മലയാള സിനിമയിലെ സ്വാതന്ത്ര്യസമരം...

മലയാള സിനിമയിലെ സ്വാതന്ത്ര്യസമരം...

സ്വാതന്ത്ര്യസമര ചരിത്രത്തെ അടിസ്ഥാനമാക്കി ഇതര ഇന്ത്യന്‍ ഭാഷകളില്‍ ധാരാളം ചരിത്രസിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ അവയുടെ എണ്ണം ചുരുക്കമാണ്
Updated on
8 min read

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ അനേകം മലയാളികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എങ്കില്‍ക്കൂടിയും വീരനേതാക്കളും സ്വാതന്ത്ര്യസമര സംഭവങ്ങളും വളരെ കുറച്ചു മാത്രമേ മലയാളത്തില്‍ സിനിമകളായിട്ടുള്ളൂ. സ്വാതന്ത്ര്യ സമരത്തെത്തന്നെ അധികരിച്ച് ഇതര ഇന്ത്യന്‍ ഭാഷകളില്‍ ധാരാളം ചരിത്ര/ ജീവചരിത്ര സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ അത് കൈവിരലുകളാല്‍ എണ്ണാവുന്നവയിലൊതുങ്ങും. അത് മലയാളിയുടെ ചരിത്രബോധത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച് നേരിട്ട് അവന്റെ ജീവിതത്തെ ബാധിച്ച രൂക്ഷമായ സമരക്കെടുതികളുടെ അനുഭവങ്ങളുടെ അഭാവം കൊണ്ടാണ്.

ഹിന്ദിയില്‍ ലഗാനും തമിഴില്‍ നാടോടിത്തെന്നലും പോലുളള സാങ്കല്‍പിക കഥാസിനിമകള്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതു പോലെ മലയാളത്തില്‍ അധികം സിനിമയുണ്ടായിട്ടില്ല. വൈക്കം കമ്മ്യൂണിസ്റ്റ് ജനകീയ മുന്നേറ്റങ്ങളെ അധികരിച്ച് ഒറ്റപ്പെട്ട ചില ചിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവ പ്രത്യക്ഷമായി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു വിശേഷിപ്പിക്കാന്‍ സാധ്യമല്ല, മറിച്ച് പ്രാദേശിക രാജഭരണ വിരുദ്ധതയാണ് അവയിലും പ്രതിഫലിച്ചിട്ടുള്ളത്. മധ്യേന്ത്യയ്ക്കപ്പുറമുള്ള രാഷ്ട്രത്തെ സ്വാധീനിച്ച പൊതു ദേശീയതാ ബോധത്തിന് മലയാണ്മയില്‍ ആഴത്തില്‍ വേരൂന്നാതെ പോകാന്‍ മലയാള നാടിന്റെ ഭൂമിശാസ്ത്ര സവിശേഷതകളും കാരണമായിരുന്നിരിക്കാം.

പൊതുബോധവും സിനിമയും

ഇന്ത്യയുടെ ദേശീയബോധം എന്നത്, ദേശീയത എന്നത് ബഹുവചനരൂപിയായ വ്യവഹാരമാണെന്നും ബഹുസ്വരതയുടെ അടര്‍ക്കളമാണെന്നും വൈരുദ്ധ്യങ്ങളില്‍ നിന്നു വൈവിദ്ധ്യങ്ങളിലേക്കു തെന്നിമാറുന്ന ആ ദേശീയതയെ പ്രതിനിധാനം ചെയ്യുന്നിടത്ത് സാമ്രാജ്യത്വമുക്തമായ സ്വ ദേശമാണ് നമ്മുടെ സിനിമ വിഭാവന ചെയ്തതെന്നും ചരിത്രവും ചലച്ചിത്രവും ദേശ്യഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിരൂപകന്‍ ഡോ.പി.എസ് രാധാകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുണ്ട്. ചരിത്രാനുകല്‍പനം അതുകൊണ്ട് തന്നെ അന്യ സംസ്ഥാനങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ മറ്റൊരു തരത്തില്‍ മാത്രമാണ് പ്രതിഫലിക്കപ്പെട്ടത്; സ്വാഭാവികമായി സ്വാതന്ത്ര്യസമരചരിത്രവും അങ്ങനെതന്നെ.

