സാമൂഹിക നീതിയും സാമ്പത്തിക നീതിയും പുലരാത്തിടത്തോളം രാഷ്ട്രീയനീതി അര്‍ത്ഥശൂന്യം

സാമൂഹിക നീതിയും സാമ്പത്തിക നീതിയും പുലരാത്തിടത്തോളം രാഷ്ട്രീയനീതി അര്‍ത്ഥശൂന്യം

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന മൂല്യത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്ര നിര്‍മ്മാണം സാധ്യമാകണമെങ്കില്‍ അതിന് പൂരകമായ ഒരു ജനവിഭാഗം ഇവിടെയുണ്ടാവണം- സണ്ണി എം കപിക്കാട്
Updated on
5 min read

1947ല്‍ സ്വതന്ത്രമാവുമ്പോള്‍ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്, റിപ്പബ്ലിക് ആയി വിഭാവനം ചെയ്യുകയും അതിന്റെ നടത്തിപ്പുകള്‍ക്കായി എഴുതപ്പെട്ട ഒരു ഭരണഘടന ഉണ്ടാവുകയും, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ രാഷ്ട്രത്തില്‍ പ്രധാനപ്പെട്ട അവകാശമായി നിര്‍ണയിക്കപ്പെടുകയും ചെയ്ത സ്ഥലമാണ് ഇന്ത്യ. പാര്‍ലമെന്ററി ഡെമോക്രസിയുടേയും കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഡെമോക്രസിയുടേയും പ്രധാനപ്പെട്ട ഭാഗങ്ങളാണ് അവിടെ ഉള്‍പ്പെടുത്തിയിരുന്നത്. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ നെഹ്‌റു അവതരിപ്പിക്കുന്ന പ്രമേയത്തോട് പ്രതികരിച്ചുകൊണ്ട് ബി ആര്‍ അംബേദ്കര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന മൂല്യത്തിന് അധിഷ്ഠിതമായ ഒരു രാഷ്ട്ര നിര്‍മ്മാണം സാധ്യമാകണമെങ്കില്‍ അതിന് പൂരകമായ ഒരു ജനവിഭാഗം ഇവിടെയുണ്ടാവണം. സാമൂഹിക നീതിയും സാമ്പത്തിക നീതിയും പുലരാത്തിടത്തോളം രാഷ്ട്രീയനീതി അര്‍ത്ഥശൂന്യമാണ് എന്ന ഉള്ളടക്കത്തില്‍ ഒരു വിമര്‍ശനം അന്ന് തന്നെ അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ആ ഭാഗം ഈ 75 വര്‍ഷമായിട്ടും, അതായത് മനുഷ്യര്‍ക്കിടയിലെ, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ, വ്യക്തികള്‍ക്കിടയിലെ, സാമൂഹികനീതിയുടേയും സാമ്പത്തിക നീതിയുടേയും പ്രശ്‌നം ഇന്ത്യന്‍ സ്റ്റേറ്റ് ഗൗരവമായെടുത്ത് എന്തെങ്കിലും നടപടിക്രമങ്ങള്‍ ഉണ്ടായിട്ടില്ല. അവര്‍ നോക്കിയിട്ടില്ല എന്ന് പറയാന്‍ കഴിയില്ല. ഭരണഘടനയുള്ളിടത്തോളം അവര്‍ക്ക് അത് നോക്കിയേ പറ്റൂ. പഞ്ചവത്സരപദ്ധതികളും, എസ് സി, എസ് ടി ഫണ്ടിന്റെ വിനിയോഗവും തുടങ്ങിയ കാര്യങ്ങളെ കണക്കിലെടുക്കാതെ കണ്ണടച്ച് ഇരുട്ടാക്കലല്ല, കേവലമായ ഭരണകൂട വിരുദ്ധതയുമല്ല പറയുന്നത്. മറിച്ച് ഇന്ത്യന്‍ ഭരണവിഭാഗങ്ങള്‍ പൊളിറ്റിക്കല്‍ ഡെമോക്രസിയും സോഷ്യല്‍ ഡെമോക്രസിയും തമ്മിലുള്ള വൈരുദ്ധ്യത്തെ സോഷ്യല്‍ ജസ്റ്റിസ് നടപ്പാക്കി കുറച്ചുകൊണ്ടുവരാന്‍ പരിശ്രമിച്ചിട്ടില്ല.

