കെ എം സീതി എഴുതുന്നു: പുതിയ അക്ഷാംശങ്ങള്‍ തേടുന്ന ഇന്ത്യയുടെ വിദേശനയം

കെ എം സീതി എഴുതുന്നു: പുതിയ അക്ഷാംശങ്ങള്‍ തേടുന്ന ഇന്ത്യയുടെ വിദേശനയം

മാറിമറിയുന്ന സാര്‍വദേശീയ സാഹചര്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ ചരിത്രത്തിന്റെ നീക്കിയിരിപ്പുകള്‍ ഇന്ത്യയെ ഉണര്‍ത്തുകയാണോ അതോ തളര്‍ത്തുകയാണോ?
Updated on
6 min read

പുതിയ ആർക്ടിക് നയവും അന്റാര്‍ട്ടിക്ക നിയമവും ആവിഷ്‌കരിച്ചുകൊണ്ട് ഇന്ത്യ ലോക ഭൗമ ഭൂപടത്തില്‍ പുതിയ അക്ഷാംശങ്ങള്‍ തേടുകയാണോ? സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശനയം 'സാധ്യതകളുടെ നയതന്ത്ര കല'യാണോ അന്വേഷിക്കുന്നത്? മാറിമറിയുന്ന സാര്‍വദേശീയ സാഹചര്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ ചരിത്രത്തിന്റെ നീക്കിയിരിപ്പുകള്‍ ഇന്ത്യയെ ഉണര്‍ത്തുകയാണോ അതോ തളര്‍ത്തുകയാണോ? ഒട്ടനവധി ചോദ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ വിദേശനയം സ്വയം നിര്‍ണായവകാശത്തിന്റേയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും മൗലികാടിത്തറയില്‍ തീര്‍ത്ത എടുപ്പുകളായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രഥമ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഈ വിഷയത്തില്‍ നടത്തിയ ഒരു പ്രസ്താവനയുണ്ട്. എല്ലാകാലത്തേയ്ക്കും കരുതിവെയ്ക്കാവുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. അതിങ്ങനെ പോകുന്നു:

എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍?

സ്വതന്ത്രമായ വിദേശനയമുള്ള രാജ്യം എന്ന അര്‍ത്ഥമാണതിന്.

സ്വതന്ത്രമായ വിദേശനയമെന്ന് പറഞ്ഞാല്‍ എന്താണ്?

സ്വതന്ത്രമായ സാമ്പത്തിക നയമുള്ള ഒരു രാജ്യം എന്ന അര്‍ത്ഥമാണതിന്.

സ്വാതന്ത്ര്യത്തെ വിദേശനയവുമായും വിദേശനയത്തെ രാജ്യത്തിന്റെ സ്വതന്ത്രമായ സാമ്പത്തിക നയവുമായും വ്യാഖ്യാനിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ന് നമ്മുടെ ഭരണകൂടത്തിനുണ്ടോ?

നെഹ്‌റുവിന്റെ ഈ പ്രസ്താവന, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. സ്വാതന്ത്ര്യത്തെ വിദേശനയവുമായും വിദേശനയത്തെ രാജ്യത്തിന്റെ സ്വതന്ത്രമായ സാമ്പത്തിക നയവുമായും വ്യാഖ്യാനിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ന് നമ്മുടെ ഭരണകൂടത്തിനുണ്ടോ? ഭരണകൂടം എന്ന് ഇവിടെ ഉദ്ദേശിച്ചത്, കേവലം അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു സര്‍ക്കാരിനെ മാത്രം ഉദ്ദേശിച്ചല്ല. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തെ സാമ്പത്തിക നയവും, മാറിവന്ന സര്‍ക്കാരുകളുടെ 'ചങ്ങാത്ത' തന്ത്രങ്ങളും നെഹ്‌റുവിയന്‍ കാഴ്ചപ്പാടിന്റെ പ്രസക്തിയും പ്രാധാന്യവും ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ചോര്‍ത്തിക്കളഞ്ഞു എന്ന് പറയാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ബിജെപിയും മറ്റു വലതു രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ പങ്കിടുന്ന ഒരു മേഖല കൂടിയാണ് വൈരുധ്യങ്ങളും വ്യാജോക്തികളും നിറഞ്ഞ വികസന/വിദേശനയ രംഗം.