ഡോ.രാധാകൃഷ്ണന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ: 'മാര്‍ത്താണ്ഡവര്‍മ (1931), വേലുത്തമ്പി ദളവ (1962), പഴശ്ശിരാജ, കുഞ്ഞാലിമരയ്ക്കാര്‍ (1967), സ്വാതിതിരുനാള്‍ (1987) എന്നിവയിലൂടെ കേരളവര്‍മ പഴശ്ശിരാജ (2009)യില്‍ എത്തിനില്‍ക്കുന്ന മലയാളത്തിലെ ചരിത്രസിനിമകള്‍ക്ക് കൂടി ബാധകമാവുന്ന സംഗതിയാണിത്. സമരങ്ങളിലൂടെ രൂപം പൂണ്ടുവരുന്ന അമൂര്‍ത്തമായ ദേശബോധത്തിന്റെ സൂചന മാര്‍ത്താണ്ഡവര്‍മയിലുണ്ട്. 1956 നു ശേഷവും തുടര്‍ന്നു പോന്ന കേരളദേശത്തിന്റെ ഏകോപനപ്രക്രിയയുടെ ഭാഗമായിരുന്നു സിനിമയും നാടകവും കഥാപ്രസംഗവും ഉള്‍പ്പെട്ട ജനപ്രിയകലാരൂപങ്ങള്‍. പുതിയൊരു പ്രാദേശീയതയിലേയ്ക്ക് ആദേശം വന്ന പൊതുസമൂഹത്തിന്റെ അവബോധത്തെയാണ് ഇവയ്ക്ക് സംബോധന ചെയ്യേണ്ടിയിരുന്നത്. സംസ്‌കാര രൂപീകരണത്തിന്റെ സവിശേഷവേളയില്‍ വീരാംഗനമാരെയും വീരപുരുഷന്മാരെയും ഓര്‍മയുടെയും കെട്ടുകഥകളുടെയും കേട്ടുകഥ കളുടെയും വരമൊഴിയുടെയും പുരാവസ്തുശേഖരത്തില്‍ നിന്നും തേടി യെടുക്കുക സ്വാഭാവികമാണ്. എല്ലാ ഉപസംസ്‌കാരങ്ങളിലും ഇങ്ങനെയുള്ള വീണ്ടെടുക്കലുകള്‍ നടക്കാറുണ്ട്. അസ്ഥിരമായ രാഷ്ട്രീയ പരിസരത്തിലാണ് വേലുത്തമ്പിദളവയും പഴശ്ശിരാജയും പോലുള്ള ചിത്രങ്ങള്‍ ഉണ്ടാവുന്നത്. സ്റ്റേറ്റിനെക്കുറിച്ചുള്ള സാമാന്യധാരണ മുന്നോട്ടുവക്കുന്നതോടൊപ്പം രാഷ്ട്രീയ ധാര്‍മികതയുടെ അനിവാര്യതയ്ക്ക് അവ ഊന്നല്‍ നല്‍കി. ബ്രിട്ടീഷുകാരെ നേരിടുമ്പോഴും പൊതുശത്രുക്കള്‍ സ്വന്തം നാട്ടില്‍ തന്നെയാണെന്ന ബോധം അവ പ്രസരിപ്പിച്ചു...

വേലുത്തമ്പി ദളവ (1962)

സ്വാതന്ത്ര്യസമരമെന്നു തീര്‍ത്തും വര്‍ഗീകരിക്കാനാവില്ലെങ്കിലും ബ്രിട്ടീഷ് വിരുദ്ധമെന്ന ഗണത്തിലാണ് വേലുത്തമ്പി ദളവ എന്ന സിനിമയെ പരിഗണിക്കാവുന്നത്. ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ നിന്നാണ് വേലുത്തമ്പി ദളവ(1962)യ്ക്കും പഴശ്ശിരാജയ്ക്കും അറുപതുകളില്‍ ചലച്ചിത്രപ്പതിപ്പുകളുണ്ടാവുന്നത്. 1802 മുതല്‍ 1809 കാലയളവില്‍ തിരുവിതാംകൂര്‍ ദളവയുടെയ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രംമായിരുന്നു ജഗതി എന്‍ കെ ആചാരി തിരക്കഥയും സംഭാഷണവുമെഴുതി ജി.വിശ്വനാഥും എസ്എസ് രാജനും സംവിധാനം ചെയ്ത് ഒറിയന്റല്‍ മൂവീസിന്റെ ബാനറില്‍ പി.കെ സത്യപാല്‍ നിര്‍മിച്ച വേലുത്തമ്പി ദളവ. അനുഗൃഹീത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരാണ് വേലുത്തമ്പിയായി പ്രത്യക്ഷപ്പെട്ടത്. വീരേതിഹാസ കഥാപാത്രങ്ങളെ കൈയാളുന്നതില്‍ ശ്രീധരന്‍നായരുടെ പ്രതിഭ വെളിവാകുന്ന ചിത്രമായിരുന്നു അത്.

തിക്കുറിശി സുകുമാരന്‍ നായര്‍, പ്രേംനവാസ്, ജി.കെ.പിള്ള, അടൂര്‍ ഭാസി, ബഹദൂര്‍ പി.കെ..ജയപാല്‍, പി.കെ സത്യപാല്‍, പഞ്ചാബി രാഗിണി, സുകുമാരി, ആറന്മുള പൊന്നമ്മ തുടങ്ങിയവരായിരുന്നു താരനിരയിലുണ്ടായിരുന്നത്. പി.കെ സത്യപാല്‍ അടക്കമുളള മലയാളികള്‍ തന്നെയാണ് ചിത്രത്തില്‍ ബ്രിട്ടീഷുകാരായി വേഷമിട്ടത്. കലാനിലയം നാടകത്തിന്റെയും മറ്റും ഛായയിലായിരുന്നു അത്. അടൂര്‍ ഭാസിയായിരുന്നു സഹസംവിധായകന്‍. ചിത്രത്തില്‍ റസിഡന്റ് സായിപ്പിന്റെ കുശിനിക്കാരനായി പ്രത്യക്ഷപ്പെടുന്ന ബഹദൂറിന്റെ കഥാപാത്രം അടുക്കളയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ ഭാഗമായി ചിത്രീകരിച്ച ഹ ഹ ഇന്നു നല്ല ലാക്കാ എന്ന അടുക്കളപ്പാട്ട് മലയാളത്തിലെ ഹാസ്യഗാനങ്ങളുടെ നിരയില്‍ ശ്രദ്ധിക്കപ്പെട്ടു. കമ്പോളചേരുവകളൊപ്പിച്ച ഒരു പീര്യഡ് സിനിമ എന്നതിലുപരി ചരിത്രപരമായ സത്യസന്ധതയ്ക്കും വസ്തുതാപരമായ തികവിനുമപ്പുറം ദേശഭക്തിയുടെയും രക്തസാക്ഷിത്വത്തിന്റെയും സെന്റിമെന്റ്സ് വഴി പ്രദര്‍ശനവിജയം എന്ന സാധ്യതയാണ് വേലുത്തമ്പി ദളവയുടെ പിന്നണിക്കാര്‍ ലക്ഷ്യം വച്ചത്. പില്‍ക്കാലത്ത് പൃഥ്വിരാജിനെ വേലുത്തമ്പിയാക്കി ഇതിഹാസം പുനര്‍നിര്‍മ്മിക്കാന്‍ രഞ്ജി പണിക്കരുടെ തിരക്കഥയില്‍ സംവിധായകന്‍ വിജിതമ്പി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

