കെസിഎസ് മണി: ചരിത്രം മുറിവേൽപ്പിച്ച വിപ്ലവകാരി

സർ സിപി തിരുവിതാംകൂറിൽനിന്ന് പലായനം ചെയ്യാൻ കാരണക്കാരൻ മണിയായിരുന്നു. എന്നാൽ ചരിത്രം മണിയെ ഏത് രീതിയിലാണ് പരിഗണിച്ചത്

കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ധീരതകൊണ്ടും സമർപ്പണം കൊണ്ടും വ്യത്യസ്തനായ പോരാളിയാണ് കെ ചിദംബര സുബ്രഹ്‌മണ്യ അയ്യര്‍ എന്ന കെസി എസ് മണി. അതിസാഹസികനെന്ന് മുദ്രകുത്തപ്പെട്ട പോരാളി

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തെ ഒറ്റ രാത്രി കൊണ്ട് അവസാനിപ്പിച്ചതിന്റെ പേരിലാണ് ചരിത്രത്തില്‍ കെസി എസ് മണി എന്ന പേര് ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത്. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളം പിറവി കൊള്ളുന്നതിലേക്ക് വഴിതെളിച്ച നാടകീയവും ചരിത്രപ്രധാനവുമായ ആ സംഭവ വികാസങ്ങളിലേക്ക് എത്തി നോക്കാം.

ദിവാന് നേരെയുള്ള ആക്രമണം

1947 ജൂലൈ 25ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതവിദ്യാലയത്തിന്റെ അതായത് ഇന്നത്തെ സ്വാതി തിരുനാള്‍ കോളേജിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സിപിയെ മണി വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്.ഏകാധിപതിയോടുള്ള പ്രതിഷേധവും തിരുവിതാംകൂറില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള മോഹവുമായിരുന്നു ദിവാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച ഘടകം.


ഈ ആക്രമണത്തിന് മുമ്പ് സിപിയുടെ പ്രതിമയില്‍ മണിയൊരു റിസേഴ്‌സല്‍ നടത്തിയിരുന്നു. ഇതിനുശേഷം ദിവാനെ വധിക്കാന്‍ രണ്ടുതവണ മണിയും കൂട്ടരും പദ്ധതിയിട്ടു. എന്നാല്‍ സിപിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട തിരുവനന്തപുരത്തെ വിദ്യാഭ്യാസ കോണ്‍ഫറന്‍സും വിജെടിയിലെ സമ്മേളനവും നടന്നില്ല. പിന്നീട് സ്വാതന്ത്ര്യത്തിനായുള്ള സമരം ശക്തമായതോടെ രാമസ്വാമി അയ്യര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ചിരുന്നു.ആദ്യം ദിവാനെ വെടിവെച്ചു കൊല്ലാന്‍ ആയിരുന്നു ഉദ്ദേശം. ഇതിനായി ഒരു തോക്ക് സംഘടിപ്പിക്കാന്‍ ആലോചനകളും നടന്നു എന്നാല്‍ പദ്ധതി ഫലവത്താകില്ലെന്നും നേര്‍ക്കുനേരെയുള്ള ഒരു ആക്രമണത്തിന് കത്തിയാണ് തനിക്ക് കൂടുതല്‍ സൗകര്യപ്രദമെന്ന് മണി തിരിച്ചറിഞ്ഞു. നല്ലൊരു അവസരത്തിനായി മണി കാത്തിരുന്നു.