നെഹ്റു
നെഹ്റു

യഥാര്‍ത്ഥ 'സ്വാശ്രയ' വാദികള്‍ ആരെന്ന ചോദ്യത്തിന് കപടയുക്തികള്‍ നിരത്തി കൊണ്ടാടുകയാണ് മാറി വന്ന വലതു സര്‍ക്കാരുകളും വലതു രാഷ്ട്രീയ കക്ഷികളും. മഹാത്മാഗാന്ധി സ്വപ്നം കണ്ടിരുന്ന 'സ്വരാജ്' എന്ന സങ്കല്‍പ്പത്തിന് നവലിബറല്‍ കാലത്തു മറ്റൊരു അര്‍ത്ഥവും വ്യാഖ്യാനവും കല്‍പ്പിച്ചുകൊടുത്ത് ഏറ്റെടുത്തിരിക്കുകയാണ് ഭരണകൂടം. സ്വാതന്ത്ര്യം, സ്വരാജ് തുടങ്ങിയ ആശയങ്ങളുടെ ദാര്‍ശനിക യുക്തിയും, പ്രത്യയശാസ്ത്ര ധര്‍മവും ഏതാണ്ട് പൂര്‍ണമായിത്തന്നെ റദ്ദുചെയ്യപ്പെട്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ഏതാണ്ട് മിക്ക വിദേശകാര്യ വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പങ്കിടുന്ന ചില ചോദ്യങ്ങളുണ്ട്. ബദലുകള്‍ ഇല്ലാത്ത ലോക സാഹചര്യങ്ങളില്‍ ഇന്ത്യക്ക് മറ്റെന്ത് ചെയ്യാനാകും? വ്യാപാരത്തിന് പകരം വെയ്ക്കാന്‍ മറ്റെന്തുണ്ട്? രാജ്യങ്ങള്‍ അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കല്ലേ അപ്പോള്‍ മുന്‍ഗണന കൊടുക്കേണ്ടത്?

ലളിതയുക്തിയില്‍ പൊതിഞ്ഞ ഇത്തരം ചോദ്യങ്ങള്‍ക്ക് ശക്തമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയുണ്ട്. ലിബറല്‍ കാഴ്ചപ്പാടില്‍ നിന്നും നവലിബറല്‍ 'പൊതുബോധ' ത്തിലേക്ക് എത്തുമ്പോള്‍ ഈ പ്രത്യയശാസ്ത്ര പ്രവര്‍ത്തനം 'സൗമ്യ'മായി നടന്നു കൊണ്ടിരിക്കുന്നു. 'പൊതുബോധം' എന്നതുകൊണ്ട് എല്ലാവരും 'മനസിലാക്കി അംഗീകരിക്കുന്നു' എന്ന് അര്‍ത്ഥമില്ല. ജനങ്ങള്‍ ഒന്നും മനസിലാക്കാതെ അംഗീകരിക്കുന്നതാണ് ഭരണകൂടങ്ങളുടെ ഇന്നത്തെ ആവശ്യം, ഇഷ്ടം. ചുരുക്കത്തില്‍, വിദേശകാര്യ വിഷയങ്ങളില്‍ (വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം ഉള്‍പ്പെടെ) രാഷ്ട്രീയ സമവായം തീര്‍ക്കാന്‍ മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് മുഴങ്ങിക്കേട്ട പല മുദ്രാവാക്യങ്ങളും എന്നന്നേക്കുമായി മാഞ്ഞുപോയി.

സാമ്രാജ്യത്വ 'വിരുദ്ധത'യില്‍ നിന്നും വിധേയത്വ'ത്തിലേയ്‌ക്കോ?