പഴശ്ശിരാജ (1962)

നാടകകൃത്തും പ്രക്ഷേപകനുമായ തിക്കോടിയന്റെ രചനയില്‍ ഉദയായ്ക്കു വേണ്ടി കുഞ്ചാക്കോ സംവിധാനം ചെയ്ത പഴശ്ശിരാജ (1962) ആണ് ഉത്തരകേരളത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തെ അല്‍പമെങ്കിലും വസ്തുതാപരമായി വെള്ളിത്തിരയിലെത്തിച്ച ആദ്യ മലയാള സിനിമ. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തന്നെയാണ് വീര പഴശിയായി വേഷമിട്ടത്. സത്യന്‍, പ്രേംനസീര്‍, പി.കെ.സത്യപാല്‍, എസ് പി പിള്ള, കോട്ടയം ചെല്ലപ്പന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, മണവാളന്‍ ജോസഫ്, സണ്ണി, നാണുക്കുട്ടന്‍, ഗോപിനാഥ്, ബോബന്‍ കുഞ്ചാക്കോ, പങ്കജവല്ലി, രാജശ്രീ, ശ്രീദേവി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. വേലുത്തമ്പിയിലേതുപോലെ യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത അംശവസ്ത്രമിട്ട് വികലമായ ഇംഗ്ലീഷും പറഞ്ഞ് പി.കെ.സത്യപാല്‍ തന്നെ ബ്രിട്ടീഷ് ഭരണാധികാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഉദയായുടെ ചട്ടക്കൂട്ടില്‍ പുറത്തിറങ്ങിയിരുന്ന സ്ഥിരം വീരസിനിമകളുടെ ശൈലിയില്‍ പാട്ടും നൃത്തവുമൊക്കെ ചേര്‍ത്ത് അണിയിച്ചൊരുക്കിയ ചിത്രം പക്ഷേ ചരിത്രപരമായ ചില വസ്തുതകളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തി. ഉദയായെ സംബന്ധിച്ച് പുരാണവും വടക്കന്‍പാട്ടും പോലെ കമ്പോളവിജയത്തിനുള്ള മറ്റൊരു പീര്യഡ് സാധ്യത മാത്രമായിരുന്നു ചരിത്രം. എന്നാല്‍ കേരളവര്‍മ്മ പഴശിരാജ എന്ന പേരില്‍ പില്‍ക്കാലത്ത് എം.ടിയുടെ രചനയില്‍ ഹരിഹരന്‍ ഇതേ കഥ ചലച്ചിത്രമാക്കിയപ്പോള്‍ അത് ചരിത്രസംഭവങ്ങളോട് കുറേക്കൂടി നീതിപുലര്‍ത്തി.

കുഞ്ഞാലി മരക്കാര്‍ (1964)

1964 ലാണ് പറങ്കികളുടെ പേടിസ്വപ്നമായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥ ആദ്യമായി സിനിമയാക്കുന്നത്. ചന്ദ്രതാരയ്ക്കു വേണ്ടി ടി കെ പരീക്കുട്ടി നിര്‍മിച്ച കുഞ്ഞാലി മരയ്ക്കാര്‍ കെ പത്മനാഭന്‍ നായരുടെ തിരക്കഥയില്‍ എസ് എസ് രാജനാണ് സംവിധാനം ചെയ്തത്. കുഞ്ഞാലി മരക്കാറാറായും അന്ന് തിളങ്ങിയത് കൊട്ടാരക്ക ശ്രീധരന്‍ നായരായിരുന്നു. പ്രേം നസീര്‍, പി.കെ. സത്യപാല്‍, പ്രേംജി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, കുതിരവട്ടം പപ്പു, കുഞ്ഞാവ, ജ്യോതിലക്ഷിമി, ശാന്താദേവി, സുകുമാരി, സരസ്വതി പി.കെ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. എ വിന്‍സെന്റും പി ഭാസ്‌കര റാവുവും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. കുഞ്ഞാലിക്കു മികച്ച ചിത്രത്തിനുള്ള രാജകമലം ലഭിച്ചുവെന്നു മാത്രമല്ല ദേശഭക്തി ആവോളം മുതലെടുക്കാനും ചിത്രത്തിനു സാധിച്ചു. 2019 ല്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച് ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രിയദര്‍ശന്‍ മരയ്ക്കാറുടെ കഥ വീണ്ടും സ്‌ക്രീനിലെത്തിച്ചപ്പോള്‍ അത് ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതിയാണ് നേടിയത്.

