനുമായി ചേര്‍ന്ന് സെന്റെലോണ എന്ന പ്ലാറ്റ്‌ഫോമിനു കീഴില്‍ രൂപം നല്‍കിയത് നിരവധി സൗജന്യ സോഫ്റ്റ്‌വെയറുകളും ആപ്പും. വെറും ആറു 'കീ'കള്‍ ഉപയോഗിച്ച് കാഴ്ചപരിമിതര്‍ക്ക് ഏതുഭാഷയും എഴുതാനും വായിക്കാനും സാധിക്കുന്ന മാഷിന്റെ സോഫ്റ്റ്‌വെയറുകള്‍ പുറത്തിറങ്ങിയത് ഗൂഗിളിന്റെ സാമ്പത്തിക സഹായത്തോടെ. ഇത്തരത്തിലുള്ള 17 സോഫ്റ്റ് വെയറുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയുമാണ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സുകാരനായ മകന്‍ നളിന്‍ സത്യനുമായി ചേര്‍ന്ന് അദ്ദേഹം.

സെന്റലോണയിലൂടെ (Zendalona.com)

സെന്റലോണ എന്ന സത്യന്‍ മാഷിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് കാഴ്ചപരിമിതിയുള്ളവരെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിനായി സെന്റലോണ ഡോട്ട് കോം (Zendalona.com) എന്ന വെബസൈറ്റ് തുടങ്ങുകയായിരുന്നു ആദ്യപടി. തുടര്‍ന്ന് തന്റെ കാഴ്ചപരിമിതിയെ മറികടക്കാന്‍ സഹായിക്കുന്ന ഭാര്യ ശാരദയുടെ പേരില്‍ ശാരദ ബ്രെയില്‍ റെറ്റര്‍ എന്നൊരു ടൈപ്പിംഗ് സോറ്റ്‌വെയര്‍ വികസിപ്പിച്ചു. ബ്രയിലി ലിപി പ്രകാരമുള്ള ആറു ഡോട്ടുകളെ ആറു കീകളിലാക്കിയാണ് ഇത് സാധ്യമാക്കിയത്.

എഫ്, ഡി, എസ്, ജെ, കെ, എല്‍ എന്നീ കീകളുപയോഗിച്ച് ലോകത്തിലെ ഏതു ഭാഷയും എഴുതാന്‍ സാധിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍. ബ്രയിലി ലിപിയിലെ 63 കാരക്ടറുകളും അതിന്റെ പല കോമ്പിനേഷനുകളും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. എന്‍സിആര്‍ടിയും (The State Council of Educational Research and Training-SCERT Kerala) ഇതിനു മാഷിനു പിന്‍തുണ നല്‍കി.

ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകളുടെ വില സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതാണ് ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിലേക്ക് പാലക്കാട് തോട്ടര കുന്നത്തുവീട്ടില്‍ കെ. സത്യശീലനെയും മകന്‍ നളിന്‍ സത്യനെയും നയിച്ചത്. ഇതില്‍ ചില സോഫ്റ്റ്‌വെയറുകള്‍ക്ക് ഗൂഗിളിന്റെ സാമ്പത്തിക സഹായവും ലഭിച്ചെന്നത് ഇവര്‍ ലോകശ്രദ്ധയിലേക്കെത്തിയെന്നതിനും തെളിവായി.

മകനെയും കൂടെകൂട്ടി

എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സുകാരനായ മകന്‍ നളിന്‍ സത്യനുമായി ചേര്‍ന്നാണ് സോഫ്റ്റുവെയര്‍ രൂപകല്‍പനയിലേക്ക് മാഷ് കടന്നത്. ബ്രെയിലി ലിപിയുടെ സപ്പോര്‍ട്ട് സത്യന്‍ മാഷ് നല്‍കും മകന്‍ സോഫ്റ്റ് വെയര്‍ പ്രോഗ്രാമിംഗ് നടത്തും. അഡ്വാന്‍സ് ബ്രയില്‍ കീബോര്‍ഡ് എന്ന പേരില്‍ മൊബൈലില്‍ വിവിധ ഭാഷകള്‍ ടെപ്പ് ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ് വെയറും ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചു. ലിനെക്‌സ് ഇന്റെലിജെന്റ് ഒസിആര്‍ സൊലൂഷന്‍ എന്ന പേരില്‍ സ്‌കാനര്‍ സപ്പോര്‍ട്ടോടെ പ്രിന്റ് ചെയ്ത പേപ്പറുകള്‍ വായിച്ചു മനസിലാക്കാന്‍ സാധിക്കുന്ന സോഫ്റ്റ് വെയര്‍ കാഴ്ചപരിമിതിയുള്ളവരുടെ മുന്നില്‍ തുറന്നത് വലിയ ലോകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സെയില്‍സ് വകുപ്പില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കാഴ്ചപരിമിതിയുള്ളര്‍ ജോലിചെയ്യുന്നെന്നത് ഈ സോഫ്റ്റ് വെയറിന്റെ വ്യാവസായിക ഉപയോഗ സാധ്യതകളിലേക്കു കൂടിയാണ് വരല്‍ചൂണ്ടുന്നത്.