ലിബറല്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന നെഹ്റു സാമ്രാജ്യത്വ വിരുദ്ധ വിദേശനയം മുന്നോട്ടുവെച്ചത് രാജ്യത്തിന്റെ കേവല 'പേരിനും' 'പെരുമയ്ക്കും' വേണ്ടി മാത്രമായിരുന്നില്ല. പിന്നീട് ചേരിചേരാ നയത്തിലും പ്രസ്ഥാനത്തിലും കൂടി ആവിഷ്‌കരിക്കപ്പെട്ട ഈ നയം ഒരു സാര്‍വദേശീയ ലക്ഷ്യസാക്ഷാത്ക്കാരത്തിനു കൂടിയായിരുന്നു. അക്കാലത്ത് 'മൂന്നാം ലോകം' എന്നറിയപ്പെട്ടിരുന്ന വികസ്വര, അവികസിത രാജ്യങ്ങളുടെ രക്ഷാകര്‍തൃത്വം കൂടി ഇന്ത്യക്ക് ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

രണ്ടാം ലോകയുദ്ധാനന്തരം പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളില്‍, ഇന്ത്യ പലകാരണങ്ങള്‍ കൊണ്ടും വേറിട്ടുനിന്നു. ശക്തമായ ജനകീയ അടിത്തറ ഉണ്ടായിരുന്ന ഒരു ദേശീയ പ്രസ്ഥാനവും, വ്യത്യസ്തവും എന്നാല്‍ രാഷ്ട്രീയ ധാര്‍മികതയില്‍ ഒരുപോലെ അടിയുറച്ചു വിശ്വസിച്ചിരുന്ന നേതാക്കളും അണികളും ചേര്‍ന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരധാര, മറ്റു പല രാജ്യങ്ങള്‍ക്കും മാതൃകയായിരുന്നു. ജനാധിപത്യ-സോഷ്യലിസ്റ്റ്-ലിബറല്‍ ആശയങ്ങള്‍ സമന്വയിച്ച ഒരിടമായിരുന്നു അത്.

ഏഷ്യന്‍ കൂട്ടായ്മയില്‍ നിന്നും ആഫ്രോ-ഏഷ്യന്‍ രാജ്യാന്തര ബന്ധങ്ങളിലേയ്ക്ക്

സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞിരുന്ന അനേകം ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ ജനതകള്‍ക്കു ഇന്ത്യ വലിയൊരു പ്രചോദനമായിരുന്നു. സ്വാതന്ത്ര്യസമരകാലത്തു തന്നെ ഏതാണ്ട് നാനൂറോളം അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളുമായി കോണ്‍ഗ്രസ് സാര്‍വദേശീയ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സ് ഈ ചരിത്രപരമായ ബന്ധങ്ങളുടെ വഴികളിലെ നാഴികക്കല്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ ചരിത്ര സമ്മേളനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം നമ്മള്‍ മറന്നുപോയി.

'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍' എന്ന വിഷയത്തിനായിരുന്നു സമ്മേളനത്തില്‍ പ്രഥമ പരിഗണന ലഭിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്സ് നെഹ്റുവിന്റെയും, സരോജിനി നായിഡുവിന്റെയും നേതൃത്വത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഓരോ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സ്ത്രീ പ്രതിനിധികള്‍ കൂടി ഉണ്ടാവണമെന്ന് നെഹ്റു നിഷ്‌കര്‍ഷിച്ചത് സമ്മേളനത്തെ രാജ്യാന്തര തലത്തില്‍ വ്യത്യസ്തമാക്കി.

'നിങ്ങള്‍ ഏഷ്യന്‍ സന്ദേശം മനസിലാക്കുക.

അത് പാശ്ചാത്യ കണ്ണടകളിലൂടെ ആവരുത്,

അണുബോംബിനെ അനുകരിച്ചുമല്ല.

സത്യത്തിന്റെ സന്ദേശമാണ് നല്‍കേണ്ടതെങ്കില്‍,

വെറുതെ നിങ്ങള്‍ ശിരസ്സിലൂടെ കടത്തിവിട്ടുകൊണ്ടല്ല,

മറിച്ച്, ഹൃദയത്തെ കീഴടക്കികൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്.'