1921 (1988)

കേരളത്തിലെ ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1921 ലെ മലബാര്‍ കലാപത്തെയും വാഗണ്‍ ദുരന്തത്തെയും ആസ്പദമാക്കി ടി. ദാമോദരന്‍ തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് മുഹമ്മദ് മണ്ണില്‍ നിര്‍മ്മിച്ച 1921 (1988). ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ അനുഗ്രഹത്തോടെ ആലി മുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്‍മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിന്റെ കഥ സാങ്കല്പിക കഥാപാത്രങ്ങളെ കൂടി ചേര്‍ത്ത സ്വതന്ത്രാഖ്യാനമായാണ് അവതരിപ്പിച്ചത്. കഥയെത്ര ചരിത്രമെത്ര എന്നു തിരിച്ചറിയാനാവാത്തവിധം അവതരിപ്പിക്കപ്പെട്ടതുകൊണ്ടുതന്നെ അക്കാലത്ത് വന്‍ ബജറ്റില്‍ ആധുനിക സംവിധാനങ്ങളോടെ ചിത്രീകരിക്കപ്പെട്ട 1921 ന്റെ ചരിത്രപരമായ കൃത്യത ചോദ്യചിഹ്നമായി. വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജിയേയും അലി മുസല്ിയാരെയും പോലെ ചില ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളാക്കിയെങ്കിലും ഖാദര്‍ എന്നൊരു കൃത്രിമ കഥാപാത്ത്രെ നായകനാക്കുക വഴി അതിന്റെ ചരിത്രപ്രസക്തി ചോര്‍ന്നു പോവുകയാണുണ്ടായത്. മമ്മൂട്ടിയായിരുന്നു ഖാദറായത്. മധു, സുരേഷ്ഗോപി, രതീഷ്, മുകേഷ്, ടി.ജി.രവി, ബാലന്‍ കെ.നായര്‍, കെ.പി.ഉമ്മര്‍, എം.ജി സോമന്‍, ജനാര്‍ദ്ദനന്‍, ജി കെ പിള്ള, സി.ഐ പോള്‍, കുതിരവട്ടം പപ്പു, കൊല്ലം അജിത്ത്, ജഗന്നാഥ വര്‍മ്മ, ജോണി, സന്തോഷ്, രവിമേനോന്‍, സീമ, രോഹിണി, ഉര്‍വശി, സബിത ആനന്ദ്, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. ബ്രിട്ടീഷുകാരായി യഥാര്‍ത്ഥ വിദേശികള്‍ പ്രത്യക്ഷപ്പെട്ടു എന്നതും ഏറെക്കുറെ യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വച്ചു ചിത്രീകരിക്കപ്പെട്ടു എന്നതുമൊക്കെ 1921ന്റെ പ്രത്യേകതകളായി. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അക്കാലത്തെ സാമൂഹികാവസ്ഥ, വേഷവിധാനം, ആചാരാനുഷ്ഠനാങ്ങള്‍, ഹിന്ദുമുസ്ലിം ഐക്യം തകര്‍ക്കാന്‍ ബ്രിട്ടിഷുകാര്‍ കാണിച്ച കുടിലതന്ത്രങ്ങള്‍, ലഹളയുടെ മറവില്‍ തീവ്രവാദികള്‍ നടത്തിയ കൊള്ളിവെപ്പുകള്‍, എന്നിവയല്ലാം ചിത്രീകരിക്കുന്നതില്‍ ചിത്രം വിജയിച്ചു. ആള്‍ക്കൂട്ടത്തെയും ബഹുതാരങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധായകന്‍ ഐ വി ശശിയുടെ കൈയൊതുക്കത്തിന് ഉത്തമ നിദര്‍ശനമായിരുന്നു 1921.

കേരളവര്‍മ്മ പഴശ്ശിരാജ (2009)

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്തു ഗോകുലം മൂവീസ് നിര്‍മ്മിച്ച കേരള വര്‍മപഴശ്ശിരാജ (2009)യ്ക്ക് ചരിത്രത്തില്‍ നിന്ന് അടിസ്ഥാനപരമായ ചില വ്യതിയാനങ്ങള്‍ വരുത്തിയാണ് എം.ടി വാസുദേവന്‍ നായര്‍ ആവിഷ്‌കരിച്ചത്. കേരളവര്‍മ്മ പഴശ്ശിരാജയില്‍ മെലോഡ്രാമ കുറയുമെങ്കിലും കാല്‍പ്പനികാലനിര്‍മിതിയില്‍ അവയോട് സാധര്‍മ്യവും പറയാം. ചരിത്രാഖ്യാനത്തില്‍ മുമ്പ ജനകീയ താല്‍പര്യവും അഭിനിവേശവും ഉണ്ടാക്കാന്‍ കേരളവര്‍മ പഴശ്ശിരാജയ്ക്കായി. ചരിത്രനിര്‍മിതിയുടെ പുതിയ ജനകീയ മണ്ഡലമാണ് ഇതുവഴി തുറന്നത് എന്ന് ഡോ പി.എസ് രാധാകൃഷ്ണന്‍ വിലയിരുത്തിയിട്ടുണ്ട്. ഹോളിവുഡ്ഡിലെ പ്രതികാരകഥകളുടെയും ജാപ്പനീസ് സമുറായ് കഥകളുടെയും ജനുസിലേക്കാണ് എം.ടിയും ഹരിഹരനും കേരളവര്‍മ്മ പഴശ്ശിരാജയുടെ ഘടനയേയും ആഖ്യാനത്തെയും സങ്കല്‍പിച്ചത്. അതോടെ വില്യം ലോഗന്റെ മലബാര്‍ മാനുവലും പഴശ്ശി സമരരേഖകളും ദേശചരിത്രവും ജനപ്രിയമാധ്യമങ്ങളില്‍ സജീവമായി.

