സ്റ്റാലിൻ ആഗ്രഹിച്ചു ഭഗത് സിങ്ങിനെ കാണണം- ആ കൂടിക്കാഴ്ച നടക്കാതെ പോയതെങ്ങനെ?
കടപ്പാട്: ന്യൂസ്ക്ലിക്ക്

സ്റ്റാലിൻ ആഗ്രഹിച്ചു ഭഗത് സിങ്ങിനെ കാണണം- ആ കൂടിക്കാഴ്ച നടക്കാതെ പോയതെങ്ങനെ?

ഷൗക്കത്ത് ഉസ്മാനിയ്ക്കായിരുന്നു സ്റ്റാലിൻ ഭഗത് സിങ്ങിനുള്ള കത്ത് കൊടുത്തയച്ചത്
Updated on
1 min read


''ഭഗത് സിംഗിനോട് മോസ്‌കോയിലേക്ക് വരാന്‍ പറയുക'' സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍ യു.എസ്.എസ്.ആറിലേക്ക് ഭഗത് സിംഗിനെ ക്ഷണിച്ചുകൊണ്ട് കൊടുത്തയച്ച കത്തിലെ വരിയാണിത്. താഷ്‌കെന്റില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകരില്‍ ഒരാളായ ഷൗക്കത്ത് ഉസ്മാനിക്കായിരുന്നു കത്ത് കൈമാറാനുള്ള ചുമതല. ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അധികം അറിയപ്പെടാത്ത ഒരു സംഭവമായിരുന്നു സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍, ഭഗത് സിംഗിനെ ക്ഷണിച്ചുകൊണ്ടയച്ച കത്ത്


കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മോസ്‌കോയില്‍ നടന്ന ആറാമത് കോണ്‍ഗ്രസ് കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങവേയാണ് ഭഗത് സിംഗിനുള്ള കത്ത് സ്റ്റാലിന്‍ കൊടുത്തയക്കുന്നത്. എന്നാല്‍ ആ കൂടിക്കാഴ്ച സാധ്യമായില്ല. ഭഗത് സിംഗ്- സ്റ്റാലിന്‍ കൂടിക്കാഴ്ച്ച നടന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നുവെന്ന് കരുതുന്നവരേറെയുണ്ട്

1928-ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസിന് പോകാനൊരുങ്ങുമ്പോള്‍ ഉസ്മാനി, ഭഗത് സിംഗിനെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ബിജോയ് കുമാര്‍ സിന്‍ഹയെയും തന്നോടൊപ്പം സോവിയറ്റ് യൂണിയനിലേക്ക് വരാന്‍ ക്ഷണിച്ചു. ഈ സംഭവത്തെക്കുറിച്ച് ഉസ്മാനി ഇങ്ങനെ എഴുതി..

'സര്‍ദാര്‍ ഭഗത് സിംഗിനെ ആദ്യമായി കണ്ടത് എപ്പോഴാണെന്ന് ഇപ്പോള്‍ എനിക്ക് കൃത്യമായി ഓര്‍മയില്ല. ലാഹോറിലോ കാണ്‍പൂരിലോ വെച്ചാവാനാണ് സാധ്യത. അക്കാലത്ത് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനെ (എച്ച്ആര്‍എ) എച്ച്എസ്ആര്‍എ ആക്കി മാറ്റുകയായിരുന്നു. പുതിയ സംഘടന കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും തീരുമാനിച്ചിരുന്നു. 'വ്യക്തിപരമായി, ഭഗത് സിംഗിന്റെയും, ബിജോയ് സിന്‍ഹയുടെയും മോസ്‌കോയിലെ സാന്നിധ്യം സോവിയറ്റ് യൂണിയനില്‍ നിന്നും സായുധ സഹായം ലഭിക്കാന്‍ സഹായകമാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു'.


'ന്യൂ മാന്‍ ഇന്‍ ദി സോവിയറ്റ് യൂണിയന്‍' എന്ന ബിജോയ് കുമാര്‍ സിന്‍ഹയുടെ പുസ്തകത്തില്‍ അദ്ദേഹം ഇതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്ന നിലയില്‍, കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലേക്ക് പോകാനൊരുങ്ങിയ ഷൗക്കത്ത് ഉസ്മാനി, തന്നോടൊപ്പം സോവിയറ്റ് യൂണിയനിലേക്ക് വരാന്‍ എന്നോടും എന്റെ കൂട്ടാളികളോടും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷണം ഞാന്‍ ഭഗത് സിംഗുമായി ചര്‍ച്ച ചെയ്തു, എന്നാല്‍ ഞങ്ങളുടെ ഇന്ത്യയിലെ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മോസ്‌കോയിലേക്ക് പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു'.

ഉസ്മാനി 1928-ല്‍ സോവിയറ്റ് യൂണിയനിലേക്ക് പോയി, അവിടെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രെസ്സില്‍ പങ്കെടുത്തു. ഉസ്മാനി വഴി തന്നെയാകണം ഭഗത് സിംഗിനെ പോലുള്ള വിപ്ലവകാരികളെ കുറിച്ച് സ്റ്റാലിന്‍ അറിഞ്ഞിട്ടുണ്ടാവുക. 'ഭഗത് സിംഗിനോട് സോവിയറ്റ് യുണിയനിലേക്ക് വരാന്‍ പറയുക'.

എന്നാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉസ്മാനി മീററ്റ് ഗൂഢാലോചന കേസില്‍ അകപ്പെട്ട് 1929ല്‍ അറസ്റ്റിലായി. ഏകദേശം ഈ സമയത്ത് തന്നെയാണ സെന്‍ട്രല്‍ അസംബ്ലി ആക്രമണത്തില്‍ ഭഗത് സിങും ജയിലിലാകുന്നത്. തുടര്‍ന്ന് 1931 ല്‍ അദ്ദേഹത്തെ തൂക്കിലേറ്റി. ഇതോടെ സ്റ്റാലിന്റെ സന്ദേശം ലക്ഷ്യം കണ്ടില്ല, അങ്ങനെ ഇന്ത്യയുടെ വിപ്ലവ ചരിത്രവും മറ്റൊന്നായി.

logo
The Fourth
www.thefourthnews.in