ഗാന്ധിജിയുടെ പ്രസംഗത്തിലെ ഒരു പ്രധാന സന്ദേശം ഇതായിരുന്നു. മഹാത്മജി ഏഷ്യന്‍ സമൂഹത്തോടാണ് അഭ്യര്‍ഥിച്ചതെങ്കിലും ലോകത്തോടുള്ള സത്യപ്രഖ്യാപനമായിരുന്നു അത്. സ്വന്തം കണ്ണടയിലൂടെ ലോകത്തെ കാണാനും വ്യത്യസ്തതകളുമായി സംവദിക്കാനുമുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണമെന്ന് ഗാന്ധിജിയും പിന്നീട് നെഹ്‌റുവും അടിവരയിട്ടു പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധതയില്‍ ഊന്നിയ വിദേശനയ നിര്‍മിതി സാധ്യമാകുന്നത് അങ്ങനെയാണ്. ഈ ചരിത്രപരമായ സാഹചര്യങ്ങളില്‍ നിന്നാണ് സ്വതന്ത്രമായ വിദേശനയം ഇന്ത്യ രൂപപ്പെടുത്തിയത്. ചേരിചേരാനയത്തിന്റെ ഉള്ളടക്കം ആവിഷ്‌കൃതമാകുന്നത് അങ്ങനെയാണ്.

ചേരിചേരാ നയത്തിന്റെ നാള്‍വഴികള്‍

1955-ല്‍ ബന്ദൂങ്ങില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ സമ്മേളനം ഇതിന്റെ തുടര്‍ച്ചയായിരുന്നു. മൂന്നാം ലോക കൂട്ടായ്മയുടെ ആദ്യചുവടുവെയപ്പുകള്‍ ഇതിലൂടെയാണ് ഉരുത്തിരിഞ്ഞത്. ഇതിന് നേതൃത്വം കൊടുത്തത് നെഹ്‌റുവും പിന്നീട് ചേരിചേരാ പ്രസ്ഥാനത്തിന് തുടക്കമിടുന്ന മുന്‍നിര നേതാക്കളായ ഈജിപ്തിലെ നാസറും, യുഗോസ്ലോവിയയിലെ മാര്‍ഷല്‍ ടിറ്റോയും, ഇന്തോനേഷ്യയുടെ സുകാര്‍ണോയും ഘാനയുടെ ക്വമെ എന്‍ക്രുമയും എല്ലാമായിരുന്നു. 1961-ല്‍ ബെല്‍ഗ്രേഡില്‍ തുടക്കമിട്ട ചേരിചേരാ പ്രസ്ഥാനം കഴിഞ്ഞ വര്‍ഷം 60 തികച്ചു. ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ ഇതെല്ലം സൗകര്യപൂര്‍വം മറന്നു. കോവിഡ് മഹാമാരിയുടെ 'മറവില്‍' ഇതെല്ലം 'സൗകര്യ'ങ്ങള്‍ കൂടിയായി പല രാജ്യങ്ങള്‍ക്കും.

ധാരാളം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മൂന്നാം ലോകത്തിന്റെ ശക്തിയും ശബ്ദവും ലോകം കേട്ടത് ചേരിചേരാ പ്രസ്ഥാനത്തിലൂടെയാണ്. പ്രസ്ഥാനം ജന്മമെടുത്ത് മൂന്നുവര്‍ഷം കഴിയുമ്പോഴേക്കും നെഹ്റു വിടവാങ്ങി. രണ്ടാമത്തെ ചേരിചേരാ സമ്മേളനത്തില്‍ (1964) പങ്കെടുക്കാന്‍ അദ്ദേഹമില്ലായിരുന്നു. പ്രസ്ഥാനത്തിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യ ചേരിചേരാ സമ്മേളനത്തിന് ആതിഥ്യം വഹിച്ചിട്ടുള്ളൂ. 1983-ല്‍ ഏഴാമത്തെ ഉന്നതതലത്തിന് ഡല്‍ഹി വേദിയൊരുക്കി. എന്നാല്‍ പ്രസ്ഥാനത്തിന്റെ അധ്യക്ഷയായ ഇന്ദിരാ ഗാന്ധി അടുത്തവര്‍ഷം കൊല്ലപ്പെടുകയായിരുന്നു. പിന്നാലെ വന്ന രാജീവ് ഗാന്ധി ചേരിചേരാ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും, മാറിവന്ന ലോക സാഹചര്യങ്ങള്‍ പുതിയ വെല്ലുവികള്‍ ഉയര്‍ത്തി.