കുറിച്ച്യ പടയുടെ സംഘാടനവും സാഹസികതയും മറ്റും യഥാര്‍ത്ഥ്യ ബോധത്തോടെ ആവിഷ്‌കരിച്ച ചിത്രം യഥാര്‍ത്ഥ വിദേശ നടീനടന്മാരെ അവതരിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാരോടും നീതി പുലര്‍ത്തി.വേഷവിധാനം, വാസ്തു, ആയുധങ്ങള്‍ തുടങ്ങിയവയിലും ഈ സത്യസന്ധത പ്രകടമായി. ശരത് കുമാര്‍ മനോജ് കെ.ജയന്‍, സുരേഷ് കൃഷ്ണ, സുമന്‍, ജഗതി ശ്രീകുമാര്‍, തിലകന്‍, ദേവന്‍, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു, ജഗദീഷ്, നെടുമുടി വേണു, മേഘനാദന്‍, മാമൂക്കോയ, അജയ് രത്നം,കനിക, പത്മപ്രിയ ഊര്‍മിള ഉണ്ണി, വത്സലമേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശികളും ചിത്രത്തില്‍ വേഷമിട്ടു.

എന്നാല്‍ സമുറായി ദുരന്ത നായകന്മാര്‍ക്കു സമാനമായി വീരകേരളവര്‍മ്മ പഴശ്ശിത്തമ്പുരാനെ അവതരിപ്പിക്കാനുള്ള വ്യഗ്രതയില്‍ പഴശ്ശിയുടെ പോരാട്ട മരണത്തെ ഒരു ആത്മഹത്യയാക്കി അവസാനിപ്പിച്ചതിലൂടെയാണ് ചരിത്രത്തെ ഈ സിനിമ വളച്ചൊടിച്ചത്. എന്നിരുന്നാലും, കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരേട് എന്ന നിലയ്ക്ക് ഈ ചിത്രം പല ചരിത്രമൂഹൂര്‍ത്തങ്ങളെയും കഥാപാത്രങ്ങളെയും യാഥാര്‍ത്ഥ്യബോധത്തോടെ തിരയിലെത്തിച്ചു.

കുഞ്ഞാലിമരക്കാര്‍- അറബിക്കടലിന്‍െ്‌റ സിംഹം (2011)

കേരളവര്‍മ്മ പഴശ്ശിരാജക്കു സമാനമായ ആവിഷ്‌കരണ ശൈലി തന്നെയാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് അനു ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം(2011) എന്ന ചിത്രത്തിലും പ്രതിഫലിച്ചത്. ഹോളിവുഡ് പീര്യഡ് ചരിത്രസാഹസിക സിനിമകളുടെ പ്രചോദനമുള്‍ക്കൊണ്ട് അത്തരത്തിലൊരു ക്യാന്‍വാസിലാണ് ചിത്രം തയാറാക്കപ്പെട്ടത്. കേരളത്തിന്റെ തനതായ വസ്ത്രധാരണശൈലിയോ വാസ്തുശൈലിയോ ഒന്നുമല്ല ചിത്രം പ്രതിനിധാനം ചെയ്തത്. വിദേശ ചിത്രങ്ങിലേതിനു സമാനമായ യുദ്ധവസ്ത്രങ്ങളും തലപ്പാവുകളും ഹെല്‍മറ്റുമൊക്കെവച്ച് മരയ്ക്കാരും കൂട്ടരും യുദ്ധത്തിനിറങ്ങുന്നതാണ് സിനിമ കാണിച്ചുതന്നത്. നാടുവാഴിയുടെ നാവികസേനാമേധാവി മാത്രമായിരുന്ന മരയ്ക്കാറെ വിദേശാധിപത്യത്തെ ചോദ്യം ചെയ്ത വീരനായകനാക്കിത്തീര്‍ക്കാനുള്ള ശ്രമത്തിനിടെ ചരിത്രം കാല്‍പനികതയ്ക്കും സങ്കല്‍പത്തിനും വഴിമാറിയതിന്റെ ഉത്തമദൃഷ്ടാന്തമായിക്കൂടി ചിത്രത്തെ കണക്കാക്കാം.

പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍, കോഴിക്കോട് സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെയും യൂറോപ്യന്‍ സേനയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യത്തെ നാവിക പ്രതിരോധത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. വസ്തുതയുടെയും കെട്ടുകഥകളുടേയും സമന്വയമായതിനാല്‍, മലബാര്‍ ചരിത്രത്തില്‍ ആകെയുള്ള നാല് മരയ്ക്കാന്മാരില്‍ സിനിമയ്ക്കു പറ്റിയത് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റേതായിരിക്കുമെന്നു കണക്കുകൂട്ടിയ പ്രിയദര്‍ശന്‍ 505 മുതല്‍ 1601 വരെ നടന്നതായി ഭാവന ചെയ്ത ചിത്രത്തില്‍ മരയ്ക്കാര്‍ നാലാമനെ മുഖ്യ കഥാപാത്രമാക്കി. ആ കാലഘട്ടത്തിലെ സംഭവങ്ങളെ ക്കുറിച്ചുള്ള വിവരങ്ങള്‍ അവ്യക്തമായിരുന്നതിനാല്‍ കലാകാരന്റെ സ്വാതന്ത്ര്യം യഥേഷ്ടം എടുത്തുകൊണ്ടായിരുന്നു തിരക്കഥാരചന. (അവലംബം വിക്കീപീഡിയ)

