കെപിആര്‍:  കഴുമരത്തിനുമുന്നിലും കുനിയാത്ത കമ്മ്യൂണിസ്റ്റ് ധീരത

കെപിആര്‍: കഴുമരത്തിനുമുന്നിലും കുനിയാത്ത കമ്മ്യൂണിസ്റ്റ് ധീരത

കെപിആറിൻ്റെ വധശിക്ഷയിൽ നിന്ന് ബ്രീട്ടിഷ് ഭരണകൂടം പിന്മാറിയത് ശക്തമായ ജനകീയ പ്രതിരോധം ഉയർന്നതിനെ തുടർന്നായിരുന്നു
Updated on
2 min read

സ്വാന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ്, നിയമസമാജികന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു കുന്നത്തു പുതിയവീട്ടില്‍ രാമപുരത്ത് ഗോപാലന്‍ എന്ന കെ പി ആര്‍ ഗോപാലന്‍. ജന്മി നാടുവാഴിത്തത്തിനെതിരെ നിലപാടുകള്‍ എടുത്തും കര്‍ഷകരുടെയും സാധാരണ ജനജീവിതങ്ങളുടെയും പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടു കൊണ്ടും കെപിആര്‍ ഇറങ്ങിച്ചെന്നത് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കായിരുന്നു. അവിടെ നിന്നും കോണ്‍ഗ്രസിലെ തന്നെ ഇടതുചേരിയില്‍ നിലയുറപ്പിച്ച് കൊണ്ട് ബ്രിട്ടനെതിരെ പോരാടിയ ആ വിപ്ലവകാരിയെ പിന്നെ നാം കാണുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍മ്മനിരതനായ പോരാളിയായാണ്.

ജാതി-ജന്മി നാടുവാഴിത്തത്തിനെതിരെ സമരങ്ങളും കലാപക്കൊടികളും ഉയര്‍ന്ന മലബാറിലെ കല്യാശ്ശേരിയിലാണ് കെപിആറിന്റെ ജനനം. ജന്മി കുടുംബത്തില്‍ ജനിച്ച അദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്യ സമരത്തിലേക്ക് കടന്നു വരുന്നത്. 1930കളില്‍ തന്നെ ശക്തമായ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റം ഉണ്ടായ മലബാറില്‍, ഗാന്ധിയുടെ സന്ദര്‍ശനം കെപിആറിനെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. തുടര്‍ന്ന് നിയമലംഘനത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ജയിലില്‍ പോയി. തടവില്‍ കഴിയവെയാണ് ദേശീയ തലത്തിലുളള വിപ്ലവകാരികളെ അദ്ദേഹം പരിചയപ്പെടുന്നത്. അവിടെ നിന്നും കോണ്‍ഗ്രസ് പിന്തുടരുന്ന നയങ്ങളില്‍ നിന്നും കെപിആര്‍ മാറി ചിന്തിക്കാന്‍ തുടങ്ങി.

1935ലെ കൊളച്ചേരിയിലെ കര്‍ഷകസംഘ രൂപീകരണത്തിലും 1937ലെ അഖില മലബാര്‍ കര്‍ഷക സംഘത്തിന്റെ സംഘാടകനായും കെപിആര്‍ മുന്‍ നിരയിലുണ്ടായിരുന്നു. അധ്വാനിക്കുന്ന ജനവര്‍ഗത്തിന് വേണ്ടി എക്കാലവും പോരാടിയ കെപിആര്‍, 1936ല്‍ എകെ ഗോപാലന്റെ നേതൃത്വത്തില്‍ മദിരാശിയിലേക്ക് പോയ പട്ടിണി ജാഥയിലും ഭാഗമായി. കീച്ചേരി, കല്യാശ്ശേരി, ബക്കളം, പറശ്ശിനിക്കടവ് തുടങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത സമ്മേളനം 1937ല്‍ ബക്കളത്ത് വച്ച് നടന്നപ്പോഴും കെപിആറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1937 മുതല്‍ 1940 വരെ കെപിസിസി അംഗമായിരുന്ന കെപിആര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിലും പങ്കെടുത്തു. കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ഇടതുചേരിയിലേക്ക് അന്ന് യുവാക്കളെ ആകര്‍ഷിക്കാനിടയാക്കിയത്. അതില്‍ കെപിആറും ഉണ്ടായിരുന്നുവെന്നത് യാദൃശ്ചികമല്ല. 1939ലെ പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കെപിആര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിലും സാന്നിധ്യമായി. 1940 സെപ്റ്റംബര്‍ 15ലെ മൊറാഴ സംഭവമാണ് കെപിആറിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിക്കൊടുത്തത്. കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സാമ്രാജ്യത്വ വിരുദ്ധദിനാചാരണവും കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധവും ഭരണകൂടത്തെ ഒന്നടങ്കം ചൊടിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് നടത്തിയ പ്രതിഷേധ റാലിയെ പോലീസ് സായുധമായി തന്നെ നേരിട്ടു. മൊറാഴയിലും മട്ടന്നൂരിലും പോലീസ് വെടിവയ്പ്പുണ്ടായി.

