തടവറയിലിരുന്നും ബഷീര്‍ ചോദിച്ചു: ആര്‍ക്ക് വേണം സ്വാതന്ത്ര്യം ?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് എഴുത്തിലൂടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ശേഷം എഴുത്തിലേക്ക് കടന്നവരില്‍ പ്രമുഖനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി ജനിച്ച ബഷീര്‍ സ്‌കൂള്‍ പഠനകാലത്ത് തന്നെ മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തിന്റെ പ്രക്ഷുബ്ദമായ സമരവീഥിയിലേക്ക് കടന്നു ചെല്ലുകയായിരുന്നു.
1924 ലെ വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ ബഷീര്‍ വൈക്കം സ്‌കൂളില്‍ അഞ്ചാം ഫോറത്തില്‍ പഠിക്കുകയായിരുന്നു. സത്യാഗ്രഹത്തിനെത്തിയ ഗാന്ധിജിയുടെ കൈകളില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ബഷീര്‍ പിന്നീട് എഴുതി. വൈക്കം സത്യാഗ്രഹ പന്തലില്‍ പോയതിന് സ്‌കൂളില്‍ നിന്നും ബഷീറിനെ പുറത്താക്കുകയും ഉണ്ടായി. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ സജീവമായത്.
കൊച്ചി ഒരു നാട്ടുരാജ്യമായിരുന്നതു കൊണ്ടുതന്നെ 1930 ല്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ ബഷീര്‍ മലബാറിലേക്കാണ് വണ്ടി കയറിയത്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പുതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന സംഘം അറസ്റ്റിലായി. തുടര്‍ന്ന് കോഴിക്കോട് സബ്ജയിലില്‍ തടവിലായി. എന്നാല്‍ ഗാന്ധി- ഇര്‍വിന്‍ ഉടമ്പടിയെത്തുടര്‍ന്ന് 1931 മാര്‍ച്ചില്‍ 600 സഹതടവുകാരോടൊപ്പം അദ്ദേഹത്തിന് മോചനം ലഭിച്ചു. പിന്നീട് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉജ്ജീവനം എന്ന വിപ്ലവപത്രിക എഡിറ്റ് ചെയ്തത് സർക്കാർ കണ്ടുകെട്ടുകയും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അദ്ദേഹം കേരളം വിട്ടു. ഏഷ്യയിലും ആഫ്രിക്കയിലുമായി ഏഴുവര്‍ഷത്തോളമാണ് ഒളിവു ജീവിതം ചെലവഴിച്ചത്.
ജയില്‍ ജീവിതത്തിനിടയിലാണ് ബഷീര്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നത്. 1940 കളില്‍ കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി കഴിയവേ സഹതടവുകാരില്‍ നിന്നും പോലീസുകാരില്‍ നിന്നുമായി കേട്ട പല കഥകളുമാണ് പിന്നീട് കഥകളുടെ പ്രമേയമായി മാറിയത്. 1965 ല്‍ പ്രസിദ്ധീകരിച്ച മതിലുകള്‍ എന്ന കൃതിയിലൂടെ എന്താണ് സ്വാതന്ത്ര്യമെന്ന് ബഷീര്‍ അടയാളപ്പെടുത്തി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പേയുളള നാളുകളിലെ ജയില്‍ ജീവിതവുമായി ബന്ധപ്പെട്ടാണ് മതിലുകള്‍ എന്ന കൃതി രൂപപ്പെട്ടത്.
അന്നത്തെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ നോവലാണ് മതിലുകള്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാരായണി എന്ന സ്ത്രീയുമായി നോവലിസ്റ്റ് പ്രണയത്തിലാവുകയും ഒടുവില്‍ ഒന്ന് പരസ്പരം വിട പറയാന്‍ പോലും കഴിയാതെ അവര്‍ വേര്‍പിരിയുകയും ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. ബഷീറിനെ മോചിപ്പിക്കാനുള്ള ഉത്തരവുകള്‍ വരുന്നതോടെ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം തന്നെ പാടെ മാറുകയാണ്. 'ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്? പുറത്ത് അതിലും വലിയ ജയിലുണ്ട്' എന്ന കഥാനായകൻ്റെ പ്രഖ്യാപനം ബഷീറിൻ്റെ ഉറച്ച രാഷ്ട്രീയ നിലപാട് കൂടിയായിരുന്നു.