കുറേ അധികാര മോഹികളുടെ കൂടാരമെന്നതിനപ്പുറം കഴിഞ്ഞ അമ്പത് വര്‍ഷമായി യാതൊരു ഇടപാടുകളും നടത്താത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ അഭാവത്തെയാണ് ബി ജെ പി അടക്കമുള്ള സംഘ്പരിവാര്‍ ശക്തികള്‍ മുതലാക്കിയത്.

ഇത് വ്യാപകമായ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളോട് ബഹുജനങ്ങള്‍ക്കിടയില്‍ വലിയ അസംതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ഈ അസംതൃപ്തിയുടെ പശ്ചാത്തലമാണ് യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് രാഷ്ട്രത്തിന് വേണ്ടിയുള്ള മുറവിളിയുണ്ടാക്കുന്നത്, അല്ലെങ്കില്‍ അതിനുള്ള പ്രാഥമികമായ മണ്ണൊരുക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം പോലുള്ള അക്രമാസക്തമായ രാഷ്ട്രീയ ധാരകള്‍ ദേശീയ പ്രസ്ഥാനത്തെപ്പോലും പിന്തള്ളിക്കൊണ്ട് പ്രസക്തമായി മാറുന്നു. ദേശീയ പ്രസ്ഥാനത്തിനാണെങ്കില്‍ ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യവുമില്ല. കുറേ അധികാര മോഹികളുടെ കൂടാരമെന്നതിനപ്പുറം കഴിഞ്ഞ അമ്പത് വര്‍ഷമായി യാതൊരു ഇടപാടുകളും നടത്താത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ അഭാവത്തെയാണ് ബി ജെ പി അടക്കമുള്ള സംഘ്പരിവാര്‍ ശക്തികള്‍ മുതലാക്കിയത്. ജനങ്ങളും അതിന് പൂരകമായ മനോനിലയിലേക്ക് എത്തിക്കഴിഞ്ഞു. അവരുടെ പട്ടിണിയും ദാരിദ്ര്യവും രോഗാവസ്ഥയുമെല്ലാം അടിക്കടി കൂടുന്നതല്ലാതെ സ്റ്റേറ്റിന്റെ സഹായമോ ക്ഷേമപ്രവര്‍ത്തനങ്ങളോ നടക്കുന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഈ സ്റ്റേറ്റ് തന്നെ കൊള്ളില്ല എന്നും മറ്റൊരു ഭരണം സാധ്യമാക്കണമെന്നും സാമാന്യജനങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയൊരു രാഷ്ട്രീയത്തിനായി ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ സര്‍വ്വാധിപത്യത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നു. ഇത് ലോകചരിത്രത്തില്‍ എപ്പോഴും അങ്ങനെതന്നെയാണ്. നിരാശ ബാധിച്ച ജനക്കൂട്ടത്തിലേക്ക് പ്രതീക്ഷയുടെ വലിയ സംഭവമായാണ് ഫാസിസം കടന്നുവരിക. അപ്പോള്‍ അതിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു.