മണിയുടെ സാഹസം

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ശതവത്സര ആഘോഷത്തിന്റെ ഉദ്ഘാടനം നടന്നത് സ്വാതിതിരുനാള്‍ സംഗീത വിദ്യാലയത്തില്‍ ഒരുക്കിയ പന്തലില്‍ വച്ചായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് അന്നത്തെ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയായിരുന്നു. ചടങ്ങില്‍ രാജകുടുംബാംഗങ്ങളും ദിവാനും തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ വൃന്ദവും ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷം ബാലരാമവര്‍മ്മ വേദി വിട്ടെങ്കിലും കര്‍ണാടക സംഗീത പ്രിയനായ ദിവാന്‍ സിപി ചെമ്മാങ്കുടി അവതരിപ്പിക്കുന്ന കച്ചേരി കേള്‍ക്കുവാന്‍ വേദിയില്‍ ഇരിക്കുമെന്നായിരുന്നു മണിയുടെ പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിയില്ല. ഒന്നര മണിക്കൂറോളം കച്ചേരി ആസ്വദിച്ച് കനത്ത പോലീസ് കാവലില്‍ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ വൃന്ദത്തിനൊപ്പം കാറിനടുത്തെത്തിയ ദിവാന്റെ പ്രൈവറ്റ് സെക്രട്ടറിയെ തട്ടിമാറ്റി മണി തന്റെ കൈയ്യിലുണ്ടായിരുന്ന വടിവാള്‍ കൊണ്ട് ദിവാനെ ആഞ്ഞുവെട്ടി.ഇതിനിടെ പന്തലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് മെയിന്‍ സ്വിച്ച് ഓണാക്കി വെളിച്ചം വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ദിവാന്റെ ശരീരത്തില്‍ ഏഴോളം വെട്ടുകളാണ് കണ്ടത്. മുറിവുകള്‍ ആഴത്തില്‍ അല്ലാതിരുന്നതിനാല്‍ മാത്രമാണ് ദിവാന് ജീവന്‍ തിരിച്ചുകിട്ടിയത്. അക്രമിക്കുന്നതിനിടെ മെയിന്‍ സ്വിച്ച് ഓഫാക്കിയത് മുന്‍ നിശ്ചയിച്ചതു പ്രകാരമെന്ന് പറയപ്പെടുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപി ഇരുപത്തിയാറാം ദിവസം കൃത്യമായി പറഞ്ഞാല്‍ 1947 ഓഗസ്റ്റ് 19 ന് ജീവനും കൊണ്ട് മദ്രാസിലേക്ക് നാടുവിട്ടു.

സി പിയെ വെട്ടിയ കേസ്

തിരുവിതാംകൂറിലെ പോലീസിനെ ഇത്രയും അധികം സമ്മര്‍ദ്ദത്തിലാക്കിയ മറ്റൊരു കേസ് ഉണ്ടായിട്ടില്ല. ആരാണ് ദിവാനെ ആക്രമിച്ചതെന്ന് ഊഹംപോലും അന്നവര്‍ക്കുണ്ടായിരുന്നില്ല.

ദിവാനെ ആക്രമിച്ച കേസില്‍ 44 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിപാടി നടന്ന വേദിയുടെ വൈദ്യുതി ചുമതലയുണ്ടായിരുന്ന ഇലക്ട്രീഷ്യന്‍മാരെ പോലീസ് ക്രൂരമായിട്ടാണ് അന്ന് മര്‍ദ്ദിച്ചത്. പ്രതിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 20000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു എന്നിട്ടും ദിവാനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പോലീസിനായില്ല. പിന്നീട് 1949 ല്‍ പട്ടംതാണുപിള്ള മുഖ്യമന്ത്രിയായ കാലത്ത് ശ്രീകണ്ഠന്‍ നായരുടെ ഒരു യോഗത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരെ കൈകാര്യം ചെയ്ത സംഭവത്തില്‍ പോലീസ് മണിയെ കസ്റ്റഡിയില്‍ എടുത്തു. 1947 മെയ് ഏഴിനാണ് ഈ അറസ്റ്റ് നടന്നത്.


തിരുവനന്തപുരത്തെ കെ സി എസ് മണി സ്മാരകം
തിരുവനന്തപുരത്തെ കെ സി എസ് മണി സ്മാരകം

ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കണ്ടോണ്‍മെന്റ് സ്റ്റേഷനിലെ ലോക്കപ്പില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മണി സിപിയെ വെട്ടിയ കാര്യം പറയുന്നത്. ഈ കേസില്‍ മണി ജാമ്യമെടുത്ത് പുറത്തിറങ്ങി. പിന്നീട് ഈ കേസിന്റെ വാദം തിരുവനന്തപുരം സെഷന്‍ കോടതിയില്‍ നടന്നെങ്കിലും തെളിവില്ലെന്ന് കണ്ട് കേസ് എഴുതിത്തള്ളി. സാക്ഷികളുടെ സഹകരണം തീരെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് തള്ളിപ്പോയത്. മൊഴി പറയാന്‍ പഴയ ദിവാന്‍ സര്‍ സി പി അയ്യരെയോ അദ്ദേഹത്തെ ചുമലിലേറ്റി നടന്നവരോ കോടതിയുടെ പരിസരത്തുപോലും കണ്ടില്ല. 1963ല്‍ സി പി രാമസ്വാമി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ തന്നെ ആക്രമിച്ച കുറ്റവാളി ആരാണെന്ന് അറിയാന്‍ സി പി ആഗ്രഹം പ്രകടിപ്പിച്ചതായി മുന്‍ ഐജി ചന്ദ്രശേഖരന്‍ നായര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്.