തെലുങ്കില്‍ നിന്ന് അര്‍ജുന്‍ ഹിന്ദിയില്‍ നിന്ന് സുനില്‍ ഷെട്ടി തമിഴ് നടന്‍ പ്രഭു തുടങ്ങിയവര്‍ സുപ്രധാനവേഷങ്ങളിലെത്തി. നിര്‍മ്മാതാവും പ്രിയന്റെ പ്രിയനടനുമായ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറായപ്പോള്‍ വന്‍ താരനിരയില്‍ മുകേഷ്, സിദ്ദിഖ്, ഫാസില്‍. പ്രണവ് മോഹന്‍ലാല്‍, ഇന്നസെന്റ്, ഗണേഷ് കുമാര്‍. സുരേഷ് കൃഷ്ണ, മാമുക്കോയ,നന്ദു,ഹരീഷ് പേരടി, ബാബുരാജ്, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, ജി.സുരേഷ് കുമാര്‍, കീര്‍ത്തി സുരേഷ്,മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, മാക്സ് കാവന്‍ഹാം തുടങ്ങിയവരും അണിനിരന്നു. ദേശീയ ബഹുമതികള്‍ വാരിക്കൂട്ടി വന്‍ ഹൈപ്പ് സൃഷ്ടിക്കുന്നതില്‍ വിജയിച്ചുവെങ്കിലും കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രരേഖ എന്ന നിലയ്ക്കോ, ജനപ്രിയ സിനിമ എന്ന നിലയ്ക്കോ കാര്യമായ യാതൊരു ചലനവും ചിത്രം ഉണ്ടാക്കിയില്ലെന്നതാണ് സത്യം. സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു കുഞ്ഞാലിമരയ്ക്കാര്‍ സിനിമ പ്രഖ്യാപനത്തിലൊതുങ്ങുകയും ചെയ്തു

കാലാപാനി (1996)

പത്രവാര്‍ത്തകള്‍ കോര്‍ത്തിണക്കി സമകാലികരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രമെന്നോ കല്‍പിതകഥയെന്നോ തിരിച്ചറിയാനാവാത്ത സിനിമകളെഴുതുന്നതില്‍ വിദഗ്ധനായ ദാമോദരന്‍ മാസ്റ്റര്‍ 1921 ല്‍ എന്നോണം ചില യഥാര്‍ത്ഥ ചരിത്ര സംഭവങ്ങള തീര്‍ത്തും കല്‍പിതകഥയുമായി ഇടകലര്‍ത്തി രചിച്ച തിരക്കഥയിലാണ് കാലാപാനി (1996) പുറത്തിറങ്ങിയത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ ഭരണവിരുദ്ധരെ ശിക്ഷിച്ച് നാടുകടത്താന്‍ കെട്ടിപ്പൊക്കിയ ആന്‍ഡമന്‍ ദ്വീപിലെ കൊടും ക്രൂര തടവറയുടെ പശ്ചാത്തലത്തില്‍ സങ്കല്‍പിക്കപ്പെട്ട സിനിമ. വീര്‍ സവര്‍ക്കര്‍ പോലെ ചില യഥാര്‍ത്ഥ ചരിത്രപുരുഷന്മാരെ അവതരിപ്പിച്ചുവെങ്കിലും ഗോവര്‍ദ്ധന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച കാലാപാനി അതുകൊണ്ടുതന്നെ ചരിത്രപരമായ സത്യസന്ധത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

സ്വാതന്ത്ര്യസമരത്തിലെ ഏടായ ശിപായി ലഹളയുടെയും മറ്റും നിഴലാട്ടം പ്രകടമാക്കിയ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും ലോകമഹായുദ്ധ പശ്ചാത്തലത്തില്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് തുടങ്ങിയ ഹോളിവുഡ് സിനിമകളോട് സാമ്യമാരോപിക്കപ്പെട്ടു. അറിയാതെ ഒരു വിപ്ളവശ്രമത്തിന്റെ ഭാഗഭാക്കായി ശിക്ഷിക്കപ്പെട്ട്ു സെല്ലുലാര്‍ ജയിലിലെത്തിച്ചേരുന്ന സാധാരണക്കാരനായ ഗോവര്‍ദ്ധന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തിന്റെ അനുഭവം എന്ന നിലയ്ക്ക് ചരിത്രസംഭവങ്ങളെ അവതരിപ്പിച്ചതുകൊണ്ടുതന്നെ അതില്‍ രചനാപരമായി അത്രത്തോളം സ്വാതന്ത്ര്യമെടുക്കാനുള്ള സാധ്യത ദാമോദരനുണ്ടായിരുന്നു. ആന്‍ഡമാനില്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പില്ലാത്ത നരഭോജികളായ ഗോത്രവര്‍ഗത്തെയൊക്കെ ചില വിദേശ ചിത്രങ്ങള്‍ക്കു സമാനമായി ചിത്രം അവതരിപ്പിക്കുന്നു.

മോഹന്‍ലാലിനൊപ്പം തുല്യപ്രാധാന്യത്തോടെ തമിഴ്നടന്‍ പ്രഭുവും പ്രത്യക്ഷപ്പെട്ടു. ബ്രിട്ടീഷുകാരുടെ വാലാട്ടിയായ ക്രൂരന്‍ ജയില്‍വാര്‍ഡനായി അമ്രിഷ് പുരി, സവര്‍ക്കറായി അന്നു കപൂര്‍, തുടങ്ങിയവരും പ്രത്യക്ഷപ്പെട്ടു. ഹിന്ദി നടി തബുവായിരുന്നു നായിക. വിനീത്, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനും നടനുമടക്കം ആറു സംസ്ഥാന ബഹുമതിയും സാങ്കേതികമേഖലകളില്‍ ദേശീയ ബഹുമതികളും നേടിയ ചിത്രം വന്‍ കമ്പോള വിജയവും നേടി.