പ്രതിഷേധത്തിനിടയില്‍ കല്ലേറുകൊണ്ട് കുഴഞ്ഞുവീണ എസ് ഐ കുട്ടികൃഷ്ണമേനോന്‍ സംഘര്‍ഷ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ പിന്നീട് ആശുപത്രിയില്‍വെച്ചും മരിച്ചു. മലബാറിലെ പ്രതിഷേധത്തിന്റെ ഇരമ്പല്‍ ദേശീയ തലത്തില്‍ തന്നെ മുഴങ്ങി കേസില്‍ 40 പേരെ പ്രതി ചേര്‍ത്ത് പോലീസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും 34 പേരെ മാത്രമാണ് പോലീസിന് കോടതിയില്‍ ഹാജാരാക്കാന്‍ കഴിഞ്ഞത്. ഇതില്‍ ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതി കെപിആറിനെ കണ്ടെത്തുന്നവര്‍ക്ക് ഭരണകൂടം 1000 രൂപ ഇനാം പ്രഖ്യാപിച്ചു. ഒടുവില്‍ കോണ്‍ഗ്രസുകാരിലെ ഒറ്റുകാരാല്‍ തന്നെ പോലീസ് കെപിആറിനെ പിടികൂടി. സെഷന്‍സ് കോടതി ആദ്യം കെപിആറിനെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും സര്‍ക്കാരിന്റെ അപ്പീലിന്മേല്‍ ഹൈക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നു. ഒടുവില്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇടപെടലിനെത്തുടര്‍ന്ന് 1942 മാര്‍ച്ച് 24ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വധശിക്ഷ കഠിന തടവാക്കി ഇളവ് ചെയ്തു. 1946ല്‍ കെപിആര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഒന്നാം കേരള നിയമസഭയില്‍ മാടായില്‍ നിന്നും ജയിച്ച് നിയമസഭയിലത്തിയ കെപിആര്‍ 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിലേക്ക് പോയി. മൂന്നാം കേരള നിയമസഭയില്‍ തലശേരിയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം 1964 മുതല്‍ ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്ററായി ചുമതല വഹിച്ചു. റേഷന്‍ തോത് വര്‍ധിപ്പിക്കാനും പ്രീഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യമാക്കാനും സഖാവ് പി കൃഷ്ണപിളള ദിനം ഒഴിവ് ദിനമാക്കണമെന്നുമുളള കെപിആറിന്റെ ആവശ്യത്തെ നിയമസഭയില്‍ ഇഎംഎസ് നിരസിച്ചതിനെ തുടര്‍ന്ന് കൗമുദിയില്‍ അതിനെ വിമര്‍ശിച്ചു കൊണ്ട് കെപിആര്‍ അഭിമുഖം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കെപിആറിനെ 1968ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ കെപിആര്‍ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ജനകോടി എന്ന വാരികയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പി കൃഷ്ണപിളള അദ്ദേഹത്തെ ബോള്‍ഷെവിക് എന്നാണ് വിശേഷിപ്പിച്ചത്. തീഷ്ണമായ കമ്മ്യൂണിസ്റ്റ് ബോധവും കീഴടക്കാന്‍ കഴിയാത്ത ഇച്ഛാശക്തിയുമാണ് കെ പി ആറിനെ ചരിത്രത്തില്‍ വേറിട്ട വ്യക്തിത്വമാക്കുന്നത്.

logo
The Fourth
www.thefourthnews.in