'ഇന്ത്യ സ്വയം അവളെ കണ്ടെത്തിയിരിക്കുന്നു'; 1947 ഓഗസ്റ്റ് 15ന് നെഹ്റു നടത്തിയ പ്രസംഗം

'ഇന്ത്യ സ്വയം അവളെ കണ്ടെത്തിയിരിക്കുന്നു'; 1947 ഓഗസ്റ്റ് 15ന് നെഹ്റു നടത്തിയ പ്രസംഗം

പുതിയൊരു താരകം പിറക്കുകയാണ്. കിഴക്കുനിന്ന് ഉദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ താരകം
Updated on
3 min read

വ‍ർഷങ്ങൾക്ക് മുൻപ് നമ്മൾ വിധിയുമായി ഒരു ധാരണ ‌ഉണ്ടാക്കിയിരുന്നു. ഇതാ.. ഇപ്പോൾ ആ സമയമായിരിക്കുകയാണ്. നമുക്ക് ആ പ്രതിജ്ഞ നിറവേറ്റാം. മുഴുവനായുമല്ല, എന്നാലും കാര്യമായ അളവിൽത്തന്നെ!

ഈ അ‍ർധരാത്രി ലോകം ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. പഴയതിൽ നിന്ന് പുതിയതിലേക്ക് നമ്മൾ കടക്കുമ്പോൾ ഒരു യു​ഗത്തിന്റെ അന്ത്യമാവുന്നു, എത്രയോ കാലമായി അടിച്ചമർത്തപ്പെട്ടിരുന്ന ഒരു രാഷ്ട്രത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം വീണ്ടെടുക്കുമ്പോൾ അത് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂ‍‍ർവമായ നിമിഷങ്ങളിലൊന്നായി മാറുന്നു.

ഒരേ സമയം ഏറ്റവും പുരാതനവും അതേസമയം ഏറ്റവും ആധുനികവുമായ നമ്മുടെ പ്രിയങ്കരിയായ മാതൃരാജ്യത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ സേവിക്കാനായി ഒന്നിച്ചുനിൽക്കാം

ഈ ഉദാത്തമായ നിമിഷത്തിൽ ഇന്ത്യക്കും ഈ രാജ്യത്തെ ജനങ്ങൾക്കും വേണ്ടി അ‍ർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും വിശാലമായ മാനവികത ഉയർത്തിപ്പിടിക്കുമെന്നും നമ്മൾ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യ തന്റെ അന്വേഷണ മനോഭാവം മുന്നോട്ട് വെച്ചിട്ടുണ്ട്, എത്രയോ നൂറ്റാണ്ടുകളിലായി ഇന്ത്യയുടെ പോരാട്ടവീര്യവും വിജയവും പരാജയവുമെല്ലാം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നല്ലതോ മോശമോ ആകട്ടെ, ചരിത്ര സന്ധികളിലെവിടെയും ഇന്ത്യ ദിശാബോധം കൈവിട്ടില്ല, തനിക്ക് കരുത്ത് നൽകിയ മൂല്യങ്ങളെ മറന്നതുമില്ല. നിർഭാ​ഗ്യത്തിന്റെ നീണ്ട കാലം അവസാനിക്കുകയാണിന്ന്, ഇന്ത്യ സ്വയം അവളെ കണ്ടെത്തിയിരിക്കുന്നു.

ഇന്ന് നമ്മളാഘോഷിക്കുന്ന ഈ നേട്ടം ഒരു ചുവടുവെപ്പാണ്, അവസരങ്ങളിലേക്കുള്ള വാതായനം. മഹത്തായ വിജയങ്ങളും നേട്ടങ്ങളും നമ്മെ കാത്തിരിപ്പുണ്ട്. അത് നേടിയെടുക്കാനും ഭാവിയിൽ വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാനുമുള്ള വിവേകവും ധൈര്യവും നമുക്കുണ്ടോ എന്നതാണ് ചോദ്യം!

ഇന്ന് നമ്മളാഘോഷിക്കുന്ന ഈ നേട്ടം ഒരു ചുവടുവെപ്പാണ്, അവസരങ്ങളിലേക്കുള്ള വാതായനം

സ്വാതന്ത്ര്യവും അധികാരവും ഉത്തരവാദിത്വത്തെ കൊണ്ടുവരുന്നു. ഇന്ത്യയുടെ പരമാധികാരികളായ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സഭയിലാണ് ആ ഉത്തരവാദിത്വം ഏറ്റവും നിക്ഷിപ്തമായിട്ടുള്ളത്. സ്വാതന്ത്ര്യപ്പിറവിക്ക് മുൻപ് നാം അനുഭവിച്ച വേദനകളുടെയും യാതനകളുടെയും ദുഃഖസ്മൃതികള്‍ നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അതിൽ ചിലത് ഇപ്പോഴും തുടരുന്നുമുണ്ട്. പക്ഷേ പഴയതെല്ലാം കഴിഞ്ഞു. ഭാവി നമ്മെ മാടിവിളിക്കുകയാണ്.