വീരപുത്രന്‍ (2011)

മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്നുള്ള മറ്റോരേടായിരുന്നു പി.കെ.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രന്‍ (2011). മതനിരപേക്ഷ നിലപാടിലൂടെ അറിയപ്പെടുന്ന മലബാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്റെ ജീവിതത്തെയാണ് മുഹമ്മദ് മങ്കര നിര്‍മ്മിച്ച് എന്‍പി മുഹമ്മദിന്റെ നോവലില്‍ നിന്ന് സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം അവതരിപ്പിച്ചത്. അലീഗഡ് സര്‍വകലാശാലാ പഠനം പാതിവഴിയില്‍ നിര്‍ത്തി സ്വാതന്ത്ര്യസമര രംഗത്തേക്ക് വന്ന അബ്ദുറഹ്‌മാന്‍ (നരേന്‍) 23-ാം വയസ്സില്‍ മലബാറിലേക്കു വരുന്നതു മുതല്‍ 1945 ല്‍ മരിക്കുന്നത് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിലുള്ളത്. മലബാറിലെ സ്വതന്ത്ര്യസമര രംഗത്തെ അതികായരായ കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ശരത്കുമാര്‍, സിദ്ദീഖ്, കലാഭവന്‍ മണി, സായികുമാര്‍, ദേവന്‍, ശ്രീരാമന്‍, ശ്രീകുമാര്‍, വിനയ്, ബിജു ജനാര്‍ദനന്‍, മന്‍രാജ്, രമേഷ് പിഷാരടി, അനീസ് ബഷീര്‍, റെയ്മ സെന്‍, ലക്ഷ്മി ഗോപാലസ്വാമി, വത്സല മേനോന്‍, സജിത മഠത്തില്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍. മലയാളത്തില്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യസമര ചരിത്രസിനിമകളില്‍ വസ്തുതാപരമായി ഏറെ സത്യസന്ധവും ചരിത്രസംഭവങ്ങളോട് ഏറെക്കുറേ നീതിപുലര്‍ത്തിയതുമായ ചിത്രമായിരുന്നു അത്. ഒരുപക്ഷേ കേവലം ഒരു ചരിത്ര സിനിമ എന്നതിലുപരി അബ്ദുറഹ്‌മാന്റെ ജീവചരിത്ര സിനിമ എന്ന നിലയ്ക്ക് വിഭാവന ചെയ്തതുകൊണ്ടുകൂടിയാവണം വീരപുത്രന് വസ്തുനിഷ്ഠത പാലിക്കാനായത്.

സ്വാതിതിരുനാള്‍ (1987)

ശ്രീവരാഹം ബാലകൃഷ്ണന്റെ പിന്തുണയോടെ സംവിധായകന്‍ തന്നെ തിരക്കഥ രചിച്ച ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുനാളില്‍ (1987) ബാഹ്യശക്തികളുടെ സമ്മര്‍ദംമൂലം നിസ്സഹായനായിത്തീരുന്ന വ്യക്തിയുടെ ആന്തരികവേദനയ്ക്കും ധര്‍മസങ്കടത്തിനുമായിരുന്നു പ്രാധാന്യം. ചരിത്രസിനിമകളിലെ കാല്‍പ്പനിക ദൃശ്യാവിഷ്‌ക്കാരത്തേക്കാള്‍ കാലത്തേയും സംഭവത്തേയും യഥാതഥമായിട്ടാണ് സ്വാതിതിരുനാള്‍ പരിചരിച്ചത് എന്ന് ഡോ പി.എസ് രാധാകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുണ്ട്. കന്നഡ നടനും രാഷ്ട്രീയനേതാവുമായ അനന്ത്നാഗാണ് സ്വാതിയായി വേഷമിട്ടത്. നെടുമുടി വേണു, മുരളി ജഗന്നാഥന്‍, കൈതപ്രം, ഇന്നസെന്റ്, ബാബു നമ്പൂതിരി ശ്രീവിദ്യ, അംബിക, രഞ്ജിനി തുടങ്ങിയവരഭിനയിച്ച ചിത്രം യഥാര്‍ത്ഥ കൊട്ടാരങ്ങളിലും ലൊക്കേഷനുകളിലും തന്നെയാണ് ചിത്രീകരിച്ചത്. കോമാളിത്തത്തിനു പകരം യഥാര്‍ത്ഥ വിദേശികള്‍ തന്നെ ബ്രിട്ടീഷുകാരായി വേഷമിട്ടു. ജനറല്‍ കല്ലനുമായുണ്ടായ അഭിപ്രായഭിന്നതയും ശീതയുദ്ധവും മറ്റും ചിത്രം വസ്തുതയോടെ കൈകാര്യം ചെയ്തു. വീരപുത്രന്റേതിനു സമാനമായി അതും അടിസ്ഥാനപരമായി സ്വാതന്ത്ര്യസമരത്തിന്റെയോ തിരുവിതാംകൂറിന്റെയോ ചരിത്രസിനിമ എന്നതിലുപരി സ്വാതി എന്ന സംഗീതജ്ഞന്റെ ഭരണാധികാരിയുടെ വ്യക്തിജീവിതം വിശലകനവിധേയമാക്കുന്ന ജീവചരിത്ര സിനിമ എന്ന ജനുസിലാണ് വിഭാവനചെയ്തത് എന്നതുകൊണ്ടുതന്നെ അവയിലെ ചരിത്രസ്ഖലിതങ്ങള്‍ വലിയ പ്രശ്നമാവുന്നില്ല. എന്നു മാത്രമല്ല ജീവചരിത്രമെന്ന നിലയ്ക്ക് സംഭവങ്ങളെ വ്യക്തിനിഷ്ഠമായിട്ടാണെങ്കിലും സത്യസന്ധമായിത്തന്നെ ആവിഷ്‌കരിക്കുകയും ചെയ്തു സ്വാതിതിരുന്നാള്‍.