ശാക്തിക ചേരികള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട 'ശീതയുദ്ധാനന്തര' കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന് ഏറെ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ജക്കാര്‍ത്തയില്‍ (1992) നിന്നും അസര്‍ബൈജാനിലെത്തുമ്പോഴേക്കും (2019), ഒന്‍പത് ഉന്നതതലങ്ങള്‍ നടന്നെങ്കിലും ശീതയുദ്ധകാലത്ത് ഉയര്‍ത്തിയ ആശയങ്ങളോ പരിപാടികളോ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതില്‍ പ്രധാനം ഒരു പുതിയ ലോക സാമ്പത്തിക ക്രമത്തിനും (A New International Economic Order) ഒരു പുതിയ വാര്‍ത്താവിനിമയ ലോകത്തിനും (A New International Information Order) വേണ്ടിയുള്ള ചുവടുവെയ്പ്പുകളും പരിപാടികളുമായിരുന്നു. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ നീതിപൂര്‍വമായ വ്യാപാരവും, നിക്ഷേപവും, സാങ്കേതിക വിദ്യാ കൈമാറ്റവും നടക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ ബദല്‍ സംവിധാനങ്ങള്‍ക്കും സാമ്പത്തിക ക്രമത്തിലെ ജനാധിപത്യവത്ക്കരണത്തിനും വേണ്ടി വാദിച്ചത്.

ഐക്യരാഷ്ട്ര സഭയിലും അണ്‍ക്ടാഡിലും (UNCTAD) കൂടി ഇതിനു വേണ്ടിയുള്ള ശബ്ദങ്ങള്‍ക്ക് തുടക്കമിട്ടതും നേതൃത്വം കൊടുത്തതും ഇന്ത്യയായിരുന്നു. ആഭ്യന്തര രംഗത്ത് ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും മൂന്നാം ലോകത്തിനു വേണ്ടി ഇന്ദിരാഗാന്ധി മുന്‍ നിരയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. സാമ്രാജ്യത്വത്തിനും ആഗോള മൂലധന ശക്തികള്‍ക്കും വഴങ്ങാതെ സ്വതന്ത്രമായ സാമ്പത്തിക നയങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചാരണങ്ങളും പരിപാടികളുമായി ഇന്ത്യ മുന്നോട്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ വികസ്വര മുതലാളിത്ത രാജ്യമായ ഇന്ത്യക്ക് ആഗോള മുതലാളിത്ത സംവിധാനങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ആകുമായിരുന്നില്ല, ആ കാലഘട്ടത്തില്‍. എണ്‍പതുകള്‍ എത്തുമ്പോള്‍ ഇന്ത്യ ഉള്‍പ്പടെ മിക്കവാറും മൂന്നാം ലോക രാജ്യങ്ങള്‍ ആഭ്യന്തര പ്രതിസന്ധികളില്‍പെട്ട് വട്ടം തിരിയുന്നത് കാണാം.

മുതലാളിത്വത്തെ ധനകാര്യങ്ങളില്‍ താങ്ങി നിര്‍ത്തുന്ന ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ ഈ രാജ്യങ്ങളെ കടക്കെണിയില്‍ പെടുത്തുന്നതും, വീണ്ടും അവരെ വായ്പ്പ കൊടുത്ത്'രക്ഷിക്കാന്‍ തയ്യാറാകുന്നതും ലോകം കണ്ടതാണ്. 1989-1991 കാലത്തെ ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിയും അതിനെ മറികടക്കാനായി സ്വീകരിച്ച സാമ്പത്തിക തന്ത്രങ്ങളും ആത്യന്തികമായി രാജ്യത്തെ പുതിയ പ്രശ്‌നനങ്ങളിലേക്ക് നയിച്ചു. ആഗോള തലത്തില്‍ തന്നെ, സോവിയറ്റ് ചേരിയുടെ തകര്‍ച്ചയോടെ, സാമ്പത്തിക ഉദാരീകരണവും ആഗോളീകരണവും ആഘോഷിക്കപ്പെടേണ്ട കാര്യങ്ങളാണെന്ന് ജനങ്ങളെ 'ബോധ്യപ്പെടുത്തി'കൊണ്ടിരുന്നു.

മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ്

യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാതിരുന്ന മന്‍മോഹന്‍ സിങ് അങ്ങനെ രാഷ്ട്രീയമായി വാഴ്ത്തപ്പെട്ട നേതാവായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോള മുതലാളിത്ത സമ്പദ് വ്യവസ്ഥയുമായി വിളക്കിച്ചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ട സാമ്പത്തിക രസതന്ത്രജ്ഞന്‍ ആയിരുന്നു അദ്ദേഹം. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് ഇത്തരം വ്യക്തികളുടെ പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ആരംഭിച്ചു. വിദേശരംഗത്ത് സാമ്രാജ്യത്വ ശക്തികളുമായി കൂട്ടുകെട്ടുകളും തന്ത്രപ്രധാനമായ ഉടമ്പടികളും ഉണ്ടാക്കാന്‍ തുടങ്ങിയതോടെ 'സ്വതന്ത്ര'മായ അഭിപ്രായങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ സ്വയം വിലക്കേര്‍പ്പെടുത്തി. അങ്ങനെ 'ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന' ഇന്ത്യ തന്നെ നിശ്ശബ്ദതയിലേക്കും തന്ത്രപരമായ 'അജ്ഞത'യിലേക്കും നീങ്ങി. ഇക്കാലമത്രയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരുന്ന ബിജെപി അധികാരത്തിലേക്ക് ചുവടുവെച്ചു തുടങ്ങിയപ്പോള്‍ 'തികച്ചും ദേശീയ'മായ അത്ഭുതങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസ് തുടങ്ങിവെച്ച നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ 'ഊര്‍ജസ്വലത'യോടുകൂടി അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സമകാലിക യാഥാര്‍ഥ്യമാണ്.

വഴിപിരിയലിന്റെ അര്‍ത്ഥശാസ്ത്രം

1980-കള്‍ക്കുശേഷം ആഗോളപ്രശ്‌നങ്ങളോടും വിവിധരാജ്യങ്ങളോടുമുള്ള ഇന്ത്യയുടെ വിദേശനയ സമീപനത്തിലും ബന്ധങ്ങളിലുമുണ്ടായ ഗതിമാറ്റം പ്രകടമായി ബോധ്യപ്പെടുന്നത് മോദി അധികാരത്തില്‍ വരുന്നതോടെയാണ്. പുതിയ ആഗോളക്രമത്തില്‍ ഇന്ത്യക്ക് തങ്ങളുടെ താല്‍പ്പര്യവും ഒപ്പം വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള സുസ്ഥിര രാഷ്ട്രീയ പരമാധികാരം പ്രകടമായും നഷ്ടപ്പെട്ടു. ആഗോള ധനകാര്യസ്ഥാപനങ്ങളെ പിന്‍പറ്റി മുന്നോട്ടുപോകുന്ന ഒരു നവലിബറല്‍ ആഗോള ക്രമത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം വികസ്വര രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ഉരുണ്ടുകൂടുന്നത് വളരെ നിര്‍ണായകമാണ്.

സമ്പദ്ഘടനയെ ഉദാരവത്ക്കരിക്കുന്ന നടപടികള്‍ മന്‍മോഹന്‍ സിങ് തുടങ്ങിവെച്ചത് ബിജെപി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോയത് ഇന്ത്യയുടെ വിദേശയത്തില്‍ പ്രകടമായി പ്രതിഫലിച്ചു. ഇത് ഇന്ത്യയിലെ കുത്തക വ്യവസായികളെ ശക്തരാക്കിയപ്പോള്‍, വിദേശമൂലധനത്തിന്, പ്രത്യേകിച്ചും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മേധാവിത്വം ഉറപ്പിക്കാന്‍ കാരണമായി. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ച ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുക എന്നത് ഈ പ്രക്രിയയുടെ അനിവാര്യ ഘടകമായി. വിദേശ സാങ്കേതികവിദ്യ ലഭ്യമാകുമെന്നും ഇവിടുത്തെ വ്യവസായികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ഉന്നതനിലവാരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിദേശകമ്പോളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്നുമാണ് നയംമാറ്റത്തിനനുകൂലമായ ന്യായീകരണമായി ഭരണകൂടം അവതരിപ്പിച്ചത്. ലോകവ്യാപാര സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍, കൃഷി, വ്യവസായം എന്നിങ്ങനെ രംഗങ്ങളില്‍ നയപരമായ മാറ്റങ്ങള്‍ അനിവാര്യമാക്കി.