ഭാവി അലസമായി വിശ്രമിക്കാനുള്ളതല്ല, ഇതുവരെ നമ്മളെടുത്തതും ഇന്നെടുക്കാൻ പോവുന്നതുമായ പ്രതിജ്ഞകൾ നിറവേറ്റാനുള്ള നിരന്തരശ്രമങ്ങൾക്കുള്ള സമയമാണത്. ഇന്ത്യയെ സേവിക്കുക എന്നാൽ ദുരിതമനുഭവിക്കുന്ന ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകളെ സേവിക്കുക എന്നതാണ്. അതായത് ദാരിദ്ര്യം, അജ്ഞത,രോ​ഗങ്ങൾ, അവസരങ്ങളിലെ അസമത്വം എന്നിവ അവസാനിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം

എല്ലാ കണ്ണുകളില്‍ നിന്നും കണ്ണീരൊപ്പുക എന്നതാണ് നമ്മുടെ തലമുറയിലെ ഏറ്റവും മഹാനായ മനുഷ്യന്റെ അഭിലാഷം. അത് നമ്മളെക്കൊണ്ട് സാധ്യമാവുമോ എന്നറിയില്ല, പക്ഷേ ഒരാളുടെയെങ്കിലും കണ്ണീർ ബാക്കിയുള്ളിടത്തോളം നമ്മുടെ ശ്രമം അവസാനിക്കുന്നില്ല.

പുതിയൊരു താരകം പിറക്കുകയാണ്. കിഴക്കുനിന്ന് ഉദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ താരകം

അതിനാല്‍ നാം നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിക്കുകയും കഠിനമായി പ്രയത്‌നിക്കുകയും വേണം. അവ ഇന്ത്യക്ക് വേണ്ടിയുള്ളതാണെങ്കിലും വാസ്തവത്തിൽ അത് ലോകത്തിന് മുഴുവനും ബാധകമാണ്. വേറിട്ട് നി‍ർത്താനാവുമെന്ന് ആലോചിക്കാൻ പോലുമാവാത്ത വിധത്തിൽ രാജ്യങ്ങളും മനുഷ്യരും ഇന്ന് കൂടിച്ചേർന്നിരിക്കുന്നു.സമാധാനം വിഭജിക്കാനാവുന്നതല്ലത്രേ, സ്വാതന്ത്ര്യവും,ക്ഷേമവും അങ്ങനെ തന്നെ. ദുരന്തങ്ങളും അങ്ങനെയാണ്. ഒറ്റയ്ക്ക് മാറി നിൽക്കാൻ ഈ ഏകലോകത്തിൽ ഒന്നിനും സാധ്യമല്ല.

ഈ മഹാ സാഹസത്തില്‍ വിശ്വാസത്തോടെയും ഉള്ളുറപ്പോടെയും നമ്മളോടൊപ്പം സഹകരിക്കുവാന്‍ നമ്മൾ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ ജനങ്ങളോട് അഭ്യ‍ർത്ഥിക്കുകയാണ്. വില കുറഞ്ഞ, വിനാശകരമായ വിമ‍ർശനങ്ങൾക്കോ കുറ്റപ്പെടുത്തലുകൾക്കോ ഇപ്പോൾ സമയമില്ല. സ്വതന്ത്രയായ ഇന്ത്യയുടെ എല്ലാ മക്കൾക്കുമായി നമുക്ക് മഹത്തായ ഒരു സൗധം പണിതുയർത്തേണ്ടതുണ്ട്.

നിയുക്തദിനം വന്നെത്തിയിരിക്കുന്നു,വിധി നിശ്ചയിച്ച ദിനം. ഇന്ന് വലിയ പോരാട്ടങ്ങൾക്കും, വെല്ലുവിളികൾക്കും ശേഷം അഭിമാനത്തോടെ, സ്വതന്ത്രയായി ഇന്ത്യ തലയുയർത്തി നിൽക്കുന്നു. ഭൂതകാലം ഇപ്പോഴും വിട്ടുപോയിട്ടില്ല. ഇതുവരെ എടുത്തിട്ടുള്ള പ്രതിജ്ഞകൾ പാലിക്കും മുൻപ് തന്നെ നമുക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഓ‍ർക്കണം. നമുക്കു മുന്നിൽ ഇന്ന് പുതുചരിത്രം പിറക്കുകയാണ് ,നാം ജീവിക്കാൻ പോകുന്ന, പ്രവർത്തിക്കാൻ പോകുന്ന, നാളെ മറ്റുള്ളവർ എഴുതിവെക്കാൻ പോകുന്ന ചരിത്രം.