കോണ്‍ഗ്രസ് പതാക
കോണ്‍ഗ്രസ് പതാക

സ്വാഭാവികമായും ഫാസിസ്റ്റ് രാഷ്ട്ര സങ്കല്‍പ്പമുള്ള ഈ ധാര ഇന്ത്യയിലെ ലിബറല്‍ മൂല്യങ്ങളെ മുഴുവനും, മനുഷ്യ സ്വാതന്ത്ര്യവുമായും നീതിയുമായും മതേതരവുമായും ബന്ധപ്പെട്ട എല്ലാ ഭരണഘടനാ മൂല്യങ്ങളേയും അറപ്പോടെയും വെറുപ്പോടെയും കാണാന്‍ ജനങ്ങളെ പരിശീലിപ്പിക്കുന്ന കളരിയായി മാറിയിട്ടുണ്ട്. അതാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യം. ഒരു ബില്‍ അവതരിപ്പിച്ചു, നിയമം ഉണ്ടാക്കി എന്നെല്ലാമാണ് എല്ലാവരും പറയുന്നതെങ്കിലും ഇതിനേക്കാള്‍ ഗുരുതരമായ കാര്യം, ഇതൊന്നും ആവശ്യമല്ല എന്ന് വിചാരിക്കുന്ന ഒരു ജനസഞ്ചയത്തെ നിര്‍മ്മിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ്. അത് ഇന്ത്യയുടെ പാരമ്പര്യത്തിനെതിരാണെന്നും ഇന്ത്യയെ നശിപ്പിക്കുന്നതാണെന്നും ബഹുജനങ്ങള്‍ വിശ്വസിക്കുന്നു. അവിടെയാണ് പ്രശ്‌നം കിടക്കുന്നത്. ഇന്ത്യക്കേതോ പൗരാണികമായ വലിയ പാരമ്പര്യമുണ്ടെന്നും ആ പാരമ്പര്യത്തെയൊക്കെ നശിപ്പിക്കുന്ന ഒരു സംഗതിയുമാണ് ഇക്കാര്യങ്ങളെന്നാണ് ഫാസിസ്റ്റുകള്‍ പറയുന്നത്. ഇത് ബഹുജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതേതരത്വം, സമത്വം, അവസരസമത്വം, ലിംഗനീതി എന്ന് കേള്‍ക്കുമ്പോഴൊക്കെ ഇതെല്ലാം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തതായിട്ടാണ് മനുഷ്യക്കൂട്ടത്തിന് മനസ്സിലാവുന്നത്. അതെല്ലാം കണ്ണടച്ച് എതിര്‍ക്കപ്പെടേണ്ടതാണ്, പിന്നെ ചര്‍ച്ചയുടെ ആവശ്യം തന്നെയില്ല, ഇന്ത്യയെ തകര്‍ക്കാനുള്ളതാണ് എന്നാണ് മനസ്സിലാക്കപ്പെടുന്നത്.

ഇന്ത്യ അത്ര പൗരാണികത്വം അവകാശപ്പെടാനില്ലാത്ത പവിത്രമായ ഒരു പുണ്യഭൂമിയല്ലെന്നും, അക്രമവും കൊള്ളിവയ്പ്പും കൂട്ടക്കൊലകളും മതകലഹങ്ങളും മതരൂപീകരണങ്ങളും ജാതികലഹങ്ങളും ജാതികലാപങ്ങളിലൂടെയും കടന്നുവന്ന ഒരു ജനതയാണ് നമ്മളെന്ന് മനസ്സിലാക്കണമെന്ന് പറയാന്‍ ഇവിടെയാരുമില്ല.

ഇന്ത്യയുടെ പവിത്രവത്കരണമാണ് ഇതിന്റെയെല്ലാം അടിത്തറ. ഇന്ത്യയെന്നത് പുണ്യഭൂമിയാണെന്നും പവിത്രഭൂമിയാണെന്നുമുള്ള സങ്കല്‍പ്പത്തില്‍ നിന്നാണ് ഇതെല്ലാം വരുന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയധാരയ്ക്കും ധൈര്യമില്ല എന്നതാണ് പ്രശ്‌നം. ഇന്ത്യ അത്ര പൗരാണികത്വം അവകാശപ്പെടാനില്ലാത്ത പവിത്രമായ ഒരു പുണ്യഭൂമിയല്ലെന്നും, അക്രമവും കൊള്ളിവയ്പും കൂട്ടക്കൊലകളും മതകലഹങ്ങളും മതരൂപീകരണങ്ങളും ജാതികലഹങ്ങളും ജാതികലാപങ്ങളിലൂടെയും കടന്നുവന്ന ഒരു ജനതയാണ് നമ്മളെന്ന് മനസ്സിലാക്കണമെന്നും പറയാന്‍ ഇവിടെയാരുമില്ല. ഇടതുപക്ഷമോ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളോ പോലും പറയുന്നത് ഇതെന്തോ പവിത്രമാണെന്നാണ്. രാമായണവും മഹാഭാരതവുമെല്ലാം അത്ഭുതകൃതികളാണെന്നാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍ ഉള്‍പ്പെടെ പറയുന്നത്. അതുതന്നെയാണ് സംഘപരിവാറുകാരും പറയുന്നത്. ഇന്ത്യയിലെ മഹത്തായ പാരമ്പര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും തര്‍ക്കമില്ല. ആ പാരമ്പര്യത്തില്‍ വിളയുന്ന പൂക്കള്‍ ഫാസിസത്തിന്റെ പൂക്കളാണ്.