ഇപ്പോഴത്തെ കണക്കനുസരിച്ച്, മൂന്ന് ദശകത്തെ ഉദാരവത്ക്കരണത്തിനുശേഷം, ലോകവ്യാപാരത്തിലെ ഇന്ത്യയുടെ പങ്ക് മൊത്തം വ്യാപാരത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയായി നില്‍ക്കുന്നു.

നവലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിതുടങ്ങിയ ഘട്ടത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ സവിശേഷമായ ഒരു പങ്ക് വഹിക്കാന്‍ തുടങ്ങിയിരുന്നു. സാങ്കേതിക മികവ്, മനുഷ്യവിഭവശേഷി, ഗവേഷണ സാമര്‍ത്ഥ്യം എല്ലാത്തിനും പുറമെ വളര്‍ന്നുവരുന്ന കമ്പോളം, ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ത്യയെ ലോകം വിലയിരുത്തുന്നതെന്ന് പലരും വാദിച്ചു. സ്ഥൂല സാമ്പത്തിക പ്രകടനത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റുരംഗങ്ങളിലുണ്ടായ വളര്‍ച്ച സാമൂഹിക സേവനരംഗങ്ങളില്‍ ഉണ്ടായില്ല. അതിനുപുറമെ മാനവിക വികസന സൂചികയിലും ലോക ദാരിദ്ര്യ സൂചികയിലും ഇന്ത്യയുടെ സ്ഥാനം വളരെ താഴെയായി. സമ്പദ്ഘടന ഉദാരവത്ക്കരിച്ചും, സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടും കഴിയാവുന്നതെല്ലാം ചെയ്തിട്ടും ലോകവ്യാപാരത്തിലെ ഇന്ത്യയുടെ പങ്ക് വര്‍ധിച്ചില്ല എന്നതാണ് സുപ്രധാനമായ സംഗതി. ഇപ്പോഴത്തെ കണക്കനുസരിച്ച്, മൂന്ന് ദശകത്തെ ഉദാരവത്ക്കരണത്തിനുശേഷം, ലോകവ്യാപാരത്തിലെ ഇന്ത്യയുടെ പങ്ക് മൊത്തം വ്യാപാരത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയായി നില്‍ക്കുന്നു.

ഇന്ത്യയുടെ വിദേശനയത്തിലെ വ്യതിയാനം പ്രകടമാവുന്നത്, വികസ്വര രാജ്യങ്ങളെ പാടെ കൈയ്യൊഴിയുകയും സാമ്രാജ്യത്വശക്തികളോട് കൂടൂതല്‍ അടുക്കുന്നതിലൂടെയുമാണ്. ചേരിചേരാനയം ഇന്ന് സാര്‍വ്വദേശീയ രാഷ്ട്രീയത്തില്‍ വികസ്വര രാജ്യങ്ങളുടെ ഐക്യവേദി എന്നതിനുപകരം ഒരു അനുഷ്ഠാനവും വിദേശനയത്തിലെ പുറംമോടിയും മാത്രമായി. സാമ്രാജ്യത്വ ശക്തികളുമായി ഇന്ത്യ ഏര്‍പ്പെട്ട അനേകം കരാറുകളും സംയുക്ത സംരംഭങ്ങളും വിദേശനയത്തിലെ മൗലികത അര്‍ത്ഥശൂന്യമാക്കി കളഞ്ഞു.