ഇന്ത്യക്കും, ഏഷ്യക്കും, ലോകത്തിനാകെയും ഇന്ന് നി‍ർണായകമായ ഒരു നിമിഷമാണ്. പുതിയൊരു താരകം പിറക്കുകയാണ്. കിഴക്കുനിന്ന് ഉദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ താരകം. ഒരു പുതിയ പ്രതീക്ഷ സഫലമാകുന്നു, ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ഈ താരകം ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ, ആ പ്രത്യാശ ഒരിക്കലും അണയാതിരിക്കട്ടെ.

ഇന്ത്യയെ സേവിക്കുക എന്നാൽ ദുരിതമനുഭവിക്കുന്ന ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകളെ സേവിക്കുക എന്നതാണ്

ആശങ്കയുടെ മേഘങ്ങൾ മൂടുന്നുണ്ട്, നമുക്കൊപ്പമുള്ളവരിൽ പലരും ദുഃഖിതരാണ്, മുന്നിൽ വലിയ പ്രശ്നങ്ങളുണ്ട്. എങ്കിലും സ്വാതന്ത്ര്യലബ്ധിയിൽ നമുക്ക് ആഹ്ലാദിക്കാം. പക്ഷേ, സ്വാതന്ത്ര്യം നമ്മെ വലിയ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏൽപ്പിക്കുന്നുണ്ട്, അവ സ്വതന്ത്രമായും അച്ചടക്കത്തോടെയും നിറവേറ്റാൻ നമുക്ക് കഴിയണം.

ഭാവി നമ്മളെ മാടി വിളിക്കുന്നുണ്ട് , എങ്ങനെയാകും നമ്മൾ മുന്നോട്ട് പോകുക? എന്തായിരിക്കും നമ്മുടെ ലക്ഷ്യം ? രാജ്യത്തെ സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും സ്വാതന്ത്ര്യവും അവസരവും ഉറപ്പാക്കുക, ദാരിദ്ര്യത്തിനും അജ്ഞതയ്ക്കും രോ​ഗങ്ങൾക്കുമെതിരെ പോരാടുക, പുരോ​ഗമനപരമായ നിലപാടുള്ള, ജനാധിപത്യ ക്ഷേമരാഷ്ട്രം പടുത്തുയർത്തുക, ഈ രാജ്യത്തെ ഓരോ പൗരനും നീതിയും നല്ല ജീവിതവും ഉറപ്പാക്കുന്നതിനായി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാക്കുക ഇതൊക്കെയാകണം നമ്മുടെ ലക്ഷ്യം.

ഭാവി നമ്മളെ മാടി വിളിക്കുന്നുണ്ട് , എങ്ങനെയാകും നമ്മൾ മുന്നോട്ട് പോകുക? എന്തായിരിക്കും നമ്മുടെ ലക്ഷ്യം ?

നമ്മുടെ മുന്നിലുള്ള ജോലി വളരെ കഠിനമാണ്. പ്രതിജ്ഞകൾ നിറവേറ്റുന്നത് വരെ, ഓരോ ഇന്ത്യക്കാരനും അവർ അ‍ർഹിക്കുന്ന ജീവിതം കിട്ടുന്നത് വരെ നമുക്കിനി വിശ്രമമില്ല. നമ്മൾ ഒരു മഹത്തായ രാജ്യത്തെ പൗരന്മാരാണ്, ധീരമായ മുന്നേറ്റത്തിന്റെ വക്കിലാണ് നമ്മളുള്ളത്, ആ ഉയർന്ന നിലവാരത്തിൽ തന്നെ നമുക്ക് ജീവിക്കേണ്ടതുണ്ട്. നാമെല്ലാവരും, ഏത് മതത്തിൽപ്പെട്ടവരായാലും, തുല്യ അവകാശങ്ങളും കടമകളും ആനുകൂല്യങ്ങളുമുള്ള ഇന്ത്യയുടെ മക്കളാണ്.കമ്മ്യൂണിസത്തെയോ ഇടുങ്ങിയ ചിന്താഗതിയെയോ നമുക്ക് പ്രോത്സാഹിപ്പിക്കാനാവില്ല, കാരണം ചിന്തയിലോ പ്രവൃത്തിയിലോ ഇടുങ്ങിയ ജനങ്ങൾ ഉള്ള ഒരു രാജ്യവും മഹത്തരമാകില്ല

ലോകത്തെ മറ്റ് രാജ്യങ്ങൾക്കും ജനങ്ങൾക്കും ഞങ്ങൾ ആശംസകൾ അയക്കുകയും സമാധാനം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് അവരുമായി സഹകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഒരേ സമയം ഏറ്റവും പുരാതനവും അതേസമയം ഏറ്റവും ആധുനികവുമായ നമ്മുടെ പ്രിയങ്കരിയായ മാതൃരാജ്യത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ സേവിക്കാനായി ഒന്നിച്ചുനിൽക്കാം.

ജയ് ഹിന്ദ്

logo
The Fourth
www.thefourthnews.in