അഞ്ചുതവണ കേരളത്തെ തൊട്ടറിഞ്ഞ ഗാന്ധിജി

അഞ്ചുതവണ കേരളത്തെ തൊട്ടറിഞ്ഞ ഗാന്ധിജി

കേരള ജനതയില്‍ ദേശീയതയും ഐക്യബോധവും പകര്‍ന്ന ഗാന്ധിജിയുടെ അഞ്ച് സന്ദര്‍ശനങ്ങള്‍
Updated on
3 min read

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഗാന്ധിജിയോളം സ്വാധീനം ചെലുത്തിയവരാരുമില്ല. ഇന്ത്യയൊട്ടാകെ സന്ദര്‍ശിച്ച് സ്വാതന്ത്ര്യമെന്ന ആശയവും ആവേശവും ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ജനകീയ നേതാവ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി അഞ്ചുതവണയാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ നീണ്ടുകിടക്കുന്ന മലയാളക്കരയെ തൊട്ടറിഞ്ഞു അദ്ദേഹം.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണം, വൈക്കം സത്യഗ്രഹത്തിലെ സാന്നിധ്യം, അയിത്തോച്ചാടന ആഹ്വാനങ്ങള്‍, ശ്രീനാരായണഗുരുവും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ചകള്‍...അങ്ങിനെ നീളുന്നു ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിലെ പ്രധാന നാഴികക്കല്ലുകള്‍. ദേശീയബോധം കേരളജനതയ്ക്ക് പകര്‍ന്നു നല്‍കിയതിലും ഐക്യകേരളമെന്ന ലക്ഷ്യപ്രാപ്തിക്കായി കേരളജനതയെ പ്രോത്സാഹിപ്പിച്ചതിലും ഗാന്ധിയുടെ പങ്ക് ചെറുതല്ല.

ഖിലാഫത്ത് പ്രചാരണത്തിനിടെ ഗാന്ധിജി
ഖിലാഫത്ത് പ്രചാരണത്തിനിടെ ഗാന്ധിജി

ആദ്യ സന്ദര്‍ശനം - 1920 ഓഗസ്റ്റ് 18

ഒരൊറ്റ ദിവസം മാത്രം നീണ്ടുനിന്നതാണ് ഗാന്ധിജിയുടെ കേരളത്തിലെ ആദ്യ സന്ദര്‍ശനം . ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥമായിരുന്നു ഇത്. ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന മലബാറിലെ കോഴിക്കോട് 1920 ഓഗസ്റ്റ് 18ന് ഉച്ചയോടെ ഗാന്ധിജി ട്രെയിനിറങ്ങി. മൗലാന ഷൗക്കത്തലിയാണ് ഖിലാഫത്ത് നേതാക്കളുടെ പ്രതിനിധിയായി അദ്ദേഹത്തെ അനുഗമിച്ചത്. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും മലബാറിലെ ജനതയെ അഭിസംബോധന ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനം, സ്വദേശി പ്രസ്ഥാനം, വിദേശ വസ്തുക്കളുടെ ബഹിഷ്‌കരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചായിരുന്നു കോഴിക്കോട് ഒത്തുകൂടിയ ജനസാഗരത്തോട് ഗാന്ധിജി സംസാരിച്ചത്.

കെ മാധവന്‍ നായരായിരുന്നു ഗാന്ധിജിയുടെ കോഴിക്കോട്ടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്. ഖിലാഫത്ത് ഫണ്ടിലേക്കായി കേരളത്തില്‍ നിന്ന് പിരിച്ചെടുത്ത 2500 രൂപ ഗാന്ധിജിക്ക് കൈമാറി. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 19ന് ഗാന്ധിജി മംഗലാപുരം വഴി മടങ്ങി.

ഈ സന്ദര്‍ശനത്തിന് ശേഷം കേരളത്തില്‍ 1921ലുണ്ടായ മലബാര്‍ കലാപത്തിന്‌റെ ഉത്തരവാദിത്തം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഗാന്ധിജിക്കുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. അതോടെ മലബാറില്‍ സമാധാനം സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ ഗാന്ധിജി കോഴിക്കോട്ടേക്ക് വരാന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ തടയുകയായിരുന്നു.

രണ്ടാം സന്ദര്‍ശനം 1925 മാര്‍ച്ച് 8- 19

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ സന്ദര്‍ശനം. മാര്‍ച്ച് എട്ടിന് അദ്ദേഹം കൊച്ചിയിലെത്തി. അന്നും പിറ്റേദിവസവും വിവിധ സ്വീകരണ ചടങ്ങുകളുടെ ഭാഗമായി കൊച്ചിയില്‍ ചിലവിട്ടു. മാര്‍ച്ച് 10ന് ബോട്ട് മാര്‍ഗമാണ് വൈക്കത്തെ സത്യഗ്രഹ വേദിയിലേക്ക് അദ്ദേഹം ത്തിച്ചേര്‍ന്നത്. ഗാന്ധിജി ആഹ്വാനം ചെയ്ത അയിത്തോച്ചാടന മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കം സത്യഗ്രഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സമരക്കാരെ അഭിസംബോധന ചെയ്ത് ഗാന്ധിജി സംസാരിച്ചു. കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ ഉത്തേജിപ്പിച്ച പ്രസംഗമായിരുന്നു അത്. പിന്നീട് മാര്‍ച്ച് 11ന് ആലപ്പുഴയിലും 12ന് കൊല്ലത്തും സന്ദര്‍ശനം .