തൈക്കാട് സംഗീത കോളേജ്
തൈക്കാട് സംഗീത കോളേജ്

വിപ്ലവകാരിയുടെ പില്‍ക്കാല ജീവിതം

പില്‍ക്കാലത്ത് രണ്ട് വര്‍ഷത്തോളം അദ്ദേഹം കൗമുദിയില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. അവിടെ നിന്ന് രാജിവെച്ചതിന് ശേഷം 'മലയാളി'യിലും 'ദേശബന്ധു'വിലും 'പൊതുജന'ത്തിലുമായി കുറച്ചുകാലം കൂടി പത്രപ്രവര്‍ത്തനം തുടര്‍ന്നു. പിന്നിട് സ്വന്തം നാടായ അമ്പലപ്പുഴയില്‍ മടങ്ങിയെത്തിയ മണി ജീവിക്കാന്‍ മീന്‍ കച്ചവടവും കൃഷിയും ഉള്‍പ്പെടെ നിരവധി തൊഴിലുകള്‍ ചെയ്തു .എന്നാല്‍ രക്ഷപ്പെടാനായില്ല. പിന്നീടുള്ള കാലം പുസ്തക വായനയിൽ ഒതുങ്ങി. ഇതിനിടയില്‍ 1964 മുതല്‍ 1979 വരെയുള്ള കാലത്ത് അമ്പലപ്പുഴ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട മണി 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു.

ഹൃദ്രോഗ ബാധിതനായി ആശുപത്രി കിടക്കയിലായ വിപ്ലവകാരിയെ ആരും തിരിഞ്ഞുനോക്കിയില്ല. 1987 സെപ്തംബര്‍ 20ന് ആശുപത്രിയില്‍ വച്ച് മണി മരിച്ചു .അദ്ദേഹത്തിന്റെ മരണസമയത്തും വിലാപയാത്രയിലും മണിയോടുള്ള അവഗണന തുടര്‍ന്നു.

ചരിത്രത്തില്‍ ഇല്ലാത്ത മണി

ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കില്ലെന്ന് വാശി പിടിച്ചു നിന്ന തിരുവിതാംകൂറിനെ ഒറ്റ വെട്ടുകൊണ്ട് മറുകണ്ടം ചാടിച്ച സാക്ഷാല്‍ കെസിഎസ് മണിയെ കേരളം വേണ്ട രീതിയില്‍ പരിഗണിച്ചോ എന്ന കാര്യം ഇന്നും സംശയമാണ്. അദ്ദേഹത്തിന്റെ സ്മാരകം എന്നോണം തിരുവനന്തപുരം സംഗീത കോളേജിനു മുമ്പില്‍ ഒരു സ്ഥൂപം മാത്രമാണ് തലസ്ഥാനത്തുള്ളത്.

ചരിത്ര രേഖകളില്‍ സി.പി.യെ ഒരു അഞ്ജാതന്‍ വെട്ടിപരിക്കേല്‍പ്പിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജി യദുകുലകുമാര്‍ എഴുതിയ 'സി.പിയെ വെട്ടിയ മണിയും സ്വാതന്ത്ര്യവും' എന്ന പുസ്തകം മാത്രമാണ് മണിയുടെ സാഹസത്തെ കുറിച്ച് അടയാളപ്പെടുത്തിയ ഒരേ ഒരു ഗ്രന്ഥം.1997 ല്‍ മണിയുടെ ആക്രമണം ആധാരമാക്കി വേണു നാഗവള്ളി 'രക്തസാക്ഷികള്‍ സിന്ദാബാദ് 'എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം പുറത്തിറക്കിയിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in