സമത്വവും നീതിയും പുലരാത്ത സമൂഹമായിരുന്നു നമ്മുടേത്. മനുഷ്യനെ സംബന്ധിച്ച സമത്വഭാവനയില്ലാത്ത ജ്ഞാനവ്യവഹാരങ്ങളാണ് ഇന്ത്യയുടെ പാരമ്പര്യം. അതിനകത്ത് സമത്വത്തിനുവേണ്ടി വാദങ്ങളുണ്ടാവില്ല. അസമത്വത്തെ ന്യായീകരിക്കുന്ന വാദങ്ങളേ ഉണ്ടാവൂ. അതുകൊണ്ട് ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ മൂല്യങ്ങള്‍ക്കെതിരെയും ബഹുജനങ്ങളെ അണിനിരത്തുകയും, രാജാധികാരമാണ് പവിത്രമായ, ചോദ്യം ചെയ്യാനാവാത്ത അധികാരം, അതുകൊണ്ട് ഭരണാധികാരിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല, രാജാവ് വിമര്‍ശനത്തിനതീതനായിരുന്നത് പോലെ ജനാധിപത്യം എന്ന് നമ്മള്‍ പേരിട്ട് വിളിക്കുന്നുണ്ടെങ്കിലും മോദിയും പിണറായി വിജയനുമെല്ലാം വിമര്‍ശനത്തിനതീതരാണ് എന്ന് ചിന്തിപ്പിക്കുന്നു. എതിരായി ആരെങ്കിലും പറഞ്ഞാല്‍ പിടിച്ച് അകത്തിടും. അതാണ് ഫാസിസത്തിന്റെ മെക്കാനിസം. പിണറായി വിജയനും മോദിയും അതിന് അപവാദമല്ല. പ്രധാനമന്ത്രിയുടെ ഏതോ പോസ്റ്റര്‍ ചവറ്റുകുട്ടയില്‍ കിടന്നെന്ന് കണ്ട് അതിനുമേല്‍ കേസെടുത്ത രാഷ്ട്രമാണ് ഇന്ത്യ. വഴിയില്‍ കിടക്കുന്ന കീറിപ്പറിഞ്ഞ ഇവരുടെ പോസ്റ്ററുകള്‍ക്കെല്ലാം ജനം സമാധാനം പറയണമെന്ന് പറഞ്ഞാല്‍ ഈ രാഷ്ട്രം എന്താണ് വിചാരിക്കുന്നത്?

സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷം സ്റ്റേറ്റിലും ഭരണഘടനയിലും പൊതുസമൂഹത്തിലും ഫാസിസ്റ്റുവത്ക്കരണം വളരെ ശക്തമായി എത്തിയിട്ടുണ്ട്. മതേതര സങ്കല്‍പ്പങ്ങള്‍ സ്റ്റേറ്റിന് യാതൊരു താല്‍പ്പര്യമില്ലാത്ത കാര്യമായി മാറുകയും ചെയ്തു.