ഉയര്‍ന്നുവരുന്ന ലോക ഊര്‍ജ്ജ, സുരക്ഷാ രംഗങ്ങളിലെ പുതിയ സാധ്യതകളാണ് ഇന്ത്യയുടെ ആഗോള ഇടപാടുകളുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിനായി റഷ്യയുമായുള്ള ചങ്ങാത്തം നിലനിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നത് സ്വാഭാവികം. യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ആ അര്‍ത്ഥത്തില്‍ തന്ത്രപരവും സ്വാര്‍ത്ഥപരവുമാണ്. അമേരിക്കയെ പിണക്കാനും കഴിയില്ല, റഷ്യയെ പിരിയാനും കഴിയില്ല എന്ന സാഹചര്യത്തെ ഇന്ത്യ തന്ത്രപരമായി മറികടക്കുന്നത് നിശബ്ദ നയതന്ത്രം പ്രയോഗിച്ചിട്ടാണ്. പ്രത്യക്ഷത്തില്‍ പാശ്ചാത്യ ശക്തികളുമായി വിലപേശാതെ റഷ്യയെ ചേര്‍ത്തുനിര്‍ത്തി കളിക്കളത്തില്‍ നീക്കങ്ങള്‍ നടത്തുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാര്‍ഗം.

ചുരുക്കത്തില്‍, ഇന്ത്യയുടെ വിദേശനയം സാമ്രാജ്യത്വ ശക്തികളുടെ സമ്മര്‍ദ്ദങ്ങളുടേയും ആജ്ഞകളുടേയും പശ്ചാത്തലത്തില്‍ എഴുതപ്പെടുന്ന തിരക്കഥയാണ്. ഇന്ത്യയുടെ സ്വയംഭരണാവകാശം, പരാമാധികാരം, സ്വതന്ത്ര നയരൂപീകരണം എന്നിവയെ സംബന്ധിച്ച് അനവധി ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം അധികാരത്തില്‍വന്നിട്ടുള്ള എല്ലാ സര്‍ക്കാരുകളും സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍, ആഗോളവത്ക്കരണം, സാമ്രജ്യത്വ ശക്തികളുമായുള്ള പങ്കാളിത്തം എന്നീ കാര്യത്തില്‍ സമവായത്തിലെത്തിയിരുന്നതായി കാണാം. സ്വയംഭരണം, സമത്വം, സാമൂഹികനീതി എന്നിവയൊന്നും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഗൗരവമായി പരിഗണിച്ചിട്ടില്ല.

നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന ഇന്ത്യക്ക് അമേരിക്കയെപ്പോലുള്ള സാമ്രാജ്യത്വശക്തികളുടെ സമ്മര്‍ദ്ദത്തില്‍നിന്നും അത്രയൊന്നും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയില്ല. മഹാമാരിയും ആഗോളസാമ്പത്തിക മാന്ദ്യവും കടബാധ്യതകളം സാമ്ര്യാജ്യത്വ ശക്തികളെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ തല്‍ക്കാലം അതില്‍നിന്നും രക്ഷപ്പെട്ടിരിക്കുന്നു എന്ന ധ്വനിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം നല്‍കുന്നത്. എന്നാല്‍ രാജ്യാന്തര, സാമ്പത്തിക രംഗത്തെ ഊരാക്കുടുക്കില്‍നിന്നും ലോകത്തിലെ ഒരു രാജ്യത്തിനും അത്രയൊന്നും എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് കരുതേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ ഇതിന്റെ ഭാരം ഇന്ത്യയും പേറേണ്ടിവരും. പശ്ചിമേഷ്യയിലേക്കും ദക്ഷിണ പൂര്‍വ്വേഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപാരത്തിനും കയറ്റുമതിക്കുമായി ഉറ്റുനോക്കുന്ന ഇന്ത്യക്ക്, ഉയര്‍ന്നു വരുന്ന ആഗോള സാഹചര്യം അത്ര ശുഭകരമായ സൂചനയല്ല നല്‍കുന്നത്.

ജനങ്ങളുടെ സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തി ദേശീയ താല്‍പ്പര്യങ്ങളുടെ വിശാലപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശരിയായ ദിശയില്‍ ഇന്ത്യക്ക് നിലപാടെടുക്കാന്‍ കഴിയുമോ എന്നുള്ളതാണ് ഇന്നത്തെ കാതലായ ചോദ്യം. ആര്‍ക്ടിക് നയവും, അന്റാര്‍ട്ടിക്ക നിയമവും കൊണ്ടൊന്നും ആഗോളപരിസരത്തെ വെല്ലുവിളികളെ ഇന്ത്യക്ക് എളുപ്പത്തില്‍ നേരിടാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.

logo
The Fourth
www.thefourthnews.in