നാഴികക്കല്ലായി രേഖപ്പെടുത്തുന്ന ഗാന്ധി - ശ്രീനാരായണ ഗുരു കൂടിക്കാഴ്ച ഈ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു. വര്‍ക്കലയിലെത്തിയ ഗാന്ധിജിയുമായി തൊട്ടുകൂടായ്മ, അയിത്തം തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘമായ സംഭാഷണം ശ്രീനാരായണ ഗുരു നടത്തി. ശ്രീനാരായണ ഗുരുവിനെ കാണാനായത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവിതാംകൂറിലെ രാജകുടുംബാംഗങ്ങളേയും നാട്ടുരാജ്യത്തിന് കീഴിലെ പ്രദേശങ്ങളും സന്ദര്‍ശിച്ചു. തിരികെ പോകും വഴി വീണ്ടും വൈക്കത്ത് എത്തി സത്യഗ്രഹികളെ കണ്ട് ഒരിക്കല്‍കൂടി പിന്തുണ അറിയിച്ചു. ആലുവ അദ്വൈതാശ്രമവും അദ്ദേഹം സന്ദര്‍ശിച്ചു. മാര്‍ച്ച് 18ന് തൃശൂരിലെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത ശേഷം 19ന് പാലക്കാട് നിന്ന് റെയില്‍വെ തൊഴിലാളികളെ കൂടി അഭിസംബോധന ചെയ്താണ് ഗാന്ധിജി മടങ്ങിയത്.

മൂന്നാം സന്ദര്‍ശനം 1927 ഒക്ടോബര്‍ 9 മുതല്‍ 25 വരെ

തെക്കേ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു ഗാന്ധിജിയുടെ കേരളത്തിലേക്കുള്ള മൂന്നാമത്തെ വരവ്. 1927
ഒക്ടോബര്‍ ഒന്‍പതിന് നാഗര്‍കോവില്‍ വഴിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഒക്ടോബര്‍ ഒന്‍പതിന് തിരുവിതാംകൂര്‍ രാജാക്കന്മാരുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തി. തിരുവിതാംകൂറിലെ അയിത്തോച്ചാനമായിരുന്നു ചര്‍ച്ചാവിഷയം. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷം കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു. കോയമ്പത്തൂരില്‍ നിന്ന് തിരികെയെത്തി കോഴിക്കോടും കണ്ണൂരും ജനങ്ങളെ അഭിസംബോധന ചെയ്താണ് ഗാന്ധിജി മടങ്ങിയത്.

ഗാന്ധിജി കേരളാ സന്ദര്‍ശനത്തിനിടെ
ഗാന്ധിജി കേരളാ സന്ദര്‍ശനത്തിനിടെ

നാലാം സന്ദര്‍ശനം 1934 ജനുവരി 10 മുതല്‍ 22 വരെ

13 ദിവസം നീണ്ടു നിന്ന സന്ദര്‍ശനമാണ് നാലാമത്തേത്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണമായിരുന്നു നാലാം സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഈ സന്ദര്‍ശനത്തിനിടെ 1934 ജനുവരി 14ന് വടകരയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് കൗമുദി എന്ന പെണ്‍കുട്ടി താന്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ അഴിച്ച് ഫണ്ടിലേക്ക് സംഭാവന ചെയ്തത് ഏറെ പ്രശസ്തമാണ്. സന്തോഷവും അഭിമാനവും കൊണ്ട് ഗാന്ധിജിയുടെ കണ്ണുകള്‍ നിറഞ്ഞ നിമിഷം. ഈ സന്ദര്‍ശനത്തില്‍ സാമൂതിരിയുമായി
അയിത്തോച്ചാടനവും പിന്നോക്ക ജാതിക്കാരുടെ ക്ഷേത്ര പ്രവേശനവും ഗാന്ധിജി ചര്‍ച്ച ചെയ്തു. അത്തവണയും ശിവഗിരി ആശ്രമം സന്ദര്‍ശിച്ചു.

അവസാന സന്ദര്‍ശനം 1937 ജനുവരി 12 മുതല്‍ 21 വരെ

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജി ഒടുവില്‍ കേരളം സന്ദര്‍ശിച്ചത്. തിരുവിതാംകൂറിലേക്ക് മാത്രമായായിരുന്നു ഈ വരവ്. അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ചയാണ് ഗാന്ധിജിയുടെ അവസാനത്തെ സന്ദര്‍ശനത്തിലെ ചരിത്രപരമായ പ്രാധാന്യം. വെങ്ങാനൂരില്‍ അയ്യങ്കാളിയെ കാണാനെത്തിയ ഗാന്ധിജിക്ക് നാടൊരുക്കിയത് ആവേശകരമായ സ്വീകരണമായിരുന്നു. 'കിരീടം വയ്ക്കാത്ത രാജാവ് ' എന്നാണ് ഗാന്ധിജി അവിടെ ഒത്തുകൂടിയ ജനങ്ങള്‍ക്ക് മുന്നില്‍ അയ്യങ്കാളിയെ വിശേഷിപ്പിച്ചത്. ഈ സന്ദര്‍ശനത്തിലും ശിവഗിരി മഠത്തിലെത്താന്‍ ഗാന്ധിജി മറന്നില്ല.

logo
The Fourth
www.thefourthnews.in