ആര്‍ എസ് എസുകാര്‍ ശാഖ നടത്തുന്നത് മാത്രമേ ഫാസിസമായി പലരും കാണുന്നുള്ളൂ. സമൂഹത്തിലും രാഷ്ട്രത്തിനകത്തും സംഭവിച്ചിരിക്കുന്ന പുതിയൊരു മാറ്റമാണ് അത്. അതുകൊണ്ടാണ് ഇത്ര മ്ലേച്ഛമായി ഭരണഘടനയെപ്പറ്റി പറയുന്നത്. അത് ഒഴിവാക്കേണ്ടതാണ്, തള്ളിക്കളയേണ്ടതാണ്, തിരുത്തേണ്ടതാണ്, കുഴപ്പം പിടിച്ച കാര്യമാണ്, യൂറോപ്യന്‍ കോപ്പിയടിയാണ് എന്നൊക്കെ പറയുന്നവരും ആര്‍ എസ് എസുകാരും തമ്മില്‍ എന്താണ് വ്യത്യാസം. ഇവര്‍ക്കെല്ലാം സവര്‍ണമനസ്സാണെന്നുള്ളതുകൊണ്ട് നീതിക്കും സമത്വത്തിനും എതിരായിരിക്കും. അതാണ് അടിസ്ഥാനപരമായ പ്രശ്‌നം. സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷം സ്റ്റേറ്റിലും ഭരണഘടനയിലും പൊതുസമൂഹത്തിലും ഫാസിസ്റ്റുവത്ക്കരണം വളരെ ശക്തമായി എത്തിയിട്ടുണ്ട്. മതേതര സങ്കല്‍പ്പങ്ങള്‍ സ്റ്റേറ്റിന് യാതൊരു താല്‍പ്പര്യമില്ലാത്ത കാര്യമായി മാറുകയും ചെയ്തു. അതുകൊണ്ട് മതകലഹങ്ങളെ ഏകപക്ഷീയമായി, ഒരു മതത്തിന്റെ കൂടെ നിന്ന് ഇതരമതങ്ങളെ ഇല്ലാതാക്കുന്ന പണിയില്‍ സ്റ്റേറ്റ് തന്നെ ഏര്‍പ്പെടുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടാവുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടാനായി പൂജാരിയുടെ മുന്നില്‍ കുത്തിയിരിക്കുകയാണ്. അവിടേക്ക് ക്ഷണിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. മുസ്ലീങ്ങളുടെ ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കിയിട്ട് അങ്ങേയറ്റം അധാര്‍മ്മികമായാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്, ഇന്ത്യന്‍ പാരമ്പര്യത്തിന് അഭിമാനകരമല്ലെന്ന് പറയാന്‍ അവരുടെ നാക്ക് വഴങ്ങില്ല. എല്ലാവരും ഈ കച്ചേരിക്കകത്താണ് ജീവിക്കുന്നത്. മനുഷ്യനെ അടിമുടി മൃഗമാക്കി മാറ്റുന്നതാണ് ബ്രാഹ്‌മണിക്കല്‍ ഐഡിയോളജി.

ഇ എം എസ്
ഇ എം എസ്

ഭരണഘടനാ മൂല്യം അട്ടിമറിക്കപ്പെടുന്നത് അതില്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യത്തോടുള്ള അഭിപ്രായ വ്യത്യാസം കൊണ്ടല്ല, നമ്മുടെ കാലത്തെ ഫാസിസ്റ്റുവത്ക്കരണത്തിന്റെ സ്വാഭാവികമായ ഗതിയാണത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ബില്‍ നിയമമാവുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ ആവണമെന്ന് പറഞ്ഞ ഭരണാധികാരി മാര്‍ക്‌സിസ്റ്റുകാരനാണ്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആ താല്‍പ്പര്യമാണ് മോദിയിലൂടെ സംരക്ഷിക്കപ്പെടുന്നത്. ഇവിടെ പുറത്താവുന്നത് ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ഒരു ഗതിയും പരഗതിയുമില്ലാത്ത സമൂഹങ്ങളുമാണ്. അവരെയാണ് ഇവര്‍ അനാഥരാക്കുന്നതും ആക്രമിക്കുന്നതും. പൗരത്വഭേദഗതി നിയമംകൊണ്ടുവന്നതില്‍ മുസ്ലീങ്ങളാണ് ലക്ഷ്യമെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഉടനെ അത് നടപ്പാക്കും, ചട്ടങ്ങള്‍ നിര്‍മ്മിക്കും എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. എന്നുപറഞ്ഞാല്‍ മുസ്ലീങ്ങള്‍ കരുതിയിരുന്നോ, കൂട്ടക്കൊലയ്ക്കുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് പറയുന്നത്.

