ഏകാന്തതയുടെ അപാരതീരം... 
ബേപ്പൂര്‍ സുല്‍ത്താന്റെ പാട്ട്

ഏകാന്തതയുടെ അപാരതീരം... ബേപ്പൂര്‍ സുല്‍ത്താന്റെ പാട്ട്

ബഷീറിനും ഏറെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായിരുന്നു 'ഏകാന്തതയുടെ അപാരതീരം'
Updated on
2 min read

ബഷീറിലെ ദാര്‍ശനികന്റെ, സൂഫിയുടെ, സന്യാസിയുടെ, ഏകാകിയായ അവധൂതന്റെ മനസ്സിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പാട്ട് ഏതായിരിക്കും? 'ഭാര്‍ഗ്ഗവീനിലയ'ത്തിലെ 'ഏകാന്തതയുടെ അപാരതീരം'' എന്ന് പറയും ഞാന്‍. പ്രത്യേകിച്ച് 'അറിവിന്‍ മുറിവുകള്‍ കരളിതിലേന്തി അനുഭൂതികള്‍ തന്‍ ചിറകില്‍ നീന്തി, മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാരതീരം'' എന്ന വരികള്‍.. ബഷീറിനും ഏറെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായിരുന്നു അത്.

ഏകാന്തതയുടെ അപാരതീരം... 
ബേപ്പൂര്‍ സുല്‍ത്താന്റെ പാട്ട്
വൈക്കം മുഹമ്മദ് ബഷീറും ബഷീറിനുവേണ്ടി ക്ഷോഭിച്ച എം എൻ വിജയനും

ഏകാന്തതയുടെ അപാരതീരം ഉണ്ടായത് ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ സ്‌ക്രിപ്റ്റിന്റെ മാര്‍ജിനില്‍ ബഷീര്‍ എഴുതിവച്ചിരുന്ന ഒരു വരിയില്‍ നിന്നാണ് -- ഏകാന്തതയുടെ മഹാതീരം. ഭാസ്‌കരന്‍ മാഷ് പാട്ടെഴുതിത്തുടങ്ങിയതും ആ വരിയില്‍ നിന്ന് തന്നെ. അപാരതീരം എന്ന് കൂടി ചേര്‍ത്താല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത് സംവിധായകന്‍ വിന്‍സന്റ് . മടിയൊന്നും കൂടാതെ വിന്‍സന്റിന്റെ നിര്‍ദേശം സ്വീകരിക്കുന്നു ഭാസ്‌കരന്‍. സംഗീതസംവിധായകന്‍ ബാബുരാജാകട്ടെ, ഈണം കൊണ്ട് ആ അപാരതയെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു.

'ഹേമന്ദിന്റെ ശബ്ദത്തില്‍ ഒരു ഏകാകിയുടെ മനസ്സുണ്ട്. നേര്‍ത്തൊരു നൊമ്പരവും

ആരുടെ ശബ്ദത്തിലാണ് പാട്ട് റെക്കോര്‍ഡ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു സംവിധായകന് -- ഇഷ്ടഗായകനായ ഹേമന്ദ് കുമാറിന്റെ. ബഷീറിനുമുണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. 'ഹേമന്ദിന്റെ ശബ്ദത്തില്‍ ഒരു ഏകാകിയുടെ മനസ്സുണ്ട്. നേര്‍ത്തൊരു നൊമ്പരവും. പ്യാസയിലെ ജാനേ വോ കൈസേ പോലെ ഉദാത്തമായ ഒരു സംഗീതാനുഭവമാകണം ഏകാന്തതയുടെ അപാരതീരം എന്നായിരുന്നു എന്റെ മോഹം. '' -- വിന്‍സന്റിന്റെ വാക്കുകള്‍. നിര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ പാടാന്‍ താല്‍പ്പര്യമില്ല ഹേമന്ദിന്. പകരം അതുപോലൊരു മലയാളി ശബ്ദത്തിനായുള്ള തിരച്ചിലാണ് കമുകറ പുരുഷോത്തമനില്‍ ചെന്നു നിന്നത്.

