ഖാദിയില്‍ ത്രിവര്‍ണം നെയ്യുന്ന ബെംഗേരി; പതാക ഗ്രാമത്തിനും ചിലത് പറയാനുണ്ട്
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ആരേക്കാളും ആഘോഷ തിമിർപ്പിൽ ആകേണ്ടതായിരുന്നു കർണാടകയിലെ ഹുബ്ബള്ളിയിലെ ബെംഗേരി എന്ന കൊച്ചു ഗ്രാമം. രാജ്യത്തു ഔദ്യോഗികമായി ദേശീയ പതാക നിർമിക്കാൻ അംഗീകാരമുള്ള കർണാടക ഖാദി ഗ്രാമോദ്യോഗ് സഹകരണ സംഘത്തിന്റെ ആസ്ഥാനമാണിവിടം. പൂർണമായും ചർക്കയിൽ നൂൽ നൂറ്റു നിർമിച്ച തുണിയിലാണ് ഇവിടെ ദേശീയപതാക രൂപം കൊള്ളുന്നത്.
പൂർണമായും ചർക്കയിൽ നൂൽ നൂറ്റു നിർമിച്ച തുണിയിലാണ് ഇവിടെ ദേശീയപതാക രൂപം കൊള്ളുന്നത് .
എന്നാൽ ഇക്കുറി തെല്ല് നിരാശയോടെയാണ് ബെങ്കേരിക്കാർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. 2002 ലെ ദേശീയ പതാക നിർമാണ ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തതോടെയാണ് ഇവരുടെ ആഘോഷങ്ങൾക്ക് നിറം കെട്ടുപോയത്. ഖാദിയിൽ മാത്രമല്ല വേണമെങ്കിൽ പ്ലാസ്റ്റിക്കിലും പോളിസ്റ്ററിലും ദേശീയ പതാക നിർമിക്കാമെന്നതായിരുന്നു ഭേദഗതി. ഖാദിയുടെ ഭാവി തന്നെ ചോദ്യ ചിഹ്നമാക്കുന്ന ഈ ഭേദഗതി പിൻവലിക്കണമെന്നാണ് ദേശീയ പതാക നിർമാതാക്കളുടെ ആവശ്യം.
റെഡ് ഫോര്‍ട്ടിന് മുകളിലും പാർലമെന്റ് മന്ദിരത്തിലും രാഷ്ട്രപതി ഭവനിലും, നിയസഭ മന്ദിരങ്ങളിലും, പൊതു മേഖല സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലുമൊക്കെ പാറി പറക്കുന്ന മൂവർണ കൊടികൾക്കു ഊടും പാവും നെയ്യുന്നത് ഈ ഗ്രാമമാണ്.