ഭരണഘടന സംബന്ധിച്ച് സംശയം ഉന്നയിക്കുക, ഇന്ത്യന്‍ ദേശീയ പതാകയോട് ഒരു കൂറും ഇല്ലാത്ത സംഘടന പറയുന്നത് കേട്ട് ഇന്ത്യ ഭരിക്കുക, അവര്‍ ദേശഭക്തിയുടെ ആളുകളാണെന്ന് പറയുക, ആ പതാക തന്നെ മാറ്റി മറ്റൊന്നാക്കണമെന്ന് പറയുക, സമാധാനവാദിയായ അശോകന്റെ സ്തംഭത്തിലെ സിംഹങ്ങളെ രക്തദാഹികളാക്കി മാറ്റുക, ഇങ്ങനെ പഴയകാല ബ്രാഹ്‌മണിക്കല്‍ സ്റ്റേറ്റ് ഘടനയിലേക്ക് നമ്മള്‍ അതിവേഗം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബ്രാഹ്‌മണ്യ അധികാരം ചോദ്യം ചെയ്യാനാവാത്ത വിധം വലിയൊരു തിരിച്ചുവരവാണ് നടത്തുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം കിട്ടുന്നുണ്ടെന്ന് പറയാമെങ്കിലും സംരക്ഷിച്ച് നിര്‍ത്തുക എന്നതാണ് മാനദണ്ഡമായി വരുന്നത്. മുര്‍മുവിനെ പ്രസിഡന്റ് ആക്കുമ്പോള്‍ ഹിന്ദുത്വ താല്‍പ്പര്യത്തിന് അവര്‍ എതിരല്ല എന്നതാണ് ആദ്യത്തെ മാനദണ്ഡം. രണ്ടാമതാണ് ആദിവാസി എന്നത് വരുന്നത്. ആദിവാസി സ്ത്രീയെ പ്രസിഡന്റ് ആക്കുക എന്ന താല്‍പ്പര്യമല്ല അതില്‍ പ്രവര്‍ത്തിക്കുന്നത്. അതെല്ലാം പിന്നീട് നമ്മള്‍ തുന്നിച്ചേര്‍ക്കുന്ന പാവാടകളാണ്.

രാംനാഥ് കോവിന്ദ്
രാംനാഥ് കോവിന്ദ്

രാംനാഥ് കോവിന്ദ് എന്ന പട്ടികജാതിക്കാരനായ ആളാണ് സംവരണവിരുദ്ധ ബില്ലില്‍ ഒപ്പിടുന്നത്. രാത്രി മൂന്ന് മണിക്ക് ഉറക്കമിളച്ചിരുന്നാണ് ഒപ്പിടുന്നത്. അദ്ദേഹം എന്ത് ദളിത് പ്രതിനിധാനമാണ്? ഇത്തരത്തില്‍ എല്ലാ ഘടകങ്ങളേയും വളഞ്ഞുപിടിക്കുകയും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യത്തെ അട്ടിമറിക്കുകയും സ്റ്റേറ്റ് തന്നെ വലിയ ഫാസിസ്റ്റ് കേന്ദ്രമായി പരിവര്‍ത്തനപ്പെടുകയും അവരുടെ പ്രവര്‍ത്തികളില്‍ തടസ്സം നില്‍ക്കുന്ന എല്ലാവരേയും ദേശദ്രോഹികളായോ നിയമലംഘകരായോ പ്രഖ്യപിച്ച് അകത്തിടുകയും ചെയ്യുന്നു. അതൊന്നും അണ്‍കോണ്‍സ്റ്റിറ്റ്യൂഷണല്‍ സംഗതിയാണെന്ന് പറയാന്‍ ഇവിടെയൊരു കോടതി ഇല്ലാതെ പോവുന്നു.