വിനോദത്തിന്റെ ലോകത്തിലേക്ക്

കാഴ്ചയില്ലാത്തവര്‍ക്ക് അന്യമായ വിനോദത്തിന്റെ ലോകത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാനായി കംപ്യൂട്ടര്‍ ഗെയിമുകളും ഇവര്‍ വികസിപ്പിച്ചു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ചെസ് ബോര്‍ഡില്‍ നോക്കി സാധാരണക്കാന്‍ ചെസ് കളിക്കുന്നതു പോലെ ശബ്ദ സഹായത്തോടെ ചെസ് കളിക്കാന്‍ ഇത് ഇവരെ സഹായിക്കുന്നു. എണിയും പാമ്പും ഇതേരീതിയില്‍ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ആക്‌സസിബിള്‍ കോക്കനട്ട്

ആക്‌സസിബിള്‍ കോക്കനട്ട് സോഴ്‌സ്‌ഫോര്‍ജ് നെറ്റ് എന്നു ഗൂഗിളില്‍ ടൈപ്പ് ചെയ്ത് സോഴ്‌സ് ഫോര്‍ജ് നെറ്റില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന മൂന്നു ജിബിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഡൗലോഡ് ചെയ്ത് വിന്‍ഡോസിനൊപ്പം തന്നെ പ്രവര്‍ത്തിപ്പിക്കാം. ഗൂഗിളിന്റെ സാമ്പത്തിക സഹായത്തോടെയാണ് സത്യന്‍മാഷിന്റെ മകന്‍ നളിന്‍ സത്യന്‍ ടച്ച് ടൈപ്പ് എന്ന ടൈപ്പിംഗ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെതെന്നത് ഇവരുടെ കണ്ടുപിടുത്തങ്ങള്‍ ലോകം ശ്രദ്ധിക്കുന്നുണ്ടെന്നതിനും വിലമതിക്കുന്നുണ്ടെന്നതിനുമുള്ള തെളിവായി. ടച്ച് മാക്‌സ് എന്ന പേരില്‍ മറ്റൊരു ടൈപ്പിംഗ് സോഫ്റ്റ് വെയറുമെല്ലാം ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ടൈപ്പിംഗ് പരിശീലനം അനിവാര്യമാണ്. ഇതുതിരിച്ചറിഞ്ഞാണ് ടൈപ്പിംഗ് സോഫ്റ്റ് വെയര്‍ വികസന രംഗത്തേക്ക് ഇരുവരും കടന്നത്. എന്നാല്‍ തന്റെ മകന്‍ മറ്റു ജോലികള്‍ക്കൊന്നും പോകാതെയാണ് ഈ രംഗത്തു നില്‍ക്കുന്നതെന്നും പുറത്തു നിന്നുള്ള ധനസഹായം ലഭിച്ചെങ്കിലേ ഇത്തരത്തിലൊരു ഉദ്യമമുമായി മുന്നോട്ടു പോകാനാവൂ എന്നും സത്യന്‍ മാഷ് പറയുന്നു.

സ്വയം ശപിച്ച് ജീവിതം നശിപ്പിക്കാതെ

നാലാം ക്ലാസില്‍ പഠിക്കുന്ന കാലം, പത്തുവയസ്. കുളത്തില്‍ ആഘോഷമായ കുളികഴിഞ്ഞ് പൊങ്ങി വന്നപ്പോള്‍ കാഴ്ചക്ക് എന്തോ തകരാര്‍ സംഭവിച്ചതു പോലെ. ഒന്നുമങ്ങ് വ്യക്തമാകുന്നില്ല. എഴുത്തിനെയും വായനയെയും അത്രമേല്‍ സ്‌നേഹിച്ചിരുന്ന സത്യന്‍മാഷിന്റെ മുന്നില്‍ ആ യാഥാര്‍ഥ്യം മറനീക്കി പുറത്തു വന്നു- ഇനി തനിക്ക് ഒന്നും കാണാന്‍ കഴിയില്ല. 'റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്' അതായിരുന്നു അസുഖത്തിന്റെ പേര്. താന്‍ കരഞ്ഞത് ജീവിതത്തില്‍ ഒരിക്കല്‍ അന്ന് ആ ഒരു ദിവസം മാത്രമാണെന്ന് മാഷ് പറയുന്നു. എന്നാല്‍ തന്റെ പരിമിതിയോര്‍ത്ത് സ്വയം ശപിച്ച് ജീവിതം നശിപ്പിക്കാനൊന്നും മാഷ് ഒരുക്കമായിരുന്നില്ല.

ഫോണ്‍: സത്യന്‍ മാഷ്- 9446012215

Related Stories

No stories found.
logo
The Fourth
www.thefourthnews.in