ഏകാന്തതയുടെ അപാരതീരം റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ ബഷീര്‍ പറഞ്ഞു: 'കമുകറയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടാണിത്.'' പാട്ടിന്റെ അവസാന ചരണത്തിലെ മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ എന്ന വരി പാടവേ, ആത്മവിസ്മൃതിയിലെന്നോണം വേദിയില്‍ കണ്ണടച്ചു നില്‍ക്കുന്ന കമുകറയുടെ ചിത്രം മറക്കാനാവില്ല. ഇതേ ഗാനത്തെ കുറിച്ച് കമുകറയുടെ മകളും സംഗീതാധ്യാപികയുമായ ഡോ ശ്രീലേഖ പങ്കുവെച്ച ഒരനുഭവം കൂടി കേള്‍ക്കുക: 'അച്ഛന്റെ പേരിലുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ ഒരു വര്‍ഷം എസ് പി ബാലസുബ്രഹ്‌മണ്യമായിരുന്നു മുഖ്യാതിഥി. ചടങ്ങിന് വരും മുന്‍പ്, എസ് പി ബി ഒരു കാര്യം ആവശ്യപ്പെട്ടു; വേദിയില്‍ തനിക്ക് പാടാന്‍ വേണ്ടി അച്ഛന്റെ നല്ല കുറച്ചു പാട്ടുകള്‍ അയച്ചുകൊടുക്കാന്‍. അയച്ച പാട്ടുകളില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുത്തത് ഏകാന്തതയുടെ അപാരതീരം. അവാര്‍ഡ് സമ്മാനിക്കാന്‍ എത്തിയപ്പോള്‍ എസ് പി ബി പറഞ്ഞു; അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ ഹേമന്ദ് കുമാറിനെ ഓര്‍മ്മ വന്നു എന്ന്..''

സിനിമാജീവിതത്തില്‍ തന്നെ ഇത്രയേറെ വലച്ച മറ്റൊരു ഗാനവുമില്ല എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട് മധു

തലശേരി തലായി കടപ്പുറത്തെ ഗാനചിത്രീകരണം മറ്റൊരു രസകരമായ ഓര്‍മ്മ. സിനിമാജീവിതത്തില്‍ തന്നെ ഇത്രയേറെ വലച്ച മറ്റൊരു ഗാനവുമില്ല എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട് മധു. ഏകാന്തതയെ കുറിച്ചാണ് പാട്ടെങ്കിലും ഉത്സവത്തിനുള്ള ആളുണ്ട് ചുറ്റും കാണികളായി. സാധാരണ പാട്ടിന്റെ വരികള്‍ തുടങ്ങും മുന്‍പ് ചെറിയൊരു ഓര്‍ക്കസ്ട്ര ബിറ്റ് ഉണ്ടാകും. ഈ പാട്ടില്‍ അതില്ല. നേരിട്ട് പാട്ടിന്റെ വരികളിലേക്ക് പ്രവേശിക്കുകയാണ്. തുടക്കത്തില്‍ ബി ജി എം ഉണ്ടെങ്കില്‍ പാട്ടിനൊത്ത് ചുണ്ടനക്കാന്‍ സാവകാശം കിട്ടും. ചെറുതായൊന്നു തയ്യാറെടുക്കാം. നമ്മള്‍ പാട്ടുകാരനൊന്നും അല്ലല്ലോ. 'ഏകാന്തതയിലെ' ഏ എന്ന അക്ഷരം ഞാന്‍ പാടിത്തുടങ്ങുമ്പോഴേക്കും പാട്ട് അതിന്റെ പാട്ടിന് പോയിക്കഴിഞ്ഞിരിക്കും. എത്ര ശ്രമിച്ചിട്ടും ലിപ് സിങ്കിംഗ് ശരിയാവുന്നില്ല. ഷൂട്ടിംഗ് കാണാന്‍ വന്നവര്‍ വായില്‍ തോന്നിയ അഭിപ്രായങ്ങള്‍ വിളിച്ചുപറയുന്നു...

''ടേക്കുകള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ ഞാന്‍ നെര്‍വസ് ആയി. പാടാനുള്ള വിദ്യ പറഞ്ഞുതരാന്‍ സംഗീത ബോധമുള്ള ആരും സ്ഥലത്തില്ലതാനും. ഒടുവില്‍, ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണ് പാട്ടും എന്റെ ചുണ്ടനക്കവും ഒത്തുവന്നത് . ശരിക്കും ആശ്വാസം തോന്നി. ഷോട്ട് ഓക്കേ ആകാന്‍ അത്രയും നേരം ക്ഷമയോടെ കാത്തിരിക്കാന്‍ വിന്‍സന്റ് മാസ്റ്റര്‍ തയ്യാറായി എന്നതാണ് പ്രധാനം. മറ്റേതെങ്കിലും സംവിധായകന്‍ ആയിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം തന്നെയാണ് ഗാനരംഗങ്ങള്‍ മനോഹരമാകണം എന്ന നിര്‍ബന്ധ ബുദ്ധിക്കു പിന്നില്‍.''മധു ആ കാലം ഓർത്തെടുത്തു.

logo
The Fourth
www.thefourthnews.in