കോടിക്കണക്കിന് രൂപ മുടക്കി സര്‍ക്കാരുകളെ അട്ടിമറിച്ച്, പണം കൊടുത്ത് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി പുതിയ സര്‍ക്കാരുണ്ടാക്കുമ്പോള്‍ അതെന്തോ വലിയ രാഷ്ട്രീയതന്ത്രമാണെന്ന് ഇന്ത്യയിലെ പത്രങ്ങളെല്ലാം എഴുതുന്നു. എന്താണ് ഇതിലെ തന്ത്രം? കോടിക്കണക്കിന് രൂപയുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന കാര്യം എങ്ങനെയാണ് തന്ത്രമാവുന്നത്. ഇത്തരത്തില്‍ ഭരണഘടന അട്ടിമറിക്കപ്പെടുന്നതും, സ്റ്റേറ്റ് ഫാസിസ്റ്റുവത്ക്കരണത്തിന് കേന്ദ്രമാവുന്നതുമാണ് സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷം ഇന്ത്യന്‍ ജനത നേരിടുന്ന പ്രശ്‌നം. പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന കാര്യം പോലും പുറത്തുപറയാന്‍ പറ്റാത്തവിധം ഫാസിസവത്ക്കരിക്കപ്പെട്ടു.

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തില്‍ മനുഷ്യ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്നതിനെയും ഭരണഘടന അട്ടിമറിക്കുന്നതിനെയും അധികാര കേന്ദ്രങ്ങള്‍ കൂടുതല്‍ ഫാസിസവത്ക്കരണത്തിന് വിധേയമാവുന്നതിനെയും ഒന്നിച്ചുതന്നെ കാണണം. അത് തികച്ചും അപകടകരമായ സ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടുപോവുന്നു. അതിനെതിരെ ഉദ്ബുദ്ധരായ പൗരസമൂഹത്തിന് വേണ്ടിയുള്ള വാദമാണ് നമ്മള്‍ മുന്നോട്ടുവയ്‌ക്കേണ്ടത്. അല്ലാതെ അവര്‍ പറയുന്ന കാര്യം വേറെ ഭാഷയില്‍ പറഞ്ഞുനടന്നിട്ട് വലിയ കാര്യമില്ല. അവര്‍ പറയുന്നതല്ല ശരി, ഇന്ത്യയെ സംബന്ധിച്ച് അവര്‍ നുണ പറയുന്നവരാണ് എന്ന് നമുക്ക് പറയാന്‍ പറ്റണം. മനുഷ്യരെ പ്രാചീനമായ ജീവിത ബോധത്തിനകത്ത് തളച്ചിടുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് കരകയറാന്‍ ജനങ്ങളെ പ്രാപ്തമാക്കേണ്ടതിന് പകരം പോസ്റ്റ്‌മോഡേണ്‍ ഭാഷ ഉപയോഗിച്ച് ഈ പ്രാചീന ജീവിതക്രമത്തെ ആദര്‍ശവത്ക്കരിക്കുന്ന പണിയിലാണ് ഒരു വിഭാഗം ഏര്‍പ്പെട്ടിരിക്കുന്നത്. ഡോ. ബി ആര്‍ അംബേദ്കര്‍ സൂചിപ്പിച്ചിട്ടുണ്ട്, മനുഷ്യത്വ വിരുദ്ധമായ ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ഒരു വിമര്‍ശനാവബോധത്തോടുകൂടിയുള്ള നിലപാട് സമൂഹത്തിന് എടുക്കാന്‍ കഴിയണമെന്ന്. ജാതിവിരുദ്ധത കയ്യൊഴിഞ്ഞ് മതേതരത്വം ഇന്ത്യയില്‍ സാധ്യമല്ല. ജാതിവിരുദ്ധവും മതേതരവുമായ ഉള്ളടക്കത്തില്‍ പൗരബോധം പ്രവര്‍ത്തിച്ച് തുടങ്ങിയാലേ കള്ളനാണയങ്ങളെ അവര്‍ക്ക് തിരിച്ചറിയാന്‍ പോലും കഴിയുകയുള്ളൂ.