ഉറുമി (2011)

ഇന്ത്യയിലെ യൂറോപ്യന്‍ വൈദേശീകാധിപത്യത്തിനു തുടക്കംകുറിച്ച വാസ്‌കോ ഡ ഗാമയുടെ വരവിനുശേഷമുള്ള ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ച ഐതിഹ്യ ചിത്രമായിരുന്നു പൃഥ്വിരാജ് നിര്‍മ്മിച്ചഭിനിയിച്ച ഉറുമി (2011). സാങ്കേതികത്തികവിലും വിപണനത്തിലും മറ്റും കാലാപാനി തുടങ്ങിവച്ച ശൈലിയില്‍ ബഹുഭാഷാലക്ഷ്യത്തോടെ നിര്‍മ്മിക്കപ്പെട്ട കല്‍പിതസിനിമയായിരുന്നു ഉറുമി. സത്യസന്ധമായ ചരിത്രം അതില്‍ അല്‍പവും ആരോപിക്കാന്‍ പോലുമാവില്ലെങ്കിലും കൃത്രിമചരിത്രം അഥവാ ചരിത്രത്തില്‍ നിന്നു കെട്ടിപ്പൊക്കിയ ഐതിഹ്യശില്‍പം എന്ന നിലയ്ക്കു മാത്രമായിരുന്നു യുവ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെ രചനയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയുടെ അസ്തിത്വം. സന്തോഷ് ശിവന്റെ രണ്ടാമത് മലയാള സംവിധാന സംരംഭവുമാണിത്. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

ഹിന്ദി നടി ജനിലിയ ഡിസൂസ, വിദ്യബാലന്‍, തമിഴ് നടനും സംവിധായകനുമായ പ്രഭുദേവ, ആര്യ, ഹിന്ദി സംവിധായകനും നടനുമായ അമോല്‍ഗുപ്ത, അങ്കുര്‍ ശര്‍മ്മ, ജഗതി ശ്രീകുമാര്‍, കനി, നിത്യ മേനോന്‍, തബു എന്നിവര്‍ക്കൊപ്പം യൂറോപ്യന്‍ അഭിനേതാക്കളായ റോബിന്‍ പ്രാറ്റ്, അലക്സ് ഒ നീല്‍ തുടങ്ങിയ വിദേശികളും അണിനിരന്ന ഉറുമിയില്‍ അവതരിപ്പിച്ചിട്ടുള്ള പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെ പോര്‍ച്ചുഗീസ് ക്രൂരതകളൊക്കെ യഥാര്‍ത്ഥ സംഭവങ്ങളാണ്. 1498ല്‍ കേരളത്തിലേക്കു കപ്പല്‍പാതതുറന്ന വാസ്‌കോ ഡ ഗാമ 1502 ല്‍ കേരളത്തിലെ രാജാക്കന്മാരുമായി വ്യാപാരം വ്യാപിപ്പിക്കാന്‍ പോര്‍ച്ചുഗീസ് സംഘത്തിന്റെ നേതൃസ്ഥാനവുമായി കേരളത്തിലെത്തുന്നതും, നൂറ്റാണ്ടുകളായി നിലനിന്ന സമുദ്ര മര്യാദകള്‍ ലംഘിച്ചു അറബികളുടെയും കേരളത്തിലെ നാട്ടു രാജ്യങ്ങളുടെയും കപ്പലുകള്‍ കൊള്ളയടിക്കുന്നതും സാമൂതിരി ഗാമയെ കാണാന്‍ വിസമ്മതിക്കുന്നതും കുപിതനായ ഗാമ സാമൂതിരിയുടെ ദൂതരെ തടവിലാക്കി പീഡിപ്പിക്കുന്നതും ചരിത്രത്തിലുള്ളതുതന്നെ.മക്കയില്‍ തീര്‍ഥാടനം കഴിഞ്ഞു വരുന്ന നാന്നൂറോളം മുസ്ലീങ്ങള്‍ യാത്ര ചെയ്ത മേറി എന്ന കപ്പല്‍ കൊള്ളയടിക്കുകയും യാത്രക്കാരെ മുഴുവന്‍ കപ്പലില്‍ അടച്ചിട്ടു തീകൊളുത്തി കൂട്ടക്കൊല നടത്തുകയും ചെയ്ത സംഭവവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍ ഉറുമിയിലെ കേന്ദ്രകഥാപാത്രമോ അതില്‍പ്പറയുന്ന മറ്റു സംഭവങ്ങളോ യഥാതഥമല്ല. അതു പൂര്‍ണമായി സിനിമയ്ക്കുവേണ്ടിയുള്ള സാങ്കല്‍പിക രചനയായിരുന്നു.

ചരിത്രത്തെ പശ്ചാത്തലമാക്കിയും ചരിത്രമുഹൂര്‍ത്തങ്ങളെയും ചരിത്രനായകന്മാരെയും അങ്ങിങ്ങ് പ്രത്യക്ഷീകരിച്ചും നിര്‍മിക്കപ്പെട്ട ഉറുമിയുള്‍പ്പെടെയുള്ള സിനിമകളെ അതുകൊണ്ടുതന്നെ വ്യാജചരിത്രമായിത്തന്നെയേ ഗണിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ സമകാലിക കേരളത്തിന്റെ അധികാര- ഭൗമരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ ചരിത്രം ഇഴനെയ്ത ഫാന്റസിയുടെ തലമുള്ളതുകൊണ്ടുതന്നെ അവയെയെല്ലാം ചലച്ചിത്രകാരന്റെ സര്‍ഗസ്വാതന്ത്ര്യം മാത്രമായേ വിശേഷിപ്പിക്കാനാവൂ.

(മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമാണ് ലേഖകൻ)

logo
The Fourth
www.thefourthnews.in