സ്വദേശാഭിമാനി: രാജഭരണത്തെ 'തൂലികാമുനമ്പിൽ' നിർത്തിയ പത്രാധിപർ

സ്വദേശാഭിമാനി: രാജഭരണത്തെ 'തൂലികാമുനമ്പിൽ' നിർത്തിയ പത്രാധിപർ

അദ്ദേഹത്തിൻ്റെ എഴുത്തുകൾ പലതും ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിന് വേണ്ടിയാണെന്ന പഠനങ്ങൾ പുറത്തുവന്നു. ജാതിമത ഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ പ്രവേശനം അനുവദിച്ചതിനെതിരെ അദ്ദേഹം എഴുതി
Updated on
1 min read

പത്രപ്രവർത്തനത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ച കേരളത്തിലെ ഏറ്റവും പ്രമുഖനായിരുന്നു രാമകൃഷ്ണപിള്ള. പത്രത്തിൻ്റെയും പത്രാധിപരുടെയും പേര് ഒന്നായി മാറിയ അപൂർവത.

പത്രാധിപന്‍, ഗദ്യകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് സ്വദേശാഭിമാനി എന്നറിയപ്പെടുന്ന കെ രാമകൃഷ്ണപിള്ള. 1906 മുതല്‍ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധപ്പെടുത്തിയ സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പത്രാധിപനായിരുന്നു. അഴിമതിക്കും രാജാധികാരത്തിനുമെതിരായ പോരാട്ടമായിരുന്നു സ്വദേശാഭിമാനിയ്ക്ക് മാധ്യമ പ്രവർത്തനം.

അതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ നിരന്തരം വേട്ടയാടലിന് ഇരയാക്കപ്പെടുകയും ചെയ്തു. 1899-1905 കാലഘട്ടത്തില്‍ ദര്‍പ്പണം, കേരള പഞ്ചിക, മലയാളി മുതലായ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും അദ്ദേഹം വഹിച്ചിരുന്നു. പൗരസ്വാതന്ത്ര്യത്തിന്റെ കാവല്‍ ഭടനെന്ന് അദ്ദേഹം അറിയപ്പെട്ടു. ഭരണകൂടത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം തുറന്നുകാട്ടിയ അദ്ദേഹം ജനങ്ങളുടെ ആരാധ്യപുരുഷനാവുകയും ചെയ്തു.

നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീമൂലം അദ്ദേഹം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ അതാത് നിയോജകമണ്ഡലത്തില്‍ സ്ഥിര താമസക്കാരായിരിക്കണമെന്ന ഒരു നിയമമുണ്ടാക്കി അതിന് മുന്‍കാല പ്രാബല്യം നല്‍കുക വഴി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി. തന്നെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരാളെ നിയമസഭയില്‍ അഭിമുഖീകരിക്കുന്നതിനുള്ള വിമുഖത കൊണ്ടാണ് ഇങ്ങനെയൊരു നിയമം അന്നത്തെ ദിവാന്‍ നടപ്പാക്കിയത്.

രാമകൃഷ്ണപിള്ളയുടെ നിരന്തരം വിമര്‍ശനത്തിന്റെ ഫലമായി പത്രവും അത് അച്ചടിച്ചിരുന്ന പ്രസ്സും സര്‍ക്കാര്‍ കണ്ടുകെട്ടി. 1906 സെപ്റ്റംബര്‍ 26-ാം തീയതി പുറപ്പെടുവിച്ച രാജകീയ വിളംബര പ്രകാരം രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഈ നടപടിയെ ഇന്ത്യയിലെ പത്രങ്ങള്‍ പൊതുവെ അപലപിച്ചെങ്കിലും വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളൊന്നും അതിന്റെ ഫലമായി നടന്നില്ല.

കാറൽ മാർക്സിൻ്റെ ജീവചരിത്രകാരൻ എന്ന നിലയിൽ കൂടിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. ഇന്ത്യയിൽ കമ്മ്യൂണിസം വേരുറയ്ക്കുന്നതിന് മുൻപായിരുന്നു അത്. ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി മാർക്സിൻ്റെ ജീവചരിത്രം സ്വദേശാഭിമാനിയുടെതായിരുന്നു.

ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ രാമകൃഷ്ണപിള്ള ശിഷ്ടകാലം ജീവിച്ചത് മലബാറിലായിരുന്നു. ദീര്‍ഘകാലം രോഗബാധിതനായി അദ്ദേഹം 1916 ഏപ്രില്‍ 16ന് കണ്ണൂരില്‍ അന്തരിച്ചു.

സ്വദേശാഭിമാനിയുടെ അധികാരികൾക്കെതിരായ നിലപാടുകളെ പ്രശംസിക്കുമ്പോഴും അദ്ദേഹത്തിൻ്റെ എഴുത്തുകൾ ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിന് വേണ്ടിയാണെന്ന പഠനങ്ങൾ പലതും ഈയിടെ പുറത്തുവന്നു. ജാതിമത ഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ പ്രവേശനം അനുവദിച്ചതിനെതിരെ നിരന്തരം സ്വദേശാഭിമാനി എഴുതിയിരുന്നു. "എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരേയും ബുദ്ധി കൃഷിക്കാര്യത്തിനായി ഒന്നായി ചേര്‍ക്കുന്നതു കുതിരയേയും, പോത്തിനേയും ഒരു നുകത്തിന്‍ കീഴില്‍ കെട്ടുകയാണ്."

സ്വദേശാഭിമാനി പത്രത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ പ്രവേശനം അനുവദിച്ചതിനെതിരെ എഴുതിയതാണ് ഈ വരികൾ. സമീപകാലത്ത് കൂടുതലായി വെളിച്ചത്ത് വന്ന ഇത്തരം രചനകൾ സ്വദേശാഭിമാനിയെക്കുറിച്ചുള്ള മുൻ ധാരണകളിൽ പലതും ഇളക്കം തട്ടിക്കുന്നതുമാണ്.

logo
The Fourth
www.thefourthnews.in