ചരിത്രബോധമായാലും രാഷ്ട്രീയ ബോധമായാലും സാമൂഹിക ബോധമായാലും നമ്മള്‍ തിരുത്താന്‍ തയ്യാറല്ലാത്തിടത്തോളം ഇന്ത്യയ്ക്ക് രക്ഷപെടാനുള്ള വഴികളില്ല എന്ന് തന്നെയാണ് സമീപകാലങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

മറ്റു രാഷ്ട്രങ്ങളില്‍ പൊളിറ്റിക്കല്‍ ഫാസിസമാണ് രൂപപ്പെടുന്നതെങ്കില്‍ ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഫാസിസത്തിന്റെ മറവില്‍ സാമൂഹിക ഫാസിസമാണ് രൂപംകൊള്ളുന്നത്. ഹിന്ദുജീവിത ക്രമത്തിന്റെ ഫാസിസമാണ് ഇവിടെ പുനരാനയിക്കപ്പെടുന്നത്. സംവാദത്തെ അസാധ്യമാക്കുന്ന തരം അന്ധവിശ്വാസത്തിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. അതിനാല്‍ തന്നെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അത്ര ഉത്തമമായ ആത്മവിശ്വാസത്തോടുകൂടി ആഘോഷിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷത്തില്‍ എത്തിയിട്ടുണ്ട്. ഭരണാധികാരികളും പൊതുസമൂഹവും തിരുത്തേണ്ടതുണ്ടെന്നതാണ് സ്വാതന്ത്ര്യ ദിനത്തില്‍ ജനങ്ങളോട് തുറന്നുപറയേണ്ടത്. വീക്ഷണത്തിലും സമീപനത്തിലും ഭരണഘടനാനുസൃതമായ തിരുത്തലുകള്‍ വരുത്തണം. നമുക്ക് ഒരു കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രസിയേ ഉള്ളൂ ആശ്രയിക്കാന്‍. അതിനാല്‍ നമ്മള്‍ അനേകം തിരുത്തുകള്‍ വരുത്തേണ്ടതുണ്ട്. ഇന്നലെ വരെ പറഞ്ഞത് പലതും ഫാസിസ്റ്റുകള്‍ക്ക് കടന്നുവരാനുള്ള വഴിയൊരുക്കിയിട്ടുണ്ടെന്ന ഉത്തമ ബോധ്യത്തില്‍ അത് തിരുത്തണം.

ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും പുറത്തുവന്നു കഴിഞ്ഞു. അതുകൊണ്ട് മനുഷ്യ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവരോടും തുല്യ നീതി വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ വാഴ്ചയില്‍ വിശ്വസിക്കുന്നവരോടും അത് നടപ്പിലാവണമെന്ന് ആഗ്രഹിക്കുന്നവരോടും ഇപ്പോള്‍ കാലം ചോദിക്കുന്നത് സ്വയം തിരുത്താന്‍ തയ്യാറുണ്ടോ എന്നാണ്.ചരിത്രബോധമായാലും രാഷ്ട്രീയ ബോധമായാലും സാമൂഹിക ബോധമായാലും നമ്മള്‍ തിരുത്താന്‍ തയ്യാറല്ലാത്തിടത്തോളം, ഇന്ത്യയ്ക്ക് രക്ഷപ്പെടാനുള്ള വഴികളില്ല എന്ന് തന്നെയാണ് സമീപകാലങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. തിരുത്താന്‍ തയ്യാറുണ്ടോ എന്നത് തന്നെയാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നല്‍കേണ്ട സന്ദേശവും. അങ്ങനെയെങ്കില്‍ നമുക്ക് ശോഭനമായ ഒരു ഭാവിയുണ്ട്.

logo
The Fourth
www.thefourthnews.in